

1959 ഫെബ്രുവരിയിൽ സോവിയറ്റ് യൂണിയനിലെ (ഇന്നത്തെ റഷ്യ), യുറൽ പർവതനിരകളിൽ ദുരൂഹമായ സാഹചര്യത്തിൽ ഒമ്പത് വിദ്യാർത്ഥികൾ മരണപ്പെടുന്നു. അനുഭവസമ്പന്നരായ ആ പർവ്വതാരോഹകരുടെ മരണം ഇന്നും നിഗൂഢമായി തുടരുന്നു. ഡയറ്റ്‌ലോവ് പാസ് സംഭവം (Dyatlov Pass Incident) എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഭവം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട പർവ്വതാരോഹണ ഏടുകളിൽ ഒന്നാണ്.
മരണത്തിലേക്കുള്ള യാത്ര
യൂറൽ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ അഞ്ചാം വർഷ വിദ്യാർത്ഥികളായ ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളും ചേർന്നതായിരുന്നു അവരുടെ ജീവിതത്തിലെ അവസാന യാത്രക്ക് ഒരുങ്ങിയത്. 23 വയസുകാരനായ ഇഗോർ ഡയറ്റ്‌ലോവ് ആയിരുന്നു സംഘത്തിന് നേതൃത്വം നൽകിയത്. പർവതാരോഹണത്തിൽ പ്രാവീണ്യമുള്ള ധൈര്യവാനായ യുവാവ്, അതായിരുന്നു ഇഗോർ ഡയറ്റ്‌ലോവ്. ഇഗോറിന്റെ സംഘത്തിലെ ഓരോ അംഗവും സ്കീ ടൂർ പരിചയമുള്ള പരിചയസമ്പന്നരായ ഗ്രേഡ് II-ഹൈക്കർമാരായിരുന്നു. യൂറൽ പർവതനിരകളിലെ ഏറ്റവും ദുഷ്കരമായ 'ഗ്രേഡ് III' റൂട്ട് പൂർത്തിയാക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
റഷ്യയിലെ യുറൽ പർവതനിരകളിലെ ഒരു നഗരമായ സ്വെർഡ്ലോവ്സ്കിൽ (ഇപ്പോൾ യെക്കാറ്റെറിൻബർഗ് എന്നറിയപ്പെടുന്നു) നിന്നാണ് സംഘം അവരുടെ യാത്ര ആരംഭിക്കുന്നത്. എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം ജനുവരി 23 ഓടെ യാത്ര ആരംഭിക്കുന്നു. എന്നാൽ യാത്രാമധ്യേ, സംഘത്തിലെ ഒരാൾ ശാരീരികമായി ചില ബുദ്ധിമുട്ടുകൾ നേരിടുകയുണ്ടായി. അതോടെ ദൗത്യം ഉപേക്ഷിച്ച് കൊണ്ട് പത്താമൻ മടങ്ങുന്നു. അങ്ങനെ, ബാക്കി ഒൻപത് പേർ ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടെൻ പർവതത്തിലേക്ക് നീങ്ങി. ഫെബ്രുവരി 1-ന് മോശം കാലാവസ്ഥ കാരണം, പ്രാദേശികമായി 'മരണ പർവ്വതം' (ഖോലാത് സ്യാഖ്ൽ) എന്നറിയപ്പെടുന്ന ഒരു ചരിവിൽ താൽക്കാലികമായി തമ്പടിക്കാൻ അവർ തീരുമാനിച്ചു. അന്ന്രാ ത്രി അവർ അവിടെ ചിലവഴിച്ച ശേഷം അടുത്ത പകൽ തന്നെ യാത്ര തുടരാം എന്നായിരുന്നു സംഘത്തിന്റെ തീരുമാനം. മഞ്ഞിൽ കുഴിയെടുത്ത് അവർ ടെന്റ് സ്ഥാപിക്കുകയും രാത്രി ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതായിരുന്നു അവരുടെ അവസാന രാത്രി.
1959 ഫെബ്രുവരി 12-ഓടെ ഹൈക്കിംഗ് പൂർത്തിയാക്കി വിഷായ് ഗ്രാമത്തിൽ എത്തിച്ചേരേണ്ടതായിരുന്നു ആ സംഘം. യാത്ര ആരംഭിക്കുന്നതിനു മുമ്പ്, തന്നെ വിഷായിൽ എത്തിച്ചേർന്നാൽ ഉടൻ തന്നെ യുറൽ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ അവരുടെ സ്പോർട്സ് ക്ലബ്ബിലേക്ക് ഒരു ടെലിഗ്രാം അയക്കും എന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, പറഞ്ഞ സമയം ഏറെ കഴിഞ്ഞിട്ടും സംഘത്തെ കുറിച്ച് യാതൊരു വിവരം ലഭിക്കുന്നില്ല. ടെലിഗ്രാം അയക്കുകയോ, അവർ സുരക്ഷിതമായി എത്തിച്ചേർന്നോ എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥ. അതോടെ, ആശങ്കയിലായ വീട്ടുകാർ പോലീസിൽ പരാതിപ്പെടുന്നു. അതോടെ 1959 ഫെബ്രുവരി 20ന് , അന്വേഷണസംഘം ഇഗോറിനെയും സംഘത്തെയും തേടി യാത്രതിരിച്ചു.
ഫെബ്രുവരി 26 ന് സംഘം ക്യാമ്പ് ചെയ്ത സ്ഥലത്തേക്ക് അന്വേഷണം സംഘം എത്തിച്ചേരുന്നു. സംഭവ സ്ഥലത്ത് എത്തുന്ന അന്വേഷണ സംഘം കാണുന്നത്, ഒരു വശത്ത് അകത്ത് നിന്ന് കീറിമുറിച്ച നിലയിലുള്ള ടെന്റുകളായിരുന്നു. ടെന്റിനുള്ളിൽ ഷൂസുകളും, കമ്പിളിവസ്ത്രങ്ങളും, മറ്റ് അവശ്യവസ്തുക്കളും അടുക്കി വെച്ചിരിക്കുന്നു. എന്നാൽ ടെന്റിനുള്ളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്തിനെയോ ഭയന്ന് കൊണ്ട് ടെന്റിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടിയ ലക്ഷണങ്ങളായിരുന്നു. ടെന്റിനു പുറത്തായി മഞ്ഞിൽ പതിഞ്ഞ കാൽപാടുകൾ, ഈ കാൽപാടുകൾ പിന്തുടർന്ന് പോകാൻ പോലീസ് ശ്രമിച്ചുവെങ്കിലും പാതിവഴിയിൽ എവിടേക്ക് എന്നില്ലാതെ കാൽപാടുകൾ മാഞ്ഞ് പോകുന്നു.
അന്വേഷണത്തിനിടെ, മഞ്ഞുമൂടിയ നിലയിൽ ഒരു മൈൽ അകലെ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇരുവരും നഗ്നപാദരായിരുന്നു, കൂടാതെ അൽപവസ്ത്രവുമായിരുന്നു മൃതദേഹങ്ങളിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾക്ക് സമീപം തീകൂട്ടിയതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിൽ, മൂന്നു പേരുടെ മൃതദേഹം കൂടി ലഭിക്കുന്നു. മെയ് മാസത്തിൽ മഞ്ഞ് ഉരുകാൻ തുടങ്ങിയപ്പോൾ നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടുന്നത്.
മൃതദേഹങ്ങളിലെ ദുരൂഹത
ആദ്യത്തെ അഞ്ച് മൃതദേഹങ്ങൾ ടെന്റിനും വനത്തിനും ഇടയിലുള്ള പ്രദേശങ്ങളിൽ നിന്നാണ് കണ്ടുകിട്ടുന്നത്. ഇവരെല്ലാം തണുത്തുറഞ്ഞത് (ഹൈപ്പോതെർമിയ) മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. എന്നാൽ, മഞ്ഞ് ഉരുകി മാസങ്ങൾക്ക് ശേഷം വനത്തിനടുത്തുള്ള ഒരു അരുവിയിൽ നിന്ന് ശേഷിക്കുന്ന നാല് മൃതദേഹങ്ങൾ കണ്ടെത്തിയത് സംഭവത്തിന് പുതിയൊരു ദുരൂഹത മാനം നൽകി. ഇവരിൽ മൂന്ന് പേരുടെ തലയ്ക്കും നെഞ്ചിനും ഗുരുതരമായ ആന്തരിക പരിക്കുകൾ ഏറ്റിരുന്നു. ഒരു വാഹനാപകടത്തിൽ ഉണ്ടാകുന്ന പരിക്കുകൾക്ക് സമാനമായിരുന്നു ചിലരുടെ ശവശരീരത്തിലെ ഒടിവുകളൂം മുറിവുകളും. ഇത് കൂടാതെ സംഘത്തിലെ ഒരു സ്ത്രീയുടെ നാക്ക് പിഴുതെടുത്ത നിലയിലായിരുന്നു. മറ്റൊരാളുടെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലും. കൊടും തണുപ്പിലും ചിലരുടെ ശവശരീരത്തിൽ അടിവസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ രാത്രിയിലെ താപനില മൈനസ് 13 മുതൽ മൈനസ് 22 ഡിഗ്രി ഫാരൻഹീറ്റ് വരെയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ നിന്നും എല്ലാവരും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നതിന് ഇടയിലാകും സംഘം കൊല്ലപ്പെട്ടത് എന്നായിരുന്നു പോലീസിന്റെ പ്രഥാമിക നിഗമനം. എന്നാൽ ആരാണ് ആക്രമിച്ചത്? പോലീസിന്റെ കണ്ണിലെ ഏക തെളിവ്, ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തമായിരിക്കാം മരണകാരണം എന്നതായിരുന്നു. മെയ് മാസത്തിൽ അവസാനത്തെ മൃതദേഹം കണ്ടെത്തിയപ്പോൾ സോവിയറ്റ് പോലീസ് കേസ് അവസാനിപ്പിച്ചു. സോവിയറ്റ് യൂണിയൻ ഈ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ വളരെ രഹസ്യമായ ഒരു 'ക്ലാസിഫൈഡ്' രേഖയായി വർഷങ്ങളോളം സൂക്ഷിച്ചു. 1959-ൽ ഔദ്യോഗിക അന്വേഷണം മരണകാരണം "ശക്തമായ ഒരു പ്രകൃതിശക്തി"യാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേസ് അവസാനിപ്പിച്ചു. എന്നിരുന്നാലും, ഈ അവ്യക്തമായ നിഗമനം വിവിധ അനുമാനങ്ങൾക്ക് വാതിൽ തുറന്നു.
പർവത ഗോത്ര വിഭാഗമായ മാൻസി കൊലപ്പെടുത്തിയതാകാം സംഘത്തെയെന്നായിരുന്നു ഒരു നിഗമനം. അന്നേ രാത്രി സമീപ ക്യാമ്പുകളിൽ ഉണ്ടായിരുന്നവർ ആകാശത്ത് ഓറഞ്ച് നിറത്തിലുള്ള വെളിച്ചഗോളങ്ങൾ കണ്ടതായി സാക്ഷ്യം നൽകിയിരുന്നു. പിന്നീട് മൃതദേഹങ്ങളിൽ റേഡിയോ ആക്ടിവ് ഘടകങ്ങൾ കണ്ടെത്തിയതോടെ ഈ സിദ്ധാന്തം ശക്തമായി. സോവിയറ്റ് യൂണിയൻ അന്നത്തെ കാലത്ത് പുതിയ ആയുധപരീക്ഷണങ്ങൾ നടത്തി വരികയായിരുന്നു. അതിൽ കുടുങ്ങിയതാകാം ഈ സംഘം എന്ന് കരുതപ്പെട്ടു.
വർഷങ്ങളുടെ ഊഹാപോഹങ്ങൾക്ക് ശേഷം, 2021-ൽ സ്വിസ് ശാസ്ത്രജ്ഞർ നടത്തിയ ഒരു ശാസ്ത്രീയ പഠനം ദുരൂഹമരങ്ങൾക്ക് കൂടുതൽ വെളിച്ചം നൽകി. താരതമ്യേന കുറഞ്ഞ ചരിവ് ഉണ്ടായിരുന്നിട്ടും, സംഘം ടെന്റ് സ്ഥാപിക്കാൻ മഞ്ഞിൽ വെട്ടിയ ഒരു ദ്വാരവും, കാറ്റുമൂലം മഞ്ഞിന്റെ ഭാരവും ഒരു ചെറിയ ഐസ് സ്ലാബ് പൊട്ടി കൂടാരത്തിലേക്ക് വീഴാൻ കാരണമായി. ഈ ആഘാതത്തിൽ ഉറങ്ങിക്കിടക്കുന്ന ചിലർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. ഇതോടെ, പരിഭ്രാന്തരായ സംഘത്തിന് വസ്ത്രങ്ങൾ അഴിക്കാൻ സമയമില്ലായിരുന്നു, അതിനാൽ അവർ ടെന്റ് കീറി രക്ഷപ്പെടാൻ പുറത്തേക്ക് ചാടി. ടെന്റിന് പുറത്തുള്ള അതിശൈത്യവും പരിഭ്രാന്തി കാരണം എടുത്ത മോശം തീരുമാനങ്ങളും ഒടുവിൽ അവരുടെ മരണത്തിലേക്ക് നയിച്ചു. ഈ സിദ്ധാന്തം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ടെങ്കിലും, നാവ് നഷ്ടപ്പെട്ടത് പോലുള്ള ചില നിഗൂഢ ഘടകങ്ങൾ ഇപ്പോഴും പൂർണ്ണമായി വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഈ ദുരന്തം ഒരു ഭയാനകമായ പ്രകൃതി പ്രതിഭാസത്തിന്റെ ഫലമാണെന്ന് ശാസ്ത്രീയ കണക്കുകൂട്ടലുകളും തെളിവുകളും സൂചിപ്പിക്കുന്നു.
Summary: The Dyatlov Pass Incident of 1959 remains one of the most baffling mysteries in modern history. Nine experienced hikers died under mysterious and unexplained circumstances in Russia’s Ural Mountains. Even after six decades, the case continues to spark debate, theories, and investigations worldwide.