
ഡൽഹി : ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം. അന്തിമ തീരുമാനം ഇറാന്‍ പരമാധികാരി ആയത്തുളള അലി ഖമേനി എടുക്കുമെന്നാണ് വിവരം. ആഗോള എണ്ണ വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം.
ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക് പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.
ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ചാനൽ ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും.