
പത്തൊൻപതാം നൂറ്റാണ്ട്, വ്യവസായ വിപ്ലവത്തിന്റെ പുകയും ആരവങ്ങളും നിറഞ്ഞ ലണ്ടൻ നഗരം. മനുഷ്യന്റെ കൗതുകങ്ങളെയും ഭയത്തെയും മുതലെടുത്തിരുന്ന ഒരു കാലം കൂടിയായിരുന്നു ഇത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ മനുഷ്യരെ പ്രദർശനശാലകളിൽ പ്രദർശിപ്പിച്ചിരുന്നു കാലം കൂടിയായിരുന്നു അത്. യൂറോപ്പിലും അമേരിക്കയിലും പ്രദർശനശാലകൾ (Freak Shows) എന്ന പേരിൽ മനുഷ്യരെ മൃഗങ്ങളെ പോലെ പ്രദർശിപ്പിച്ചുരുന്നത് പതിവായിരുന്നു. അത്തരമൊരു വേദിയിൽ, "ആന മനുഷ്യൻ" (The Elephant Man) എന്ന തലക്കെട്ടിൽ ഒരു പാവം മനുഷ്യനെ പ്രദർശിപ്പിക്കുന്നു. ജനങ്ങൾ ഭയത്തോടെയും അറപ്പോടെയും നോക്കിയിരുന്ന ആ മനുഷ്യന്റെ ജീവനും ജീവിതവും ഏറെ വേദനാജനകമാണ്. വിരൂപമായ ശരീരത്തിനുള്ളിൽ കവിതയെയും സ്നേഹത്തെയും സ്വപ്നം കണ്ട ഒരു സുന്ദരമായ മനസ്സുണ്ടായിരുന്നു ആ മനുഷ്യന്. ആനയുടേതിന് സമാനമായ കട്ടിയേറിയതും, ചാരനിറത്തിലുള്ളതുമായ ചർമ്മം ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക വൈകല്യങ്ങൾ കാരണം ലോകം ആ മനുഷ്യനെ തീർത്തും വികൃതൻ എന്ന പേര് നൽകി. ലോകം കണ്ടത്തിൽ വച്ച് ഏറ്റവും വലിയ ദുരന്തനായകന്മാരിൽ ഒരാളായിരുന്ന ജോസഫ് കെയ്രി മെറിക്കിന്റെ (Joseph Carey Merrick) ഹൃദയഭേദകമായ കഥയാണിത്.
ജോസഫ് മെറിക്കിന്റെ ബാല്യം
1862 ഓഗസ്റ്റ് 5-ന് ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ, ജോസഫ് റോക്ക്ലി മെറിക്കും ഭാര്യ മേരി ജെയിനും ഒരു മകൻ ജനിക്കുന്നു, അവർ ആ കുഞ്ഞിന് അവർ ജോസഫ് കാരി മെറിക്ക് എന്ന പേര് നൽകുന്നു. ഒരുപാടു പ്രതീക്ഷകളോടെ ആ ദമ്പതികൾ ആ കുഞ്ഞിനെ വളർത്തി. ആരോഗ്യവാനായി ഓടിയും ചാടിയും കുഞ്ഞ് മെറിക്ക് വളർന്നു. റോക്ക്ലി മെറിക്കിനും ഭാര്യക്കും മകനെ കുറിച്ച് പ്രതീക്ഷകൾ ഏറെയായിരുന്നു, എന്നാൽ അവരെ കാത്തിരുന്ന ദുരന്തത്തെ കുറിച്ച് അവർ അറിഞ്ഞിരുന്നില്ല. പൂമ്പാറ്റയെ പോലെ പാറി നടന്ന മകന്റെ ജീവിതം എന്നേക്കുമായി ഇരുട്ടിന്റെ അനന്തതയിലേക്ക് തെന്നി മാറും എന്ന്അവർ കരുതിയില്ല.
അഞ്ചാം വയസ്സോടെ അവന്റെ ശരീരത്തിൽ വിചിത്രമായ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി. ആദ്യം ശരീരത്തിൽ ചെറിയ മുഴകൾ വളരുവാൻ തുടങ്ങി. ആദ്യം ഇതൊന്നും വീട്ടുകാർ അത്രവലിയ കാര്യമാക്കിയില്ല. എന്നാൽ ദിവസനങ്ങൾ കടന്നു പോകുന്നതിനു അനുസരിച്ച് മുഴകൾ വളരുവാൻ തുടങ്ങി. ചർമ്മം കട്ടിയേറിയും, എല്ലുകൾ അസാധാരണമായും വളർന്നു. കൈകൾ, കാലുകൾ, അധരങ്ങൾ, തല, വിചിത്രമായ രീതിയിൽ വളരാൻ തുടങ്ങി. ആ കുഞ്ഞിന്റെ രൂപം പതിയെപ്പതിയെ ഭയാനകമായി മാറി, ആ കുഞ്ഞിന്റെ രൂപം ഭീതിജനകമായി മാറിക്കൊണ്ടേയിരുന്നു.
വിശ്വാസിയായിരുന്ന അമ്മ മകന്റെ ശരീരത്തിലെ മാറ്റങ്ങൾ കണ്ട് അതൊക്കെയും ദൈവത്തിന്റെ പരീക്ഷണങ്ങളാണ് എന്ന് കരുതി. എന്നാൽ നാട്ടുകാർ മെറിക്കിനെ രൂപം കണ്ട് ദൈവശാപം എന്ന് വിലയിരുത്തി. എന്നാൽ നാട്ടുകാരുടെ പരിഹാസങ്ങളിൽ നിന്നും മകനെ അമ്മ ചേർത്ത് നിർത്തി എന്നാൽ മെറിക്കിന്റെ പിതാവ് അവനെ കുടുംബത്തിന്റെ ഭാരമായാണ് കണ്ടിരുന്നത്. അമ്മയുടെ സ്നേഹമായിരുന്നു അവന്റെ ഏക ആശ്വാസം. എന്നാൽ അവന് പതിനൊന്നു വയസുള്ളപ്പോൾ അമ്മ മരണപ്പെടുന്നു, അതോടെ ജീവിതം അക്കെ തകർന്ന അവസ്ഥയിലായി. പതിമൂന്നാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ഒരു ജോലിക്കായി ആ ബാലൻ അലഞ്ഞു. പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനങ്ങളിൽ നിന്നും രക്ഷനേടാൻ പാലപ്പഴും വീട് വിട്ടുനിന്നു. കൊച്ചു കൊച്ചു ജോലികൾ ചെയ്ത ജീവിതം മുന്നോട്ടു തള്ളിനീക്കുന്നതിനിടയിൽ വീട് വിട്ടിറങ്ങേണ്ടി വന്നു. ഭക്ഷണത്തിനും താമസത്തിനുമായി തെരുവുകളിൽ അലഞ്ഞു നടന്നു. വികൃതമായ രൂപം കാരണം ആരും അവനെ സഹായിക്കാൻ പോലും തയ്യാറായില്ല. പട്ടിണിയും പരിഹാസവും മാത്രമായി കൂട്ടിന്. വിശപ്പടക്കാൻ തെരുവിൽ അലഞ്ഞ അവന് അവസാനം അഭയം ലഭിച്ചത് ഒരു അഗതിമന്ദിരത്തിലായിരുന്നു.
പ്രദർശന വസ്തുവായി മാറിയ ജീവിതം
അഗതിമന്ദിരത്തിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനും ഉപജീവനമാർഗം കണ്ടെത്താനുമുള്ള അവസാന ആശ്രയമായി 1884-ൽ മെറിക്ക് ഫ്രീക്ക് ഷോകളുടെ ഭാഗമാകാൻ തീരുമാനിക്കുന്നു. സ്വന്തം ശരീരം പ്രദർശന വസ്തുവാക്കിയെങ്കിലും ജീവിക്കണം എന്നതായിരുന്നു അവന്റെ ലക്ഷ്യം. മെറിക്കിന്റെ വിചിത്രമായ രൂപം പെട്ടന്നു തന്നെ ആ മനുഷ്യനെ വാണിജ്യ വസ്തുവാക്കി മാറ്റി. ആന മനുഷ്യൻ - പാതി മനുഷ്യൻ, പാതി ആന" എന്ന പേരിൽ മെറിക്ക് പ്രദർശിപ്പിക്കപ്പെട്ടു. ചിലർ കണ്ടു പരിഹസിച്ചപ്പോൾ മറ്റു ചിലർ ഭയന്ന് മാറി, ചിലർ കല്ലെറിഞ്ഞു. ഓരോ തവണയും ആൾക്കൂട്ടത്തിന് മുന്നിൽ പ്രദർശിപ്പിക്കുമ്പോഴും ഏറ്റുവാങ്ങേടി വന്ന വേദനകൾ ആരും കാണാതെ കരഞ്ഞു തീർത്തു. അങ്ങനെയിരിക്കെയാണ്, ഒരിക്കൽ ഡോ. ഫ്രെഡറിക് ട്രീവ്സ് എന്ന സർജൻ മെറിക്കിനെ കാണുവാൻ ഇടയായത്. കൗതുകത്തിന്റെ പുറത്താണ് ട്രീവ്സ് ആദ്യം മെറിക്കിനെ സമീപിക്കുന്നത്. മെറിക്കിന്റെ ശാരീരിക അവസ്ഥയെ കുറിച്ച് കുടുതൽ അറിയാൻ ഡോക്ടർ മെറിക്കിനെ കൂടെ കൂട്ടി,
ലോകം തിരിച്ചറിഞ്ഞ കലാകാരൻ
ലോണ്ടനിലെ ഹോസ്പിറ്റലിൽ കഴിയവെയാണ് ആദ്യമായി മെറിക്ക് ഒരു മനുഷ്യനായി പരിഗണിക്കപ്പെടുന്നത്. പതിയെ പതിയെ ആ സാധുമനുഷ്യന്റെ യഥാർത്ഥ രൂപം ലോകം അറിയുവൻ തുടങ്ങി. വിരൂപമായ ശരീരത്തിന്റെ ഉള്ളിൽ അതീവ ബുദ്ധിവാനായ, എല്ലാവരോടും ദയയും സ്നേഹവുമുള്ള ഒരു മനസ്സുണ്ടായിരുന്നു. മെറിക്ക് പുസ്തകങ്ങൾ വായിച്ചു തുടങ്ങി, കവിതകൾ ഓരോന്നായി എഴുതി, കൂടാതെ അതിമനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാകാൻ തുടങ്ങി. ഒരിക്കൽ, മെറിക്ക് ഒരു പള്ളിയുടെ കാർഡ്ബോർഡ് മാതൃക നിർമ്മിക്കുകയുണ്ടായി, അന്ന് അത് കണ്ട ഡോ. ട്രീവ്സ് അത്ഭുതപ്പെട്ടുപോയി. മെറിക്കിന്റെ കഥയറിഞ്ഞ് ലണ്ടനിലെ പ്രമുഖർ അവനെ സന്ദർശിക്കാനായി എത്തി തുടങ്ങി. അന്നത്തെ വെയിൽസ് രാജകുമാരിയായിരുന്ന അലക്സാൻഡ്ര മെറിക്കിന്റെ സ്ഥിരം സന്ദർശകയായിരുന്നു. അപമാനത്തിന് പകരം ആദരവും, ഭയത്തിന് പകരം സ്നേഹവും ആ മനുഷ്യനെ തേടിയെത്തി.
മെറിക്കിന്റെ ഏറ്റവും വലിയ ആഗ്രഹം മറ്റു മനുഷ്യരെ പോലെ തനിക്കും ഒന്ന് കിടന്നുറങ്ങണം എന്നതായിരുന്നു. തലയുടെ അമിതമായ ഭാരം കാരണം മെറിക്കിന് ഇരുന്നുകൊണ്ട് മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ആ ആഗ്രഹം സാധിക്കും മുന്നേ മെറിക്ക് മരണപ്പെട്ടു. 1890 ഏപ്രിൽ 11 ന് 27-ാം വയസ്സിൽ മെറിക്ക് മരണമടഞ്ഞു. അന്ന് രാത്രി ഇരുന്ന് ഉറങ്ങാതെ കട്ടിലിൽ കിടന്നു ഉറങ്ങാൻ മെറിക്ക് ശ്രമിക്കുന്നു. എന്നാൽ തൊട്ട് അടുത്ത ദിവസം ആശുപത്രി ജീവനക്കാർ കാണുന്നത് ചെത്തായറ്റ മെറിക്കിന്റെ ശവശരീരമായിരുന്നു. മറ്റുള്ളവരെപ്പോലെ കിടന്നുറങ്ങാൻ ശ്രമിച്ചപ്പോഴാണ് മെറിക്ക് മരണപ്പെട്ടത്. തലയുടെ ഭാരം താങ്ങാനാവാതെ കഴുത്തിലെ എല്ലൊടിയുകയും ശ്വാസം കിട്ടാതെയുമാണ് മെറിക്ക് മരണപ്പെടുന്നത്.
ജോസഫ് മെറിക്കിനെ പിടിപ്പെട്ട അപൂർവ്വരോഗം
ജോസഫ് മെറിക്കിന്റെ രൂപമാറ്റത്തിന് കാരണം എന്തായിരുന്നു എന്നത് വർഷങ്ങളോളം വൈദ്യശാസ്ത്രത്തിന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. വലത് കൈയുടെയും തലയുടെയും ഭാഗങ്ങളിൽ വലിയ മുഴകൾ വളർന്ന്, തലയോട്ടി അസാധാരണമായി വലുതായി, എല്ലുകൾ വളരുകയും ചെയ്തതോടെ മെറിക്കിന്റെ രൂപം ഭയാനകമായി തീർന്നു. 'എലിഫന്റിയാസിസ്' എന്നറിയപ്പെട്ടിരുന്ന ഈ അവസ്ഥ, പിന്നീട് 'ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1' (NF1) ആകാം എന്നാണ് കരുതിയത്. എന്നാൽ, ശാസ്ത്രം പുരോഗമിച്ചപ്പോൾ മെറിക്കിന്റെ ശാരീരിക വൈകല്യങ്ങൾക്ക് കാരണം പ്രോട്ടിയസ് സിൻഡ്രോം എന്ന അത്യപൂർവ്വമായ ഒരു ജനിതക രോഗമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു.
Summary: Joseph Carey Merrick (1862–1890), known as “The Elephant Man,” was an Englishman with severe physical deformities that made him a subject of public ridicule and Freak Show exhibitions. Despite his terrifying appearance, he was gentle, intelligent, and loved poetry, yearning for dignity and kindness. His life changed when Dr. Frederick Treves offered him care and respect, but he died tragically young at the age of 27.