
1976 ജൂലൈ 3, ജർമ്മനിയിലെ ഡ്യൂയിസ്ബർഗിലെ ചെറിയൊരു അപ്പാർട്ട്മെന്റ്. കുറച്ചു ദിവസങ്ങളായി അപ്പാർട്ട്മെന്റിലെ പല താമസക്കാർക്കും അവരുടെ ശുചിമുറികളിൽ വെള്ളം കിട്ടുന്നില്ല. കുറച്ച് അധികം നാളുകളായി അവർ ഈ ബുദ്ധിമുട്ട് നേരിടാൻ തുടങ്ങിയിട്ട്. ഈ പ്രശ്‌നത്തിന് പരിഹാരം എന്ന പോലെ അവർ ഒരു പ്ലംബറിനെ പണിക്കായി വിളിക്കുന്നു. വന്നപാടെ പ്ലംബർ പണി തുടങ്ങി. അപ്പാർട്ട്മെന്റിലെ പ്രധാന പൈപ്പലൈനുകളിൽ പരിശോധന നടത്തുന്നു. മുടിയോ മറ്റോ കുടുങ്ങിയത് കൊണ്ടാകും പൈപ്പുകൾ അടഞ്ഞത് എന്ന് കരുതിയ പ്ലംബർക്ക് ലഭിച്ചതോ മനുഷ്യന്റെ മാംസ കഷണങ്ങൾ. അതോടെ പ്ലംബർ ഉടൻ തന്നെ വിവരം അപ്പാർട്ട്മെന്റ് അന്തേവാസികളെ അറിയിക്കുന്നു. പ്ലംബർ പറഞ്ഞ കാര്യം കണ്ടു ബോധ്യപ്പെട്ടപ്പോൾ അപ്പാർട്ട്മെന്റ് അന്തേവാസികൾ പോലീസിനെ വിവരം അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് അപ്പാർട്ട്മെന്റിൽ ഉടനീളം പരിശോധന നടത്തുന്നു. പ്ലംബറിന് ലഭിച്ചത് മനുഷ്യ മാംസങ്ങൾ തന്നെ, കൂടുതൽ പരിശോധനയിൽ ഒട്ടനവധി മാംസ കഷണങ്ങൾ പിന്നെയും കണ്ടെടുത്തു.
അതോടെ, അപ്പാർട്ട്മെന്റിൽ ഉടനീളമുള്ള എല്ലാ താമസക്കാരെയും പോലീസ് ചോദ്യം ചെയ്യുന്നു. പോലീസ് ഒടുവിൽ ചെന്നെത്തുന്നത് അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിൽ തനിച്ചു താമസിക്കുന്ന ജോക്കിം ക്രോൾ (Joachim Kroll) എന്ന നാലാപത്തിമൂന്ന്കാരന്റെ ഫ്ലാറ്റിലായിരുന്നു. തങ്ങൾക്ക് ഇവിടെ ഒന്ന് പരിശോധിക്കണം. പൈപ്പുകളിൽ നിന്ന് ലഭിച്ച മാംസ കഷണം ഇവിടെ നിന്നാണോ വന്നത് എന്ന് അറിയണം. ഇത്രയും പറഞ്ഞു കൊണ്ട് പോലീസ് ഫൽറ്റിനുള്ളിൽ കടന്ന് പരിശോധന നടത്തുന്നു. ഫ്ലാറ്റിൻ ഉള്ളിൽ കാലെടുത്ത് വച്ച നിമിഷം മുതൽ രൂക്ഷമായ രക്തത്തിന്റെ ഗന്ധം എവിടെനിന്നോ വമിക്കുന്നുണ്ടായിരുന്നു. ആ വീട്ടിലെ ഓരോ മൂലയിലും മരണം പതിയിരിക്കുന്നത് പോലെ ആ ഉദ്യോഗസ്ഥർക്ക് തോന്നി. ആ വീട്ടിൽ ഉടനീളം പോലീസ് പരിശോധന നടത്തുന്നു.
അടുക്കളയിൽ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ. അടുപ്പിൽ വെട്ടിയെടുത്ത മനുഷ്യന്റെ കൈപ്പത്തി പാകം ചെയ്ത നിലയിൽ. മനുഷ്യന്റെ തന്നെ കുടലുകൾ മാലിന്യ പൈപ്പിൽ കുടുങ്ങിയ നിലയിൽ. ശുചിമുറിയിൽ പരിശോധന നടത്തിയ പോലീസിനെ കാത്തിരുന്നത് മനുഷ്യ ശരീരത്തിൽ നിന്നും വെട്ടിയെടുത്ത ഹൃദയവും വൃക്കയും. അതോടെ പോലീസ് ജോക്കിം ക്രോളിനെ അറസ്റ്റ് ചെയുന്നു. ക്രോളിനെ കസ്റ്റഡിയിലെടുത്ത പോലീസിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. താൻ തന്നെയാണ് വീട്ടിനുള്ളിൽ പോലീസ് കണ്ടെത്തിയ ആ ശവശരീത്തിന് പിന്നിൽ, അതൊരു നാലുവയസ്സുകാരിയുടെ ശവശരീരമാണ് എന്ന് ക്രോൾ പോലീസിനോട് പറയുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു കൊണ്ട് അയാൾ വീണ്ടും ഒരു കുറ്റസമ്മതം കൂടി നടത്തുന്നു.
"ഇത് മാത്രമല്ല ഞാൻ പതിനാലിലധികം സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ട്"
ക്രോളിന്റെ കുറ്റസമ്മതം കേട്ടുനിന്നവർ എല്ലാവരും തന്നെ ഒന്ന് ഞെട്ടി. പതിനാലിലധികം സ്ത്രീകളെ ആ മനുഷ്യൻ കൊലപ്പെടുത്തിയെന്നോ? പോലീസിന് ക്രോളിന്റെ വാക്കുകൾ വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല. കാരണം അയാളുടെ വീട്ടിനുള്ളിൽ കണ്ട കാഴ്ച അതിഭയാനകമായിരുന്നു. ഒരു മനുഷ്യ ശരീരത്തെ എങ്ങെനയൊക്കെ വെട്ടിനുറുക്കാമോ അങ്ങനെയൊക്കെയും അയാൾ വെട്ടിനുറുക്കി. ക്രോൾ പറഞ്ഞതൊന്നും വെറും വാക്കല്ല. അതോടെ പോലീസ് ക്രോളിനെ കുറിച്ച് കൂടുതൽ അന്വേഷങ്ങൾ നടത്തി.
1933 ഏപ്രിൽ 17 ന് അപ്പർ സിലേഷ്യയിലെ (ഇപ്പോൾ പോളണ്ടിലെ സാബ്രെസ്) ഹിൻഡൻബർഗിൽ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജോക്കിം ക്രോളിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധ സമയത്ത് സോവിയറ്റ് സേന ഖനിത്തൊഴിലാളിയായ ക്രോളിന്റെ പിതാവിനെ യുദ്ധത്തടവുകാരനായി പിടികൂടി. ഈ സംഭവം ആ കുടുംബത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ചെറുപ്പം മുതലേ ക്രോളിനെ സാമൂഹികമായി അകന്നു നിൽക്കുന്ന, ചിന്താശേഷി തിരയില്ലാതെ, വൈകാരികമായി വളർച്ച ഇല്ലാത്ത ഒരു ബാലനായാണ് പലരും കണ്ടിരുന്നത്. പഠനത്തിൽ നന്നേ പിറകിലായിരുന്നു ക്രോൾ. ഒറ്റപ്പെടലിന്റെ ബാല്യത്തിൽ നിന്നും തീർത്തും അക്രമാസക്തമായ കൗമാരത്തിലേക്കാണ് ക്രോൾ കണ്ടന്നത്.
കൗമാരത്തിൽ എപ്പോഴോ ക്രോളിന്റെ ഉള്ളിൽ കൂടിയ ഹീനമായ ചിന്തകളായിരുന്നു മനുഷ്യമാംസത്തോടുള്ള ആസക്തിയും, ശവശരീരങ്ങളോടുള്ള ലൈംഗിക താല്പര്യവും. ഒരു ഘട്ടത്തിൽ വഴിയോരത്തു കാണുന്ന മൃഗങ്ങളെ ആരും കാണാതെ വീട്ടിലേക്ക് കൊണ്ട് വരുന്നു, ശേഷം അവയെ മൃഗീയമായി കൊന്നു തള്ളുന്നു. പോകെ പോകെ ഇത് മനുഷ്യനോടായി. 1955-ൽ 19 വയസ്സുകാരി ഇർംഗാർഡ് സ്ട്രെലയെ തട്ടിക്കൊണ്ടു വന്ന ശേഷം ബലാത്സംഗം ചെയത്, കഴുത്തുഞെരിച്ച് കൊന്നു. തുടർന്ന്, ശവശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. മാറിടവും, നിതംബവും അയാൾ ഭക്ഷിച്ചു. ആദ്യത്തെ കൊലപാതകത്തിലൂടെ തനിക്ക് കിട്ടിയ മനസുഖം കൊണ്ടാണ് വീണ്ടും വീണ്ടും ഇരകളെ തേടിപ്പിടിച്ച് കൊലപ്പെടുത്തിയത് എന്ന് അയാൾ പിൽകാലത്ത് പോലീസിൽ മൊഴി നൽകിയിരുന്നു.
മനുഷ്യമാംസത്തോടുള്ള ഭ്രാന്തമായ ആസക്തി അയാളെ വീണ്ടും കൊലപാതകങ്ങളിലെക്ക് തള്ളിവിട്ടു. നാലു വയസ്സിനും അറുപത്തിനും ഇടയിലുള്ള സ്ത്രീകളായിരുന്നു അയാളുടെ പ്രധാന ഇര. തന്നെ തടുക്കാനോ എതിർക്കാനോ കഴിയാത്ത അപലയായ സ്ത്രീകൾ, അവരായിരുന്നു അയാളുടെ ഇരകൾ. സഹായം വാഗ്ദാനം ചെയ്തോ, അല്ലെങ്കിൽ കുട്ടികൾക്ക് മിഠായി നൽകിയോ അയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരും. ശേഷം മൃഗീയമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തും. പലപ്പോഴും ഇരകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അവരുടെ ശവശരീരവുമായി അയാൾ നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. തന്റെ കാമാസക്തി അടങ്ങിയാൽ, പിന്നെ ഒട്ടും വൈകില്ല ഇരയുടെ ശവശരീരം വെട്ടിനുറുക്കി കഷ്ണങ്ങൾ ആക്കും. മാറിടം, നിതംബം, കൈകൾ, തുടയിലെ മാംസം എന്നിവ പ്രതേകം വെട്ടിമാറ്റി സൂക്ഷിക്കുന്നു. അവശേഷിക്കുന്ന ശരീരഭാഗങ്ങൾ അപ്പാർട്ട്മെന്റിലെ അഴുക്കുചാലിൽ ഉപേക്ഷിക്കുന്നു.
അങ്ങനെ ഇരുപത്തിയൊന്ന് വർഷകാലം അയാൾ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നു തള്ളി. എന്തിനു വേണ്ടിയാണ് മനുഷ്യനെ കൊന്നു തിന്നത് എന്ന പോലീസ് ചോദ്യത്തിന് അയാൾ നൽകിയ മറുപടി -
പോലീസ് പിടിയിലായ ക്രോൾ താൻ പതിമൂന്ന് പേര് കൊലപ്പെടുത്തിയതായി കോടതിയിൽ കുറ്റസമ്മതം നടത്തുന്നു. അതോടെ കോടതി അയാളെ ജീവപര്യന്തം തടവിന് വിധിച്ചു. എന്നാൽ തടവിൽ കഴിയവേ 1991ൽ ഹൃദയാഘാതം മൂലം ക്രോൾ മരണപ്പെടുന്നു.