ശവപ്പെട്ടികൾ മലയിൽ തൂക്കിയിടുന്ന വിചിത്ര പാരമ്പര്യം! മരണപ്പെട്ടവരെ അടക്കം ചെയ്യുന്നത് ആകാശത്തിന് അടുത്ത്; അറിയാം ഫിലിപ്പീൻസിലെ തൂങ്ങിക്കിടക്കുന്നു ശവപ്പെട്ടികളെ കുറിച്ച് |The Hanging Coffins of Sagada

Hanging Coffins of Sagada
Published on

ലോകമെമ്പാടും, ഓരോ സംസകാരവും മരണത്തെയും മരണാനന്തര ജീവിതത്തെയും സമീപിക്കുന്നത് വ്യത്യസ്തമായ രീതികളിലാണ്. ഈജിപ്തിലെ പിരമിഡുകൾക്കുള്ളിലെ മമ്മികൾ, തിബറ്റിലെ ആകാശ സംസ്കാരങ്ങൾ, അറ്റ്‌ലാന്റിക്കിലെ കടൽ യാത്രകളിലെ ശവക്കല്ലറകൾ. ഇങ്ങനെ, മരണശേഷമുള്ള യാത്രയ്ക്കായി പിന്തുടരുന്ന വ്യത്യസ്ത ആചാരങ്ങൾക്കിടയിൽ ഫിലിപ്പീൻസിലെ സഗഡ (Sagada) എന്ന ചെറിയ പട്ടണത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. ഈ പട്ടണത്തിൽ മറ്റു ശവസംസ്കാര രീതികളിൽ നിന്ന് വ്യത്യസ്തമായി ശവപ്പെട്ടികൾ സൂക്ഷിക്കുന്നത് പർവതശിഖരങ്ങളിലാണ്. (The Hanging Coffins of Sagada)

ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലെ സഗഡയിലെത്തിയാൽ നിങ്ങൾക്ക് കാണുവാൻ കഴിയുക കുത്തനെയുള്ള കുന്നുകളിൽ കെട്ടിത്തൂക്കിയ ഒട്ടനവധി ശവപ്പെട്ടികളെയാണ്. ഇവിടുത്തെ കങ്കനെയി (Kankanaey) ഗോത്രവർഗ്ഗത്തിന്റെ പാരമ്പര്യ സംസ്‌കാരമാണിത്. പൂർവ്വികരുടെ മൃതദേഹങ്ങൾ ശവപ്പെട്ടികളിൽ പൂട്ടിയിട്ട് പർവതശിഖരങ്ങളിൽ തൂക്കിയിടുന്നു. പുരാവസ്തു ഗവേഷകർ ഈ തൂങ്ങികിടക്കുന്ന ശവപ്പെട്ടികളെ കുറിച്ച് പഠനങ്ങൾ നടത്തിയെങ്കിലും കൃത്യമായ പഴക്കം പുരാവസ്തു ഗവേഷകർക്ക് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ആചാരത്തിന് രണ്ടായിരം വർഷത്തോളം പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. ഫിലിപ്പീൻസ്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഈ പാരമ്പര്യം നൂറ്റാണ്ടുകളായി പിന്തുടർന്ന് വന്നിരുന്നു.

കങ്കനെയി ഗോത്രവിശ്വാസപ്രകാരം, മരണപ്പെട്ടവരെ മലയിടുക്കുകളിൽ തൂക്കുന്നത് ആത്മാവിനെ സ്വർഗ്ഗത്തിനടുത്തേക്ക് കൊണ്ടു പോകാനാണ്. ശവപ്പെട്ടികൾ പാറക്കെട്ടുകളുടെ സ്വാഭാവികമായ മടക്കുകളിലോ, ഇടിവുകളിലോ അല്ലെങ്കിൽ പാറയിൽ തുളയിട്ട് ഉറപ്പിച്ച തടികൊണ്ടുള്ള ബീമുകളിലോ ആണ് സ്ഥാപിച്ചിരിക്കുന്നത്. ശവപ്പെട്ടികൾ എന്ന് പറയുമ്പോൾ സാധാരണയായി കണ്ടുവരുന്ന വലിപ്പമൊന്നും ഇവിടുത്തെ ശവപ്പെട്ടികൾക്ക് ഇല്ല. കാഴ്ചയിൽ നന്നേ വലിപ്പം കുറവാണ് തൂക്കിയിടുന്ന ശവപ്പെട്ടിക്കൾക്ക്. കാരണം, മരണപ്പെട്ട വ്യക്തിയെ ഭ്രൂണാവസ്ഥയിൽ ചുരുട്ടിയാണ് ശവപെട്ടിക്കുള്ളിൽ അടക്കുന്നത്. മനുഷ്യർ ഈ ലോകത്തേക്ക് വന്ന അതേ രൂപത്തിൽ തന്നെ മടങ്ങിപ്പോകണം എന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. മരണശേഷം പുതിയ ജീവിതം തുടങ്ങുമെന്ന വിശ്വാസത്തെയും ഇത് സൂചിപ്പിക്കുന്നു.

കങ്കനെയി ഗോത്രത്തിലെ മനുഷ്യർ മരിക്കുന്നതിന് മുൻപ് തന്നെ സ്വന്തം ശവപ്പെട്ടികൾ ഉണ്ടാകുന്നു. ചെറിയ മരത്തടികൾ കൊണ്ട്, ഇഷ്ട്ടപ്പെട്ട രീതിയിൽ അങ്ങനെ ശവപ്പെട്ടികൾ സ്വന്തം നിലക്ക് പണിയുന്നു. വാർദ്ധക്യത്തിന്റെ അവശതയിൽ സ്വന്തം ശവപ്പെട്ടികൾ പണിയാൻ സാധിക്കാത്തവർക്ക് അവരുടെ കുടുംബത്തിലെ മറ്റെന്തെങ്കിലും ഒരംഗം ശവപ്പെട്ടികൾ പണിഞ്ഞു നൽകുന്നു. ജീവിതത്തിന്റെ അവസാന അദ്ധ്യായം, ആത്മീയമായി തന്നെ തയ്യാറാക്കേണ്ടതാണെന്ന് അവർ വിശ്വസിക്കുന്നു.

കങ്കനെയി ഗോത്രത്തിലെ ഏറ്റവും പരമോന്നതമായ ബഹുമതിയാണ് മരണശേഷം ശവപ്പെട്ടികൾ മലയിൽ തൂക്കിയിടുന്നത്. എന്നാൽ ഈ ബഹുമതി എല്ലാവർക്കും ലഭിക്കുന്നില്ല. അത്യധികം ആദരണീയരും, പ്രമുഖരുമായ സാമൂഹിക നേതാക്കളുടെ ശവപ്പെട്ടികൾ മാത്രമാണ് തൂക്കിയിടുന്നത്. ജീവിതകാലത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും, പരമ്പരാഗത ആചാരങ്ങൾ പിന്തുടർന്ന 'അമാം-അ' (Amam-a) എന്നറിയപ്പെടുന്ന പുരുഷന്മാരുടെ സമിതിയിലെ അംഗങ്ങൾക്കാണ് ഈ ബഹുമതി നൽകിയിരുന്നത്. രോഗം ബാധിച്ചോ അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരുടെ ശവപ്പെട്ടികൾ ഇങ്ങനെ അടക്കം ചെയ്യാറില്ല. രോഗത്താലോ അപകടത്താലോ ഉള്ള മരണം നിർഭാഗ്യകരമാണെന്നും, ഇങ്ങനെയുള്ള മരണങ്ങൾ ഗോത്രത്തിന് നിർഭാഗ്യം വരുത്തുമെന്നും വിശ്വസിസമാണ് ഇതിനു അടിസ്ഥാനം. മലയിൽ തൂക്കിയിടുന്ന ശവപ്പെട്ടിയുടെ ഉയരത്തിലും സവിശേഷതയുണ്ട്. ശവപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്ന ഉയരം മരണപ്പെട്ട വ്യക്തിയുടെ സാമൂഹിക പദവിയെയാണ് സൂചിപ്പിക്കുന്നത്. ശവപ്പെട്ടി എത്രത്തോളം ഉയർന്ന സ്ഥാനത്താണോ അത്രത്തോളം ആദരണീയനായിരുന്നു ആ വ്യക്തി.

Summary: The Hanging Coffins of Sagada in the Philippines showcase a unique burial tradition where the deceased are placed in small coffins and suspended on cliffs. Practiced by the Kankanaey people for centuries, this ritual is believed to bring the spirits closer to the heavens.

Related Stories

No stories found.
Times Kerala
timeskerala.com