ഉറങ്ങിക്കിടക്കുന്നവരെ വീടുകളുടെ പിൻവാതിലുകൾ തകർത്ത് അകത്ത് കടക്കും, കോടാലി കൊണ്ട് തലക്കടിച്ചും, കത്തി കൊണ്ട് കഴുത്തറുത്തും ക്രൂരമായി കൊലപ്പെടുത്തും, പിഞ്ച് കുഞ്ഞിനെപ്പോലും ക്രൂരമായി കൊന്നുതള്ളിയ "ആക്സ്മാൻ ഓഫ് ന്യൂ ഓർലിയൻസ്" | Axeman of New Orleans

 Axeman of New Orleans
Published on

ന്യൂ ഓർലിയൻസ് നഗരം, ജാസ് സംഗീതവും സംസ്കാരവും നിറഞ്ഞ മണ്ണ്. ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ ഫ്രഞ്ച്, സ്പാനിഷ്, ആഫ്രിക്കൻ, കരീബിയൻ സ്വാധീനങ്ങളുടെ മിശ്രിതവും ഉൾപ്പെടുന്ന ഊർജ്ജസ്വലമായ സംസ്കാരത്തിന് ന്യൂ ഓർലിയൻസ് പ്രശസ്തമാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഈ മനോഹര നഗരം ഇരുട്ടിനെ വല്ലാതെ ഭയന്നിരുന്നു. ഇരുട്ടിന്റെ ശാന്തതയിൽ ഒരു കൊലയാളി മനുഷ്യരെ മൃഗതുല്യം വേട്ടയാടി കൊലപ്പെടുത്തി കൊണ്ടിരുന്നു. സ്വന്തം നിഴലിനെ പോലും മനുഷ്യർ ഭയന്നിരുന്നു, സ്വന്തം വീടിനുള്ളിൽ പോലും അവർ സൂരക്ഷിതരായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ചരിത്രത്തിലെ ഏറ്റവും ഭീകരമായ അധ്യായങ്ങളിൽ ഒന്നായി ഈ നഗരം മാറുന്നു. നഗരത്തിന്റെ ദുഃസ്വപ്നമായി മാറിയ ആ കൊലയാളിയുടെ പേരോ മുഖമോ ആർക്കും അറിയില്ല, എന്നാൽ അയാളുടെ കുപ്രസിദ്ധി നഗരത്തിന്റെ ഉറക്കം കെടുത്തി. "ആക്സ്മാൻ ഓഫ് ന്യൂ ഓർലിയൻസ്" (Axeman of New Orleans) എന്ന പേരിൽ അറിയപ്പെട്ടിരുന്ന അജ്ഞാത കൊലയാളി ന്യൂ ഓർലിയൻസിന്റെ തെരുവുകളിൽ തേർവാഴ്ച നടത്തിയ കഥ തീർത്തും ഭയാനകമാണ്.

1918 മുതൽ 1919 വരെ, ഈ അജ്ഞാത കൊലയാളി അപഹരിച്ചത് പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒട്ടനവധി മനുഷ്യരുടെ ജീവനുകളാണ്. രാത്രി മയങ്ങി കഴിഞ്ഞാൽ ഇരകളുടെ വീടിന്റെ വാതിൽ തകർത്തു കൊണ്ട് ഉള്ളിൽ കടക്കുന്നു, ശേഷം കോടാലി കൊണ്ട് ഇരകളെ വെട്ടികൊലപ്പെടുത്തുന്നു. ഇങ്ങനെ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇറ്റാലിയൻ കുടിയേറ്റക്കാർ, ഇറ്റാലിയൻ-അമേരിക്കൻ പലചരക്ക് വ്യാപാരികളും അവരുടെ കുടുംബങ്ങളുമായിരുന്നു.

ഇരുണ്ട കാലത്തിന്റെ തുടക്കം

1918 മെയ് 23 ന്, ജോസഫ് മഗിയോറെയും ഭാര്യ കാതറിനെയും അവരുടെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ജോസഫിന്റെ തന്നെ കോടാലി കൊണ്ടാണ് കൊലയാളി കൃത്യം നടത്തിയിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ കൊലയാളി ഒരു കത്തി കൊണ്ട് ദമ്പതികളുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കാതറിന്റെ തല ഉടലിൽ നിന്നും മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കൊലപാതകിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ആ വീട്ടിൽ നിന്നും കണ്ടെത്തുകയുണ്ടായി. ഇതിലൂടെ കൊലയാളി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് തെളിവുകൾ നശിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്ന് വ്യക്തമായിരുന്നു. വീട്ടിൽ നിന്നും പണമോ പണ്ടമോ മോഷണം പോകാത്തത് കൊണ്ട് തന്നെ ഈ ഇരട്ട കൊലപാതകം മോഷണത്തിനിടയിൽ സംഭവിച്ചതല്ല എന്ന് ബോധ്യപ്പെടുന്നു. അപ്പോൾ പിന്നെ എന്തിന് വേണ്ടിയാകും കൊലയാളി ഇത്രയും ക്രൂരമായി ജോസഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത് എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

തുടർന്നുള്ള മാസങ്ങളിൽ സമാനമായ കൊലപാതകങ്ങൾ നഗരത്തിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റാലിയൻ-അമേരിക്കൻ പലചരക്ക് കടയുടമകളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യം വെച്ചാണ് കൊലപാതകങ്ങൾ നടന്നത്. ഉറങ്ങിക്കിടക്കുന്നവരുടെ വീടുകളുടെ പിൻവാതിലുകൾ തകർത്ത് അകത്ത് കടന്ന കൊലയാളി ആ വീട്ടിലെ തന്നെ കോടാലി കൊണ്ട് ഇരകളെ കൊലപ്പെടുത്തുന്നു. 1918 ഓഗസ്റ്റ് 5 ന്, എട്ട് മാസം ഗർഭിണിയായ അന്നയെ കൊലയാളി ആക്രമിച്ചു. എന്നാൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അന്നയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.

1919 മാർച്ച് 10-ന് രാത്രി, ന്യൂ ഓർലിയാൻസ് പ്രാന്തപ്രദേശമായ ലൂസിയാനയിലെ വെച്ച് ഇറ്റാലിയൻ കുടിയേറ്റക്കാരനായ ചാൾസ് കോർട്ടിമിഗ്ലിയയും കുടുംബവും ആക്രമിക്കപ്പെട്ടു. തലക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും ചാൾസും ഭാര്യയും രക്ഷപ്പെടുന്നു. എന്നാൽ, ചാൾസിന്റെ രണ്ടുവയസ്സുള്ള മകൾ കൊല്ലപ്പെടുന്നു. അങ്ങനെ ഒന്നിന് പിറകെ ഒന്നായി ആറോളം മനുഷ്യരുടെ ജീവൻ കൊലയാളി അപഹരിക്കുന്നു. കൊലപാതക രീതിയും, രക്ഷപ്പെട്ട ഇരകൾ നൽകിയ മൊഴിയുടെ അടിസഥാനത്തിൽ കൊലയാളി ഒരാൾ തന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നു. അങ്ങനെ ഇരകളെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ അജ്ഞാത കൊലയാളിക്ക് ആക്സ്മാൻ ഓഫ് ന്യൂ ഓർലിയൻസ് എന്ന തലക്കെട്ട് അക്കാലത്തെ പത്രങ്ങൾ നൽകുന്നു.

പോലീസ് കൊലയാളിയെ കണ്ടെത്തുവാൻ ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തുമ്പും കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. ഇരകളുടെ വീടുകളിൽ നിന്നോ പരിസരങ്ങളിൽ നിന്നോ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. അക്രമണങ്ങൾ ഇരുട്ടിന്റെ മറവിൽ അരങ്ങേറിയത് കൊണ്ട് തന്നെ കൊലപാതകിയുടെ കൈയിൽ നിന്നും രക്ഷപ്പെട്ടവർക്ക് പോലും അയാളുടെ മുഖം കാണുവാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലും കൊലയാളിയെ കണ്ടെത്തുവാൻ സാധിക്കാത്തത് നഗരവാസികളുടെ ഭയം ഇരട്ടിപ്പിക്കുന്നു, അങ്ങനെ രാത്രിയിൽ ആരും ഉറങ്ങാതെയായി.

കൊലയാളിയുടെ കത്ത്

ആക്സ്മാന്റെ കഥയിലെ ഏറ്റവും വിചിത്രവും പ്രശസ്തവുമായ ഭാഗം, 1919 മാർച്ചിൽ ഒരു പ്രാദേശിക പത്രത്തിന് ലഭിച്ച കത്താണ്. കൊലയാളി എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് അയാൾ എഴുതിയ കത്തിൽ ഇങ്ങനെയായിരുന്നു-

"നരകം, മാർച്ച് 13, 1919

മർത്യരെന്ന് കരുതപ്പെടുന്നു:

അവർ എന്നെ ഒരിക്കലും പിടികൂടിയിട്ടില്ല, ഒരിക്കലും പിടിക്കുകയുമില്ല. അവർ എന്നെ ഒരിക്കലും കണ്ടിട്ടില്ല, കാരണം ഞാൻ അദൃശ്യനാണ്, നിങ്ങളുടെ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഈഥർ പോലെ. ഞാൻ ഒരു മനുഷ്യനല്ല, മറിച്ച് ചൂടേറിയ നരകത്തിൽ നിന്നുള്ള ഒരു ആത്മാവും പിശാചുമാണ്. നിങ്ങളും ഓർലീനിയക്കാരും നിങ്ങളുടെ വിഡ്ഢി പോലീസും ആക്‌സെമാൻ എന്ന് വിളിക്കുന്ന ആളാണ് ഞാൻ.......

ഇന്ന് രാത്രി 12:15-ന് ന്യൂ ഓർലിയൻസ് വിടാൻ ഞാൻ തീരുമാനിച്ചു. അടുത്ത ചൊവ്വാഴ്ച രാത്രി 12:15 ന് ഞാൻ നഗരം വിടും. എന്റെ അനന്തമായ കാരുണ്യത്താൽ, ഞാൻ നിങ്ങളോട് ഒരു ചെറിയ നിർദ്ദേശം വയ്ക്കാൻ പോകുന്നു. അടുത്ത ചൊവ്വാഴ്ച രാത്രിന്യൂ ഓർലിയൻസിൽ ഒരു ജാസ് ബാൻഡ് കളിക്കാത്ത ഒരൊറ്റ വീട് പോലും ഉണ്ടാകരുത്. എനിക്ക് ജാസ് ഇഷ്ടമാണ്, ജാസ് കളിക്കുന്ന എല്ലാവരെയും ഞാൻ വെറുതെ വിടും..."

ഈ കത്ത് നഗരത്തെ മുഴുവൻ പരിഭ്രാന്തിയിലാഴ്ത്തി. അടുത്ത ചൊവ്വാഴ്ച രാത്രി, നഗരം മുഴുവൻ ജാസ് സംഗീതത്തിൽ നിറഞ്ഞു. ബാറുകളിലും റെസ്റ്റോറന്റുകളിലും വീടുകളിലും ജാസ് ബാൻഡുകൾ മുഴങ്ങി. ആ രാത്രിയിൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നത് ഒരു അത്ഭുതമായിരുന്നു. കത്തിന് ശേഷം ഏതാനും മാസങ്ങൾ കൊലപാതകങ്ങൾ തുടർന്നെങ്കിലും, ആക്‌സെമാൻ പിന്നീട് അപ്രത്യക്ഷനായി. അയാൾ എവിടേക്കാണ് പോയതെന്നും ആരാണെന്നും ഇപ്പോഴും അജ്ഞാതമാണ്. ആക്‌സിമാന്റെ കൊലപാതക പരമ്പരയെ ചുറ്റിപറ്റി ഒട്ടനവധി സിദ്ധാന്തങ്ങൾ ഉടലെടുത്തുവെങ്കിലും, ഒന്നിനും വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

ആക്‌സിമാന്റെ കഥ ന്യൂ ഓർലിയൻസ് നഗരത്തിലെ നാടോടിക്കഥകളുടെ ഭാഗമായി. കൊലയാളിയെ കുറിച്ച് പാട്ടുകളും കഥകളും എഴുതപ്പെട്ടു. ആ അജ്ഞാത കൊലയാളിയുടെ ഭയാനകമായ സാന്നിധ്യം നഗരത്തിന്റെ സംഗീതത്തിനും സാഹിത്യത്തിനും ഒരു ഇരുണ്ട മാനം തന്നെ നൽകി. ആക്‌സിമാന്റെ കഥ ഒരു പരമ്പര കൊലയാളിയുടെ കഥ മാത്രമല്ല, ഒരു നഗരത്തെ വേട്ടയാടുകയും ഇന്നും ഉത്തരം ലഭിക്കാത്ത ഒരു ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

Summary: The Axeman of New Orleans was a mysterious serial killer who terrorized the jazz-filled city between 1918 and 1919. He broke into homes at night and brutally murdered victims, mainly Italian shopkeepers, with an axe, vanishing without a trace each time. His infamous letter claiming he was a “spirit from hell” and demanding jazz music to be played across the city on one fateful night turned the event into one of the strangest true crime mysteries in American history.

Related Stories

No stories found.
Times Kerala
timeskerala.com