പോർട്ടോ നോവോ: പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാളം അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് പാട്രിക് ടെലോണിനെ പുറത്താക്കിയതായി മിലിട്ടറി കമ്മിറ്റി ഫോർ റീഫൗണ്ടേഷൻ എന്നറിയപ്പെടുന്ന സൈനികോദ്യോഗസ്ഥരുടെ സംഘം ഞായറാഴ്ച രാത്രി ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് അറിയിച്ചു.(The military seized power, ousting President Patrice Talon)
ഭരണഘടന റദ്ദാക്കിയതായും രാജ്യത്തിന്റെ എല്ലാ കര-വ്യോമാതിർത്തികളും അടച്ചതായും സൈന്യം പ്രഖ്യാപിച്ചു. തലസ്ഥാനമായ കൊടോനൗവിൽ, ഭരണസിരാകേന്ദ്രവും പ്രസിഡന്റിന്റെ കൊട്ടാരവും സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ വെടിയൊച്ചകൾ കേട്ടതായി ബെനിനിലെ ഫ്രഞ്ച് സ്ഥാനപതികാര്യാലയം അറിയിച്ചു.
അതേസമയം, പ്രസിഡന്റ് പാട്രിക് ടെലോൺ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അറിയിച്ചു. ടി.വി.യിൽ പ്രത്യക്ഷപ്പെട്ടത് പട്ടാളത്തിലെ ചെറിയ വിഭാഗം വരുന്ന വിമതഗ്രൂപ്പാണെന്നും അവർക്ക് സൈന്യത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലെന്നും പ്രസിഡന്റിന്റെ അനുയായികൾ വാദിക്കുന്നു. അട്ടിമറിശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി അലസ്സെയൻ സെയ്ദൗ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭൂരിപക്ഷം സൈനികരും സർക്കാരിനോട് കൂറുള്ളവരാണെന്നും വിദേശകാര്യമന്ത്രി ഷെഗുൻ അബ്ജാദി ബകാരി പ്രതികരിച്ചു.
എന്നാൽ, പ്രസിഡന്റ് എവിടെയാണെന്ന കാര്യം വ്യക്തമല്ല. കൊടോണുവിലെ തെരുവുകളെല്ലാം സൈന്യം ഏറ്റെടുത്തെന്നാണ് റിപ്പോർട്ടുകൾ. നൈജറുമായും ബർക്കിനാ ഫാസോയുമായും അതിർത്തി പങ്കിടുന്ന ബെനിൻ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ താരതമ്യേന സുസ്ഥിരമായ ജനാധിപത്യമുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു. എങ്കിലും ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ ബെനിൻ ഉൾപ്പെടുന്നു. ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരുമാണ് ഈ രാജ്യം. 10 വർഷമായി അധികാരത്തിലിരിക്കുന്ന 67-കാരനായ പാട്രിക് ടെലോണിന്റെ കാലാവധി അടുത്ത ഏപ്രിലിൽ തീരാനിരിക്കെയാണ് ഈ സൈനിക നീക്കം.