
വർഷം 2004, കൊറിയയിലെ സിയോൾ നഗരത്തിനെ ഭീതിയിലാഴ്ത്തി കൊണ്ട് ഒരു കൊലയാളിയുടെ നിഴൽ എങ്ങും പടർന്നിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലൈംഗിക തൊഴിലാളികളെ കാണാതെയാക്കുന്നു, ഇങ്ങനെ കാണാതെയായ ഏതാനം സ്ത്രീകളുടെ ശവശരീരം അധികം വൈകാതെ തന്നെ കണ്ടുകിട്ടിയിരുന്നു. എന്നാൽ ആരാണ് ഈ തിരോധനകൾക്കും കൊലകൾക്കും പിന്നിൽ എന്ന് പോലീസിന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. ഇതേ കാലയളവിൽ തന്നെയാണ് നഗരത്തിലെ ഒരു മസാജ് പാർലറിലെ ജീവനക്കാരികളെ അജ്ഞാത സാഹചര്യത്തിൽ കാണാതെപോകുന്നതും. ഒന്നോ രണ്ടോ അല്ല തുടരെ തുടരെ ജീവനക്കാരികളെ കാണാതെപോകുന്നു. ആദ്യമൊക്കെ പാർലർ ഉടമ ഇതൊന്നും അത്രവലിയ കാര്യമാക്കിയില്ല. എന്നാൽ പോകെ പോകെ ബിസിനെസ്സിൽ കാര്യമായ കോട്ടംതട്ടിയതോടെ പാർലർ ഉടമ അകെ പരിഭ്രാന്തൻ ആകാൻ തുടങ്ങി. എന്തുകൊണ്ടാണ് തന്റെ പാർലറിലെ ജീവനക്കാരികളെ മാത്രം കാണാതെ പോകുന്നത് എന്നായി അയാളുടെ ചിന്ത. ഒടുവിൽ പോലീസിൽ പരാതിപ്പെടുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾ അയാളെ കൊണ്ടെത്തിച്ചത് ഒരു അജ്ഞാത ഫോൺ കോളിലായിരുന്നു.
ഓരോ ജീവനക്കാരിയും കാണാതെ പോകുന്ന അതെ കാലയളവിൽ തന്നെ അവരെ തേടി ഒരു പുരുഷന്റെ ഫോൺ കോൾ എത്തുന്നു. ഇങ്ങനെ ഫോൺ വിളിക്കുന്നത് ഒരു അജ്ഞാതൻ ആകും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പണം നൽകാം എന്ന വാക്കിന്റെ പുറത്താണ് മുൻപ് എങ്ങും കണ്ടിട്ടില്ലാത്ത പുരുഷനെ കാണുവാനായി അയാളുടെ ആവശ്യപ്രകാരം ഈ സ്ത്രീകൾ പോകുന്നത്. അതിനു ശേഷം ഇങ്ങനെ പോകുന്ന സ്ത്രീകളെ കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ല. അവർ എവിടെ പോയി എന്നോ അവർക്ക് എന്ത് സംഭവിച്ചു എന്നോ ആർക്കും കണ്ടെത്തുവാൻ പോലും സാധിച്ചില്ല. ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ പാർലർ ഉടമ ആ അജ്ഞാതാനെ കുടുക്കാൻ തിരുമാനിക്കുന്നു. എല്ലാ തവണയും ഓരോ സ്ത്രീകളുടെ തിരോധാനത്തിന് നിശ്ചിത ഇടവേളകൾക്ക് ശേഷം അയാൾ വീണ്ടും അതെ പാർലറിലെ ജീവനിക്കാരികളെ വിളിക്കുന്നു. ഇത് മുതലെടുത്ത പാർലർ ഉടമ മറ്റൊരു ജീവനക്കാരിയെ കൊണ്ട് അജ്ഞാതനുമായി സംസാരിക്കുവാൻ ആവശ്യപ്പെടുന്നു. പാതിവ് പോലെ ഇക്കുറിയും അയാൾ പറഞ്ഞ സ്ഥലത്ത് എത്താം എന്ന് ഉറപ്പുനൽകുന്നു. തുടർന്ന്, ജൂലൈ 15, പാർലർ ഉടമയും ഒരു സംഘം കൂട്ടാളികളും അജ്ഞാതൻ പറഞ്ഞ സ്ഥലത്ത് എത്തുന്നു. ഇവർക്ക് ഒപ്പം ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടെ ഉണ്ടായിരുന്നു. ഏറെ നേരം അജ്ഞാതനെ കാത്തിരുന്നിട്ടും അയാൾ എത്താത്തതോടെ പോലീസ് ഉദ്യോഗസ്ഥൻ അവിടെ നിന്നും മടങ്ങി പോകുന്നു. തങ്ങളും നിരാശയോടെ മടങ്ങേടി വരും എന്ന് കരുതിയപ്പോഴാണ് അത് സംഭവിക്കുന്നത്. ഒടുവിൽ ആ അജ്ഞാതൻ അവിടേക്ക് എത്തുന്നു. പിന്നെ ഒട്ടും വൈകിയില്ല. പതുങ്ങി നിന്നവർ അയാളുടെ മേൽ ചാടിവീണു. അധികം വൈകാതെ പാർലർ ജീവനക്കാരികളെ തട്ടിക്കൊണ്ടു പോകുന്ന ആ മനുഷ്യനെ പോലീസിൽ ഏൽപ്പിക്കുന്നു.
ഇതോടെ കഥ അവസാനിച്ചു എന്ന് കരുതിയെങ്കിൽ തെറ്റി. വലയിലായി അജ്ഞാതൻ പാർലർ ജീവനകാരികളെ തട്ടിക്കൊണ്ടു പോകുന്ന ഒരു കുറ്റവാളിയായിരുന്നില്ല. സിയോൾ നഗരത്തെ തന്നെ ഒരുകാലത്ത് ഭയത്തിന്റെ ഇരുട്ടിൽ ആഴ്ത്തിയ റെയിൻകോട്ട് കില്ലർ (Raincoat Killer) എന്ന് മാധ്യമങ്ങൾ പിൽകാലത്ത് തലക്കെട്ടു നൽകിയ (യൂ യങ്-ചുൾ (Yoo Young-chul) എന്ന കൊടുംകുറ്റവാളിയായിരുന്നു അത്. ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത് ഇരുപതോളം മനുഷ്യരെയാണ്. കൊലപ്പെട്ടവരോ സമ്പന്നരും ലൈംഗിക തൊഴിലാളികളും. തന്ത്രത്തിൽ ഇരയുടെ അടുത്ത് എത്തിപറ്റിയശേഷം, ഇരയുടെ തലയോട്ടി ചിന്നി ചിതറും വരെ ചുറ്റിക കൊണ്ട് അടിക്കുന്നു. ശേഷം ഇരകളുടെ ശവശരീരം വെട്ടിനുറുക്കി ക്ഷണങ്ങളാക്കി ഉപേക്ഷിക്കുന്നു.
സിയോളിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു യങ്-ചുളിന്റെ ജനനം. ഒരു സീരിയൽ കില്ലർ എന്ന ഖ്യാതി സ്വന്തമാക്കും മുന്നേ തന്നെ യങ്-ചുളിന്റെ പേരിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1991 ലെ മോഷണശ്രമത്തിനിടയിൽ പിടിയിലായ യങ്-ചുളിന് പത്തുമാസത്തോളം ജയിലിൽ കഴിയേണ്ടി വന്നു. ഇതെല്ലാം വെറും ഒരു തുടക്കം മാത്രമായിരുന്നു. ഒന്നിന് പിറകെ ഒന്നായി അയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്തുകൂട്ടി. മോഷണശ്രമവും കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വില്പനയും എന്നിങ്ങനെ 1988 മുതൽ 1998 വരെ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ, തട്ടിപ്പിലും വെട്ടിപ്പിലും ഒതുങ്ങിയില്ല. 2000 ൽ വെറും പതിനഞ്ചു വയസ്സു മാത്രമുള്ള പെൺകുഞ്ഞിനെ യങ്-ചുൾ ലൈംഗികമായി പീഡിപ്പിക്കുന്നു. അന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പോലീസ് യങ് -ചുള്ളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് കോടതി അയാൾക്ക് നൽകിയത് വെറും മൂന്ന് വർഷത്തെ തടവുശിക്ഷയായിരുന്നു. എന്നാൽ ജയിൽവാസമൊക്കെ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അയാൾ നല്ലൊരു മനുഷ്യനാകും എന്ന് കരുതിയവർക്ക് തെറ്റി. തെറ്റിൽ നിന്നും തെറ്റുകളിലേക്കായിരുന്നു അയാളുടെ യാത്ര. തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രശനങ്ങളും പണക്കാരും സ്ത്രീകളും കാരണമാണ് എന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.
പീഡനക്കുറ്റത്തിന് ജയിലിൽ കഴിയവേ യങ്- ചുളിന്റെ ഭാര്യ വിവാഹമോചനം അയാളിൽ നിന്നും നേടിയിരുന്നു. ഇത് സ്ത്രീകൾക്ക് നേരെയുള്ള വെറുപ്പിനും വൈരാഗ്യത്തിനും കൂടുതൽ ആക്കം കൂട്ടി. ബാല്യം മുതലേ പട്ടിണിയും പരിവട്ടവും കണ്ടു വളർന്നത് കൊണ്ട് തന്നെ, താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം പണക്കാർ ആണ് എന്നായിരുന്നു അയാളുടെ മറ്റൊരു ചിന്ത. 2004 ൽ സമ്പന്ന ദമ്പതികൾ മാത്രം താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കടക്കുന്നു. ശേഷം ഭർത്താവിനെ കഴുത്ത് അറുത്തു കൊല്ലുന്നു. ഭാര്യയെ കൈയിൽ കരുതിയ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തുന്നു. ഇരുവരും കൊല്ലപ്പെട്ടു എന്ന് ഉറപ്പു വരുത്തിയ ശേഷം അവിടെ നിന്നും കടന്നു കളയുന്നു.
ഒക്ടോബർ 9 ന്, സ്വന്തം വീടിന് പുറത്തു നിന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നു. വൃദ്ധയുടെ നിലവിളി കേട്ട് വീട്ടിന് പുറത്തേക്ക് ഓടിയെത്തിയ മരുമകളെയും അവൻ സമാന രീതിയിൽ തന്നെ കൊലപ്പെടുത്തി. ശേഷം വീട്ടിനുള്ളിൽ കടന്ന് വികലാംഗനായ ഒരു പുരുഷനെ കൂടി നിഷ്ക്കരുണം തലയ്ക്ക് അടിച്ചുകൊല്ലുന്നു. ഇരകളുടെ തലതകർത്തു കൊണ്ട് ചീറ്റിത്തെറിക്കുന്ന ചോര അവനെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. ഇത് വീണ്ടും വീണ്ടും മനുഷ്യരെ കൊന്നു തള്ളാനുള്ള പ്രേരണയായി മാറി. വെറും നാലു മാസം കൊണ്ട് എട്ടുപേരുടെ ജീവാണ് യങ്-ചുളിന്റെ ചുറ്റിക കവർന്നത്.
പതിയെ പതിയെ ഇരയെ വേട്ടയാടുന്ന രീതി തന്നെ യങ്-ചുൾ വെറുത്തു തുടങ്ങി. പണം ഉള്ളവർ മാത്രമല്ല പാപികൾ സ്ത്രീകളും പാപം ചെയുന്നു. അത് കൊണ്ട് അവരും ശിക്ഷിക്കപ്പെടണം. ഇതായിരുന്നു അയാളുടെ മനസ്സിലെ ഒരേയൊരു ചിന്ത. അതോടെ പണക്കാരെ തേടിപ്പിടിച്ചു കൊലപ്പെടുത്തുന്നതിന് പകരം ലൈംഗിക തൊഴിലാളികളെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പണം വാഗ്ദാനം ചെയ്ത ശേഷം ലൈംഗിക തൊഴിലാളികളെ യങ്- ചുൾ അയാളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു. അങ്ങനെ ആദ്യമായി അയാൾ വീട്ടിലേക്ക് ഒരു ലൈംഗിക തൊഴിലാളിയെ കൊണ്ടുവരുന്നു. ശേഷം പതിവ് രീതി തന്നെ അയാൾ പിന്തുടർന്നു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുന്നു. ഇരയുടെ തലയോട്ടി പൂർണമായും തകർന്ന് രക്തം ചിന്നി ചിതറും വരെ യങ് - ചുൾ ചുറ്റിക കൊണ്ട് തലയിൽ പ്രഹരം ഏൽപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ശവശരീരം വെട്ടിനുറുക്കി ക്ഷണങ്ങളാക്കി കുഴിച്ചുമൂടുന്നു. എട്ടോളം ലൈംഗിക തൊഴിലാളികളെ സമാനരീതിയിലാണ് അയാൾ നിഷ്ക്കരുണം കൊന്നത്.
തന്റെ അവസാനത്തെ ഇരയെ കൊലപ്പെടുത്തി കൃത്യം രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് യങ്ങ്- ചുൾ പിടിയിലാകുന്നത്. പോലീസിന്റെ പിടിയിലായപ്പോൾ ചെയ്ത എല്ലാ കുറ്റവും അയാൾ തുറന്നു പറയുന്നു. താൻ കാരണം ജീവൻ നഷ്ട്ടപ്പെട്ട കുടുംബങ്ങളോട് മാപ്പ് ചോദിക്കുന്നു. എന്നാൽ വിചാരണ കോടതിയെ പോലും ഞെട്ടിച്ചു കൊണ്ട് അയാൾ മറ്റൊരു കാര്യം കൂടി എടുത്തു പറയുന്നു- " ഒരു പക്ഷെ നിങ്ങൾ എന്നെ പിടികൂടിയിരുന്നില്ല എങ്കിൽ ഞാൻ ഇനിയും കൊന്നേനെ."ഇരുപതിൽ അധികം മനുഷ്യരേ യങ് - ചുൾ കൊലപ്പെടുത്തി എന്നാണ് അനൗദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ കോടതിയിൽ 20 എണ്ണം മാത്രമേ തെളിയിക്കാൻ സാധിച്ചുള്ളൂ. എന്നിരുന്നാൽ പോലും അന്വേഷണങ്ങൾക്ക് ഒടുവിൽ, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ യങ്- ചുൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്നു. അന്ന് കോടതി അയാളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും ഇന്നും അയാൾ സിയോളിലെ ജയിലിൽ തടവിൽ കഴിയുന്നു.
Summary: Yoo Young-chul, infamously called the “Raincoat Killer,” was a South Korean serial killer who murdered at least 20 people in Seoul between 2003 and 2004. He initially targeted wealthy elderly men and later shifted to killing women from massage parlors, usually bludgeoning them with a hammer.