
1945 ഓഗസ്റ്റ് 6, സമയം കൃത്യം 2.45. പസഫിക് സമുദ്രത്തിലെ ടിനിയൻ ദ്വീപ് നിന്നും എനോള ഗേ (Enola Gay) വിമാനം പറന്നുയരുന്നു. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയെ ലക്ഷ്യമാക്കി പറന്നുയർന്ന പോർവിമാനം എട്ടു മണിയോടെ ഹിരോഷിമയ്ക്ക് മുകളിലെത്തി. സമയം 8.15, എനോള ഗേയിൽ നിന്നും എന്തോ ഒരു ഭാരമുള്ള വസ്തു വർഷിക്കുന്നു. ഹിരോഷിമയുടെ മണ്ണിൽ പതിക്കാൻ ഏതാനം മീറ്ററുകൾ ഉയരത്തിൽ എത്തിയതും അത് ശക്തിയോടെ പൊട്ടിത്തെറിക്കുന്നു. ആയിരം സൂര്യന്മാർ ഒരുമിച്ച് പൊട്ടിത്തെറിച്ചത് പോലെ. (Hiroshima Day)
സൂര്യനു തുല്യം ഉയർന്ന തീജ്വാലകൾ ഹിരോഷിമയെ ചുട്ടുചാമ്പലാക്കി. ഒരു വലിയ പർവ്വതത്തോളം ഉയരത്തിൽ പുക 40,000 അടി വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടി പടലങ്ങള്‍ മാത്രം. മൂന്ന് ലക്ഷത്തോളം മനുഷ്യർ തിങ്ങിപ്പാർത്ത ഹിരോഷിമ ചാരമായി. തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുന്നേ എൺപതിനായിരത്തിലധികം മനുഷ്യർക്ക് ജീവൻനഷട്ടമായി. വൈകാതെ അൽപജീവനുമായി അവശേഷിച്ച മനുഷ്യരും മരണപ്പെടുന്നു. പത്ത് കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി, മൂന്ന് ദിവസത്തോളം ഹിരോഷിമ കത്തിയെരിഞ്ഞു. നിമിഷനേരം കൊണ്ട് ഹിരോഷിമയിൽ പൊലിഞ്ഞത്ത് ഒന്നരലക്ഷ്യം മനുഷ്യരുടെ ജീവൻ.
ഇന്ന് ഓഗസ്റ്റ് 6, ഹിരോഷിമയുടെ കണ്ണീർ ഓർമ്മകൾക്ക് ഇന്ന് എൺപത് വയസ്സ്. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ലെ ഓഗസ്റ്റ് 6. 1939 മുതൽ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോക മഹായുദ്ധത്തിൽ ഒട്ടുമിക്ക രാഷ്ട്രങ്ങളും രണ്ട് ചേരിയായി പിളർന്നിരുന്നു. പത്തുകോടി മനുഷ്യരാണ് മുപ്പതോളം രാജ്യങ്ങളിൽ നിന്നും യുദ്ധത്തിൽ നേരിട്ട് പെങ്കെടുത്തത്. 1945 മെയ് 8 ന് ജർമ്മനി കിഴടങ്ങുന്നു. അഡോൾഫ് ഹിറ്റ്ലറുടെ മരണത്തിന് തൊട്ടു പിന്നാലെയാണ് ജർമ്മനി കിഴടങ്ങിയത്, അതോടെ യൂറോപ്പിൽ യുദ്ധം ഒടുവിൽ അവസാനിക്കുന്നു. എന്നാൽ അപ്പോഴും ജപ്പാൻ യുദ്ധത്തിൽ നിന്നും പിന്മാറിയിട്ടുണ്ടായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.
1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. ഇതിനായി ആദ്യം തിരഞ്ഞെടുത്തത് ഹിരോഷിമയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത് ഹിരോഷിമ നഗരത്തിലാണ്. ലിറ്റിൽ ബോയി (Little Boy) എന്ന അണുബോംബ് ഹിരോഷിമയിൽ വർഷിക്കാൻ തീരുമാനിക്കുന്നു. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനം ഹിരോഷിമക്ക് 500 ഓളം മീറ്റർ ഉയരത്തിൽ വച്ച് അണുബോംബ് ഹിരോഷിമയുടെ ഹൃദയത്തിലേക്ക് വർഷിക്കുന്നു.
നിമിഷ നേരം കൊണ്ട് ഒരു ജനത മുഴവൻ ചാരമായി. ജീവൻ അവശേഷിച്ചവർ കത്തിക്കരിഞ്ഞ നഗരത്തിൽ ഇങ്ങോട്ടേക്ക് ഓടി ഒളിക്കണം എന്ന് പോലും അറിയാതെ പതറി നിന്നും. മുപ്പതിനായിരത്തിലധികം മനുഷ്യർക്ക് ഗുരുതരമായി പരിക്കേറ്റു. ചുട്ടുപൊള്ളിയ ശരീരവുമായി ഒരു തുള്ളി വെള്ളത്തിനായി അലഞ്ഞ മനുഷ്യ ജന്മങ്ങൾ. ഹിരോഷിമയിൽ അണുബോംബിട്ടത്തിന് തൊട്ടു പിന്നാലെ ജപ്പാൻ കിഴടങ്ങുമെന്ന് കരുതിയ സഖ്യകഷികൾക്ക് തെറ്റി, ജപ്പാൻ കിഴടങ്ങാൻ തയ്യാറായില്ല. അതോടെ ഓഗസ്റ്റ് 8 ന് വീണ്ടും ജപ്പാൻ നഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കി ഫാറ്റ് മാൻ എന്ന അണുബോംബിനെയും വഹിച്ചു കൊണ്ട് വീണ്ടും വിമാനം പറന്നുയരുന്നു.
ഹിരോഷിമയിൽ അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ തലമുറകളും, 4 ലക്ഷത്തിലിധകം മനുഷ്യർ മാരകരോഗങ്ങൾ മൂലം മരണപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ കൂട്ടക്കുരുതി, ഇന്നും ആ നഗരം യുദ്ധത്തിന്റെ നീറുന്ന ഓർമ്മയിൽ ജീവിക്കുന്നു.