

ഇന്തോനേഷ്യയിലെ യോഗ്യകാർത്ത നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രംബനൻ ക്ഷേത്ര സമുച്ചയം (Prambanan Temple) ചരിത്രത്തിന്റെ ശേഷിപ്പായി തകർന്നടിഞ്ഞ കൂമ്പാരത്തിനിടയിൽ തലയുയർത്തി നിൽക്കുന്ന ഒരു അത്ഭുതമാണ്. 1, 200 വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിന് അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും മൂലം തകർന്ന ഒരു ഹിന്ദു സാമ്രാജ്യത്തിന്റെ കഥപറയാനുണ്ട്. നൂറിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്ഭുത ഭൂമി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ്. കൽ തൂണുകളും, പാതിതകർന്ന ചുമരുകളും മകുടങ്ങളില്ലാത്ത ശ്രീകോവിലുകളുമായി, ഒരു യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അവശേഷിപ്പ് എന്നപോലെ നിലകൊള്ളുന്ന ഒരു ക്ഷേത്രം.
ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്ര സമുച്ചയം, പുരാണങ്ങളും ചരിത്രവും ഇഴചേർന്ന്, വിസ്മയത്തിന്റെയും ഭക്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്ന ഭൂതകാലത്തിലേക്ക് ഒരു നേർക്കാഴ്ച്ചയാണ്. പുരാതന ജാവയിലെ ഹൈന്ദവ കലയുടെയും വാസ്തുവിദ്യയുടെയും മഹത്വത്തെ പ്രതിനിധീകരിക്കുന്ന 240 ക്ഷേത്ര ഘടനൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രംബനൻ ക്ഷേത്ര സമുച്ചയങ്ങൾ. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് പ്രംബനൻ. ഏഷ്യയിലെ ഏറ്റവും വലിയ ശിവക്ഷേത്രത്തിന്റെ സ്ഥാനവും ഇവിടെയാണ്.
ഇന്തോനേഷ്യയുടെ ഹൈന്ദവ സ്വാധീനത്തിന്റെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്ന പ്രംബന ക്ഷേത്ര സമുച്ചയത്തിൽ സങ്കീർണ്ണമായ കൊത്തുപണികളും ഉയർന്ന ഗോപുരങ്ങളും കാണുവാൻ സാധിക്കുന്നതാണ്. 9-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്ര സമുച്ചയത്തിൽ ത്രിമൂർത്തികൾക്കായി സമർപ്പിച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിൽ ഏറ്റവും വലുത്ത്, ക്ഷേത്ര സമുച്ചയത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന 47 മീറ്റർ ഉയരമുള്ള ശിവക്ഷേത്രമാണ്. വിഷ്ണുവിന്റെ ശ്രീകോവിലിലെ പ്രതിഷ്ഠ ശ്രീരാമനായി സങ്കൽപ്പിക്കപ്പെടുന്നു. ക്ഷേത്രസമുച്ചയത്തിൽ ഇന്ന് പൂജകളോ അലങ്കാരങ്ങളോ ഇല്ലെങ്കിലും, ഇവയെല്ലാം പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു നൽകിയിട്ടുണ്ട്.
പ്രംബനന്റെ ഏറ്റവും വലിയ പ്രത്യേകത, അതിന്റെ ചുവരുകളിൽ കല്ലിൽ കൊത്തിയെടുത്ത രാമായണ കഥകളുടെ ശില്പങ്ങളാണ്. പ്രധാന ശ്രീകോവിലിന് ചുറ്റുമുള്ള വലിയ ബാൽക്കണികളിൽ, ഒരു ചിത്രപുസ്തകം പോലെയാണ് രാമായണ കഥാസന്ദർഭങ്ങൾ കൊത്തിവച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രചാരത്തിലുള്ള രാമായണത്തിൽ നിന്ന് വ്യത്യസ്തമായി, ഇത് പ്രംബനൻ രാമായണം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. രാമലക്ഷ്മണന്മാരെ നാഗാസ്ത്രം ചുറ്റുന്ന രംഗം, കുംഭകർണനെ ഉണർത്തുന്ന രംഗം, രാവണൻ പുഷ്പകവിമാനത്തിൽ യുദ്ധം ചെയ്യുന്ന രംഗം, എന്നിങ്ങനെ ഓരോ രംഗവും കൃത്യതയോടെ ഇവിടെ ശില്പങ്ങളിൽ പ്രതിഫലിക്കുന്നു. ഈ ശില്പങ്ങൾ വെറും കല്ലിൽ കൊത്തിയ രൂപങ്ങൾമാത്രമല്ല, കാലത്തെ മറികടന്ന് ശിലാകാവ്യങ്ങളാണ്.
93 ശതമാനത്തോളം മുസ്ലീങ്ങൾ അധിവസിക്കുന്ന ഇന്തോനേഷ്യയിൽ, ഒരു ഹൈന്ദവ ക്ഷേത്ര സമുച്ചയം പുനർനിർമ്മിച്ച് കൊണ്ട് ലോകത്തിന് തന്നെ മാതൃകയാക്കുകയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നശിപ്പിക്കപ്പെട്ട 240 ഓളം ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ഈ സമുച്ചയം പുനർനിർമ്മിക്കുന്ന പ്രക്രിയ 94 വർഷമായി തുടരുകയാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സ്മാരക പുനരുദ്ധാരണങ്ങളിലൊന്നാണ് ഇന്തോനേഷ്യ നടത്തുന്നത്.
Summary: Prambanan Temple, located in Yogyakarta, Indonesia, is the largest Hindu temple complex in the country and a UNESCO World Heritage Site. Built in the 9th century, it is dedicated to the Hindu Trimurti — Brahma, Vishnu, and Shiva — with intricate stone carvings depicting scenes from the Ramayana.