പെറുവിലെ തെക്കൻ തീരത്തുള്ള വരണ്ട മണൽപ്പരപ്പിലേക്ക് നിങ്ങൾ വിമാനം കയറി ചെന്നാൽ, താഴെ ഭൂമിയിൽ വിസ്മയിപ്പിക്കുന്ന ചില കാഴ്ചകൾ കാണാം. കിലോമീറ്ററുകളോളം നീളമുള്ള നേർരേഖകൾ, കൂറ്റൻ പക്ഷികൾ, ചിലന്തികൾ, കുരങ്ങുകൾ, എന്തിന് ഒരു മനുഷ്യരൂപം പോലും അവിടെ തെളിഞ്ഞു നിൽക്കുന്നു. ഇതാണ് ലോകപ്രശസ്തമായ നാസ്ക ലൈനുകൾ.(The Nazca Lines, a collection of massive ancient geoglyphs)
ആരാണ് ഇത് നിർമ്മിച്ചത്?
ഏകദേശം ബി.സി 500-നും എ.ഡി 500-നും ഇടയിൽ ജീവിച്ചിരുന്ന നാസ്ക സംസ്കാരത്തിലെ മനുഷ്യരാണ് ഈ ചിത്രങ്ങൾ വരച്ചത്. ഇന്നത്തെ ആധുനിക സാങ്കേതികവിദ്യകളൊന്നുമില്ലാത്ത കാലത്ത്, വെറും കൈകൾ കൊണ്ടും ലളിതമായ ഉപകരണങ്ങൾ കൊണ്ടും അവർ ഈ അത്ഭുതം സൃഷ്ടിച്ചു.
നാസ്ക മരുഭൂമിയിലെ ഉപരിതലം ഇരുണ്ട ചുവപ്പ് കലർന്ന കല്ലുകൾ നിറഞ്ഞതാണ്. ഈ കല്ലുകൾ നീക്കം ചെയ്യുമ്പോൾ താഴെയുള്ള വെളുത്ത മണൽ പുറത്തുവരും. ഈ വെളുത്ത മണലിലൂടെ വരകൾ വരച്ചാണ് അവർ ചിത്രങ്ങൾ ഉണ്ടാക്കിയത്. ഈ പ്രദേശം വളരെ വരണ്ടതും കാറ്റില്ലാത്തതുമായതിനാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ വരകൾ മായാതെ ഇന്നും നിലനിൽക്കുന്നു.
ഇവിടെ മുന്നൂറിലധികം ജ്യാമിതീയ രൂപങ്ങളും എഴുപതോളം മൃഗങ്ങളുടെയും സസ്യങ്ങളുടെയും ചിത്രങ്ങളുമുണ്ട്.
കൂട്ടത്തിൽ ഹമ്മിംഗ് ബേർഡ് ഏറ്റവും മനോഹരമായ ഒന്നാണ്.ചിലന്തിയുടെ രൂപം വളരെ കൃത്യതയോടെ വരച്ച ഒന്ന് ആണ്. കുരങ്ങൻ വാല് ചുരുട്ടിയിരിക്കുന്ന രീതി ശ്രദ്ധേയമാണ്. ഒരു മനുഷ്യരൂപം കൈവീശി കാണിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ചിത്രം ഇന്നും തർക്കവിഷയമാണ്.
എന്തിനുവേണ്ടിയാണ് ഇവ നിർമ്മിച്ചത്? ഇതാണ് ഏറ്റവും വലിയ രഹസ്യം. ഇതിനെക്കുറിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം നോക്കാനുള്ള ഒരു ഭീമൻ കലണ്ടറാണ് ഇതെന്നു ചിലർ വിശ്വസിക്കുന്നു. മഴ ലഭിക്കുന്നതിനായി ദൈവങ്ങളെ പ്രീണിപ്പിക്കാൻ നടത്തിയ പ്രാർത്ഥനകളുടെ ഭാഗമാവാം ഇതെന്നു മറ്റുചിലർ കരുതുന്നു. ഭൂമിക്കടിയിലുള്ള വെള്ളത്തിന്റെ സാന്നിധ്യം സൂചിപ്പിക്കാനാണെന്നും പറയപ്പെടുന്നു.
ലോകം ഇത് അറിഞ്ഞത് എങ്ങനെ?
ഭൂമിയിൽ നിന്ന് നോക്കിയാൽ ഇവ വെറും വരകളായി മാത്രമേ കാണൂ. 1920-കളിൽ വിമാനങ്ങൾ ഈ പ്രദേശത്തിന് മുകളിലൂടെ പറക്കാൻ തുടങ്ങിയപ്പോഴാണ് ഈ ചിത്രങ്ങളുടെ വലിപ്പവും പൂർണ്ണരൂപവും ലോകം തിരിച്ചറിഞ്ഞത്. 1994-ൽ യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. ആധുനിക സർവേ ഉപകരണങ്ങളില്ലാതെ, കിലോമീറ്ററുകളോളം നീളമുള്ള വരകൾ ഇത്ര കൃത്യതയോടെ എങ്ങനെ വരച്ചു എന്നത് ഇന്നും ശാസ്ത്രലോകത്തിന് ഒരു വലിയ ചോദ്യചിഹ്നമാണ്.
Summary
The Nazca Lines are a collection of massive ancient geoglyphs etched into the desert sands of southern Peru. Created by the Nazca culture between 200 BCE and 500 CE, these lines remain one of archaeology's greatest enigmas. There are over 800 straight lines, 300 geometric shapes, and 70 biomorphs (designs of animals and plants). Famous figures include a hummingbird, spider, monkey, and whale.