

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനം പർവതനിരകൾക്ക് ഏറെ പ്രസിദ്ധമാണ്. ഇവിടെ, റോക്കി മൗണ്ടൻ നാഷണൽ പാർക്കിന്റെ പ്രവേശന കവാടത്തിന് സമീപത്തായി ഒരു വലിയ ഹോട്ടലുണ്ട്, സ്റ്റാൻലി ഹോട്ടൽ (Stanley Hotel). ഇത് വെറുമൊരു കെട്ടിടമില്ല, മഞ്ഞിൽ മൂടിയ മലഞ്ചെരുവിൽ നിശബ്ദമായി നിലകൊള്ളുന്ന, പ്രേതാത്മാക്കളുടെ പറുദീസയാണ്. 1909-ൽ ഫ്രീലാൻ ഓസ്കാർ സ്റ്റാൻലി സ്ഥാപിച്ച ഈ കൊളോണിയൽ റിവൈവൽ ഹോട്ടൽ, പുറമെ നിന്ന് നോക്കുമ്പോൾ ഗംഭീരമായി തോന്നാമെങ്കിലും ഈ ഹോട്ടലിലെ ഓരോ ചുമരിനും പറയാനുണ്ട് ആരെയും പേടിപ്പെടുത്തുന്ന പ്രേതകഥകൾ. ലോകമെമ്പാടുമുള്ള ഹൊറർ പ്രേമികൾക്ക് സ്റ്റാൻലി ഹോട്ടൽ സാക്ഷാൽ 'ദി ഷൈനിംഗ്' (The Shining) എന്ന ഇതിഹാസ നോവലിന് പ്രചോദനമായ 'ഓവർലുക്ക് ഹോട്ടൽ' (Overlook Hotel) എന്ന ദുരാത്മാക്കളുടെ പറുദീസയാണ്.
സ്റ്റാൻലി മോട്ടോർ കാരേജ് കമ്പനിയുടെ സഹസ്ഥാപകനും, ഫോട്ടോഗ്രാഫിക് ഡ്രൈ പ്ലേറ്റ് ഉൾപ്പെടെയുള്ള ഒട്ടനവധി കണ്ടുപിടിത്തങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഫ്രീലാൻ ഓസ്‌കാർ സ്റ്റാൻലിയുടെ നിർദേശപ്രകാരമാണ് 1907-ൽ സ്റ്റാൻലി ഹോട്ടലിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ക്ഷയരോഗം ബാധിച്ച് അവശനായ സ്റ്റാൻലി രോഗശമനത്തിനായാണ് കൊളറാഡോയിലെ പർവതനിരകളിൽ എത്തുന്നത്. തനിക്കും ഭാര്യ ഫ്ലോറയ്ക്കും താമസിക്കാനും, അതിഥികളെ ആകർഷിക്കാനും വേണ്ടിയാണ് അദ്ദേഹം ഈ ആഡംബര ഹോട്ടൽ നിർമ്മിച്ചത്. 1909-ൽ, പ്രവർത്തനം ആരംഭിച്ചപ്പോൾ മലമ്പ്രദേശത്തെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലായിരുന്നു സ്റ്റാൻലി.
യൂറോപ്യൻ ശൈലിയിൽ നിർമ്മിച്ച ഈ ഹോട്ടലിൽ, അന്നത്തെ കാലത്ത് അപൂർവമായിരുന്ന നിരവധി സൗകര്യങ്ങൾ സ്റ്റാൻലിയിൽ ഒരുക്കിയിരുന്നു. തുടക്കത്തിൽ 48 മുറികളായിരുന്നു സ്റ്റാൻലിയിൽ ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിലെ ചുരുക്കം ചില ഹോട്ടലുകളിൽ മാത്രമാണ് വൈദ്യുതി ബന്ധം ഉണ്ടായിരുന്നത്, സ്റ്റാൻലിയിലും വൈദ്യുതിയുടെ പ്രവാഹമുണ്ടായിരുന്നു. ഓരോ മുറിയോട് ചേർന്ന് തന്നെ ബാത്ത്റൂമുകളും ടെലിഫോണുകളും സജ്ജീകരിച്ചിരുന്നു, ഇത് അതിഥികൾക്ക് രാജകീയ പ്രതീതി നൽകി. കൊളോണിയൽ റിവൈവൽ വാസ്തുവിദ്യയുടെ മനോഹരമായ ഒരു ഉദാഹരണമാണ് ഹോട്ടലിന്റെ പുറംഭാഗം. വലിയ തൂണുകളും മനോഹരമായ ഒരു പൂമുഖവും ഹോസ്റ്റലീലിന്റെ പ്രധാന സവിശേഷതകളാണ്. റോഡുകൾ ശരിയായി ഇല്ലാതിരുന്ന അക്കാലത്ത്, സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്ക് അതിഥികളെ കൊണ്ടുവരാൻ സ്റ്റാൻലി തന്റെ കമ്പനി നിർമ്മിച്ച നീരാവിയിൽ പ്രവർത്തിക്കുന്ന ഓട്ടോമൊബൈലുകൾ (സ്റ്റാൻലി സ്റ്റീമർ) ഉപയോഗിച്ചിരുന്നു.
ആത്മാക്കൾ പതിയിരിക്കുന്ന ഇടങ്ങൾ
ഹോട്ടലിന്റെ വാസ്തുവിദ്യാ ഗാംഭീര്യത്തോടൊപ്പം, അതിന്റെ ചില ഭാഗങ്ങൾ ഭയപ്പെടുത്തുന്ന അനുഭവങ്ങളുടെ കേന്ദ്രമായി മാറി. ഇന്ന് സ്റ്റാൻലി ഹോട്ടലിന് 140-ത്തിലധികം മുറികളുണ്ട്, എന്നാൽ ഈ ഓരോ മുറിക്കും പറയുവാൻ കാണും ഒരായിരം കഥകൾ. 19011 ൽ “റൂം 217”-ൽ നടന്ന ഗ്യാസ് സ്ഫോടനത്തിൽ ഒരു ഹോട്ടൽ ജീവനക്കാരി മരണപ്പെട്ടുവത്രെ. ഇന്നും ആ ജീവനക്കാരിയുടെ ആത്മാവ് ഹോട്ടലിൽ അലഞ്ഞു നടക്കുന്നു എന്ന് പറയപ്പെടുന്നു. ഈ ആത്മാവ്‍ ഇവിടേക്ക് എത്തുന്ന അതിഥികളുടെ സാധനങ്ങൾ ഭംഗിയായി അടുക്കിവെക്കുകയും, കൂടാതെ അവിവാഹിതരായ ദമ്പതികളെ ഉറക്കത്തിൽ അകറ്റുകയും ചെയ്യുന്നു എന്ന് ഉൾപ്പെടെ ഒട്ടനവധി കഥകൾ പ്രചാരണത്തിലുണ്ട്. പ്രശസ്ത എഴുത്തുകാരനായ സ്റ്റീഫൻ കിങ് ഈ ഹോട്ടലിൽ 1974 ൽ സന്ദർശിച്ചപ്പോൾ റൂം 217 തങ്ങിയത് അത്രേ. സ്റ്റീഫൻ കിങ് ഹോട്ടലിൽ വച്ച് ഒരു ദുസ്വപ്‌നം കാണുന്നു. ഈ സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് ദി ഷൈനിങ് എന്ന നോവൽ അദ്ദേഹം രചിക്കുന്നത്.
ഹോട്ടലിലെ ഏറ്റവും കൂടുതൽ പ്രേതബാധയുള്ളത് നാലാം നിലയിലാണ്. ഇവിടെ കുട്ടികളുടെ ചിരിയും ഓട്ടവും തനിയെ തുറക്കുന്ന അലമാര വാതിലുകളും സ്ഥിരം കാഴ്ചയാണ് എന്ന് പറയുന്നു. പണ്ട് ഈ നില ജീവനക്കാർക്കും കുട്ടികൾക്കും വേണ്ടി നീക്കിവച്ചിരുന്നതിനാൽ കുട്ടികളുടെ ആത്മാക്കൾ ഇവിടെ വിഹരിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഫ്ലോറ സ്റ്റാൻലിയുടെ പ്രിയപ്പെട്ട പിയാനോ ഇപ്പോഴും ഈ ഹോട്ടലിലുണ്ട്. ആരും തൊടാതെ പിയാനോയുടെ കീകളിൽ വിരലുകൾ ചലിക്കുന്ന ശബ്ദം രാത്രിയിൽ കേൾക്കാമത്രെ. പേടിപ്പെടുത്തുന്ന ഒട്ടനവധി കഥകൾ ഈ ഹോട്ടലിന് ചുറ്റും പ്രചരിക്കുണ്ടെങ്കിലും, പ്രകൃതിയുടെ സൗന്ദര്യവും ചരിത്രത്തിന്റെ മഹത്വവും ഭയാനകമായ രഹസ്യങ്ങളും ഒത്തുചേരുന്ന സ്റ്റാൻലി ഹോട്ടൽ ഇന്നും സാഹസിക സഞ്ചാരികളെ ആകർഷിക്കുന്നു.
സ്റ്റാൻലി ഹോട്ടലിന്റെ ഭീകരതയെക്കുറിച്ച് പറയുമ്പോൾ, 'ദി ഷൈനിംഗ്' എന്ന നോവലിലെയും സിനിമയിലെയും കൊലപാതകങ്ങളെ യഥാർത്ഥ സംഭവങ്ങളായി പലരും തെറ്റിദ്ധരിക്കാറുണ്ട്. നോവലിൽ, ഹോട്ടൽ സൂക്ഷിപ്പുകാരൻ ഭ്രാന്തനായി മകനെയും ഭാര്യയെയും കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ, സ്റ്റാൻലി ഹോട്ടലിൽ അത്തരം സംഭവങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ഹോട്ടലിന്റെ ഒറ്റപ്പെടൽ, പ്രേതബാധകളുടെ കഥകൾ, റൂം 217 ലെ സ്റ്റീഫൻ കിങ്ങിന്റെ ഭയാനകമായ സ്വപ്നം എന്നിവയിൽ നിന്നാണ് നോവലും സിനിമയും പിറക്കുന്നത്. സ്ഥാപകരായ സ്റ്റാൻലിയുടെ അദ്ദേഹത്തിന്റെ ഭാര്യ ഫ്ലോറ സ്റ്റാൻലി എന്നിവരുടെയും മറ്റ് ജീവനക്കാരുടെയും പ്രേതങ്ങളെയാണ് ഹോട്ടലിൽ ഏറ്റവും കൂടുതൽ കാണുന്നത് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരെല്ലാം ഹോട്ടലിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്നവരോ, അപകടത്തിൽപ്പെട്ടവരോ ആണ്. ഇനി ഹോട്ടലിൽ ശെരിക്കും പ്രേതമുണ്ടോ ഇല്ലയോ എന്ന് അറിയാൻ നിങ്ങൾ നേരിട്ടി തന്നെ പോകേണ്ടി വരും. ദുരാത്മാക്കളുടെ പറുദീസ എന്ന് പറയുമ്പോഴും ഈ ഹോട്ടൽ അതിഥികൾക്ക് രാജകീയ അനുഭവം തന്നെയാണ്
Summary: The Stanley Hotel in Colorado, USA, is one of the most haunted places in the world. Built in 1909 by Freelan Oscar Stanley, this grand colonial-style hotel hides terrifying tales within its elegant walls. It famously inspired Stephen King’s The Shining, and many visitors claim to have witnessed paranormal activities — from ghostly laughter and piano music to shadowy apparitions walking through its halls.