

1980-കളിലെ കുറ്റകൃത്യങ്ങളുട ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ അധ്യായങ്ങളിലൊന്നാണ് ഡൊറോത്തിയ പൂവെന്റെയുടേത് (Dorothea Puente). കാലിഫോർണിയയിലെ സാക്രമെന്റോയിൽ, ശാന്തസുന്ദരമായ ഒരു വാടകവീട് നടത്തിയിരുന്ന ഈ വൃദ്ധ, ആ വീട് പാവപ്പെട്ടവരെയും വൃദ്ധരെയും പാർപ്പിച്ചിരുന്ന ഒരു അഭയ കേന്ദ്രമായിരുന്നു. ആ കേന്ദ്രം നോക്കി നടത്തിയിരുന്ന ഡൊറോത്തിയ ആ നാട്ടിൽ ഏറെ ബഹുമാനിക്കപ്പെട്ട സ്ത്രീയും. എന്നാൽ സാധുമനുഷ്യർക്ക് അഭയം നൽകിയിരുന്ന ആ സ്ത്രീ യഥാർത്ഥത്തിൽ ഒരു സീരിയൽ കില്ലറായിരുന്നു. ദുർബലരും ഒറ്റപ്പെട്ടവരുമായ മനുഷ്യരെ കൊലപ്പെടുത്തി അവരുടെ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ തട്ടിയെടുത്ത ഈ സ്ത്രീ 'ദി ഡെത്ത് ഹൗസ് ലാൻഡ്‌ലേഡി' എന്നും 'സാക്രമെന്റോയിലെ ബ്ലാക്ക് വിഡോ' എന്നും അറിയപ്പെടുന്നു
ഡൊറോത്തിയ പൂവെന്റെയുടെ കുറ്റകൃത്യങ്ങളുടെ കേന്ദ്രം, സാക്രമെന്റോയിലെ 1426 എഫ് സ്ട്രീറ്റിലുള്ള അവരുടെ രണ്ടു നിലയുള്ള ആ വാടകവീടായിരുന്നു. കാഴ്ചയിൽ, മാനസിക വൈകല്യമുള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അഭയം നൽകുന്ന വീട്ടുടമയായിരുന്നു ഡൊറോത്തിയയുടേത്. വാടകക്കാരോട് സ്നേഹത്തോടെ പെരുമാറുകയും അവർക്ക് ഭക്ഷണം പാകം ചെയ്ത് നൽകുകയും ചെയ്തിരുന്ന ഡൊറോത്തിയ. എന്നാൽ, ഈ സ്നേഹത്തിന് പിന്നിൽ അവർ മറച്ചുപിടിച്ച മറ്റൊരു പൈശാചിക മുഖം ഉണ്ടായിരുന്നു. ഡൊറോത്തിയ തന്റെ അതിഥികളായി തിരഞ്ഞെടുത്തത്, ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത, ഗവൺമെന്റ് ആനുകൂല്യങ്ങൾ പ്രധാനമായും സോഷ്യൽ സെക്യൂരിറ്റി ചെക്കുകൾ ഉള്ള വ്യക്തികളെയായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം അവരുടെ ചെക്കുകൾ സ്വന്തമാക്കുകയായിരുന്നു ഡൊറോത്തിയയുടെ ലക്ഷ്യം.
ഡൊറോത്തിയ തന്റെ ഇരകളെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് മയക്കുമരുന്നിന്റെ അമിത അളവായിരുന്നു. കടുത്ത മയക്കുമരുന്നുകളോ സെഡേറ്റീവുകളോ ഭക്ഷണത്തിൽ കലർത്തി നൽകി വാടകക്കാരെ മയക്കിക്കിടത്തി കൊലപ്പെടുത്തി. കൊലപാതക ശേഷം മൃതദേഹങ്ങൾ വീടിന്റെ പുറകുവശത്തെ പറമ്പിൽ കുഴിച്ചിടുക എന്നതായിരുന്നു അവരുടെ രീതി. വീടിന്റെ പിന്നാമ്പുറത്ത് പലതവണ പൂന്തോട്ടം നിർമ്മിക്കുന്നതും മണ്ണിളക്കി മാറ്റുന്നതും അയൽക്കാർ കണ്ടിരുന്നുവെങ്കിലും ആരും സംശയിച്ചില്ല.
ചുരുളഴിഞ്ഞ രഹസ്യം
1988 നവംബറിൽ, മാനസിക വെല്ലുവിളി നേരിടുന്ന തന്റെ വാടകക്കാരനായ അൽവാരോ "ബെർട്ട്" മോൺടോയയെ കാണാനില്ലെന്ന് ഒരു സോഷ്യൽ വർക്കർ പോലീസിൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഡൊറോത്തിയയുടെ ക്രൂരത പുറംലോകം അറിഞ്ഞുതുടങ്ങിയത്. അന്വേഷണത്തിനായി വീട്ടിലെത്തിയ പോലീസ് പൂന്തോട്ടം പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ, ഒരു ദിവസത്തിനുള്ളിൽ തന്നെ ഏഴ് മനുഷ്യ ശവശരീരങ്ങൾ വീടിന്റെ പുറകുവശത്ത് നിന്ന് കണ്ടെത്തി. മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിലും പുതപ്പുകളിലും പൊതിഞ്ഞ നിലയിലായിരുന്നു. ഇതിന് പുറമെ, ഡൊറോത്തിയ മുൻ കാമുകനായ എവർസൺ ഗിൽമൗത്തിന്റെ മൃതദേഹം നേരത്തെ ഒരു നദിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങൾ കണ്ടെത്തുന്ന സമയത്ത് ഡൊറോത്തിയ പോലീസ് നിരീക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്യലിനിടെ, ഒരു കോഫി കുടിക്കാൻ എന്ന വ്യാജേന അവർ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ലോസ് ആഞ്ചലസിൽ വെച്ച് അവർ അറസ്റ്റിലായി. ഡൊറോത്തിയക്ക് എതിരെ ഒൻപത് കൊലപാതകങ്ങളാണ് ചാർജ് ചെയ്തത്. വിചാരണ നീണ്ട വർഷങ്ങളെടുത്തു. ഒടുവിൽ, 1993-ൽ അവർ മൂന്ന് കൊലപാതകങ്ങളിൽ കുറ്റക്കാരി എന്ന് കണ്ടെത്തുകയും പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2011-ൽ 82-ാം വയസ്സിൽ ജയിലിൽ വെച്ച് ഡൊറോത്തിയ മരണപ്പെടുന്നു. ഡൊറോത്തിയയുടെ കഥ, പുറമേ സൗമ്യമായി തോന്നുന്ന ചില വ്യക്തിത്വങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.