
മനുഷ്യ ജീവൻ ഏറെ വിലപ്പെട്ടതാണ്. എന്നാൽ മനുഷ്യരുടെ ജീവൻ ഒരു കായിക ഇനമായി കണ്ട ഒരു കൊലയാളി. ബുദ്ധിയും വിവേകവും ഒരുപോലെ വേണ്ട കായിക ഇനമാണ് ചെസ്സ്. ലോകത്തിലെ ഏറ്റവും ഭീതിജനകമായ കായിക ഇനങ്ങളിൽ ഒന്നായി ചെസ്സിനെ മാറ്റിയൊരു കൊലയാളിയുണ്ട്. ചതുരംഗത്തിലെ അറുപത്തിനാലു ചതുരങ്ങൾക്ക് തുല്യം ഓരോ മനുഷ്യനെയും കൊലപ്പെടുത്തിയ ഒരു കൊലയാളിയുണ്ട് റഷ്യയിൽ. അറുപത്തിനാലു ചതുരങ്ങൾക്കും 60 ഓളം ജീവനുകളാണ് അലക്സാണ്ടർ പിച്ചുഷ്കിൻ (Alexander Pichushkin) എന്ന കൊലയാളി അപഹരിച്ചത്. 1992 മുതൽ 2006 നീണ്ടു നിന്ന പിച്ചുഷ്കിന്റെ ജീവിതം തീർത്തും ഭയാനകമാണ്.
1974 ൽ മോസ്കോ ഒബ്ലാസ്റ്റിലായിരുന്നു പിച്ചുഷ്കിന്റെ ജനനം. അധികം ആരോടും മിണ്ടാതെ പ്രകൃതമായിരുന്നു പിച്ചുഷ്കിന്റെത്. ചെറുപ്പത്തിൽ എപ്പോഴോ തലയ്ക്ക് സാരമായി പരിക്കേൽക്കുന്നു, ഇത് തലച്ചോറിൽ കാര്യമായ പരിക്ക് ഏൽപ്പിക്കുന്നു. , തലച്ചോറിനേറ്റ പരിക്ക് ആ ബാലന്റെ മാനസിക നിലയെ അകെ തകിടം മറിക്കുന്നു. എല്ലാവരോടും ദേഷ്യം, ആക്രമണ പ്രവണതയും. മകന്റെ പെരുമാറ്റത്തിലെ ഈ മാറ്റങ്ങൾ കാരണം അമ്മ മകൻ പഠിച്ചിരുന്ന സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നു, അതും പഠന വൈകല്യങ്ങൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കായിരുന്നു. ഇവിടുത്തെ പിച്ചുഷ്‌കിന്റെ പഠനകാലം അത്രകണ്ട് രസകരമായിരുന്നില്ല. സഹപാഠികൾ ആ കുഞ്ഞിനെ ഒറ്റപ്പെടുത്തി, തക്കം കിട്ടുമ്പോൾ ഒക്കെയും അവനെ അവർ തല്ലിയിരുന്നു.
എന്നാൽ പിച്ചുഷ്കിന്റെ മുത്തശ്ശൻ കൊച്ചുമകന്റെ കഴിവുകൾ തിരിച്ചറിയുന്നു. മകൾ കരുതുന്നത് പോലെ കൊച്ചുമകന് മാനസിക വൈകല്യങ്ങൾ ഇല്ല എന്ന് ആ മനുഷ്യൻ തിരിച്ചറിയുന്നു. അതോടെ പിച്ചുഷ്കിനെ അയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുന്നു. മുത്തശ്ശൻ തന്നെ കൊച്ചുമകന് ചെസ്സ് കളിക്കാൻ പഠിപ്പിച്ചു കൊടുക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചെസ്സിൽ പിച്ചുഷ്കിൻ പ്രാവീണ്യം നേടി. ചെസ്സ് പിച്ചുഷ്കിന് തന്റെ ജീവിതത്തിൽ ആദ്യത്തെ ആധിപത്യം തെളിയിക്കാനുള്ള വേദിയായി മാറി. പതുകെ പതുകെ പലരുമായും അവൻ ചെസ്സ് കളിക്കാൻ തുടങ്ങി. ഓരോ തവണയും ചെസ്സ് കളിക്കുന്നതിലൂടെ പിച്ചുഷ്കിൻ അവന്റെ ഉള്ളിലെ ദേഷ്യത്തിനും രോഷത്തിനും ശമനം കണ്ടെത്തിയിരുന്നു. ചെസ്സ് ഒക്കെ അവൻ നന്നയി കളിക്കുമെങ്കിലും, അപ്പോഴും മറ്റു കുട്ടികൾ അവനെ വീണ്ടും വീണ്ടും വേട്ടയാടിയിരുന്നു. മറ്റുള്ളവരിൽ നിന്നുമുള്ള ശാരീരിക ഉപദ്രവങ്ങളിൽ നിന്നും അവൻ രക്ഷനേടിയിരുന്നത് ചെസ്സിലൂടെയാണ്.
പെട്ടന്നായിരുന്നു മുത്തശ്ശന്റെ മരണം, അതോടെ പിച്ചുഷ്കിൻ മാനസികമായി അകെ തകർന്നിരുന്നു. ലോകത്ത് അവനെ അകെ ഉണ്ടായിരുന്ന താങ്ങും തണലും നഷ്ടപ്പെട്ടതോടെ അവൻ വല്ലാതെ തകർന്നു പോയിരുന്നു. പിച്ചുഷ്കിൻ വീണ്ടും ഒറ്റപ്പെട്ടു. ഒറ്റപ്പെടലിന്റെ വേദനയിൽ നിന്നും രക്ഷനേടാൻ അവൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു മദ്യപാനം. മദ്യപാനം ഒടുവിൽ പിച്ചുഷ്കിനെ കൊണ്ടെത്തിച്ചത് വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു. ആരോടൊക്കെയോ ദേഷ്യം. ജീവിതത്തിൽ അകെ കൂടെയുണ്ടായിരുന്നത് മദ്യവും ചെസ്സും. ചെസ്സിനോടുള്ള അമിതമായ ആസക്തിയാണ് പിചുഷ്‌കിനെ ചെസ്സ്‍ബോർഡ് കില്ലർ (Chessboard Killer) എന്ന പേര് പോലും നൽകുന്നത്.
1992 -ൽ, ആദ്യത്തെ കൊലപാതകം നടത്തുമ്പോൾ ഇയാൾക്ക് വെറും 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കൊലപ്പെടുത്തിയതോ സ്വന്തം സുഹൃത്തിനെ. ചെസ്സ്‌ബോർഡിലെ 64 ചതുരംഗങ്ങൾക്ക് അനുസരിച്ച് 64 പേരെ കൊലപ്പെടുത്താൻ ആയിരുന്നു പിച്ചുഷ്‌കിന്റെ പദ്ധതി. ആദ്യം ഇതിന് കൂട്ടുനിൽക്കാം എന്ന് സുഹൃത്ത് സമ്മതിക്കുന്നു. എന്നാൽ അധികം വൈക്കത്തെ തന്നെ കൊണ്ട് മനുഷ്യരെ കൊലപ്പെടുത്താൻ സാധിക്കില്ല എന്ന് സുഹൃത്ത് തുറന്നു പറയുന്നു. ഇതിൽ പ്രകോപിതനായ പിച്ചുഷ്കിൻ സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തുന്നു. അന്ന് പിച്ചുഷ്കിനാണ് കൊലയാളി എന്ന് തെളിയിക്കാൻ സാധിച്ചിരുന്നില്ല. ആദ്യ കൊലപാതകത്തിൽ പിടിക്കപ്പെടാതെ വന്നതോടെ 64 ചതുരങ്ങൾ മനുഷ്യരക്തം കൊണ്ട് നിറയ്ക്കാനുള്ള ആസക്തി അവനിൽ അധികരിച്ചിരുന്നു.
വയോധികരും ഭവനരഹിതരുമായിരുന്നു അയാളുടെ പ്രധാന ഇരകൾ. ചെസ്സ് കളിയ്ക്കാൻ എന്ന വ്യാജേനെ ഇരയെ അടുപ്പിക്കുന്നു, ശേഷം മദ്യം നൽകുന്നു. അളവിൽ അധികം മദ്യം ഉള്ളിൽ പോയി ഇരകൾക്ക് ബോധം നഷ്ടപ്പെടുമ്പോൾ മദ്യക്കുപ്പി കൊണ്ട് തന്നെ തലയ്ക്ക് അടിച്ചു കൊല്ലുന്നു. തുടർന്ന് ശവശരീരം ഉപേക്ഷിക്കുന്നു. സമാനരീതിയിൽ തന്നെ 38 ഓളം മനുഷ്യരെ അയാൾ കൊല്ലുന്നു. പതുകെ സ്വന്തം കൊലപാതക രീതിയിൽ മടുപ്പ് തോന്നിയ പിച്ചുഷ്കിൻ മറ്റൊരു രീതി തന്നെ കൊലപാതകത്തിനായി തിരഞ്ഞെടുക്കുന്നു. ആദ്യം ഇരയുടെ തലയോട്ടി ചുറ്റിക കൊണ്ട് തല്ലി തകർക്കുന്നു, ശേഷം തലയോട്ടിയിലെ വിടവുള്ള മുറിവിലേക്ക് വോഡ്ക കുപ്പി കുത്തിയിറക്കുന്നു. അങ്ങനെ അറുപതോളം മനുഷ്യരെ അയാൾ കൊന്നു തള്ളി. ഒടുവിൽ പിടിക്കപ്പെടുമ്പോൾ എല്ലാ കുറ്റങ്ങളും അയാൾ സമ്മതിക്കുന്നു.
ഒന്നിന് പിറക്കേ ഒന്നായി ഇരകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത്, എന്തിന് വേണ്ടിയായിരുന്നു എന്ന് എല്ലാം അയാൾ പോലീസിനോട് വിവരിക്കുന്നു. പിടിക്കപ്പെടുമ്പോൾ പിച്ചുഷ്കിന് 33 വയസ്സായിരുന്നു. വിചാരണയിലും കുറ്റസമ്മതത്തിലും അലക്സാണ്ടർ പിച്ചുഷ്കിൻ നിരവധി ഭയാനകവും അസ്വസ്ഥതയുളവാക്കുന്നതുമായ പ്രസ്താവനകൾ നടത്തി, തന്റെ കുറ്റകൃത്യങ്ങളിൽ യാതൊരു പശ്ചാത്താപവും അയാൾ കാണിച്ചിരുന്നില്ല. ഒരുപക്ഷെ പിടിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ താൻ ഇനിയും കൊന്നേനെ എന്നായിരുന്നു പിച്ചുഷ്കിൻ പോലീസിന് നൽകിയ മൊഴി. ഒടുവിൽ 2007 ഒക്ടോബർ 24 ന് നാൽപ്പത്തിയൊമ്പത് കൊലപാതകങ്ങൾക്കും മൂന്ന് കൊലപാതക ശ്രമങ്ങൾക്കും പിച്ചുഷ്കിൻ ശിക്ഷിക്കപ്പെട്ടു. ജീവപര്യന്തം തടവാണ് കോടതി പിച്ചുഷ്കിന് വിധിച്ചത്. 11 കൊലപാതകങ്ങൾ കൂടി താൻ നടത്തിയിട്ടുണ്ട് എന്ന് കുറ്റസമ്മതം 2025 ഏപ്രിലിൽ അയാൾ നടത്തിയിരുന്നു. അതോടെ അയാൾ കൊലപ്പെടുത്തിയ ഇരകളുടെ എണ്ണം 61 ആയി. എന്നാൽ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
Summary: Alexander Pichushkin, also known as "The Chessboard Killer is a Russian serial killer who murdered at least 49 people between 1992 and 2006. He earned his nickname by reportedly keeping a running tally of his victims on a chessboard and intending to kill as many people as there are squares (64).