പാറക്കെട്ടുകൾക്കിടയിൽ കത്തിക്കരിഞ്ഞ സ്ത്രീയുടെ മൃതദേഹം, എട്ട് പാസ്‌പോർട്ടുകളും എണ്ണമറ്റ നുണകളും; 55 വർഷമായി ഉത്തരം കിട്ടാത്ത ‘ഇസ്ദാൽ വുമൺ’ എന്ന നിഗൂഢത | The Isdal Woman

ആരായിരുന്നു അവൾ? അൻപത്തഞ്ച് വർഷമായി ലോകത്തെയും ശാസ്ത്രത്തെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഇസ്ദാൽ വുമൺ
The Isdal Woman
Updated on

1970 നവംബർ 29, പതിവിൽ വിപരീതമായി അധികം തണുപ്പോ മഞ്ഞോ ഇല്ലാത്തൊരു ദിവസമായിരുന്നു അത്. നോർവേയിലെ ഉൾറിക്കൻ പർവതനിരകളുടെ വടക്കേ അറ്റത്തുള്ള ഇസ്ദാലൻ എന്ന താഴവരയിൽ ഒരു പിതാവും രണ്ട് പെൺമക്കളും പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു. മധ്യകാലഘട്ടത്തിലെ ആത്മഹത്യകളും അടുത്തകാലത്തുണ്ടായ അപകടങ്ങൾ കാരണവും ഈ താഴ്‌വരയെ മരണത്തിന്റെ താഴ്‌വര എന്ന കുപ്രസിദ്ധി നൽകി. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ആ പിതാവ് തന്റെ മക്കളെയും കൊണ്ട് താഴ്‌വാരയിലേക്ക് നടന്നു നീങ്ങി. പെട്ടന്നായിരുന്നു എവിടെ നിന്നോ അവരുടെ ശ്വാസത്തെ വരിഞ്ഞു മുറുകുന്നത് പോലെയുള്ള കരിഞ്ഞ മാംസത്തിന്റെ രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറിയത്. മാംസത്തിന്റെ രൂക്ഷഗന്ധം വരുന്ന ദിശയെത്താണ് എന്ന് മനസിലാക്കിയ പിതാവും മക്കളും അങ്ങോട്ടേക്ക് നടന്നു. (The Isdal Woman)

പാറക്കെട്ടുകൾക്കിടയിൽ അവർ കണ്ട ആ കാഴ്ച അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ഭാഗികമായി കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം. തന്റെ മുന്നിലെ കാഴ്ച കണ്ട് അകെ ഭയന്ന പിതാവ് വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘം ആ സ്ത്രീ മരിച്ചുകിടന്നിരുന്ന രീതിയും പരിസരവും കണ്ട് അമ്പരന്നു. ഏറെ വിചിത്രമായ രീതിയിൽ കൈകൾ നെഞ്ചിനോട് ചേർത്ത് മുഷ്ടി ചുരുട്ടി പിടിച്ച നിലയിലായിരുന്നു ആ സ്ത്രീയുടെ മൃതദേഹം. തലയും മുഖവും പൂർണമായും കത്തിക്കരിഞ്ഞ നിലയിലും. ആ സ്ത്രീ ആരാണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ വികൃതമായിരുന്നു ആ മുഖം. ശവശരീരത്തിൽ അൽപ വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പോലീസിനെ പോലും ഞെട്ടിച്ചത് മറ്റൊരു വസ്തുതയായിരുന്നു. ആ സ്ത്രീയുടെ ശരീരത്തിന്റെ മുൻഭാഗത്ത് മാത്രമാണ് ഗുരുതരമായ പൊള്ളലിലേറ്റിരുന്നത്. ശരീരത്തിന്റെ പിൻഭാഗത്ത് വലിയതോതിൽ പൊള്ളൽ ഏറ്റിരുന്നില്ല. മാത്രവുമല്ല മൃതദേഹത്തിന് ആറു ദിവസത്തോളം പഴക്കമുണ്ട്.

ആ മൃതദേഹത്തിന് സമീപത്ത് ഒരു ക്യാമ്പ് ഫയർ കത്തിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം ഒരു മദ്യക്കുപ്പി പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ, ഒരു പ്ലാസ്റ്റിക് പാസ്‌പോർട്ട് ഹോൾഡർ, റബ്ബർ ബൂട്ടുകൾ, വൂളൻ ജമ്പറുകൾ, ഒരു സ്കാർഫ്, നൈലോൺ സ്റ്റോക്കിംഗുകൾ, ഒരു കുട, പഴ്സ്, തീപ്പെട്ടിക്കൂട് എന്നിവയും കണ്ടെത്തി. കൂടാതെ ഒരു വാച്ചും രണ്ട് കമ്മലുകളും ഒരു മോതിരവും അവിടെയുണ്ടായിരുന്നു. മൃതദേഹത്തിന് ചുറ്റും കരിഞ്ഞ പേപ്പറിന്റെ അവശിഷ്ടങ്ങളും, അതിന് താഴെയായി പെട്രോളിന്റെ അംശമുള്ള ഒരു തൊപ്പിയും പോലീസ് കണ്ടെടുത്തു. എന്നാൽ പോലീസിനെ ഞെട്ടിച്ച കാര്യം മറ്റൊന്നായിരുന്നു അവിടെ കണ്ട എല്ലാ വസ്ത്രങ്ങളിലെയും ലേബലുകളും തിരിച്ചറിയൽ അടയാളങ്ങൾ അതീവ ശ്രദ്ധയോടെ നീക്കം ചെയ്യപ്പെടുകയോ മായ്ച്ചുകളയുകയോ ചെയ്തിരുന്നു. ആരോ കരുതിക്കൂട്ടി ചെയ്തത് എന്ന് വ്യക്തം.

ദുരൂഹതകളുടെ ചുരുളഴിയാത്ത പടവുകൾ

ഇസ്ദാലിലെ ആ അജ്ഞാത സ്ത്രീയെ കുറിച്ച് കണ്ടെത്തുക ഏറെ കഠിനമായിരുന്നു. അതൊരു ആത്മഹത്യയാണോ കൊലപതകമാണോ എന്ന് പോലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. സാധാരണയായി കുറ്റവാളികളെ കണ്ടെത്തുവാൻ പാടുപെടുന്ന പോലീസിനെ അകെ കുഴപ്പത്തിലാക്കിയത് മരണപ്പെട്ട ആ സ്ത്രീയായിരുന്നു. ആ സ്ത്രീ ആരാണ്? അവർ എങ്ങനെയാണ് മരിച്ചത് എന്നീ ചോദ്യങ്ങൾ പോലീസിനെ കൊണ്ടെത്തിച്ചത് ശൂന്യതയിലേക്കായിരുന്നു.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നോർവേ പോലീസ് നടത്തിയ അന്വേഷണം അക്ഷരാർത്ഥത്തിൽ അവരെ വട്ടംകറക്കി. ഓരോ ചുവടുവെപ്പിലും പോലീസിനെ കാത്തിരുന്നത് വിചിത്രമായ കണ്ടെത്തലുകളായിരുന്നു. അന്വേഷണം പുരോഗമിച്ചതോടെ ഈ കേസ് ലോകത്തെ ഏറ്റവും കുഴപ്പിച്ച അൺസോൾവ്ഡ് മിസ്റ്ററികളിലൊന്നായി മാറി. റെയിൽവേ സ്റ്റേഷൻ ലോക്കറുകളിൽ നിന്ന് കണ്ടെത്തിയ അവരുടെ സ്യൂട്ട്കേസുകൾ നിഗൂഢതകളുടെ മറ്റൊരു ലോകം തുറന്നു. വിഗുകൾ, രൂപം മാറ്റാനാവശ്യമായ വസ്ത്രങ്ങൾ, കൂടാതെ ഒരു ഡയറിയിൽ അവർ കുറിച്ചിരുന്ന സങ്കീർണ്ണമായ കോഡുകൾ എന്നിവ പോലീസിന് ലഭിച്ചു.

അന്വേഷണത്തിൽ ആ സ്ത്രീയ്ക്ക് എട്ട് പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. എട്ട് വ്യത്യസ്ത പേരുകളിൽ യൂറോപ്പിലുടനീളം സഞ്ചരിച്ചതായി കണ്ടെത്തി. ഫെനെൽ ലോറഞ്ച്, ക്ലോഡിൻ പ്രൈനൽ, എലിസബത്ത് ലീൻഹോവർ എന്നിങ്ങനെ പല പേരുകളിലാണ് അവർ ഹോട്ടലുകളിൽ താമസിച്ചിരുന്നത്. ഇവയെല്ലാം വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ചായിരുന്നു. ഹോട്ടൽ ജീവനക്കാരുടെ മൊഴിപ്രകാരം അവർ ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ് ഭാഷകൾ നന്നായി സംസാരിച്ചിരുന്നു. അവസാനമായി ആ സ്ത്രീയെ കണ്ടവർ പറയുന്നത്, ആ സ്ത്രീക്ക് ചുറ്റും എപ്പോഴും ഒരുതരം പേടിയും ജാഗ്രതയും ഉണ്ടായിരുന്നു എന്നാണ്. ഹോട്ടൽ മുറികളിൽ വെച്ച് അവർ അധികം ആരോടും സംസാരിച്ചിരുന്നില്ല. പലപ്പോഴും ഹോട്ടലുകളിൽ നിന്ന് പെട്ടെന്ന് താമസം മാറുന്ന ശീലവും അവർക്കുണ്ടായിരുന്നു. ഒടുവിൽ അവർ ഒരു ചാരവനിത ആയിരുന്നെന്നും നോർവേയിലെ സൈനിക രഹസ്യങ്ങൾ ചോർത്താൻ എത്തിയതാണെന്നും വിശ്വസിക്കപ്പെടുന്നു.

വീണ്ടെടുത്ത മുഖം

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അവരുടെ ശരീരത്തിൽ 50-ലധികം ഉറക്കഗുളികകളുടെ അംശവും കാർബൺ മോണോക്സൈഡ് വിഷബാധയും കണ്ടെത്തി. എന്നാൽ അവർ ഈ ഗുളികകൾ സ്വയം കഴിച്ചതാണോ അതോ ആരെങ്കിലും നിർബന്ധിപ്പിച്ചു കഴിപ്പിച്ചതാണോ എന്നത് ഇന്നും തർക്കവിഷയമാണ്. മൃതദേഹം കരിഞ്ഞുപോയതിനാൽ മുഖം തിരിച്ചറിയാൻ അസാധ്യമായിരുന്നു എന്നത് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ പിൽക്കാലത്ത് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ മുഖം പുനർനിർമ്മിക്കാൻ ശ്രമങ്ങൾ നടത്തി. 1970-ൽ അവരെ വിവിധ ഹോട്ടലുകളിൽ കണ്ട ജീവനക്കാരുടെയും ടാക്സി ഡ്രൈവർമാരുടെയും മൊഴികൾ അനുസരിച്ച് പോലീസ് ആദ്യമായി ഒരു സ്കെച്ച് തയ്യാറാക്കി. ഏകദേശം 30-40 വയസ്സ് പ്രായം തോന്നിക്കുന്ന, നീണ്ട മൂക്കും തവിട്ടുനിറത്തിലുള്ള മുടിയും വട്ടമുഖവുമുള്ള സുന്ദരിയായ ഒരു സ്ത്രീയായിരുന്നു അവർ എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

2016-ൽ നോർവീജിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഈ കേസ് വീണ്ടും അന്വേഷിച്ചപ്പോൾ, ആധുനിക ഫോറൻസിക് ആർട്ടിസ്റ്റുകൾ കൂടുതൽ വ്യക്തമായ സ്കെച്ചുകൾ തയ്യാറാക്കി. ഇതിനായി അവരുടെ താടിയെല്ലിന്റെയും പല്ലുകളുടെയും ഘടന ശാസ്ത്രീയമായി വിശകലനം ചെയ്തു. ഈ 2025-ൽ, ഏറ്റവും പുതിയ AI ഫേഷ്യൽ റീകൺസ്ട്രക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ മുഖത്തിന്റെ ഒരു ത്രീഡി രൂപം ഗവേഷകർ തയ്യാറാക്കി കഴിഞ്ഞു. അവരുടെ ഡി.എൻ.എ-യിൽ നിന്ന് ലഭിച്ച വിവരങ്ങൾ (കണ്ണുകളുടെ നിറം, ചർമ്മത്തിന്റെ പ്രത്യേകതകൾ) ഈ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്രയും വ്യക്തമായ ചിത്രങ്ങൾ ഉണ്ടായിരുന്നിട്ടും, ഇന്റർപോൾ ലോകമെമ്പാടും ഈ ചിത്രം പ്രചരിപ്പിച്ചിട്ടും ആരും അവരെ തിരിച്ചറിഞ്ഞ് മുന്നോട്ട് വന്നില്ല. ഇത് അവർ ഒരു രഹസ്യ ഏജന്റായിരുന്നു എന്ന നിഗമനത്തിന് കൂടുതൽ കരുത്ത് പകരുന്നു. ഒരുപക്ഷേ അവരുടെ കുടുംബം പോലും അവരെക്കുറിച്ച് അറിയാൻ ആഗ്രഹിക്കാത്ത വിധം അവർ ഔദ്യോഗികമായി 'ഇല്ലാതാക്കപ്പെട്ട' ഒരാളാകാം.

Summary

The Isdal Woman remains one of the most enigmatic cold cases in criminal history. Found by a family in 1970 in Norway's "Death Valley," her charred body was surrounded by items with all identifying labels carefully removed. Despite finding eight fake passports and coded diaries suggesting she was a Cold War spy, her true mission and identity remain unknown. Even with 2025's advanced forensic technology confirming her European roots, the world still awaits the answer to who she really was and how she met her tragic end in the frozen wilderness.

Related Stories

No stories found.
Times Kerala
timeskerala.com