വിമാനങ്ങളുടെ റേഡിയോ സിഗ്നലുകൾ, സാറ്റലൈറ്റ് സിഗ്നലുകൾ എല്ലാം തന്നെ ഇവിടെ നിശ്ചലമാകും, മെക്സിക്കോയുടെ സ്വന്തം ബെർമുഡ ട്രയാംഗിൾ; ദി സോൺ ഓഫ് സൈലെൻസ്|The Zone of Silence

The Zone of Silence
Published on

നമ്മുടെ ഭൂമി എത്ര സുന്ദരിയാണ് അല്ലെ. വൈവിധ്യമാർന്ന ഭൂപ്രദേശം, വെള്ളച്ചാട്ടവും, മരുഭൂമിയും, മഞ്ഞുമലകളും എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാഴ്ചയുടെ വസന്തമാണ് നമ്മുടെ ഭൂമി ഒരുക്കിയിരിക്കുന്നത്. ഭൂമി എത്ര കണ്ട് സുന്ദരിയാണോ അത്രകണ്ട് ഉള്ളിൽ നിഗൂഢതകളും ഒളിപ്പിക്കുന്നു. ഇന്നും മനുഷ്യനും ശാസ്ത്രത്തിനും ഉത്തരങ്ങൾ കണ്ടെത്തുവാൻ കഴിയാത്ത ചോദ്യങ്ങളും ഏറെയാണ്. അത്തരത്തിൽ ഇന്നും കാലത്തിനോ ശാസ്ത്രത്തിനോ ചുരുളഴിയ്ക്കാൻ കഴിയാത്ത രഹസ്യങ്ങളിൽ ഒന്നാണ് മെക്സിക്കോയിലെ ദി സോൺ ഓഫ് സൈലെൻസ് (The Zone of Silence). പേര് സൂചിപ്പിക്കും പോലെ തന്നെ ഇവിടം നിശബ്ദമാണ്.

ചിഹുവാഹ്വാൻ മരുഭൂമിയുടെ ആഴങ്ങളിലായി, ദുറാംഗോ, ചിഹുവാഹ്വ, കോവില എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ, 50 കിലോമീറ്ററോളം വിസ്തൃതിയിൽ ഈ “മൗനത്തിന്റെ മരുഭൂമി” വ്യാപിച്ചുകിടക്കുന്നു. പുറമേ നിന്ന് നോക്കിയാൽ മനുഷ്യവാസമില്ലാത്ത സാധാരണ മരുഭൂമി. എന്നാൽ, ഈ മരുഭൂമിയെ പറ്റി കൂടുതൽ അറിയുമ്പോളാണ് മനസിലാവുക ഇവിടെ പതിയിരിക്കുന്ന രഹസ്യങ്ങളെ കുറിച്ച്. നിശബ്ദത മാത്രം പതിയിരിക്കുന്ന ഇവിടം കരയിലെ ബെർമുഡ ട്രയാംഗിൾ എന്നാണ് അറിയപ്പെടുന്നത്. മാപിമി സോൺ ഓഫ് സൈലൻസ് (Mapimí Zone of Silence) എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.

കരയിലെ ബെർമുഡ ട്രയാംഗിൾ അല്ലെങ്കിൽ സോൺ ഓഫ് സൈലെൻസ് എന്നൊക്കെ ഈ പ്രദേശത്തെ വിശേഷിപ്പിക്കുവാൻ പ്രധാന കാരണം ഇവിടുത്തെ നിശബ്ദതയാണ്. ദി സോൺ ഓഫ് സൈലെൻസിലെത്തുമ്പോൾ റേഡിയോ സിഗ്നലുകൾ നിലയ്ക്കുന്നു, യാതൊരു തരത്തിലുമുള്ള ആശയവിനിമയം ഈ മേഖലയിൽ നടത്തുവാൻ സാധിക്കില്ല. വിമാനങ്ങളുടെ റേഡിയോ സിഗ്നലുകൾ പൊടുന്നനെ ഇല്ലാതെയാകുന്നു, കോമ്പസ്സുകൾ, സാറ്റലൈറ്റ് സിഗ്നലുകൾ, ഫോൺ സിഗ്നലുകൾ- എന്നിങ്ങനെ എല്ലാം നിശ്ചലമാകും.

ഇരുപതാം നൂറ്റാണ്ടിൽ ഇവിടേക്ക് വന്നു പതിച്ച ഉൽക്കാശിലകളുടെ അവശിഷ്ടങ്ങൾക്കൊപ്പം മാഗ്നറ്റൈറ്റിന്റെ ഭൂഗർഭ നിക്ഷേപമാണെന്ന് ഈ അസാധാരമാനായ പ്രതിഭാസത്തിന് പിന്നിൽ എന്ന് കരുതപ്പെടുന്നു. 1966-ൽ പെമെക്സ് എന്ന എണ്ണക്കമ്പനി ഈ പ്രദേശത്തേക്ക് പര്യവേക്ഷകരെ അയയ്ക്കുന്നതോടെയാണ് പുറം ലോകം സിഗ്നലുകൾ നിശ്ചലമാകുന്ന ഈ പ്രദേശത്തെ കുറിച്ച് അറിയുന്നത്. ഫ്രാൻസിസ്കോ സരബിയ എന്ന പൈലറ്റായിരുന്നു ഈ പ്രദേശത്തെ വിചിത്രമായ പ്രതിഭാസത്തെ കുറിച്ച് ആദ്യം മനസിലാകുന്നത്. 1930 ൽ ഈ മരുഭൂയിലൂടെ തന്റെ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പെട്ടന്നായിരുന്നു വിമാനത്തിലെ എല്ലാ ഉപകരണങ്ങളും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. എന്താണ് എന്ന് അറിയാതെ അകെ പരിഭ്രാന്തനായ ഫ്രാൻസിസ്കോ വിമാനം മരുഭൂമിയിൽ ലാൻഡ് ചെയ്തു. എന്നാൽ വിമാനം മരുഭൂമിയിൽ ലാൻഡ് ചെയ്ത നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ റേഡിയോ സിഗ്നലുകൾ നഷ്ടമായി, പുറം ലോകവുമായി ആശയവിനിമയം നടത്താൻ സാധിക്കാതെയായി.

എന്നാൽ ഈ മരുഭൂമിക്ക് സോൺ ഓഫ് സൈലെൻസ് എന്ന പേര് നൽകുന്നത് മെക്സിക്കൻ എണ്ണക്കമ്പനിയുടെ പര്യവേക്ഷകനായ അഗസ്റ്റോ ഹാരി ഡി ലാ പെനയാണ്. മാപിമി മരുഭൂമിയിൽ എണ്ണയുടെ പൈപ്പ് ലൈൻ മരുഭൂമിയിൽ പണിയുവാൻ സാധിക്കുമോ എന്ന് അറിയാനായിരുന്നു അഗസ്റ്റോ ഹാരിയും സംഘവും ഇവിടേക്ക് എത്തുന്നത്. എന്നാൽ മരുഭൂമിയിൽ എത്തിയതും സംഘത്തിന്റെ പക്കലുണ്ടായിരുന്ന റേഡിയോ സിഗ്നലുകൾ നിലച്ചു. അതോടെ സംഘം മടങ്ങിപോയി. എന്നാൽ, തങ്ങളെ അക്കെ കുഴപ്പിച്ച റേഡിയോ സിഗ്നലുകൾ നിലയ്ക്കുന്ന ആ മരുഭൂമിയിലേക്ക് അഗസ്റ്റോ ഹാരി വീണ്ടും യാത്രയായി. അഗസ്റ്റോ ഹാരി മരുഭൂമിയിൽ ഉടനീളം പര്യവേഷണം നടത്തി. ഒടുവിൽ മരുഭൂയിൽ ഉടനീളം റേഡിയോ സിഗ്നലുകൾ ഇല്ലായെന്ന് അദ്ദേഹം കണ്ടെത്തി. എന്നാൽ എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് മാത്രം ഉത്തരം കണ്ടെത്തുവാൻ സാധിച്ചില്ല. ദി സോൺ ഓഫ് സൈലെൻസിലാണ് ഭൂമിയിലെ ഏറ്റവും കൂടുതൽ ഉൽക്കകൾ പതിക്കുന്നത് എന്നും പറയപ്പെടുന്നു. പലരും ഇവിടെ അന്യഗ്രഹ ജീവികളുടെ പേടകങ്ങൾ കണ്ടതായും പറയപ്പെടുന്നു.

Summary: The Zone of Silence in Mexico’s Chihuahuan Desert is a mysterious place where radios, compasses, and signals fail, often called the “Bermuda Triangle of the land.” Scientists blame underground magnetite and meteorites, but legends of UFOs and aliens keep the mystery alive.

Related Stories

No stories found.
Times Kerala
timeskerala.com