

കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയൽ കില്ലർമാരിൽ ഒരാളാണ് ഡാനിയൽ കാമർഗോ ബാർബോസ (Daniel Camargo Barbosa). 1974 നും 1986 നും ഇടയിൽ കൊളംബിയയിലും ഇക്വഡോറിലുമായി ഡാനിയൽ കവർന്നത് എൺപതോളം സ്ത്രീകളുടെ ജീവനാണ്. ആൻഡീസ് പർവതനിരകളെ തന്നെ ഭയത്തിന്റെ നിഴലിൽ മൂടിയ ഡാനിയൽ കൊലപ്പെടുത്തിയ ഇരകളുടെ എണ്ണം 150 -ൽ അധികമാണെന്ന് കരുതപ്പെടുന്നു. ‘ആൻഡീസ് പർവതങ്ങളിലെ ഭീകരൻ’ എന്ന പേരിൽ ചരിത്രം ഈ കൊലപാതകിയെ എന്നും ഓർക്കുന്നു.
തെറ്റിയ ബാല്യത്തിന്റെ വിത്തുകൾ
1930 ജനുവരി 22 ന് കൊളംബിയൻ ആൻഡീസിലെ ചെറിയ പട്ടണമായ അനോലൈമയിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഡാനിയലിന്റെ ജനനം. ഡാനിയലിന് രണ്ട് വയസ്സുള്ളപ്പോൾ അയാളുടെ അമ്മ മരണപ്പെടുന്നു. സ്വേച്ഛാധിപത്യ സ്വഭാവമുള്ള പിതാവിന്റെയും, രണ്ടാനമ്മയുടെയും കൂടെയാണ് അവൻ വളർന്നത്. രണ്ടാനമ്മക്ക് ഡാനിയലിനെ കണ്ണിൽ കാണുന്നത് പോലും ചതുർത്ഥിയായിരുന്നു. തക്കം കിട്ടുമ്പോഴൊക്കെ ആ സ്ത്രീ ആ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. ഇനി കുഞ്ഞ് ഡാനിയൽ എന്തെങ്കിലും കുസൃതി കാണിച്ചാൽ, പെൺകുട്ടികളുടെ വസ്ത്രം ധരിപ്പിച്ച ശേഷം സ്കൂളിലേക്ക് അതേപടി തന്നെ പറഞ്ഞു വിടുന്നു. വസ്ത്രം സ്വന്തം ഇഷ്ട്ടത്തിന് മാറ്റാൻ ശ്രമിച്ചാലോ പിന്നെ പറയണ്ട, ആ സ്ത്രീ ആ കുഞ്ഞിനെ പൊതിരെ തല്ലും. ഇത് മറ്റ് കുട്ടികളുടെ പരിഹാസത്തിന് അവനെ ഇരയാക്കി. ഈ അപമാനം വകവയ്ക്കാതെ വളർന്ന ഡാനിയൽ മികച്ച വിദ്യാർത്ഥിയായിരുന്നു, എന്നിരുന്നാലും, കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി സ്കൂൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായപ്പോൾ പഠനം തുടരാനുള്ള അയാളുടെ ആഗ്രഹത്തിന് തടസ്സമായി.
യൗവനത്തിൽ ഡാനിയൽ ഒരു യുവതിയുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്നു. എന്നാൽ, ആ പ്രണയബന്ധം പൂർണ്ണ പരാജയമായിരുന്നു. മറ്റു പുരുഷന്മാരുമായി ബന്ധത്തിൽ ഏർപ്പെടുത്തിരുന്ന അയാളുടെ കാമുകി തക്കം നോക്കി ഡാനിലിന്റെ പണവും കട്ടുകൊണ്ടു രക്ഷപ്പെടുന്നു. കാമുകി വഞ്ചിച്ചതോടെ സ്ത്രീകളെ അയാൾ വെറുക്കാൻ തുടങ്ങി. സ്ത്രീകൾ എല്ലാം ഒരുപോലെയാണെന്നും, അവർ പുരുഷന്മാരെ വഞ്ചിക്കുമെന്നും അയാൾ ഉറച്ച് വിശ്വസിക്കുന്നു. ഈ ചിന്തയാണ് പിന്നീട് അയാളുടെ കൊലപാതകങ്ങൾക്ക് ന്യായീകരണമായി മാറിയത്.
1960-കളിൽ, സ്ത്രീകളുടെ കന്യകാത്വത്തോട് ഡാനിയലിന്റെ ഉള്ളിൽ വല്ലാത്തൊരു അഭിനിവേശം വളരുന്നു. കന്യകയായ സ്ത്രീകളോട് അയാൾക്ക് വെറുപ്പ് തോന്നി തുടങ്ങി. 1964-ൽ, ഒരു കൂട്ടാളിയുമായി ചേർന്ന് യുവതികളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതിന് കൊളംബിയയിൽ ഡാനിയൽ പിടിക്കപ്പെട്ടിരുന്നു. അന്ന് എട്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഡാനിയൽ 1972 ൽ ജയിൽ മോചിതനായി.
ജയിൽ മോചിതനായ ശേഷം ബാർബോസയിൽ ഒരു തെരുവ് കച്ചവടക്കാരനായി ജോലി ചെയ്തു. 1974 -ൽ, ഒൻപത് വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു ബലാത്സംഗം ചെയ്ത ശേഷം, തനിക്കെതിരെ മൊഴി കൊടുക്കാതിരിക്കാൻ ഇയാൾ ആ കുഞ്ഞിനെ കൊലപ്പെടുത്തി. ഇതായിരുന്നു ഡാനിയലിന്റെ ആദ്യ കൊലപാതകം. കൃത്യം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ ഡാനിയൽ പോലീസിന്റെ പിടിയിലാകുന്നു. 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാളെ കൊളംബിയയിലെ ഗോർഗോണ ദ്വീപിലെ ജയിലിൽ അടച്ചു.
1984 നവംബറിൽ, ഒരു താൽക്കാലിക ബോട്ടിൽ കയറി ഇയാൾ ദ്വീപിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ഡാനിയലിനെ കാണാതെയായതോടെ ഇയാൾ മുങ്ങിമരിച്ചതായി അധികൃതർ കരുതി. എന്നാൽ, ഇയാൾ രക്ഷപ്പെട്ട് ഇക്വഡോറിൽ എത്തുകയും മാനുവൽ ബൾഗാരിൻ സോളിസ് എന്ന വ്യാജ പേര് സ്വീകരിക്കുകയും ചെയ്തു.
ഇക്വഡോറിലെ ഇരുണ്ട ദിനങ്ങൾ
ഇക്വഡോറിലെത്തിയ ഡാനിയൽ തന്റെ ഇരകളെ തേടി വീണ്ടും ഇറങ്ങിത്തുടങ്ങി. സാമ്പത്തികമായി ദുർബലരായ, ജോലി തേടുന്ന യുവതികളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടത്. ഒരു വിദേശിയായി വേഷം കെട്ടി, പണം അയയ്ക്കാനുള്ള വഴി അറിയില്ലെന്ന് നടിച്ചു കൊണ്ട് അയാൾ ഇരകളെ സമീപിക്കുമായിരുന്നു. പൊതുസ്ഥലങ്ങളിൽ നിന്ന് വിദൂര വനങ്ങളിലേക്ക് അവരെ കൊണ്ടുപോകുകയും, വഴി കാണിച്ചുതന്നാൽ പണം നൽകാമെന്ന് പറയുന്നു. ഇയാളുടെ ഈ വാക്കുകൾ വിശ്വസിച്ച് സ്ത്രീകളെ വഴികാണിക്കാൻ തയ്യാറാക്കുന്നു. തന്റെ കെണിയിൽ ഇരകൾ കുടുങ്ങി എന്ന ഡാനിയലിന് മനസ്സിലായാൽ സ്ത്രീകളെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടികൊണ്ടു പോകുന്നു. അവിടെ വെച്ച്സ്ത്രീ കളെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയുമാണ് ഇയാൾ ചെയ്തിരുന്നത്. ഇക്വഡോറിൽ മാത്രം ഇയാൾ കൊലപ്പെടുത്തിയത് 71 സ്ത്രീകളെയാണ്.
ഒടുവിൽ, 1986 ഫെബ്രുവരി 26-ന് ഇക്വഡോറിലെ ക്വിറ്റോയിൽ വെച്ച് ഡാനിയൽ കാമർഗോ ബാർബോസ അറസ്റ്റിലായി. സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ പോലീസ് പരിശോധിച്ചപ്പോൾ, ഇയാളുടെ കയ്യിലുണ്ടായിരുന്ന സ്യൂട്ട്കേസിൽ അവസാനം കൊലപ്പെടുത്തിയ ഒൻപത് വയസ്സുകാരിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തുകയായിരുന്നു. അതോടെ പോലീസിന്റെ പിടിയിലായ കൊലയാളി അയാൾ നാളിതുവരെ ചെയ്ത എല്ലാ കുറ്റകൃത്യങ്ങളും തുറന്നു പറയുന്നു. ഒടുവിൽ, ഇക്വഡോറിൽ ഇയാൾക്ക് അവിടുത്തെ പരമാവധി ശിക്ഷയായ 16 വർഷം തടവ് ലഭിച്ചു.
1994 നവംബർ 13 ന്, 64 വയസ്സുള്ളപ്പോൾ, ഡാനിയലിനെ ക്വിറ്റോയിലെ ഗാർസിയ മൊറീനോ ജയിലിൽ വെച്ച് അദ്ദേഹത്തിന്റെ ഇരകളിൽ ഒരാളുടെ അനന്തരവൻ കുത്തിക്കൊലപ്പെടുത്തി. മനശ്ശാസ്ത്രജ്ഞർ അയാളെ ഉയർന്ന ബുദ്ധിയുള്ള സൈക്കോപാത് എന്നാണ് വിശേഷിപ്പിച്ചത്. സ്വന്തം ചെയ്തികളിൽ യാതൊരു പശ്ചാത്താപവുമില്ലാത്ത കൊലയാളി. ഭ്രാന്തിന്റെ അതിരുകടന്ന സ്ത്രീകളോടുള്ള വെറുപ്പ്, കൊലപാതകങ്ങളിൽ 'നിയമം നടപ്പിലാക്കാനുള്ള' കടമബോധം, ഇതായിരുന്നു ഡാനിയൽ.
Summary: Daniel Camargo Barbosa, known as the “Monster of the Andes,” was one of the most notorious serial killers in South American history. Between 1974 and 1986, he raped and murdered over 80 women across Colombia and Ecuador, driven by deep hatred toward women and psychological trauma from his childhood.