ലണ്ടൻ നഗരത്തെ വിഴുങ്ങിയ അഗ്നിജ്വാലകൾ, നാലു രാത്രി കൊണ്ട് ലണ്ടനെ ചാരമാക്കി മാറ്റിയ 1666-ലെ മഹാദുരന്തം; ലണ്ടന്റെ ചരിത്രത്തെ മാറ്റിമറിച്ച മഹാ തീപിടിത്തം|The Great Fire of London

The Great Fire of London
Published on

1666, സെപ്റ്റംബർ 2, അതൊരു ഞായറാഴ്ചയായിരുന്നു. വല്ലാത്തൊരു ശാന്തത ലണ്ടൻ നഗരത്തെ വിഴുങ്ങിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി നഗരത്തിലെ മനുഷ്യരുടെ ഉള്ളിൽ തീ പോലെ ഭയം പടർന്നു പിടിക്കാൻ തുടങ്ങിയിട്ട്. മഹാമാരിയായ പ്ലേഗിന്റെ വ്യാപനം കഴിഞ്ഞ ഒരു വർഷം കൊണ്ട് അതീവ രൂക്ഷമായി തുടരുന്നു. ഒരുലക്ഷത്തോളം മനുഷ്യരെയാണ് പ്ലേഗ് ഇല്ലാതെയാക്കിയത്. ലണ്ടൻ നഗരത്തിന്റെ നല്ലൊരു ഭാഗം ജനസംഖ്യയും പ്ലേഗാൽ വലഞ്ഞിരുന്നു. പ്ലേഗ് വ്യാപനം രൂക്ഷമായത്തോടെ നഗരത്തിൽ നിന്നും ധനിക കുടുംബങ്ങൾ മാറിപോയിരുന്നു. അതോടെ നഗരത്തിൽ ഏറെക്കുറെയും അവശേഷിച്ച്ത് സാധുമനുഷ്യരായിരുന്നു. മഹാമാരിയുടെ നടുക്കത്തിൽ നിന്നും കരകയറുന്നതിന് മുൻപ് ലണ്ടൻ നഗരത്തെ തേടി മറ്റൊരു ദുരന്തമെത്തുന്നത് എത്തുന്നു. (The Great Fire of London )

സമയം അർദ്ധരാത്രി കഴിഞ്ഞു കാണും, തേംസ് നദിയുടെ അരികിലെ പുഡ്ഡിംഗ് ലെയ്നിലെ തോമസ് ഫാരിനർ എന്ന ചെറു ബേക്കറിയിൽ നിന്നും പെട്ടന്നായിരുന്നു വല്ലാത്തൊരു പ്രകാശം പരക്കുവാൻ തുടങ്ങിയത്. നിമിഷനേരങ്ങൾക്ക് ഉള്ളിൽ ആ വെളിച്ചം ബേക്കറിയിൽ അകെ പടർന്നു പിടിക്കാൻ തുടങ്ങി. ബേക്കറി ഉടമ തോമസ് ഫാരിനയറും കുടുംബവും ബേക്കറി അഗ്നിക്ക് ഇരയായി എന്ന് മനസ്സിലാക്കി, അതോടെ ബേക്കറിയിൽ ഉണ്ടായിരുന്ന മനുഷ്യർ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി. കണ്ണടച്ചു തുറക്കും മുന്നേ ബേക്കറി കത്തിയമർന്നു. തോമസ് ഫാരിനയറും കുടുംബവും അഗ്നിയിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും അഗ്നി ആളിക്കത്തി തൊട്ടടുത്ത കെട്ടിടങ്ങളിലെക്കും തീ പടർന്നു പിടിക്കാൻ തുടങ്ങി. രാത്രിയായത് കൊണ്ട് തന്നെ നഗരം ഉറക്കത്തിലായിരുന്നു, അതിനാൽ തന്നെ പലരും അഗ്നിബാധ തിരിച്ചറിയാൻ ഏറെ വൈകിയിരുന്നു.

വേനൽക്കാലം കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളു. അന്തരീക്ഷം ആകെ വരണ്ടതായിരുന്നു, ഇതിനെല്ലാം ആക്കംകൂട്ടിക്കൊണ്ട് ശക്തമായ കിഴക്കൻ കാറ്റും വീശി, അതോടെ അഗ്നിഗോളങ്ങൾ പെട്ടാണ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് കത്തിപ്പടർന്നത്. ഇതിനെല്ലാം നിമിഷങ്ങൾ കൊണ്ട് കണ്ണിൽ കണ്ടതിനെയൊക്കെയും അഗ്നി വിഴുങ്ങി. തീയിൽ നിന്നും രക്ഷപെടാൻ പലരും നെട്ടോട്ടമായി. ഉറക്കത്തിലായിരുന്ന പലരും നഗരത്തിൽ പടർന്നു പിടിച്ച തീയെ കുറിച്ച് അറിഞ്ഞിരുന്നില്ല. സ്വന്തം കിടപ്പാടം കത്തിത്തുടങ്ങിയപ്പോഴാണ് പലരും കണ്ണുതുറന്നത്. തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴേക്കും സർവ്വതും കത്തി തീർന്നിട്ടുണ്ടാകും. നഗരത്തിൽ അപായമണികൾ മുഴങ്ങി. തീയിൽ നിന്നും രക്ഷനേടാൻ ജനങ്ങൾ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.

തീ പടർന്നതുപോലെ തന്നെ പരിഭ്രാന്തിയും പടർന്നു. കുടുംബങ്ങൾ തങ്ങൾക്ക് കൊണ്ടുപോകാവുന്നതെല്ലാം എടുത്തുകൊണ്ട് ഓടി. കൈയിൽ കിട്ടിയതും കൊണ്ട് ഓടിയവരും, വിലപ്പിടിപ്പുള്ള വസ്തുക്കൾ മാത്രം കൈകരുതിയവരും, നെഞ്ചിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു ബൈബിൾ മാത്രം കൂടെ എടുത്തവരും ഈ കൂട്ടത്തിൽ ഉണ്ട്. അതിജീവനത്തിനായുള്ള തീവ്രശ്രമത്തിൽ എല്ലാം ഉപേക്ഷിച്ചു ഓടിയവരും ഏറെയാണ്. തേംസ് നദിയിൽ വഞ്ചിയും വള്ളങ്ങളും കൊണ്ട് നിറഞ്ഞു.

അഗ്നിബാധയെ കുറിച്ച് അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ അധികാരികൾ തീ അണയ്ക്കാൻ പല വഴികളും നോക്കി. എന്നാൽ അതൊന്നും തന്നെ ഫലം കണ്ടില്ല. അഗ്നിശമന സേന പോലും നഗരത്തിനുണ്ടായിരുന്നില്ല എന്നത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. വെള്ളം കൊണ്ട് തീകെടുത്തുവാൻ ശ്രമം നടത്തിയെങ്കിലും അത് പൂർണ്ണപരാജയമായിരുന്നു. കാറ്റിന്റെ ദിശയ്ക്ക് അനുസരിച്ച് തീ ത്രീവ്രശക്തിയോടെ ആളിപടർന്നു. നഗരത്തിലെ വീടുകളും കെട്ടിടങ്ങളും തടിയിൽ നിർമ്മിച്ചതായിരുന്നു. അതിനാൽ തന്നെ ഒന്നും അവശേഷിപ്പിക്കാതെ, തീ ആളിക്കത്തിക്കൊണ്ടേയിരുന്നു.

തൊട്ട് അടുത്ത ദിവസമായിട്ടും അഗ്നി കത്തിയൊടുങ്ങിയില്ല. തീജ്വാലകൾ യാതൊരു ദയയും കൂടാതെ എല്ലാം ചുട്ടെരിച്ചു. തീ ലണ്ടൻ പാലവും കടന്ന് സെന്റ് പോൾസ് കത്തീഡ്രലിൽ എത്തി. ലണ്ടനിലെ കെട്ടിടങ്ങളിൽ ഏകദേശം 85 ശതമാനവും കത്തിനശിച്ചു. 13,200 വീടുകൾ, 87 പള്ളികളും, സഭകളും, മദ്യശാലകളും, ജയിലുകൾ മുഴുവനായും വിഴുങ്ങി. ഏകദേശം ഒരു ലക്ഷത്തോളം മനുഷ്യർക്ക് വീടുകൾ നഷ്ടപ്പെട്ടു. അഗ്നിബാധയെ കൂടുതൽ രൂക്ഷമാക്കിയത് അധികാരികളുടെ അലസമായ ഇടപെടലുകളായിരുന്നു. തീയുടെ പാതയിലെ വീടുകൾ നശിപ്പിച്ചാൽ തീ പടർന്നു പിടിക്കുകയില്ല. എന്നാൽ വീടുകൾ ഇടിച്ചു തകർക്കാനായുള്ള ഉത്തരവുകൾ ഏറെ വൈകിയാണ് എത്തിയത്. വെടിമരുന്ന് ഉപയോഗിച്ച് വീടുകളുടെ മുഴുവൻ നിരകളും തകർത്തപ്പോഴേക്കും ലണ്ടൻ നഗരം പാതിയോളം കത്തിക്കഴിഞ്ഞിരുന്നു. സെപ്റ്റംബർ 2 മുതൽ 6 വരെ തുടർച്ചയായി നാല് ദിവസം നഗരം കത്തി.

ഒടുവിൽ തീജ്വാലകൾ അണഞ്ഞപ്പോൾ, ലണ്ടൻ നഗരം തിരിച്ചറിയുവാൻ കഴിയാത്ത വിധം നശിച്ചിരുന്നു. തിരക്കേറിയ തെരുവുകൾ നിശബ്ദമായി. എങ്ങും ചാരം മാത്രം. എല്ലാത്തിനും സാക്ഷി എന്നപോലെ ധൂമം നഗരത്തിൽ നിന്നും ഉയർന്നു പൊങ്ങിക്കൊണ്ടേയിരുന്നു. സെപ്റ്റംബർ ആറായപ്പോഴേക്കും എല്ലാം കെട്ടടങ്ങി. ഔദ്യോഗിക രേഖകൾ പ്രകാരം പത്തിൽ താഴെ മാത്രം മനുഷ്യരാണ് തീപിടിത്തത്തിൽ കൊല്ലപ്പെട്ടത്. യഥാർത്ഥ മരണസംഖ്യ ഇതിലും പത്തിരട്ടിയാണ് എന്നാണ് കരുതുന്നത്. സാധാരണക്കാരോ പട്ടിണി പാവങ്ങളോ മരണപ്പെട്ടതായി എങ്ങും രേഖപ്പെടുത്തിയിരുന്നില്ല. ലണ്ടൻ നഗരം മുഴുവൻ നശിച്ചെങ്കിലും, അതൊരു പുനർജന്മമായിരുന്നു നഗരത്തിന്. മരവീടുകൾക്ക് പകരം, കല്ലും ഇഷ്ടികയും കൊണ്ട് വീടുകൾ പണിയാൻ തുടങ്ങി. വാസ്തുശില്പിയായിരുന്ന സർ ക്രിസ്റ്റഫർ റെനിനായിരുന്നു നഗരത്തിന്റെ പുനർനിർമ്മാണത്തിന്റെ ചുമതല. പുതിയ സെന്റ് പോൾസ് കത്തീഡ്രൽ പ്രതിരോധത്തിന്റെ പ്രതീകമായി മാറി. 1666-ലെ ഗ്രേറ്റ് ഫയർ ഓഫ് ലണ്ടൻ, അത് വലിയൊരു പാഠമായി മാറി. ലണ്ടനിലെ മഹാ തീപിടുത്തത്തിന്റെ സ്മാരകമായി 'ദി മോണ്യുമെന്റ്' സ്ഥാപിച്ചു. തീ പിടിത്തം നടന്നു 359 വർഷങ്ങ്ൾക്ക് ഇപ്പുറവും എങ്ങനെയാണ് തീ പൊട്ടിപ്പുറപ്പെട്ടത് എന്ന് വ്യക്തമല്ല. പ്ലേഗിനെ തടയുൻ വേണ്ടി മനഃപൂർവം സൃഷ്ട്ടിച്ച അഗ്നിബാധയാണ് ഇതെന്നാണ് പലരും വധിച്ചിരുന്നത്.

Summary: The Great Fire of London broke out on September 2, 1666, in Thomas Farriner’s bakery on Pudding Lane. Fueled by dry weather, wooden houses, and strong winds, the fire raged for four days, destroying nearly 13,200 houses, 87 churches, and St. Paul’s Cathedral. About 70,000 people were left homeless.

Related Stories

No stories found.
Times Kerala
timeskerala.com