തലയോട്ടിയും അസ്ഥികളും കൊണ്ട് തീർത്ത അൾത്താര, ഓർമ്മകളുടെയും അസ്ഥികളുടെയും ദേവാലയം; ഇരുപതിനായിരത്തിലധികം മനുഷ്യരുടെ അസ്ഥികൾ കൊണ്ട് കെട്ടിപ്പടുത്ത പോളണ്ടിലെ ദേവാലയം|The Skull Chapel of Poland
ഭക്തിയും ശാന്തതയുമാണ് ദേവാലയങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുക. എന്നാൽ, ലോകത്ത് ചിലയിടങ്ങളിൽ ആത്മീയതയുടെയും ആദരവിന്റെയും വാതിലുകൾ തുറക്കുന്നത് ആരിലും ഭയം ജനിപ്പിക്കുന്ന കാഴ്ചകളിലേക്കാവാം. അത്തരത്തിൽ തെക്ക് പടിഞ്ഞാറൻ പോളണ്ടിൽ ഒരു ക്രിസ്തിയ ദേവാലയമുണ്ട്. ഈ ദേവാലയത്തിലേക്ക് പ്രവേശിക്കാൻ ആരും ഒന്ന് ഭയക്കും. പറഞ്ഞുവരുന്നത് സ്കൾ ചാപ്പൽ (Skull Chapel) എന്ന വിചിത്രമായ പള്ളിയെ കുറിച്ചാണ്. പേര് പോലെ തന്നെ ഇവിടെ മനുഷ്യന്റെ തലയോട്ടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്കൾ ചാപ്പലിന്റെ ആൾത്താരയും ചുവരുകളും എല്ലാം മനുഷ്യന്റെ അസ്ഥികൾ കൊണ്ട് കെട്ടിപ്പടുത്തതാണ്. (The Skull Chapel of Poland)
കപ്ലിക്ക സാസെക് എന്ന അസ്ഥികളുടെ ലോകം
കപ്ലിക്ക സാസെക് (Kaplica Czaszek) എന്ന പേരിൽ അറിയപ്പെടുന്ന അസ്ഥികൂടങ്ങളുടെ ദേവാലയംത്തിന് പറയുവാൻ കഥകൾ ഏറെയാണ്. കുഡോവ-സ്ഡ്രോജിലെ സെർമ്ന ജില്ലയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഈ ദേവാലയം ഒരു സാധാരണ മതസ്ഥാപനമല്ല, മറിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചരിത്രമാണ്. 1776 ൽ പ്രാദേശിക ബൊഹീമിയൻ ഇടവക പുരോഹിതൻ വക്ലാവ് ടോമാഷെക്കാണ് ഈ ദേവാലയം പണിയുന്നത്. റോമിലെ കാറ്റകോമ്പുകൾ (ഭൂഗര്‍ഭക്കല്ലറ) സന്ദർശിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു ദേവാലയം പണിയുവാനുള്ള ആശയം വക്ലാവ് ടോമാഷെക്ക് തോന്നുന്നത്.
ഭൂഗര്‍ഭക്കല്ലറക്ക് പകരം ഒരു ദേവാലയത്തിന്റെ മാതൃകയിൽ തന്നെ നിർമ്മിക്കാൻ തീരുമാനിക്കുന്നു. ഇതിനായി അസ്ഥികൾക്കായുള്ള തിരച്ചിലിലായി. ഒരു പ്രാദേശിക പള്ളിയുടെ സമീപത്തായി കൂട്ടകുഴിമാടം കണ്ടെത്തുകയുണ്ടായി. യുദ്ധങ്ങൾ, കോളറ, പകർച്ചവ്യാധികൾ, പ്ലേഗ്, സിഫിലിസ്, പട്ടിണി എന്നിവ മൂലം മരിച്ചവരുടെ കൂട്ടക്കുഴിമാടങ്ങളായിരുന്നു ഇത്. അതോടെ ആ കുഴിമാടങ്ങളിൽ നിന്നും അസ്ഥികൾ പുറത്തെടുക്കാൻ തുടങ്ങി. ഇരുപതു വർഷത്തോളം വേണ്ടി വന്നു ഇങ്ങനെ അസ്ഥികൾ പുറത്തെടുത്ത് ദേവാലയത്തിന്റെ നിർമ്മാണത്തിനായി. 1804 ഓടെ ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. ബറോക്ക് ശൈലിയിലാണ് ദേവാലയം പണിതിരിക്കുന്നത്.
ദേവാലയത്തിന്റെ ചുമരുകളിൽ മാത്രം മൂവായിരത്തോളം തലയോട്ടികൾ കാണുവാൻ സാധിക്കും. മനുഷ്യ ശരീരത്തിലെ നീളമുള്ള അസ്ഥികൾ കൊണ്ടാണ് പല അലങ്കാര പണികളും നടത്തിയിരിക്കുന്നത്. ദേവാലയത്തിന്റെ ഉൾഭാഗം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വിശുദ്ധ അൾത്താരയും തലയോട്ടികൾ കൊണ്ടാണ് പണിതിരിക്കുന്നത്. എന്നാൽ ഇതോടെ കഥ അവസാനിക്കുന്നില്ല. ദേവാലയത്തിന് കീഴിലുള്ള ഭൂഗർഭ അറയിൽ ഇരുപതിനായിരത്തോളം വരുന്ന തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിട്ടുണ്ട്. ഈ ദേവാലയത്തിൽ, ഫാദർ ടോമാഷെക്കിന്റെയും തലയോട്ടി പ്രത്യേകം അടക്കം ചെയ്തിട്ടുണ്ട്. കൂടാതെ, അൾത്താരയുടെ അടുത്തായി ഒരു വെടിയുണ്ടയേറ്റ തലയോട്ടി കാണാം. ഇത് പ്രഷ്യൻ സൈനികർ വധിച്ച ഒരു പ്രാദേശിക മേയറുടേതാണ്.
മരണത്തിന്റെ സന്ദേശം വഹിക്കുന്ന ദേവാലയം
അസ്ഥികൾ കൊണ്ട് പണിത വെറുമൊരു ദേവാലയമല്ല ഇത്. മറിച്ച് മരണത്തിന്റെ സന്ദേശം പകർന്നു നൽകുന്ന ഒരിടം കൂടിയാണ്. മരണം ഒരു യാഥാർത്ഥ്യമാണ്, ജീവിതം ക്ഷണികമാണെന്നും ഓർമ്മിപ്പിക്കുന്ന ഒരു 'മമെന്റോ മോറി' (നിങ്ങൾ മരിക്കണമെന്ന് ഓർക്കുക) എന്ന സന്ദേശം ഈ ദേവാലയം സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും മനസിലാക്കുവാൻ കഴിയുന്നു. ഇത് ജീവനുള്ള മനുഷ്യർക്ക് നൽകുന്ന ഏറ്റവും വലിയ സന്ദേശമാണ്. "യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി, ജീവിച്ചിരിക്കുന്നവർക്ക് ഒരു മുന്നറിയിപ്പായി" എന്ന ദേവലായതിന് പുറത്ത് ഒരു ലിഖിതത്തിൽ എഴുതിയിട്ടുണ്ട്. എല്ലാ വർഷവും ഓഗസ്റ്റ് 14 നും 15 നും ഇടയിലുള്ള അർദ്ധരാത്രിയിൽ, ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ആത്മാക്കൾക്ക് വേണ്ടി പ്രത്യേക കുർബാന അർപ്പിക്കാറുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് ഒരു മുന്നറിയിപ്പായും പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നു.
സ്കൾ ചാപ്പൽ ഇന്ന് പോളണ്ടിലെ ഏറ്റവും വിചിത്രവും ഭീതിജനകവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നു. മരണത്തെ ആദരവോടെ കാണുന്നതിന്റെ മനോഹരമായ ഉദാഹരണമായി ഇന്നും ഈ ദേവാലയം നിലകൊള്ളുന്നു. ഇവിടുത്തെ മരണമടഞ്ഞ മനുഷ്യരുടെ അസ്ഥികൾ ജീവനുള്ള മനുഷ്യർക്ക് നൽകുന്ന സന്ദേശ- 'മനുഷ്യ ജീവിതം നാശ്വരമാണ്, മരണമാണ് സത്യം' എന്നതാണ്.