
മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട വളർത്തുമൃഗമാണ് പൂച്ചകൾ. പലരും സ്വന്തം മക്കളെ പോലെയാണ് പൂച്ചകളെ വളർത്തുന്നത്. എന്നാൽ, ഒരുകൂട്ടം മനുഷ്യർ കൂട്ടത്തോടെ ഒരു പട്ടണത്തിലെ പൂച്ചകളെ കൊന്നൊടുക്കുന്നു. കേൾക്കുമ്പോൾ ഒരൽപം സങ്കടം തോന്നാമെങ്കിലും ഒരുകാലത്ത് ഫ്രാൻസിലെ തെരുവുകളിൽ അരങ്ങേറിയ സംഭവമാണ് ഇത്. മുതലാളി വർഗ്ഗത്തിന് എതിരെ തൊഴിലാളികൾ നടത്തിയ ഒരു പോരാട്ടമായിരുന്നു പൂച്ചകളുടെ കുരുതിയിലേക്ക് വഴിവച്ചത്. 18-ാം നൂറ്റാണ്ടിൽ പാരീസിലെ ഒരു പ്രിന്റിങ് പ്രസ്സിലെ തൊഴിലാളികളാണ് പൂച്ചകളെ കൂട്ടമായി കൊന്നൊടുക്കിയത്. ( The Great Cat Massacre)
1730-കളിലെ പാരീസിലെ, റൂ സെന്റ്-സെവറിൻ എന്ന തെരുവിലെ ഒരു പ്രിന്റിങ് പ്രെസ്സിലാണ് സംഭവങ്ങളുടെ തുടക്കം. പ്രിന്റിങ് പ്രെസ്സിലെ ഉടമയുടെ കീഴിൽ ജോലി ചെയ്തിരുന്ന അപ്രന്റീസുമാരും തൊഴിലാളികളും കടുത്ത ചൂഷണം നേരിടേണ്ടി വരുന്നു. പ്രെസ്സിലെ അപ്രന്റീസുകൾക്ക് നൽകിയിരുന്നത് തുച്ഛമായ വേതനമായിരുന്നു. കുടുംബം കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള വരുമാനം മാത്രമാണ് അവർക്ക് ലഭിച്ചിരുന്നത്. ഇവർക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിന്റെ അവസ്ഥ തീർത്തും ദയനീയമായിരുന്നു. തൊഴിലാളികൾക്ക് കഴിക്കാൻ നൽകിയിരുന്നത് ചീഞ്ഞളിഞ്ഞ മാംസാവശിഷ്ടങ്ങളായിരുന്നു. എന്നാൽ, പ്രെസ്സിലെ വേലക്കാരിയുടെ പൂച്ചക്ക് പോലും കഴിക്കാൻ നൽകിയിരുന്നത് നല്ല ഭക്ഷണമായിരുന്നു.
തങ്ങൾ നേരിടുന്ന വിവേചനങ്ങൾക്ക് എതിരെ തൊഴിലാളികൾ പലപ്പോഴും പ്രതികരിക്കാൻ ശ്രമിച്ചുവെങ്കിലും അതൊന്നും ഉടമയോ അയാളുടെ ഭാര്യയോ ചെവികൊണ്ടിരുന്നില്ല. തൊഴിലാളികളുടെ ആവശ്യങ്ങളേക്കാൾ അവർ പ്രാധാന്യം നൽകിയത് അവരുടെ വളർത്ത് പൂച്ചക്കായിരുന്നു. തൊഴിലാളികൾക്ക് ഒരുനേരം പോലും കഴിക്കാൻ നല്ല ഭക്ഷണം ലഭിച്ചിരുന്നില്ല, എന്നാൽ മുതലാളിയുടെ ഭാര്യയുടെ പൂച്ചക്ക് നാലു നേരം മൃഷ്ടാന ഭോജനമായിരുന്നു. ഇത് പലപ്പോഴും തൊഴിലാളികളെ നന്നേ ചൊടിപ്പിച്ചിരുന്നു. പൂച്ചകൾക്ക് തങ്ങളെക്കാൾ മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നു എന്ന ചിന്ത തൊഴിലാളികളിൽ അങ്ങേയറ്റം അമർഷമുണ്ടാക്കി.
പകലുമുഴുവൻ പണിയെടുത്ത ശേഷം രാത്രി സമാധാനത്തോടെ ഉറങ്ങാം എന്ന് കരുതി വന്നാൽ അതും നടക്കില്ല. രാത്രിയിൽ തെരുവുപൂച്ചകളുടെ കരച്ചിൽ കാരണം തൊഴിലാളികൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥ മുതലെടുത്ത് കൊണ്ട്, തൊഴിലാളികളിൽ ഒരാൾ പൂച്ചയുടെ സ്വരത്തിൽ മുതലാളിയുടെ ഉറക്കം കെടുത്തി. അങ്ങനെ രാത്രികാലം മുതലാളിയുടെ ഉറക്കവും ഇല്ലാതെയായി. അതോടെ പൂച്ചകൾ മന്ത്രവാദിനികളാണ് എന്ന് മുതലാളിയും ഭാര്യയയും വിശ്വസിക്കുന്നു. ഒടുവിൽ, പൂച്ചശല്യം സഹിക്കാനാവാതെ വന്ന മുതലാളി, അവയെ ഒഴിവാക്കാൻ അപ്രന്റീസുമാർക്ക് ഉത്തരവ് നൽകി.
ഉത്തരവ് കിട്ടാൻ കാത്തിരുന്നത് പോലെ തൊഴിലാളികൾ നാടാകെ പൂച്ചകളെ കൊല്ലാൻ വേണ്ടി ഇറങ്ങി. ബൂർഷ്വാകളോട് തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രതികാരം എന്ന വണ്ണം ആദ്യം തന്നെ മുതലാളിയുടെ പൂച്ചയെ തന്നെ അവർ കൊല്ലുന്നു. എന്ത് വന്നാലും തന്റെ പൂച്ചയെ മാത്രം ഒന്ന് ചെയ്യരുതേ എന്ന മുതലാളിയുടെ വാക്കിനെ പൂർണ്ണമായും ധിക്കരിച്ച് കൊണ്ടാണ് തൊഴിലാളികൾ ഇതിന് മുതിർന്നത്. തെരുവിലെയും പ്രസ്സിലെയും പൂച്ചകളെ പിടികൂടി, മന്ത്രവാദത്തിന് ശിക്ഷിക്കപ്പെട്ടവരെ പോലെ അവയെ കെട്ടിത്തൂക്കുകയും തല്ലി കൊല്ലുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തമാശയായാണ് അവർ തൊഴിലാളികൾ ഇതിനെ കണ്ടത്. ഈ 'തമാശ'ക്ക് പിന്നിൽ ആഴത്തിലുള്ള സാമൂഹിക വിമർശനങ്ങളുണ്ടായിരുന്നു. അലസതയുടെയും സമ്പത്തിന്റെയും പ്രതീകമായ മുതലാളിയുടെ പൂച്ചകളെ കൊന്നുകൊണ്ട് തൊഴിലാളികൾ പ്രതികാരം വീട്ടി.
കൂടാതെ, അക്കാലത്തെ നാടോടി വിശ്വാസങ്ങളിൽ പൂച്ചകളെ മന്ത്രവാദമായും അവിഹിത ബന്ധങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നതിനാൽ, പൂച്ചകളെ തൂക്കിലേറ്റിയത് മുതലാളിയുടെ ഭാര്യയെ 'ദുർമന്ത്രവാദിനി' എന്നോ 'ദുർന്നടപ്പുകാരി' എന്നും വിശേഷിപ്പിക്കുന്നതിന് തുല്യമായിരുന്നു. നിയമപരമായി അവകാശങ്ങൾ നേടാൻ കഴിയാത്ത ഒരു വർഗ്ഗം നാടോടി ആചാരങ്ങളിലൂടെയും 'തമാശകളിലൂടെയും' വിപ്ലവം പ്രഖ്യാപിച്ച നിമിഷമായിരുന്നു അത്. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തിൽ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് തൊഴിലാളിവർഗ്ഗവും ബൂർഷ്വാകൾക്കും ഇടയിൽ വളർന്നുവന്ന വർഗ്ഗ വിടവും അധികാരത്തോടുള്ള നീരസവും ഈ ഒരൊറ്റ സംഭവത്തിലൂടെ മനസിലാക്കാൻ കഴിയും.
അന്ന് ഈ പൂച്ചകളുടെ ഈ കൂട്ടകുരുതിയിൽ ഭാഗമായ നിക്കോളാസ് കോണ്ടാറ്റ് എന്ന അപ്രന്റീസ് പിൽകാലത്ത് രചിച്ച ഓർമ്മക്കുറിപ്പുകളായ അനെക്ഡോട്ട്സ് ടൈപ്പോഗ്രാഫിക്സ് എന്നതിൽ ഈ സംഭവത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രധാന രാഷ്ട്രീയ സംഭവം എന്ന നിലയിലല്ല, മറിച്ച് അമേരിക്കൻ ചരിത്രകാരനായ റോബർട്ട് ഡാർട്ടൺ തന്റെ "ദി ഗ്രേറ്റ് ക്യാറ്റ് മാസാക്കർ ആൻഡ് അദർ എപ്പിസോഡ്സ് ഇൻ ഫ്രഞ്ച് കൾച്ചറൽ ഹിസ്റ്ററി" (The Great Cat Massacre and Other Episodes in French Cultural History) എന്ന പുസ്തകത്തിൽ, വിപ്ലവത്തിനു മുമ്പുള്ള ഫ്രാൻസിലെ തൊഴിലാളിവർഗത്തിന്റെ സംസ്കാരം, സാമൂഹിക സംഘർഷങ്ങൾ, മാനസികാവസ്ഥ എന്നിവ വിശകലനം ചെയ്യാൻ ഈ വിവരണം ഉപയോഗിച്ചതിനാലാണ് ഈ സംഭവം ചരിത്രപരമായ പ്രാധാന്യം നേടിയത്.
Summary: In 18th-century Paris, a group of printing press apprentices staged a bizarre protest by killing cats, symbolizing their anger toward their exploitative bourgeois masters. This gruesome act, known as The Great Cat Massacre, was a form of social satire reflecting deep class resentment and injustice in pre-revolutionary France. Historian Robert Darnton later interpreted the incident as a powerful window into the mindset and struggles of the working class before the French Revolution.