
പണത്തിനായി മനുഷ്യർ എന്ത് ക്രൂരതയും കാട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു, മനുഷ്യ ജീവന് നാണയങ്ങൾ കൊണ്ട് വിലയിട്ടിരുന്ന നീച കാലം. മനുഷ്യന്മാരെ മൃഗതുല്യം കൂട്ടിലടച്ച കാലം നമ്മൾക്ക് മറക്കുവാൻ സാധിക്കുമോ? തങ്ങളിൽ നിന്നും വ്യത്യസ്തരായ മനുഷ്യരെ കോമാളികൾ എന്ന പോലെ കെട്ടിയൊരുക്കി പ്രദർശിപ്പിച്ച മാനവികതയുടെ ഒരേട് മാത്രമാണ് നാം. നരവംശശാസ്ത്ര പ്രദർശനങ്ങൾ എന്ന് പേരിട്ട് വിളിച്ച മനുഷ്യ മൃഗശാലകൾ സജീവമായിരുന്ന കഥകൾ ആരുടെയും കണ്ണുകൾ നിറയ്ക്കുന്നതാണ്. എന്നാൽ ഇതിലും വേദനാജനകമായിരുന്നു ജൂലിയ എന്ന സ്ത്രീയുടെ ജീവിതം. മനുഷ്യത്വരഹിതമായ ക്രൂരവിനോദങ്ങൾക്ക് ഇരയായ, ലോകം വിരൂപ എന്ന് മുദ്രകുത്തിയ ജൂലിയ പാസ്ട്രാനയുടെ ജീവിതം.
പണത്തിനായി സ്വന്തം ഭർത്താവ് പോലും അവളെ ലോകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. താടിയുള്ള സ്ത്രീ, മനുഷ്യ കുരങ്ങ്, നായയുടെ മുഖമുള്ള സ്ത്രീ, കരടി സ്ത്രീ, എന്നിങ്ങനെ ജൂലിയക്ക് ലോകം ചാർത്തി നൽകിയ പേരുകൾ നിരവധിയാണ്. ജൂലിയ മരണമടയുന്നത് വരെയും സർക്കസ് കൂടാരങ്ങളിൽ കാണികൾക്ക് മുന്നിൽ അടിയും പാടിയും ജീവിതം തള്ളിനീക്കി. എന്നാൽ മരണശേഷം പോലും ആ സാധുത്രീയെ മനുഷ്യർ വേട്ടയാടി. മരണശേഷം ജൂലിയയെയും അവൾ ജന്മം നൽകിയ നവജാത ശിശുവിനെയും ഒരു പ്രദർശന വസ്തുവാക്കി മാറ്റി. ഭാര്യയുടെയും കുഞ്ഞിന്റെയും മരണ ശേഷം അവരെ പ്രദർശന വസ്തുവാക്കി പണം സമ്പാദിച്ചത് മറ്റാരുമായിരുന്നില്ല, അവളുടെ സ്വന്തം ഭർത്താവായിരുന്നു. തന്റെ രോഗാവസ്ഥ കാരണം മരണശേഷവും ആ സ്ത്രീ അപമാനിക്കപ്പെട്ടു. ജൂലിയ മരണപ്പെട്ട് 153 വർഷങ്ങൾക്ക് ശേഷമായിരുന്നു അവളുടെ മൃതദേഹം സംസ്കരിക്കുന്നത്. ഏറെ വേദനാജനകമാണ് ജൂലിയയുടെ ജീവിതവും മരണവും.
1834 -ൽ വെസ്റ്റേൺ മെക്സിക്കോയിലായിരുന്നു ജൂലിയ പാസ്ട്രാനയുടെ (Julia Pastrana) ജനനം. ആ നവജാത ശിശുവിന്റെ ശരീരമാസകലവും കറുത്ത് ഇടതൂര്‍ന്ന രോമങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. അസാധാരണ ശിശുവായാണ് ജൂലിയയുടെ ജനനം പോലും. ജൂലിയയുടെ ജനന സമയത്തെ ശരീര ഭാരം സാധാരണ കുഞ്ഞുങ്ങളിൽ നിന്നും ഏറെ കൂടുതലായിരുന്നു. ശരീരഘടനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ട്. തടിച്ചു വീര്‍ത്ത ചുണ്ടും മോണയും. നിരതെറ്റിയ പല്ലുകൾ. കുഞ്ഞ് ജൂലിയയുടെ ശരീരത്തിലെ അസാധാരണ ഘടനയ്ക്ക് കാരണം ഹൈപ്പർട്രൈക്കോസിസ് ടെർമിനലിസ് (Hypertrichosis terminalis) എന്ന രോഗാവസ്ഥയായിരുന്നു. ശരീരത്തിലുടനീളം കട്ടിയുള്ളതും ഇരുണ്ടതും നീളമുള്ളതുമായ രോമങ്ങൾ അമിതമായി വളരുന്ന ഒരു അവസ്ഥയാണ് ഹൈപ്പർട്രൈക്കോസിസ് ടെർമിനലിസ്. അതൊരു വൈകൃതമായിരുന്നില്ല.
എന്നാൽ സമൂഹം ആ പെൺകുഞ്ഞിനെ വിരൂപ എന്ന് മുദ്രകുത്തി. കുട്ടികാലം മുതലേ കുരങ്ങ് സ്ത്രീയെന്ന വിളിപ്പേര് ജൂലിയയോടൊപ്പം കൂടെ കൂടി. കുഞ്ഞായിരുന്നപ്പോൾ മുതൽ അവളുടെ രൂപം ആളുകളെ ചിരിപ്പിക്കുകയും, രസിപ്പിക്കുകയും ചെയ്തു. കുഞ്ഞ് ജൂലിയ വളരുന്നതിന് അനുസരിച്ച് അവളുടെ ശരീരം കൂടുതൽ അസാധാരണമായി തീർന്നു. ശരീരത്തിലെ രോമങ്ങൾ കൂടുതൽ കട്ടിയുള്ളതായി മാറി. കട്ടിയുള്ളതും കമാനം പോലെയുള്ളതുമായ പുരികങ്ങളുമുള്ള വളരെ വലിയ ഒരു നെറ്റിയും ജൂലിയയെ മറ്റുള്ളവരിൽ നിന്നും കൂടുതൽ വ്യത്യസ്തയാക്കി.
കരടിപ്പെണ്ണെന്ന് നാട്ടുകാർ പരിഹസിച്ചു. മനുഷ്യനും ഒറാങ് ഉട്ടാനും തമ്മിലുള്ള വേഴ്ചയിലൂടെ പിറന്നവള്‍ എന്ന ജനന സര്‍ട്ടിഫിക്കറ്റാണ് അലക്‌സാണ്ടര്‍ ബി മോട്ട് എന്ന ഡോക്ടര്‍ ജൂലിയക്ക് നൽകിയത്. വൈദ്യശാസ്ത്രം പോലും അവൾക്ക് പല വിശേഷണങ്ങൾ നൽകി. മകളുടെ അസ്വാഭാവികമായ രൂപത്തിന് കാരണം പൈശാചിക ശക്തികൾ ആണ് എന്ന് വീട്ടുകാർ കരുതുന്നു. ചുറ്റുമുള്ളവരുടെ മുൻവിധിക്ക് മുന്നിൽ ആ പെൺകുഞ്ഞിന് ജീവിതം ദുസ്സഹമായി തീർന്നു. തന്റെ രൂപം കണ്ട് സ്വയം പഴിക്കുവാൻ മാത്രമാണ് ജൂലിയക്ക് കഴിഞ്ഞത്. എന്നാൽ, നാട്ടുകാരുടെ പരിഹാസം സഹിക്കാൻ വയ്യാതെ ജൂലിയയുടെ മാതാപിതാക്കൾ അവളെ അനാഥാലയത്തിൽ ഉപേക്ഷിക്കുന്നു. അനാഥാലയത്തിലും അവൾക്ക് സമാധാനം ഉണ്ടായില്ല. ജൂലിയയുടെ രൂപത്തെ കുറിച്ച് കേട്ടറിഞ്ഞ സംസ്ഥാന ഗവർണർ അതിഥികളെ വിനോദിപ്പിക്കാനും, വീട്ടുജോലികൾ ചെയ്യാനുമായി അവളെ ദത്തെടുത്തു.
ഇരുപതു വയസ്സുവരെ ജൂലിയ ഗവർണറുടെ വീട്ടിൽ തുടർന്നു. അവിടുത്തെ ജീവിതം മടുത്തതോടെ തിരിക്കെ സ്വന്തം വീട്ടിലേക്ക് മടങ്ങുവാൻ അവൾ തീരുമാനിക്കുന്നു. പക്ഷെ വീട്ടിലേക്കുള്ള ജൂലിയയുടെ യാത്ര അവളെ കൊണ്ടെത്തിച്ചത് സംഗീത പരിപാടികളും പ്രദര്‍ശനങ്ങളഉം നടത്തുന്ന തിയോഡര്‍ ലെന്റ് എന്ന അമേരിക്കക്കാരന്റെ അടുത്തായിരുന്നു. അതോടെ, ജൂലിയയുടെ മുന്നോട്ടുള്ള യാത്ര തിയോഡര്‍ ലെന്റിനൊപ്പമായി. ലെന്റ് ജൂലിയയെ നൃത്തവും സംഗീതവും പഠിപ്പിച്ചു. സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ അവളെ ലെന്റ് പ്രേരിപ്പിച്ചു. ആദ്യമൊക്കെ ജൂലിയ ലെന്റിന്റെ ആശയത്തോട് വിയോജിച്ചെങ്കിലും ജീവിക്കാൻ അവൾക്ക് മറ്റൊരു വഴിയുമില്ല, പോകാൻ ഒരിടവും. അനാഥാലയത്തിൽ ഉപേക്ഷിച്ച വീട്ടുകാരുടെ അടുത്തേക്ക് മടങ്ങി പോയാൽ അവർ തന്നെ സ്വീകരിക്കില്ല എന്ന നല്ല ബോധ്യം ജൂലിയക്ക് ഉണ്ടായിരുന്നു. അതോടെ അവൾ ലെന്റിന്റെ ഇഷ്ടത്തിന് വഴങ്ങി കൊടുത്തു. തുടര്‍ന്ന് ‘താടിയും മീശയും ശരീരം രോമാവൃതവുമായ സ്ത്രീ’ എന്ന പേരിൽ ജൂലിയയുമായി ലെന്റ് അമേരിക്കയിലും യൂറോപ്പിലാകമാനവും സഞ്ചരിച്ചു. സർക്കസുകളിലെ സജീവ സാന്നിധ്യമായി ജൂലിയ ചുരുങ്ങിയ സമയം കൊണ്ട് മാറി. “മെക്സിക്കോയിലെ കാടുകളിൽ നിന്നുള്ള കരടി സ്ത്രീ” എന്നായിരുന്നു അവളെ കുറിച്ചുള്ള നാടാകെ പ്രചരിച്ച പരസ്യവാചകം. ഷോകളില്‍ ജൂലിയയെ കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെ തടിച്ചു കൂടി.
താടിയുള്ള സ്ത്രീ, മനുഷ്യ കുരങ്ങ്, നായയുടെ മുഖമുള്ള സ്ത്രീ, കരടി സ്ത്രീ എന്നിങ്ങനെ ഓരോ ഷോ കഴിയുമ്പോഴും അവൾക്ക് കാണികൾ ഓരോ പേരുകൾ നൽകി. 'മനുഷ്യന്റെ രൂപം എന്നാൽ കരടിയുടെ തൊലിയുള്ള സ്ത്രീ', 'ഇനി ഇവൾ കുരങ്ങിന്റെ കുഞ്ഞാണോ'. ഇങ്ങനെ പലതും പറഞ്ഞ് ചിരിച്ചവർ ഏറെയായിരുന്നു. കൂടാരത്തിന് നടുവിലായി ജൂലിയ കണികൾക്കായി പാട്ടു പാടും, ആട്ടം ആടും. കണ്ടുനിന്നവർ അവളെ ഒരു കലാകാരിയായ അല്ല കണ്ടത്, മറിച്ച് ഒരു മൃഗമായി മാത്രം കണ്ടു. അവൾ ഒരു സ്ത്രീയാണ്, നമ്മെ പോലെ ഒരു മനുഷ്യൻ മാത്രം, എന്ന ചിന്ത ആരുടെയും മനസ്സിൽ ഉദിച്ചില്ല.
യൂറോപ്പിലും അമേരിക്കയിലും ജൂലിയയുടെ പ്രശസ്തി ഏറിയതോടെ ലെന്റ് അവളെ വിവാഹം ചെയുന്നു. 1860 ൽ ഒരു ആൺകുഞ്ഞിന് അവൾ ജന്മം നൽകി. ആ കുഞ്ഞിനും അമ്മയുടെ തല്‍സ്വരൂപമായിരുന്നു. ജനിച്ച് രണ്ട് ദിവസത്തിന് ശേഷം ആ കുഞ്ഞ് മരിച്ചു. കുഞ്ഞ് മരിച്ച് മൂന്ന് ദിവസത്തിന് ശേഷം, മാർച്ച് 25 ന് ജൂലിയയും മരണപ്പെട്ടു. ഭാര്യയോ കുഞ്ഞോ മരണപ്പെട്ടതിന്റെ യാതൊരു ദുഖവും ലെന്റിൽ ലേശം ഇല്ലായിരുന്നു. ഇത്രയും നാൾ ജൂലിയയെ ലോകത്തിന് മുന്നിൽ പ്രദര്ശിപ്പിച്ച് പണം സമ്പാദിച്ചു, അവൾ മരണപ്പെട്ടു ഇനി എന്ത് എന്ന ചിന്ത മാത്രമായിരുന്നു ആ മനുഷ്യന്റെ ഉള്ളിൽ. ഒടുവിൽ അതിനും അയാൾ ഒരു വഴി കണ്ടെത്തി. ജൂലിയയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ മോസ്കോയിലെ അനാട്ടമി പ്രൊഫസറായ സുകോലോവിന് വിറ്റു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മൃതദേഹങ്ങള്‍ എംബാം ചെയ്ത് ചില്ലു പെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് കൊണ്ടു പോയി. ലെന്റിന്റെ മരണ ശേഷവും ജൂലിയയുടെ ശവശരീരം സ്വന്തമാക്കിയവർ പ്രദർശനം തുടർന്നു. ആ യാത്ര ഒടുവിൽ നോർവേയിലെ ഓസ്ലോ സർവകലാശാലയിൽ അവസാനിച്ചു. ഒടുവിൽ 2013 ലാണ് ജൂലിയയുടെയും മകന്റെയും ശവശരീരങ്ങൾ സംസ്കരിക്കുന്നത്. ജന്മ നാടായ മെക്സിക്കോയിലെ ഒരു പള്ളിയിൽ എല്ലാ ചടങ്ങുകളോടെയും ഒടുവിൽ അവളെ അടക്കി.