

നൂറ് ദിവസം കൊണ്ട് എട്ട് ലക്ഷത്തിൽ അധികം മനുഷ്യരെ നിഷ്ടൂരം കൊന്നൊടുക്കുന്നു. സ്ത്രീയയെന്നോ കുഞ്ഞെന്നോ വൃദ്ധരെന്നോ ഇല്ലാതെ കൊന്നും കത്തിച്ചും ഒരു ജനതയെ തന്നെ നശിപ്പിക്കുന്നു. ഓരോ മിനിറ്റിലും നൂറിൽ ആറുപേർക്കെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഒരു രാഷ്ട്രീയ കൊലപാതകം റുവാണ്ട എന്ന രാജ്യത്തെ കൊണ്ടെത്തിച്ചത് ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയിലേക്കായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായ റുവാണ്ട വംശഹത്യ മരവിപ്പിക്കുന്ന ഓർമ്മകളുടെ ഇരുണ്ട അധ്യായമാണ്. (Rwandan genocide)
1994 കിഴക്കൻ ആഫ്രിക്കയിലെ ചെറു രാജ്യമാണ് റുവാണ്ട (Rwanda). 1990-കളുടെ തുടക്കത്തിൽ, വൻതോതിൽ കാർഷിക സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായ റുവാണ്ട, ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായിരുന്നു. അവിടുത്തെ ജനസംഖ്യയുടെ ഏകദേശം 85 ശതമാനം 'ഹുട്ടു' (Hutu) വംശജരായിരുന്നു ബാക്കിയുള്ളവർ 'ടുട്സി' (Tutsi) വംശജരും, റുവാണ്ടയിലെ ആദിമ നിവാസികളായ 'പിഗ്മി' (Pygmy) വിഭാഗമായ 'ത്വാ' (Twa) വംശജരുടെയും ചെറിയ സംഖ്യമായിരുന്നു. ബെൽജിയത്തിന്റെയും ജർമ്മനിയുടെയും കോളനിയായിരുന്നു റുവാണ്ട 1962-ലാണ് സ്വാതന്ത്ര്യം നേടുന്നുത്.
ഹുട്ടവും ടുട്സിയും രണ്ട് വ്യത്യസ്ത വംശീയ വിഭാഗങ്ങളാണ്. എന്നിരുന്നലും ഇവർ തമ്മിൽ ഏറെ സാമ്യമുണ്ടായിരുന്നു. അവർ ഒരേ ഭാഷ സംസാരിക്കുകയും, ഒരേ പ്രദേശത്ത് ജീവിക്കുകയും സമാനമായ പാരമ്പര്യ രീതികൾ പിന്തുടർന്നിരുന്നു. എന്നാൽ കൊളോണിയൽ കാലം മുതലേ ഭൂരിപക്ഷമായ ഹുട്ടുവും ന്യൂനപക്ഷമായ ടുട്സിസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അങ്ങേയറ്റം രൂക്ഷമായിരുന്നു. 1916-ൽ റുവാണ്ടയെ ബെൽജിയം കോളനിവത്ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസം അവർ സമൂലമാക്കി. വംശീയതയുടെ അടിസ്ഥാനത്തിൽ റുവാണ്ടൻ ജനതയെ തരംതിരിക്കുന്ന ഒരു ഔദ്യോഗിക രജിസ്ട്രാർ തന്നെ അവർ സ്ഥാപിക്കുന്നു. രൂപത്തിന്റെ അടിസ്ഥാനത്തിൽ പോലും റുവാണ്ടയിലെ ജനങ്ങളെ തരം തിരിക്കുന്നു. വംശീയതയുടെ അടിസ്ഥാനത്തിൽ ഓരോ മനുഷ്യർക്കും തിരിച്ചറിയൽ കാർഡുകൾ നൽകുന്നു. ഈ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് വംശഹത്യയുടെ കാലത്ത് ടുട്സി വംശജരെ കൊന്നൊടുക്കിയത്.
കൊളോണിയൽ ഭരണകാലത്ത് ബെൽജിയും ഹുട്ടു വംശജർക്ക് കൂടുതൽ സംവരണങ്ങൾ നൽകി. ഇത് വലിയ തോതിലുള്ള അസമത്വത്തിലേക്ക് ഒരു ജനതയെ തന്നെ തള്ളിവിട്ടു. 1962-ൽ റുവാണ്ടയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും അവിടുത്തെ സാഹചര്യങ്ങളിൽ പ്രതേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പിൽ ഹുട്ടുസ് സഖ്യം വിജയിക്കുന്നു. തുടർന്നുള്ള ഭരണം ഹുട്ടു ദേശീയവാദികളുടെ കൈകളിൽ അധിഷ്ഠിതമായി. നൂറ്റാണ്ടൂകൾ നീണ്ടുനിന്ന അസമത്വം വീണ്ടും റുവാണ്ടയിൽ രൂക്ഷമാകുന്നു. പിന്നെയും അവിടം കലാപ ഭൂമിയാകുന്നു.
റുവാണ്ടൻ ആഭ്യന്തരയുദ്ധം
1990-ൽ ടുട്സി വംശജർ ഉൾപ്പെട്ട വിമത സൈന്യമായ റുവാണ്ടൻ പാട്രിയറ്റിക് ഫ്രണ്ട് (ആർപിഎഫ്) ഹുട്ടുക്കളുടെ നേതൃത്വത്തിലുള്ള സർക്കാരിനെ മാറ്റിസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഉഗാണ്ടയിൽ നിന്ന് ആക്രമണങ്ങൾ തൊടുത്തുവിടുന്നു. 1993-ൽ വർഷങ്ങൾ നീണ്ടു നിന്ന സംഘർഷത്തിനിടയിൽ റുവാണ്ട പ്രസിഡന്റ് ജുവനൽ ഹബ്യാരിയാമനയും (Juvénal Habyarimana) ആർപിഎഫും തമ്മിൽ ഒരു സമാധാന കരാർ ഒപ്പുവയ്ക്കുന്നു. എന്നാൽ ഇരുപക്ഷത്തിലെ പലരും ഈ കരാറിനോട് വിയോജിച്ചതിനാൽ അക്രമങ്ങൾ തുടർ കഥയായി നീണ്ടു.
1994 ഏപ്രിൽ 6-ന്, റുവാണ്ട പ്രസിഡന്റ് ജുവനൽ ഹബ്യാരിയമാന സഞ്ചരിച്ചിരുന്ന വിമാനം തലസ്ഥാന നഗരമായ കിഗാലിക്ക് മുകളിൽ വച്ച് വെടിവച്ചു വീഴ്ത്തി. പ്രസിഡന്റ് ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. നൂറ്റാണ്ടുകൾ നീണ്ട അസ്വാരസ്യങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു ആ അപകടം. ഈ ആക്രമണത്തിന് പിന്നിൽ ആരാണ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹുട്ടു വംശജനായ പ്രസിഡന്റിന്റെ മരണം തീവ്ര ഹുട്ടു വംശജർ ഒരു അവസരമായി മുതലെടുത്തു.
അപകടം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രസിഡൻഷ്യൽ ഗാർഡും, റുവാണ്ടൻ സായുധ സേനയിലെ അംഗങ്ങളും, ഇന്ററഹാംവെ, 'ഇംപുസാമുഗാംബി' എന്നറിയപ്പെടുന്ന ഹുട്ടു സൈനിക സഖ്യങ്ങളും ചേർന്ന് ടുട്സികളെയും മിതവാദികളായ ഹുട്ടുകളെയും ശിക്ഷാനടപടികളില്ലാതെ കൊന്നൊടുക്കുൻ തുടങ്ങി. വംശഹത്യയുടെ ആദ്യ ഇരകളിൽ മിതവാദിയായ ഹുട്ടു പ്രധാനമന്ത്രി അഗതെ ഉവിലിംഗിമാനയും, ഏപ്രിൽ 7 ന് കൊല്ലപ്പെട്ട 10 ബെൽജിയൻ സമാധാന സേനാംഗങ്ങളും ഉൾപ്പെടുന്നു.
തീവ്രവാദ ഹുട്ടുകൾ രാജ്യത്തിന്റെ ഭരണം തന്നെ പിടിച്ചെടുക്കുന്നു. ഇവർ ഗ്രാമങ്ങൾ നീളെ സഞ്ചരിച്ച് ടുടുസി വംശജരെ കൊലപ്പെടുത്തി. കത്തിയും, തോക്കും പിന്നെ കൈയിൽ കിട്ടിയ ആയുധങ്ങൾ കൊണ്ട് വൃദ്ധനെന്നോ ബാലനെന്നോ ഇല്ലാതെ മനുഷ്യ ശരിരത്തെ വെട്ടിനുറുക്കി. റേഡിയോകളിലൂടെ ഈ വംശഹത്യയിൽ പങ്കെടുകുവാനുള്ള ആഹ്വാനം നടത്തിക്കൊണ്ടിരുന്നു. ചുരുക്കം ദിവസങ്ങൾക്കുള്ളിൽ തന്നെ റുവാണ്ടയുടെ തെരുവുകൾ ശവങ്ങൾ കൊണ്ട് പെരുകി. തുടക്കത്തിൽ, ചില പ്രാദേശിക നേതാക്കൾ വംശഹത്യയെ പ്രതിരോധിച്ചുവെങ്കിലും താമസിയാതെ അവരെ അവരുടെ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുന്നു, പിന്നീട് ഒട്ടും താമസിക്കാതെ അവരെയും കൊലപ്പെടുത്തി. സർക്കാരും റേഡിയോ സ്റ്റേഷനുകളും സാധാരണ പൗരന്മാരെ സ്വന്തം അയൽക്കാരെ കൊല്ലാൻ പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ വംശീയഹത്യയിൽ പങ്കെടുത്തവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്തു. തൽഫലമായി, മൂന്ന് മാസത്തിനിടെ ഏകദേശം 800,000 മനുഷ്യരെ റുവാണ്ടയിൽ ഉടനീളം ക്രൂരമായി കൊലപ്പെടുത്തി.
ഏതാണ്ട് എല്ലാ ഹുട്ടു വംശജരും റുവാണ്ടയിൽ നിന്ന് പലായനം ചെയ്തു. കോംഗോയിലെയും മറ്റ് അയൽ രാജ്യങ്ങളിലെയും അഭയാർത്ഥി ക്യാമ്പുകൾ തിങ്ങിനിറഞ്ഞു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അനാഥരായി. പട്ടിണിയും അഭയാർത്ഥി പ്രതിസന്ധിയും രൂക്ഷമായി. 1994 ജൂലൈയിൽ ഹുട്ടു ഭരണകൂടത്തെ ആർപിഎഫ് അട്ടിമറിച്ചതോടെ വംശഹത്യയക്ക് അവസാനമായി.
വംശഹത്യ പുറത്തുവന്നപ്പോൾ, അന്താരാഷ്ട്ര സമൂഹം പ്രതികരിക്കാൻ മടിച്ചു. വംശഹത്യയ്ക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യുന്നതിനായി റുവാണ്ടയ്‌ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ സ്ഥാപിക്കപ്പെട്ടു, നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. എന്നിരുന്നാലും, അനുരഞ്ജന പ്രക്രിയ മന്ദഗതിയിലായിരുന്നു. അന്ന് ആ മനുഷ്യവേട്ടയെ അതിജീവിച്ചവർ ഇപ്പോഴും കുറ്റവാളികളോടൊപ്പം ജീവിക്കുന്നു.
ഒരു ജനതയുടെ ഉള്ളിൽ ഭൂതകാലത്തിന്റെ ആഴത്തിലുള്ള മുറിവുകൾ വൃണങ്ങളായി മാറിക്കഴിഞ്ഞിരുന്നു. പതിയെ പതിയെ ലോകം റുവാണ്ടയെ വെട്ടിമുറിച്ച വംശഹത്യയെ കുറിച്ച് മറക്കുവാൻ ആരംഭിച്ചു എന്നാൽ, അകെ തകർത്തെറിയപ്പെട്ട രാജ്യത്തെ പണിതുയർത്തുവാൻ റുവാണ്ടൻ ജനത ഒരുപാട് കഷ്ടപ്പെട്ടു. ഇന്നും സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ട മനുഷ്യർ നീതി നിഷേധിക്കപ്പെട്ട് അവിടെ ജീവിക്കുന്നു. പൊട്ടിക്കരയുവാൻ കണ്ണീർ പോലും അവശേഷിക്കാതെ ഒരുപറ്റം മനുഷ്യർ ഇന്നും അടിച്ചമർത്തലിന്റെയും, വംശീയ വേട്ടയുടെയും കാലം അവശേഷിപ്പിച്ച രക്തസാക്ഷികളായി ജീവിക്കുന്നു.