
1999 ജനുവരി 6, അതൊരു ബുധനാഴ്ചയായിരുന്നു. പോളണ്ടിലെ ഏറ്റവും വലിയ നദിയായ വിസ്തുലായിലൂടെ പതിവ് സർവീസ് നടത്തുകയായിരുന്നു എൽക്ക് എന്ന ബോട്ട്. പെട്ടന്നായിരുന്നു ബോട്ടിൽ എന്തോ ഒരു തകരാറു പോലെ തോന്നിയത്. ബോട്ടിലെ ജീവനക്കാർ നടത്തിയ പരിശോധനയിൽ ബോട്ടിലെ പ്രൊപ്പല്ലറിൽ എന്തോ ഒരു വസ്തു കുടുങ്ങിയിരിക്കുന്നു. അതോടെ പ്രൊപ്പല്ലർ ശെരിയാക്കുവാൻ വേണ്ടി ബോട്ടിലെ ഒരു ജീവനക്കാരൻ നദിയിലേക്ക് ഇറങ്ങുന്നു. വെള്ളത്തിന്റെ അടിത്തട്ടിൽ, പ്രൊപ്പല്ലറിൽ മുറുകി പിടിച്ചിരിക്കുന്നു ഒരു മങ്ങലേറിയ വസ്തു. മൃഗത്തിന്റെ ചർമ്മമോ അല്ലെങ്കിൽ വലിയ തുണിത്തരമോ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. കൂടുതൽ അടുത്ത് എത്തി പരിശോധിച്ചപ്പോൾ ആ വസ്തുവിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. പന്തികേട് മനസ്സിലാക്കിയ ബോട്ട് ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥർ പോലും ആദ്യം കരുതിയത് മൃഗത്തിന്റെയോ മറ്റോ തൊലിയാക്കും ബോട്ടിലെ ജീവനക്കാർക്ക് ലഭിച്ചത് എന്നാണ്. എന്നാൽ, ആ വസ്തു വിശദമായി പരിശോധിച്ച പോലീസുകാർക്ക് പോലും അവരുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. (Murder of Katarzyna Zowada)
'അത് മനുഷ്യ ശരീരത്തിലെ ചർമ്മമായിരുന്നു, തല മുതൽ കാൽവരെ ശരീരത്തിലെ തൊലി ഉരിച്ച് മാറ്റി, കൃത്യമായി അളന്ന് തുന്നിയതു പോലെ തോന്നുന്ന, ഒരു മനുഷ്യ ശരീരത്തിലെ ചർമ്മം'
ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി. പരിശോധനയിൽ, ചർമ്മം തല മുതൽ തുട വരെയുള്ള ഭാഗത്തിലെ തൊലി അത്യന്തം കൃത്യമായി ഉരിച്ചെടുത്തിരിക്കുന്നു എന്ന് മനസിലാകുന്നു. ശരീരത്തിൽ നിന്ന് ചർമ്മം ഒരു വസ്ത്രം പോലെ പൂർണ്ണമായി നീക്കം ചെയ്ത നിലയിലായിരുന്നു. ഫോറൻസിക് സംഘത്തെ പോലും നടുക്കിയത്, ഉരിച്ചെടുത്ത തൊലി തുന്നി ചേർത്തു കൊണ്ട് ബോഡിസ്യൂട്ട് ഉണ്ടാക്കിയിക്കുന്നു. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്നത് പോലെയുള്ള കത്തികൊണ്ടാണ് കൃത്യം നടത്തിയിരിക്കുന്നത് എന്ന വ്യക്തം. കൊലയാളിക്ക് മനുഷ്യശരീരഘടനയെപ്പറ്റി ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണ് എന്ന് ഏറെ കുറെ ബോധ്യമാകുന്നതായിരുന്നു ഫോറൻസിക് കണ്ടെത്തലുകൾ.
ഇരയുടെ കൂടുതൽ ശരീര ഭാഗങ്ങൾ നദിയിൽ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിൽ പോലീസ് വിസ്തുലായിൽ കൂടുതൽ പരിശോധനകൾ നടത്തുന്നു. അങ്ങനെ, നാളുകൾ നീണ്ടു നിന്ന തിരച്ചിലിൽ, ജനുവരി 14 ന് ഇരയുടെ വലതു കാൽ മാത്രമാണ് കണ്ടുകിട്ടുന്നത്. നദീതീരത്ത് നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ പോലീസ് വിശദമായ ഫോറൻസിക് പരിശോധന തുടങ്ങി. അതോടെ ഒരു സ്ത്രീയുടേതാണ് ശവശരീരം എന്ന് തെളിയുന്നു. നഗരത്തിൽ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നു. അങ്ങനെയാണ്, ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപ്, 1998 നവംബർ 12 ന് ക്രാക്കോവിലെ ജാഗിയല്ലോണിയൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്ന കാതർസീന സോവാദയുടെ (Katarzyna Zowada) തിരോധാനം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ കാതർസീനയുടെ തൊലിയും കാലുമാണ് കണ്ടുകിട്ടിയത് എന്ന് തെളിയുന്നു.
ആരായിരുന്നു കാതർസീന
23 വയസ്സുകാരിയായ കാതർസീന ദൈവശാസ്ത്ര വിദ്യാർത്ഥിനിയായിരുന്നു. അച്ഛന്റെ മരണ ശേഷം കാതർസീനയെ വിഷാദം പിടിപ്പെട്ടിരുന്നു. നവംബർ 12 ന് അമ്മയോടൊപ്പം സൈക്യാട്രിക് ക്ലിനിക്കിലേക്ക് പോകേണ്ടതായിരുന്നു കാതർസീന. എന്നാൽ അന്ന് അമ്മ സൈക്യാട്രിക് ക്ലിനിക്കിൽ എത്തി ഏറെ നേരം കഴിഞ്ഞും കാതർസീന എത്തിയിരുന്നില്ല. മകൾ യൂണിവേഴ്സിറ്റിയിൽ നിന്നും നേരെ ക്ലിനിക്കിൽ എത്താം എന്നായിരുന്നു അമ്മയോട് പറഞ്ഞിരുന്നത്. എന്നാൽ, സമയം ഏറെ വൈകിയിട്ടും മകളെ കാണുന്നില്ല. അതോടെ അക്കെ ഭയന്ന അമ്മ വിവരം പോലിസിനെ അറിയിക്കുന്നു. എന്നാൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല, മകൾ സ്വന്തം ഇഷ്ടത്തിന് എവിടേക്ക് എങ്കിലും പോയതാകും, കുറച്ചു നാളുകൾ കഴിയുമ്പോൾ അവൾ വീട്ടിലേക്ക് തിരിക്കെ വരും എന്നായിരുന്നു പോലീസ് ആവർത്തിച്ച അമ്മയോട് പറഞ്ഞിരുന്നത്.
വഴിമുട്ടിയ അന്വേഷണം
കാതർസീനയുടെ മറ്റു ശരീരഭാഗങ്ങൾ കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. അതോടെ ഏറെ കുറെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. കൊലയാളിയെ കണ്ടെത്താൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, ഡോക്ടർമാർ, സർജന്മാർ, കശാപ്പുകാർ തുടങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. മാസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിലും കൊലയാളിയുടെ ഒരു തുമ്പും കണ്ടെത്താനായില്ല. അങ്ങനെ അന്വേഷണം അഞ്ചും പത്തും വർഷങ്ങൾ കടന്ന് കോൾഡ് കേസ് ആയി മാറി.
2012-ൽ, ഫോറൻസിക് സയൻസിലെ പുരോഗതിയോടെ, അന്വേഷണം വീണ്ടും സജീവമാക്കുന്നു. കാതർസീനയുടെ ശരീര അവശിഷ്ടങ്ങൾ വിശദമായ പോസ്റ്റ്‌മോർട്ടത്തിനായി വീണ്ടും പുറത്തെടുക്കുന്നു. വ്രോക്ലാവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കാതർസീനയുടെ പരിക്കുകളുടെ ഒരു മാതൃക തന്നെ രൂപകൽപന ചെയുന്നു. കുറ്റവാളി മൂർച്ചയുള്ള ഒരു വസ്തു കൊണ്ട് കാതർസീനയുടെ കഴുത്ത്, കക്ഷം, അരക്കെട്ട് എന്നിവ മുറിച്ചുമാറ്റിയത്. ഇങ്ങനെ അവളുടെ ശരീരം വെട്ടിമുറിക്കുമ്പോൾ അവൾക്ക് ജീവനുണ്ടായിരുന്നു. ഏറെ വേദന സഹിച്ച്, അമിതമായ രക്തപ്രവാഹം മൂലമാണ് കാതർസീന കൊല്ലപ്പെട്ടത്.
2017-ൽ അധികൃതർ പഴയ തെളിവുകൾ വീണ്ടും പരിശോധിച്ചു. പുതിയ ഡിഎൻഎ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടായി. പോളിഷ് ഫോറൻസിക് ഡിപ്പാർട്ട്മെന്റ് പുതിയ ഡി.എൻ.എ സാങ്കേതിക വിദ്യയും, ഫൈബർ അനാലിസിസും ഉപയോഗിച്ച് തെളിവുകൾ വീണ്ടും പരിശോധിച്ചു. അങ്ങനെ പോലീസ് റോബർട്ട് ജാൻസെവ്‌സ്‌കി (Robert Janczewski) എന്നയാളെ അറസ്റ്റ് ചെയ്തു. കാതർസീന പഠിച്ചിരുന്ന സർവകലാശാലയിൽ ഹ്യൂമൻ ഡിസക്ഷൻ ലബോറട്ടറിയിൽ ജീവനക്കാരനായിരുന്നു റോബർട്ട്. ഇയാൾക്ക് ടാക്‌സിഡെർമിയിൽ ( (മൃഗങ്ങളെ തോലുരിച്ച് സൂക്ഷിക്കുന്ന വിദ്യ) മുൻപരിചയമുണ്ടായിരുന്നു. പോലീസിന് ലഭിച്ച തെളിവുകളും, റോബർട്ടിന്റെ മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രവും അയാൾ തന്നെയാണ് കൊലയാളി എന്ന് എടുത്തുകാട്ടുന്നു. അതോടെ ഇരുപത് വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് വിരാമമായി. കാതർസീനയെ തട്ടിക്കൊണ്ടു പോയി കൊലപ്പെട്ടുത്തിയ ശേഷം അവളുടെ ശരീരത്തിലെ തൊലി ഉരിച്ചെടുത്ത് ഒരു വസ്ത്രം പോലെ തുന്നി ചേർക്കുന്നു. ശേഷം അത് നദിയിൽ ഉപേക്ഷിക്കുന്നു. 2022-ൽ ക്രാക്കോവ് ജില്ലാ കോടതി റോബർട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, 2024 ഒക്ടോബറിൽ ക്രാക്കോവിലെ അപ്പീൽ കോടതി വിധി റദ്ദാക്കുകയും മതിയായ തെളിവുകളുടെ അഭാവം മൂലം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. റോബർട്ട് കുറ്റവിമുക്തനായതോടെ ആരാണ് കാതർസീനയുടെ കൊലയാളി എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
Summary: In 1998, Polish student Katarzyna Zowada vanished on her way to therapy. Weeks later, her flayed skin was found floating in the Vistula River — expertly cut and preserved, suggesting surgical skill. Forensic evidence pointed to Robert J, a man obsessed with anatomy and sadistic acts, but even after decades, the true killer remains a mystery.