
ചരിത്രത്തിന്റെ താളുകൾ ഒന്ന് മറിച്ചു നോക്കുകയാണ് എങ്കിൽ അധികാരത്തിനും രാജ്യത്തിനും വേണ്ടി മനുഷ്യർ തമ്മിൽ തല്ലിയ ഒട്ടനവധി യുദ്ധങ്ങളുടെ ഇരുണ്ട് ഏടുകൾ കാണുവാൻ സാധിക്കും. പോരാട്ടത്തിന്റെ കൊടും ചൂടിൽ മാസങ്ങളും വർഷങ്ങളും നീളുന്ന യുദ്ധങ്ങൾ, 700 വർഷത്തിലധികം നീണ്ടു നിന്ന യുദ്ധം മുതൽ ദിവസങ്ങളോളം നീണ്ടു നിന്ന യുദ്ധങ്ങൾ വരെ ഈ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ മിനിറ്റുകൾ കൊണ്ട് അവസാനിച്ച യുദ്ധത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 38 മിനിറ്റ് മാത്രം നീണ്ടു നിന്ന ഒരു യുദ്ധമുണ്ട്, ഏറ്റവും ചെറിയ യുദ്ധമായ ആംഗ്ലോ-സാൻസിബാർ യുദ്ധം (Anglo-Zanzibar War). ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധം എന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ യുദ്ധമാണ് 1896 ലെ ആംഗ്ലോ-സാൻസിബാർ യുദ്ധം. (The Shortest War in History)
കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള ഒരു ദ്വീപരാഷ്ട്രമായിരുന്ന സാൻസിബാർ (ഇപ്പോൾ ടാൻസാനിയയുടെ ഭാഗമാണ്). അക്കാലത്ത് ബ്രിട്ടന്റെ സംരക്ഷണയിലായിരുന്നു ഈ രാജ്യം. ഇവിടുത്തെ രാജാവായിരുന്ന സുൽത്താൻ ഹമദ് ബിൻ തുവൈനി (Sultan Hamad bin Thuwaini) ഒരു ബ്രിട്ടീഷ് അനുകൂലിയായിരുന്നു. 1896 ഓഗസ്റ്റ് 25 ന് സുൽത്താൻ ഹമദ് ബിൻ അപ്രതീക്ഷിതമായി മരണപ്പെടുന്നു. രാജാവിന്റെ മരണത്തിന് തൊട്ടു പിന്നാലെ അനന്തരവൻ ഖാലിദ് ബിൻ ബർഘാഷ് (Khalid bin Barghash) സ്വയം രാജാവായി പ്രഖ്യാപിക്കുന്നു. ബ്രിട്ടീഷുകാരുടെ അനുമതി കൂടാതെയാണ് ഖാലിദ് ബിനിന്റെ ഈ നീക്കം. അതുകൊണ്ട് ബ്രിട്ടന് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല.
ഖാലിദ് ബിനിനോട് എത്രയും വേഗം കൊട്ടാരം വിട്ട് പോകാൻ ബ്രിട്ടീഷ് അധികൃതർ അന്ത്യശാസനം നൽകി. എന്നാൽ ഇതൊന്നും ഖാലിദ് ബിൻ അത്രവലിയ കാര്യമാക്കിയില്ല. ഖാലിദ് തൻ്റെ 2,800 സൈനികരെയും ഒരു പഴയ പീരങ്കി ബോട്ടും ഉപയോഗിച്ച് കൊട്ടാരം സുരക്ഷിതമാക്കി. 1896 ഓഗസ്റ്റ് 27, രാവിലെ 9:00 മണി. ബ്രിട്ടീഷുകാർ അന്ത്യശാസനം നൽകിയ സമയം കഴിഞ്ഞിട്ടും ഖാലിദ് കീഴടങ്ങാൻ തയ്യാറായില്ല. അതോടെ, ബ്രിട്ടീഷ് നാവികസേന യുദ്ധത്തിന് സജ്ജമായി. ബ്രിട്ടീഷ് റോയൽ നേവിയിലെ അഞ്ച് യുദ്ധക്കപ്പലുകൾ സാൻസിബാർ കൊട്ടാരത്തിലേക്ക് വെടിയുതിർക്കാൻ ആരംഭിക്കുന്നു.
യുദ്ധം തുടങ്ങി നിമിഷ നേരം കൊണ്ട് കൊട്ടാരം തകർന്നടിഞ്ഞു. ഖാലിദിന്റെ 500 ഓളം സൈനികർക്ക് യുദ്ധത്തിൽ ജീവൻ നഷ്ട്ടപ്പെട്ടു, അങ്ങനെ ഖാലിദിൻ്റെ പ്രതിരോധം നിമിഷങ്ങൾക്കുള്ളിൽ തകർന്ന് തരിപ്പണമായി. യുദ്ധത്തിൽ കനത്ത നാശനഷ്ടമുണ്ടായതോടെ, ഖാലിദ് ബിൻ ബർഗാഷ് ഓടി രക്ഷപ്പെട്ടു. രാജാവ് നാടുവിട്ടതോടെ സൈന്യം പതാക താഴ്ത്തി കീഴടങ്ങി. അങ്ങനെ, 38 മിനിറ്റു കൊണ്ട് യുദ്ധം അവസാനിച്ചു. അങ്ങനെ വൻസന്നാഹങ്ങളോടെ ആരംഭിച്ച് മഹാ യുദ്ധം കാറ്റിന്റെ വേഗത്തിൽ അവസാനിക്കുന്നു.