
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കബറടക്കി. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹ പ്രകാരം റോമിലെ സാന്താമരിയ മജോറെ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്.
വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്.കനത്ത സുരക്ഷയാണ് സംസ്കാര ചടങ്ങുകൾ ഒരുക്കിയിരുന്നത്.കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങുകള്ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.
പതിനായിരക്കണക്കിന് വിശ്വാസികള്‍ ബസലിക്കയുടെ പുറത്ത് പ്രാര്‍ഥനകളിൽ മുഴുകി നിന്നിരുന്നു. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ്, യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി,ഫ്രഞ്ച് പ്രസിഡന്റ് ഉമ്മാനുവല്‍ മാക്രോണ്‍, സ്പെയിന് രാജാവ് ഫിലിപ് VI, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ, വില്യം രാജകുമാരന് തുടങ്ങി ഒട്ടേറെ രാഷ്ട്രത്തലവന്മാര് വത്തിക്കാനിലെത്തി മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.