
വാഷിങ്ടൺ : ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിച്ചുവരുന്നുവെന്ന് അറിയിച്ചുള്ള 'ലെവൽ 2' നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ വലിയ രീതിയിൽ വർധിച്ചുവരുന്നു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നിരവധി നടക്കുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുത് തുടങ്ങിയവയാണ് നിർദേശത്തിലുള്ളത്.
അതുപോലെ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുണ്ട്.
യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ജാഗ്രതാ നിർദേശപ്രകാരം ഒഡിഷ, ഛത്തീസ്ഖഡ്, പശ്ചിമ ബംഗാൾ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതി വേണം.
ജമ്മു കശ്മീർ മേഖലയിലേക്കുള്ള യാത്രയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ലഡാക്ക്, ലേ ഒഴികെയുള്ളിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.വേവിക്കാത്ത ഭക്ഷണവും ഫിൽട്ടർ ചെയ്യാത്ത ഭക്ഷണവും ഇന്ത്യൻ യാത്രകളിൽ ഒഴിവാക്കണമെന്നും ഇന്ത്യൻ റോഡുകളും പൊതുഗതാഗതങ്ങളിലും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.