
ശരീര സൗന്ദര്യം വർധിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്നവരുടെ പട്ടികയിലേക്ക് പുതിയൊരു പേര് കൂടി. ബ്രസീലിയൻ ഫാഷൻ ഇൻഫ്ലുവൻസറായ അദൈർ മെൻഡസ് ദത്ര ജൂനിയർ (31) ആണ് കണ്ണുകളുടെ സൗന്ദര്യം കൂട്ടാനായി നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് അണുബാധ ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ചത്. സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡായ 'ഫോക്സ് ഐസ്' (Fox Eyes) ശസ്ത്രക്രിയയാണ് ഇവിടെ വില്ലനായത്.
എന്താണ് 'ഫോക്സ് ഐസ്' ശസ്ത്രക്രിയ?
ഏസ്‌തെറ്റിക് ക്ലിനിക്‌സിൻ്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഡോ. ദേബ്‌രാജ് ഷോം, 'ഫോക്സ് ഐസ്' ശസ്ത്രക്രിയ എന്താണെന്ന് വിശദീകരിക്കുന്നു:
പ്രക്രിയ: കണ്ണിൻ്റെ കോണുകൾ പുറത്തേക്ക് നീട്ടുന്ന ഒരു കോസ്മെറ്റിക് പ്രൊസീജ്യറാണിത്. ബദാം അല്ലെങ്കിൽ പൂച്ചയുടെ കണ്ണുകൾ പോലെ കണ്ണുകളുടെ രൂപം മാറ്റുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
രീതികൾ: പുരികം മുകളിലേക്ക് മാറ്റം വരുത്തിയും, ചെറിയ മുറിവുകളിലൂടെയും, അല്ലെങ്കിൽ ചർമം മുകളിലേക്ക് വലിക്കുന്ന ത്രെഡ് ലിഫ്റ്റ് പോലുള്ള രീതികളിലൂടെയുമാണ് സാധാരണയായി ഈ ശസ്ത്രക്രിയ ചെയ്യുന്നത്.ശസ്ത്രക്രിയ ചെയ്യുന്ന വ്യക്തിയുടെ മുഖത്തിൻ്റെ ഘടന അനുസരിച്ചായിരിക്കും ഏറ്റവും മികച്ച രീതി തിരഞ്ഞെടുക്കുക. കണ്ണിൻ്റെ ഭാഗവും പുരികത്തിൻ്റെ ഭാഗവും ഉൾപ്പെടുന്നിടത്താണ് ശസ്ത്രക്രിയ നടത്തുക.
അപകട സാധ്യതകൾ
ഇത്തരം ശസ്ത്രക്രിയകൾക്ക് ശേഷം കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ അത് ജീവന് തന്നെ ഭീഷണിയാകുമെന്ന് ഡോക്ടർ പറയുന്നു:
പൊതുവായ ബുദ്ധിമുട്ടുകൾ: ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ വീക്കവും ചതവുകളും ഉണ്ടാവാം. ഒരാഴ്ചയെടുത്താണ് ഇതിൻ്റെ ഫലം പൂർണമായി ലഭിക്കുക.
ഗുരുതരമായ പ്രശ്നങ്ങൾ: മിക്ക സംഭവങ്ങളിലും കണ്ണിൻ്റെ അലൈൻമെൻ്റ് മാറാം, നാഡികൾക്ക് പരിക്കേൽക്കാം, കോർണിയയ്ക്ക് അസ്വസ്ഥതയുണ്ടാവാം.
ത്രെഡ് ലിഫ്റ്റിലെ അപകടം: ത്രെഡ് ലിഫ്റ്റ് ചെയ്യുമ്പോൾ വീക്കവും അണുബാധയും ഉണ്ടാവും. ചിലപ്പോൾ ഇത് ഹെമറ്റോമയ്ക്കും (രക്തം കട്ടപിടിക്കൽ) കോശങ്ങളിൽ പ്രശ്‌നങ്ങളുമുണ്ടാകാം.
അദൈറിന് സംഭവിച്ചത്: വീക്കവും അണുബാധയും ഉണ്ടായതിന് പുറമെ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായതാണ് അദൈറിൻ്റെ ആരോഗ്യം മോശമാവാൻ കാരണമായതെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. അണുബാധ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ പ്രശ്‌നം ഗുരുതരമാകും.