കൂട്ടപ്പലായനം നടത്തി പ്രൊഫഷണലുകൾ: 2 വർഷത്തിനിടെ പാകിസ്ഥാൻ വിട്ടത് ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും! | Pakistan

സാമ്പത്തിക തകർച്ചയാണ് മുഖ്യ കാരണം
Thousands of doctors and engineers left Pakistan in 2 years!
Updated on

ഇസ്ലാമാബാദ്: പാകിസ്ഥാൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ 'ബ്രെയിൻ ഡ്രെയിൻ' പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഔദ്യോഗിക കണക്കുകൾ. ബ്യൂറോ ഓഫ് എമിഗ്രേഷൻ ആന്റ് ഓവർസീസ് എംപ്ലോയ്‌മെന്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം 5,000 ഡോക്ടർമാരും 11,000 എഞ്ചിനീയർമാരും 13,000 അക്കൗണ്ടന്റുമാരും ജോലി തേടി വിദേശത്തേക്ക് കുടിയേറി.(Thousands of doctors and engineers left Pakistan in 2 years!)

കുതിച്ചുയരുന്ന പണപ്പെരുപ്പവും കുറഞ്ഞ വേതനവും പ്രൊഫഷണലുകളെ വിദേശ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണരംഗത്തെ അസ്ഥിരതയും വിദഗ്ധ തൊഴിലാളികൾക്ക് സുരക്ഷിതത്വമില്ലായ്മ സൃഷ്ടിക്കുന്നു. ഐടി രംഗത്തുള്ളവർ രാജ്യം വിടാൻ പ്രധാന കാരണം ഇന്റർനെറ്റ് നിയന്ത്രണങ്ങളാണ്. ഇത് ഫ്രീലാൻസിങ് മേഖലയ്ക്ക് ഏകദേശം 1.62 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയതായി കണക്കാക്കപ്പെടുന്നു.

പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഈ പലായനത്തെ 'ബ്രെയിൻ ഗെയിൻ' എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദത്തിനും പരിഹാസത്തിനും വഴിവെച്ചിരിക്കുകയാണ്. വിദേശത്തുള്ള പാകിസ്താനികൾ രാജ്യത്തിന്റെ അംബാസഡർമാരാണെന്നും ഇത് രാജ്യത്തിന് ഗുണമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ മനുഷ്യർ നാട് വിടുന്നത് തകർച്ചയുടെ ലക്ഷണമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.

2024-ൽ 7.27 ലക്ഷം പേരും 2025 നവംബർ വരെ 6.87 ലക്ഷം പേരും ഔദ്യോഗികമായി വിദേശത്തേക്ക് പോകാൻ രജിസ്റ്റർ ചെയ്തു. നഴ്സിംഗ് മേഖലയിൽ 2011 മുതൽ 2024 വരെയുള്ള കാലയളവിൽ 2,144 ശതമാനത്തിന്റെ വർദ്ധനവാണ് കുടിയേറ്റത്തിൽ ഉണ്ടായത്. ഐടി വിദഗ്ധരും സാങ്കേതിക വിദഗ്ധരും കൂട്ടത്തോടെ രാജ്യം വിടുന്നത് പാകിസ്താന്റെ ഭാവി വികസനത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Stories

No stories found.
Times Kerala
timeskerala.com