

വാഷിംഗ്ടൺ: താൻ നടപ്പാക്കിയ കടുത്ത താരിഫ് നയങ്ങളാണ് അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് നയങ്ങളെ ന്യായീകരിച്ച ട്രംപ്, അതിന്റെ എതിരാളികളെ 'വിഡ്ഢികൾ' എന്നും വിശേഷിപ്പിച്ചു.(Those who oppose tariffs are fools, will give everyone at least $2,000 in dividends, says Trump)
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നിയമസാധുതയെക്കുറിച്ച് യു.എസ്. സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ്, 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ ട്രംപിന്റെ രൂക്ഷമായ പ്രതികരണം. താരിഫ് നയങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു.
"താരിഫുകളെ എതിർക്കുന്നവർ വിഡ്ഢികളാണ്! നമ്മളിപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ടില്ല, ഓഹരി വിപണി റെക്കോർഡ് വിലയിലാണ്. നമ്മൾ ട്രില്യൺ കണക്കിന് ഡോളറുകൾ നേടുന്നുണ്ട്, താമസിയാതെ നമ്മുടെ 37 ട്രില്യൺ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും. യു.എസ്.എയിൽ റെക്കോർഡ് നിക്ഷേപമാണ് നടക്കുന്നത്, എല്ലായിടത്തും പ്ലാന്റുകളും ഫാക്ടറികളും ഉയര്‍ന്നുവരുന്നു. (ഉയര്‍ന്ന വരുമാനക്കാരെ ഒഴികെ) എല്ലാവർക്കും കുറഞ്ഞത് 2000 ഡോളർ (ഏകദേശം ₹1.77 ലക്ഷം) വീതം ലാഭവിഹിതം നൽകും," ട്രംപ് കുറിച്ചു.
തന്റെ താരിഫ് നയം ആഭ്യന്തര നിക്ഷേപത്തിൽ കുതിച്ചുചാട്ടത്തിന് കാരണമായെന്നും, താരിഫുകൾ ഉള്ളതുകൊണ്ട് മാത്രമാണ് ബിസിനസുകൾ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ദേശീയ അടിയന്തരാവസ്ഥകളിൽ മാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള 1977-ലെ നിയമപ്രകാരം താരിഫുകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡന്റ്, കോൺഗ്രസിന്റെ അധികാരത്തിൽ കടന്നുകയറിയോ എന്ന് കഴിഞ്ഞയാഴ്ച യു.എസ്. സുപ്രീം കോടതി സംശയമുന്നയിച്ചിരുന്നു. ഈ ചോദ്യത്തെ ട്രംപ് പരിഹസിച്ചു.
"ഒരു വിദേശ രാജ്യവുമായുള്ള എല്ലാ വ്യാപാരവും നിർത്താൻ അമേരിക്കൻ പ്രസിഡന്റിന് അനുവാദമുണ്ട് (അതിന് കോൺഗ്രസിന്റെ പൂർണ്ണ അംഗീകാരവുമുണ്ട്!). അത് താരിഫിനേക്കാൾ എത്രയോ ഗൗരവമേറിയ കാര്യമാണ്. ദേശീയ സുരക്ഷയുടെ ആവശ്യങ്ങൾക്കായി പോലും ഒരു വിദേശ രാജ്യത്തിനുമേൽ ലളിതമായ ഒരു താരിഫ് ചുമത്താൻ അനുവാദമില്ലെന്നാണോ?? താരിഫുകൾ കാരണം മാത്രമാണ് വ്യാപാര സ്ഥാപനങ്ങൾ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നത്. ഇക്കാര്യം അമേരിക്കൻ സുപ്രീം കോടതിയോട് പറഞ്ഞുകൊടുത്തിട്ടില്ലേ???" ട്രംപ് ചോദിച്ചു.