

നൈൽ നദിയുടെപടിഞ്ഞാറൻ തീരത്ത്, ലക്സോറിന്റെ അപ്പുറത്ത്, ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ നാടുവിലൊരു നിശബ്ദ ലോകമുണ്ട്. പുറമേ നോക്കിയാൽ വെറും വരണ്ട മലനിരകൾ. പക്ഷേ ആ മലകളുടെ ഉള്ളറയിൽ മറ്റൊരു ലോകമുണ്ട്. മനുഷ്യന്റെ ജീവിതവും മരണവും തമ്മിലുള്ള അന്തരങ്ങൾ നിർവചിക്കുന്ന ഒരു ലോകം, ശാപങ്ങളും കെട്ടുകഥകളും ചരിത്രവും ഉറങ്ങുന്ന ഫറവോമാരുടെ മണ്ണ്. ഇതാണ് രാജാക്കന്മാർ ഉറങ്ങുന്ന ലോകം. ഈജിപ്തിന്റെ ശക്തനായ രാജാക്കന്മാരുടെ മരണാനന്തര ലോകം. ഫറവോമാരുടെ നിഗൂഢ ശവകുടീരങ്ങളുടെ ലോകം, രാജാക്കന്മാരുടെ താഴ്വര (The Valley of the Kings). ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഈ താഴ്വര, വെറുമൊരു ശ്മശാനമല്ല, മറിച്ച് പുരാതന ഈജിപ്തുകാരുടെ വിശ്വാസങ്ങളുടെയും അവരുടെ കലയുടെയും അധികാരത്തിന്റെയും പ്രൗഢിയുടെയും അടയാളമാണ്.
രഹസ്യമായ മരണനഗരം
പുരാതന ഈജിപ്തിലെ 'പുതിയ സാമ്രാജ്യത്തിന്റെ' (New Kingdom) കാലത്താണ് ഈ താഴ്വര ശവകുടീരങ്ങൾക്കായി വേണ്ടി മാത്രം തിരഞ്ഞെടുക്കുന്നത്. ഗിസയിലെ പ്രശസ്തമായ പിരമിഡുകൾ എത്ര ദൂരത്തു നിന്ന് നോക്കിയാലും ദൃശ്യമായിരുന്നു. എന്നാൽ ഈ സവിശേഷത കല്ലറ കൊള്ളക്കാരെ എളുപ്പത്തിൽ അവിടേക്ക് ആകർഷിച്ചു. ഇത് ഒഴിവാക്കാൻ വേണ്ടി അന്നത്തെ അധികാരികൾ പുതിയൊരു വഴി കണ്ടെത്തി, അതായിരുന്നു രാജാക്കന്മാരുടെ താഴ്വര. വരണ്ട മലനിരകൾ തുരന്ന് രഹസ്യമായി കല്ലറകൾ പണിയാൻ രാജാക്കന്മാർ തീരുമാനിച്ചു. 'അൽ-ഖുർൻ' എന്ന പിരമിഡ് ആകൃതിയുള്ള സ്വാഭാവിക മലയുടെ ചുവട്ടിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത് എന്നത് ഇതിന് ഒരു ദൈവിക പരിവേഷം നൽകി.
ഓരോ ശവകുടീരവും ഒരു എൻജിനീയറിങ് അത്ഭുതമാണ്. മലയുടെ ഉള്ളിലേക്ക് നൂറുകണക്കിന് അടി ആഴത്തിൽ പോകുന്ന ഇടനാഴികൾ, വലിയ ഹാളുകൾ, സ്തംഭങ്ങൾ എന്നിവയെല്ലാം പാറയിൽ കൊത്തിയെടുത്തതാണ്. കല്ലറയ്ക്കുള്ളിലെ ചുമരുകൾ മങ്ങാത്ത ചായങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സൂര്യദേവൻ രാത്രിയിൽ നടത്തുന്ന യാത്രയും, മരിച്ച രാജാവ് ദൈവങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചയും ഇതിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ബുക്ക് ഓഫ് ദി ഡെഡ്' (Book of the Dead) തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിലെ മന്ത്രങ്ങൾ ചുമരുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഇത് മരിച്ചവർക്ക് മരണാനന്തര യാത്രയിൽ സുരക്ഷ നൽകുമെന്നായിരുന്നു അന്നത്തെ വിശ്വാസം.
1922-ൽ ഹൊവാർഡ് കാർട്ടർ കണ്ടെത്തിയ 'തുത്തൻഖാമുന്റെ' (KV62) കല്ലറ അക്ഷരാർത്ഥത്തിൽ ഒരു നിധിശേഖരമായിരുന്നു. 3000 വർഷമായി ആരും സ്പർശിക്കാത്ത ആ കല്ലറയിൽ നിന്നും ലഭിച്ച സ്വർണ്ണ സിംഹാസനങ്ങളും മുഖംമൂടിയും ലോകത്തെ വിസ്മയിപ്പിച്ചു. എന്നാൽ ഈ കണ്ടെത്തലിന് പിന്നാലെ കല്ലറ തുറന്ന പലരും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് "ഫറവോമാരുടെ ശാപം" എന്ന കഥയ്ക്ക് തുടക്കമിട്ടു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, കല്ലറയ്ക്കുള്ളിലെ പുരാതനമായ ഫംഗസുകളോ വായുസഞ്ചാരമില്ലാത്ത അറകളിലെ ബാക്ടീരിയകളോ ആകാം ഈ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് ആധുനിക ഗവേഷകർ കരുതുന്നു.
ഇന്നും ഈ താഴ്വരയിലെ രഹസ്യങ്ങൾ അവസാനിച്ചിട്ടില്ല. 2025 ഡിസംബറിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, അത്യാധുനിക റഡാർ സ്കാനിംഗിലൂടെ താഴ്വരയുടെ വടക്കൻ ഭാഗത്ത് ചില പുതിയ ഭൂഗർഭ അറകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് നഷ്‌ടപ്പെട്ടുപോയ ഏതെങ്കിലും രാജകുടുംബാംഗത്തിന്റെ കല്ലറയാകാമെന്നാണ് ഗവേഷകരുടെ പുതിയ നിഗമനം.
The Valley of the Kings in Egypt is a legendary burial site of Pharaohs, famous for its hidden tombs and the mysterious "Curse of the Pharaohs" associated with Tutankhamun's tomb. Even in late 2025, archaeologists continue to find clues about hidden chambers, proving that this ancient valley still holds many secrets about life and death in ancient Egypt.