
ഒറ്റപ്പെട്ട് ജീവിക്കാൻ നമ്മൾ ആരും തന്നെ ആഗ്രഹിക്കാറില്ല. എന്നാൽ, ഭയത്തിന്റെ പേരിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് ഒരു മനുഷ്യൻ ജീവിക്കുന്നു. ആരോടും മിണ്ടാതെയും, മറ്റു മനുഷ്യരുമായി യാതൊരു സമ്പർക്കത്തിലും ഏർപ്പെടാതെ അഞ്ച് ദശകത്തിലേറെയാണ് ഒരു മനുഷ്യൻ ജീവിച്ചത്. പേടിച്ചിട്ടാണ്, അതും സ്ത്രീകളെ പേടിച്ചാണ്. സ്ത്രീകളെ ഭയന്ന് പുറം ലോകവുമായിയുള്ള എല്ലാ ബന്ധവും വേണ്ടന്ന് വച്ച മനുഷ്യനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സ്ത്രീകളോടുള്ള പേടി മൂലം സ്വയം ഒരു കുടിലിനുള്ളിൽ തൻ്റെ ജീവിതം ഒതുക്കിയ വ്യക്തി.
വിശ്വാസങ്ങൾക്കപ്പുറമാണ് കാലിക്സ്റ്റെ എൻസാംവിറ്റ (Callixte Nzamwita) എന്ന 73 കാരന്റെ ജീവിതം. ആഫ്രിക്കൻ രാജ്യമായ റുവാണ്ട വംശജനാണ് കാലിസ്‌റ്റെ എൻസാംവിറ്റ. കഴിഞ്ഞ 55 വർഷമായി കാലിസ്‌റ്റെ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇങ്ങനെ മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കാനുള്ള പ്രധാന കാരണം കാലിസ്‌റ്റെക്ക് സ്ത്രീകളോടുള്ള ഭയമാണ്. തന്റെ പതിനാറാം വയസുമുതലാണ് ഇയാൾ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ഒരു കുടിലിൽ ജീവിക്കാൻ ആരംഭിച്ചത്.
സ്ത്രീകളുമായി യാതൊരു തരത്തിലുമുള്ള ബന്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ഇയാൾ സ്വന്തമായി വീടിനു ചുറ്റും 15 അടി ഉയരം വരുന്ന വേലി പണിതുയർത്തി. വേലിയുടെ ഉയരക്കൂടുതൽ കാരണം സ്ത്രീകൾക്ക് കാലിസ്‌റ്റെയുടെ വീട്ടിലേക്ക് പ്രവേശിക്കാനോ ഇയാളുമായി യാതൊരു തരത്തിലുള്ള ഇടപെടലുകൾക്കോ ഉള്ള സാധ്യതകളെ ഇല്ലാതെയാക്കി. ഇനി കാലിസ്‌റ്റെക്ക് ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ വേലിക്കുള്ളിൽ നിന്നു ഉച്ചത്തിൽ വിളിച്ചു കൂകാറാണ് പതിവ്.
ഒറ്റമുറി കുടിലിലാണ് ഇക്കഴിഞ്ഞ ദശകങ്ങൾ എല്ലാം കാലിക്സ്റ്റെ ചിലവഴിച്ചത്. കാലിക്സ്റ്റെയുടെ ജീവിതത്തിലെ ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ, സ്ത്രീകളെ പേടിച്ചാണ് ഒറ്റയ്ക്ക് താമസിക്കുന്നത് എങ്കിലും കാലിക്സ്റ്റെക്ക് വേണ്ട ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളും എത്തിച്ചു നൽകുന്നത് അടുത്തുള്ള സ്ത്രീകൾ തന്നെയാണ്. അവർ വാങ്ങിച്ച സാധനങ്ങൾ ഇയാളുടെ വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നതാണ് പതിവ്. ഇങ്ങനെ സ്ത്രീകൾ വേലിക്ക് അപ്പുറത്തു നിന്ന് വലിച്ചെറിയുന്ന വസ്തുക്കൾ കാലിസ്‌റ്റെ ശേഖരിച്ച വീട്ടിനുള്ളിലേക്ക് കൊണ്ട് പോകും.
കുട്ടികാലം മുതലേ ഇത്തരത്തിലുള്ള ഭയവും മറ്റുള്ളവരിൽ നിന്നുള്ള അകൽച്ചയും കാലിസ്‌റ്റെ കാണിച്ചിരുന്നു. ഇത് ഗൈനോഫോബിയയുടെ (Gynophobia) ലക്ഷണങ്ങൾ ആയിരിക്കാം എന്ന് കണക്കാക്കുന്നു. സ്ത്രീകളോടുള്ള അമിതമായ ഭയവും ഉത്കണ്ഠയുമാണ് ഗൈനോഫോബിയ. സ്ത്രീകളുമായി ഇടപഴകുന്നതിനോ ബന്ധം സ്ഥാപിക്കുന്നതിനോ ഉള്ള ഒരു വ്യക്തിയുടെ കഴിവിനെ ഈ അവസ്ഥ സാരമായി ബാധിച്ചേക്കാം. ഗൈനോഫോബിയ കാരണം ആളുകൾ സ്ത്രീകളെ ദൂരത്ത് നിന്ന് കാണുന്നത് പോലും ഒഴിവാക്കാൻ ഉള്ള സാധ്യതയുണ്ട്.
ഗൈനോഫോബിയ പോലെയുള്ള ഭയങ്ങൾ കുട്ടികാലത്തോ കൗമാര പ്രായത്തിലോ വികസിക്കാം. എന്നാൽ, പ്രായത്തിന് അനുസരിച്ച് ഗൈനോഫോബിയയുടെ തീവ്രത കുറഞ്ഞേക്കാം. സ്ത്രീകളെക്കുറിച്ചുള്ള അകാരണവും അമിതവുമായ ഭയവും അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഉണ്ടാകാവുന്ന ഉത്കണ്ഠയുമാണ് ഗൈനോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ. പരിഭ്രാന്തി, നെഞ്ചിൽ ഉണ്ടാകുന്ന ഭാരം, അമിതമായ വിയർപ്പ്, ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഈ അവസ്ഥയിൽ ഉൾപ്പെടുന്നു.
മറ്റു ഗ്രാമവാസികൾ പറയുന്നത്, കാലിസ്‌റ്റെക്ക് ഇനി ആരെങ്കിലും എന്തെങ്കിലും സഹായം ചെയ്താലും അയാൾ അതിൽ നിന്നും പേടിച്ചു മാറി നിൽക്കാറാണ് പതിവ്. അയൽക്കാരുമായി സംസാരിക്കാനോ അടുത്തേക്ക് പോകുന്നതോ കാലിസ്‌റ്റെക്ക് ഇഷ്ട്ടമല്ല. എന്നിരുന്നാലും അയാൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും ഈ അയൽക്കാർ തന്നെയാണ്.
ഇത് കാലിസ്‌റ്റെ 2023 ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാചകങ്ങളാണ്. ഇതേ വർഷം തന്നെ ചില മാധ്യമങ്ങളുടെ ഇടപെടലുകൾ കാരണം കാലിസ്‌റ്റെ ഒരു സ്ത്രീയെ അയാളുടെ വീടിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നു.