Alexander Kinyua

'ടിന്നുകൾക്ക് ഉള്ളിൽ മനുഷ്യന്റെ വെട്ടിമാറ്റിയ കൈയും തലയും, ഇരയുടെ തലച്ചോറും ഹൃദയവും ഭക്ഷിച്ച കൊലയാളി', ഒടുവിൽ കോടതി വെറുതെ വിട്ട അലക്സാണ്ടർ കിന്യുവയുടെ കഥ |  Alexander Kinyua

Published on

കുറ്റകൃത്യങ്ങളുടെ ലോകത്ത് വ്യത്യസ്തരായ ഒട്ടനവധി കുറ്റവാളികളെ കാണുവാൻ സാധിക്കുന്നതാണ്. ചിലർ വ്യക്തിപരമായ പകയുടെ പുറത്തായിരിക്കും കുറ്റകൃത്യങ്ങൾ ചെയ്ത് കൂട്ടുന്നത് എങ്കിൽ, മറ്റു ചിലർ സാമ്പത്തിക നേട്ടത്തിനായോ പ്രതികാരത്തിനായോ മനുഷ്യരുടെ ജീവൻ അപഹരിക്കുന്നു. എന്നാൽ, എല്ലായ്പ്പോഴും അങ്ങനെല്ല, ചില കുറ്റവാളികളുടെ ചെയ്തികൾക്ക് പിന്നിൽ യുക്തിസഹമായ യാതൊരു കാരണവും ഉണ്ടാകില്ല. അങ്ങനെയുള്ള മനുഷ്യരെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നത് പ്രതികാരമോ സമ്പാദ്യലോഭമോല്ല, നിയന്ത്രണാതീതമായ മാനസിക വിഭ്രാന്തികളും ചിന്താ വൈകല്യങ്ങളുമായിരിക്കും. ഭ്രമങ്ങൾ, ഭയങ്ങൾ, വിഭ്രാന്തികൾ മനുഷ്യരെ കുറ്റവാളികളാക്കി തീർക്കുന്നു. ഇതിന്റെ ഏറ്റവും ഉചിതമായ ഉദാഹരണമാണ് അലക്സാണ്ടർ കിന്യുവയുടെ ജീവിതം (Alexander Kinyua). സ്വന്തം വീടിനുള്ളിൽ വച്ച് ഇരയെ കോടാലിൽ കൊണ്ട് വെട്ടി കൊലപ്പെടുത്തുന്നു, ശവശരീരം കഷണങ്ങളായി വെട്ടിമുറിക്കുന്നു. ശേഷം ഇരയുടെ തലച്ചോറും ഹൃദയവും ഭക്ഷിക്കുന്നു. ഏറെ വിചിത്രവും ഭയാനകവുമാണ് അലക്സാണ്ടറുടെ ക്രൂരകൃത്യങ്ങളുടെ കഥ.

കെനിയ സ്വദേശിയായ അലക്സാണ്ടർ, വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തോടൊപ്പം അമേരിക്കയിലെ മേരിലാൻഡിലേക്ക് താമസം മാറുന്നു. മോർഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു അലക്സാണ്ടർ, ഇതേ സർവകലാശാലയിലെ അധ്യാപകനായിരുന്നു അലക്സാണ്ടറിന്റെ പിതാവ് ആന്റണി. ആരോടും അധികം ഒന്നും സംസാരിക്കാത്ത പ്രകൃതം എന്നാൽ പഠനത്തിൽ മിടുക്കൻ, ഇതായിരുന്നു അലക്സാണ്ടർ. പിതാവും അമ്മയും സഹോദരനും അടങ്ങുന്നതാണ് അലക്സാണ്ടറിന്റെ കുടുംബം.

അതിഥിയുടെ തിരോധാനം

2012, മെയ് 25, ജോപ്പടൗണിലെ പോലീസ് സറ്റേഷനിൽ ഒരു പരാതി നൽകിയ ശേഷം മടങ്ങിയെത്തിയതേ ഉള്ളു അലക്സാണ്ടറിന്റെ പിതാവ് ആന്റണി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ആന്റണിയുടെ വീട്ടിൽ ഘാന സ്വദേശിയായ കുജോ ബോൻസാഫോ അഗ്‌യേയി-കോഡി (Kujoe Bonsafo Agyei-Kodie) എന്ന മുപ്പത്തിയേഴ് വയസ്സുകാരൻ കൂടി താമസമുണ്ട്. മോർഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു കോഡിയെ ഏതാനം ദിവസങ്ങളായി കാണ്മാനില്ല, ഇതേ തുടർന്നാണ് ആന്റണി പോലീസിൽ പരാതിപ്പെടുന്നത്. വിസാ പ്രശനങ്ങളെ തുടർന്ന് തിരിക്കെ ഘാനയിലേക്ക് മടങ്ങാൻ സാധിക്കാത്തത് കൊണ്ടാണ് കോഡി ആന്റോണിയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങിയത്. എന്നാൽ, പെട്ടന്നായിരുന്നു കോഡിയെ കാണാതെപോകുന്നത്. ആന്റണിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുന്നു. സ്വന്തം നിലയ്ക്ക് അയാൾ പുറത്തു എവിടേക്ക് എങ്കിലും പോയതാകും എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം, എന്നാൽ കോഡിയുടെ മൊബൈൽ ഫോണും പേഴ്സുമെല്ലാം വീട്ടിൽ തന്നെയുണ്ടായിരുന്നു.

കോഡിയുടെ തിരോധാനത്തിന് ശേഷം അലക്സാണ്ടറുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കുടുംബം ശ്രദ്ധിച്ചു തുടങ്ങി. കോഡിയെ കാണാതായതിനു പിന്നാലെ, അലക്സാണ്ടർ മുറിയിലൊതുങ്ങിക്കിടക്കുകയായിരുന്നു. ആരോടും സംസാരിക്കാതെ, ദിവസങ്ങളോളം തന്റെ മുറിയിൽതന്നെ ഒളിച്ചിരുന്ന ആ യുവാവിന്റെ പെരുമാറ്റം മാതാപിതാക്കളെ ആശങ്കയിലാക്കി. കേസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പോലീസിന് അലക്സാണ്ടറെ സംശയമുണ്ടായിരുന്നു. ഒരു വീട്ടിൽ താമസിക്കുന്ന കോഡിയെ കുറിച്ച് അലക്സാണ്ടറിന് പറയുവാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അയാളുടെ പെരുമാറ്റത്തിലും ആകെ മൊത്തം പന്തികേട് മാത്രം.

മെയ് 31 ന്, വീട്ടിലെ ബേസ്‌മെന്റിൽ നിന്നും അലക്സാണ്ടറുടെ സഹോദരന് രണ്ടു ടിന്നുകൾ കണ്ടുകിട്ടുന്നു. ആ ടിന്നുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു, പന്തികേട് തോന്നിയ സഹോദരൻ ആ ടിന്നുകൾ തുറന്നു നോക്കുന്നു. ടിന്നിനുള്ളിലെ കാഴ്ച കണ്ട് അയാൾക്ക് സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാൻ സാധിച്ചില്ല. രണ്ടു ടിന്നുകളിലായി മനുഷ്യന്റെ വെട്ടിമാറ്റിയ കൈയും തലയും. അകെ ഭയന്ന അയാൾ ഉടൻ തന്നെ വിവരം സഹോദരനായ അലക്സാണ്ടറെ അറിയിക്കുന്നു. " നീ ആണോ ആ ടിന്നിൽ മനുഷ്യന്റെ തല കൊണ്ട് വച്ചത്? അത് ആരുടേതാണ്? " - എന്നാൽ ഈ ചോദ്യത്തിന് അലക്സാണ്ടർ അത് മൃഗങ്ങളുടെ അവശിഷ്ടങ്ങളാണെന്ന വിചിത്രമായ മറുപടിയാണ് നൽകിയത്. അതോടെ സഹോദരൻ പിതാവിനെ വിവരം അറിയിക്കുന്നു. വിവരം അറിഞ്ഞ പിതാവ് ഇളയ മകനുമായി ബേസ്‌മെന്റിൽ എത്തിയപ്പോൾ കണ്ട കാഴ്ച, അലക്സാണ്ടർ തത്രപ്പാ‌ടിൽ ആ ടിന്നിൽ ഉണ്ടായിരുന്ന മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയുന്നതായിരുന്നു. അതോടെ അലക്സാണ്ടർ എന്തോ ഒളിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അലക്സാണ്ടറിന്റെ പിതാവ് വിവരം ഉടനെ പോലീസിൽ അറിയിക്കുന്നു.

പോലീസ് സംഭവ സ്ഥലത്ത് എത്തി അലക്സാണ്ടറെ കസ്റ്റഡിയിലെടുക്കുന്നു. ബേസ്മെന്റിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങൾ കൂടുതൽ പരിശോധനക്കായി കൊണ്ട് പോകുന്നു. അധികം വൈകാതെ ബേസ്‌മെന്റിൽ നിന്നും ലഭിച്ചത് ദിവസങ്ങൾക്ക് മുന്നേ കാണാതെ പോയ കോഡിയുടേതാണ് എന്ന് തെളിയുന്നു, അതോടെ കോഡി കൊല്ലപ്പെട്ടു എന്ന് വ്യക്തം. തെളിവുകൾ നശിപ്പിക്കാൻ അലക്സാണ്ടർ കാണിച്ച തത്രപ്പാടിൽ നിന്നും ഒരു കാര്യം കൂടി വ്യക്തമായി, കോഡിയുടെ മരണത്തിൽ അലക്സാണ്ടറിന് പങ്കുണ്ട്. എന്നാൽ ചോദ്യം ചെയ്യലിനിടെ ആദ്യം അലക്സാണ്ടർ എല്ലാം നിഷേധിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിൽ ബേസ്മെന്റിൽ രക്തപ്പാടുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടുകിട്ടുന്നു. പോലീസ് എത്രയൊക്കെ ചോദിച്ചിട്ടും അലക്സാണ്ടർ ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.

ഒടുവിൽ കുറ്റസമ്മതം

ഒടുവിൽ അലക്സാണ്ടർ എല്ലാം പറഞ്ഞു തുടങ്ങി. താൻ തന്നെയാണ് കോഡിയെ കൊലപ്പെടുത്തിയത്, അയാൾ രാത്രി ഉറങ്ങി കിടന്നപ്പോൾ മുറിക്കുള്ളിൽ കടന്ന് കൈയിൽ കരുതിയ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി, ശേഷം ശവശരീരം കഷണങ്ങളാക്കി. കോഡിയുടെ തല വെട്ടിപ്പൊളിച്ച് തലച്ചോറും പുറത്തെടുക്കുന്നു, അത് പാകം ചെയ്ത ഭക്ഷിക്കുന്നു. ഇത് കൂടാതെ ഹൃദയവും ഭക്ഷിക്കുന്നു. തുടർന്ന്, മറ്റുള്ള ശരീര ഭാഗങ്ങൾ വീടിന് മുന്നിലെ ചവറ്റുകുട്ടയിലും ഉപേക്ഷിക്കുന്നു. മൃതദേഹത്തിൻ്റെ ബാക്കി ഭാഗങ്ങൾ അടുത്തുള്ള പള്ളിയുടെ സമീപമുള്ള ചവറ്റുകുട്ടയിലാണ് ഉപേക്ഷിച്ചത്. ഈ ക്രൂരകൃത്യത്തെക്കുറിച്ച് യാതൊരു കുറ്റബോധമോ ഭയമോ ഇല്ലാതെയാണ് അലക്സാണ്ടർ ഓരോന്നും വിശദീകരിച്ചത്. എന്നാൽ എന്തിന് വേണ്ടിയാണ് അയാളെ കൊലപ്പെടുത്തിയത് എന്ന് മാത്രം അലക്സാണ്ടർ പറഞ്ഞിരുന്നില്ല. എത്ര ചോദ്യം ചെയ്തിട്ടും, കോഡിയെ എന്തിനു വേണ്ടി കൊന്നു തിന്നു എന്ന അയാൾ മറുപടി പറഞ്ഞില്ല, അതിന് പകരം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയത് ഒരു ചിരി മാത്രമാണ്.

ഒടുവിൽ കേസ് കോടതിയിലെത്തുന്നു. വിചാരണവേളയിൽ അലക്സാണ്ടർ കുറ്റക്കാരനാണ് എന്ന് തെളിയുന്നു. എന്നാൽ, അയാളുടെ മാനസികാരോഗ്യ സ്ഥിതി പ്രധാന വിഷയമായി. വിശദമായ പരിശോധനകൾക്ക് ശേഷം, ഡോക്ടർമാർ അലക്സാണ്ടറിന് പാരനോയിഡ് സ്കിസോഫ്രീനിയ എന്ന ഗുരുതരമായ മാനസികരോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. കുറ്റകൃത്യം നടത്തുമ്പോൾ, മാനസിക വിഭ്രാന്തി കാരണം താൻ ചെയ്തതിൻ്റെ ഭവിഷ്യത്തുകൾ തിരിച്ചറിയാൻ പ്രതിക്ക് സാധിച്ചിരുന്നില്ല എന്ന ഡോക്ടർമാരുടെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ജയിലിലേക്ക് അയക്കുന്നതിനു പകരം, വിദഗ്ദ്ധ ചികിത്സകൾക്കായി മേരിലാൻഡിലെ ഒരു മാനസികാരോഗ്യ സ്ഥാപനത്തിലേക്ക് അനിശ്ചിതകാലത്തേ അലക്സാണ്ടറെ പാർപ്പിക്കുന്നു.

Summary: Alexander Kinyua, a university student in Maryland, brutally murdered his housemate Kujoe Bonsafo Agyei-Kodie in 2012, dismembered the body, and consumed parts of his brain and heart. The crime shocked the community and revealed Kinyua’s severe mental health issues, including paranoid schizophrenia.

Times Kerala
timeskerala.com