

ഡിസംബർ 15, 1900. സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത്, അറ്റ്ലാന്റിക് സമുദ്രത്തിന്റെ അലകൾ ആഞ്ഞടിക്കുന്ന ഫ്ളാനൻ ദ്വീപസമൂഹത്തിലെ 'എലീൻ മോർ' എന്ന ഒറ്റപ്പെട്ട തുരുത്ത്. അവിടെ, കടലിന് കാവലായി നിൽക്കുന്ന ഒരു വിളക്കുമാടം. 37 മീറ്ററോളം ഉയരമുണ്ട് ഈ വിളക്കുമാടത്തിന്. തിരമാലകളെയും കൊടുങ്കാറ്റിനെയും മറികടന്ന് കപ്പലുകൾക്ക് വഴികാട്ടേണ്ട ആ വിളക്കുമാടം അന്ന് നിർജീവമായിരുന്നു. തോമസ് മാർഷൽ, ജയിംസ് ഡക്കറ്റ്, ഡൊണാൾഡ് മക്ആർതർ എന്നീ മൂന്ന് കാവൽക്കാരായിരുന്നു വിളക്കുമാടത്തിന്റെ മേൽനോട്ടത്തിനായി അവിടെ ഉണ്ടായിരുന്നത്. ഈ മൂന്ന് പേരും ഒരുമിച്ച് വിളക്കുമാടത്തിൽ തന്നെയാണ് താമസം. ഒരാൾ ഇല്ലായെങ്കിൽ മറ്റൊരാളെങ്കിലും വിളക്ക് തെളിയിക്കേണ്ടതാണ്. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചതുമില്ല. കടലിന്റെ വന്യമായ ശക്തിക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ഓർമ്മിപ്പിച്ച് കൊണ്ട്, ആ വെളിച്ചം നിലച്ചത് വരാനിരിക്കുന്ന ദുരന്തത്തിന്റെ ആദ്യ സൂചന മാത്രമായിരുന്നു. (The Disappearance of the Flannan Isle Lighthouse Keepers).
കപ്പലുകൾക്ക് വഴികാട്ടിയാക്കേണ്ട വിളക്കുമാടം തെളിയാത്തത് കപ്പൽ യാത്രികരിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഡിസംബർ 15-ന് തന്നെ വിളക്ക് അണഞ്ഞതായി ഒരു കപ്പൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, മോശം കാലാവസ്ഥയെ തുടർന്ന് ഉടൻ പരിശോധനയ്ക്ക് അധികൃതർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ക്രിസ്തുമസ് കഴിഞ്ഞ തൊട്ടടുത ദിവസം തന്നെ, അന്ന് ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന ജോസഫ് മൂർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരുമായി 'ഹെസ്പെരസ്'എന്ന കപ്പലിൽ ദ്വീപിലെത്തി. എന്നാൽ കപ്പലിൽ എത്തിയവരെ സ്വീകരിക്കാൻ ആരും തന്നെ വിളക്കുമാടത്തിൽ നിന്നും പുറത്തു വന്നിരുന്നില്ല. അങ്ങനെ കപ്പലിൽ ഉണ്ടായിരുന്ന ജോസഫ് മൂർ തന്നെ വിളക്കുമാടത്തെ ലക്ഷ്യമാക്കി നടന്നു.
ദ്വീപിൽ കാൽ കുത്തിയപ്പോൾ തന്നെ ഒരു അസ്വാഭാവികത ജോസഫ് മൂറിന് അനുഭവപ്പെട്ടിരുന്നു. വിളക്കുമാടത്തിന്റെ പുറത്തെ ഗേറ്റ് പൂട്ടാതെ തുറന്നു കിടക്കുന്നു, അകത്തെ വാതിലും ചാരിയിട്ടിരിക്കുന്നു. അടുക്കളയിൽ, ആരോ പാതി കഴിച്ച ഭക്ഷണം മേശപ്പുറത്തുണ്ട്, ഒരു കസേര മറിഞ്ഞു കിടക്കുന്നു. തണുപ്പു കാലത്ത് അവർ ധരിക്കുന്ന ഓയിൽസ്കിൻ കോട്ടുകൾ പതിവ് സ്ഥാനത്തില്ല. വിളക്കുമാടത്തിനുള്ളിൽ അസ്വസ്ഥമായ അന്തരീക്ഷം നിറഞ്ഞു നിന്നെങ്കിലും, മൽപ്പിടുത്തത്തിന്റെയോ വലിയ നാശനഷ്ടത്തിന്റെയോ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ആ മൂന്ന് കാവൽകർക്കും ഇവിടെ വെച്ച് എന്തോ അത്യാഹിതം സംഭവിച്ചു, അവർക്ക് രക്ഷപ്പെടാൻ പോലും സമയം ലഭിച്ചിരുന്നില്ല എന്ന് ജോസഫ് മൂറിന് വ്യക്തമായി.
അങ്ങനെ ഡിസംബർ 29 ന് വിളക്കുമാടത്തിന്റെ സൂപ്രണ്ടായ റോബർട്ട് മ്യൂർഹെഡ് ദ്വീപിൽ വിശദമായ അന്വേഷണത്തിന് നേരിട്ടെത്തുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിൽ, ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തെ ലാൻഡിംഗ് സ്റ്റേജിൽ കടൽക്ഷോഭത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി കണ്ടെത്തി. 34 മീറ്റർ ഉയരത്തിലുള്ള ഒരു വലിയ പെട്ടി തകർന്ന് സാധനങ്ങൾ ചിതറിക്കിടന്നു, ഇരുമ്പിന്റെ കൈവരികൾ വളഞ്ഞിരുന്നു. ഒരു ടണ്ണിലധികം ഭാരമുള്ള പാറ പോലും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരുന്നു. ഒരുപക്ഷെ കടൽക്ഷോഭത്തിൽ അകപ്പെട്ടു പോയതാകുമോ മൂവർ സംഘം എന്ന സംശയവും ഉടലെടുത്തു.
സൂപ്രണ്ടായ റോബർട്ട് മ്യൂർഹെഡിന്റെ അന്വേഷണത്തിന് ഒടുവിൽ തോമസ് മാർഷൽ, ജയിംസ് ഡക്കറ്റ്, ഡൊണാൾഡ് മക്ആർതർ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നിഗമനം പുറപ്പെടുവിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നു - ഡിസംബർ 15-ന് ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി വന്ന കൂറ്റൻ തിരമാലയിൽ മൂന്ന് കാവൽക്കാരും കടലിലേക്ക് ഒലിച്ചു പോയതാകാം. തകർന്ന സാധനങ്ങൾ ശരിയാക്കാനോ, ഉപകരണങ്ങൾ സുരക്ഷിതമാക്കാനോ ആയി അവർ പുറത്തേക്ക് പോയ സമയത്താകാം ഈ അപകടം സംഭവിച്ചത്.
എന്നാൽ, ഒരു തുമ്പും അവശേഷിപ്പിക്കാതെ മൂന്നുപേർ ഒരുമിച്ച് അപ്രത്യക്ഷരായ സംഭവം പല കെട്ടുകഥകൾക്കും തിരികൊളുത്തി. ഒറ്റപ്പെടലിൽ ഒരാൾക്ക് ഭ്രാന്ത് വരികയും മറ്റുള്ളവരെ കൊലപ്പെടുത്തി സ്വയം കടലിൽ ചാടുകയും ചെയ്തു. മക്ആർതർ മുൻപ് ദേഷ്യക്കാരനായിരുന്നു എന്ന കിംവദന്തി ഈ വാദത്തിനു കൂടുതൽ ആക്കം നൽകി. വിദേശ ചാരന്മാർ തട്ടിക്കൊണ്ട് പോയി, അല്ലെങ്കിൽ അന്യഗ്രഹജീവികൾ അപഹരിച്ചു. ഒരു ഭീമാകാരമായ കടൽസർപ്പം മൂവരെയും വിഴുങ്ങി, അല്ലെങ്കിൽ ദ്വീപിൽ പതിവായി കണ്ടിരുന്ന 'പ്രേതക്കപ്പൽ' അവരെ കൊണ്ടുപോയി.
എലീൻ മോറിലെ വിളക്കുമാടം പിന്നീട് ഓട്ടോമേറ്റ് ചെയ്തെങ്കിലും, ആ മൂന്നുപേർക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. അവരുടെ മൃതദേഹങ്ങളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രകൃതിയുടെ ഒരു നിമിഷത്തെ രോഷത്തിൽ സംഭവിച്ച ദുരന്തമാണോ, അതോ ആ ഒറ്റപ്പെട്ട ദ്വീപിൽ ഒളിഞ്ഞുകിടക്കുന്ന മറ്റെന്തെങ്കിലും രഹസ്യമാണോ ഈ ദുരൂഹതയ്ക്ക് പിന്നിൽ? ഉത്തരം കിട്ടാത്ത ഈ നിഗൂഢത, ഈ വിളക്കുമാടത്തിന്മേൽ എന്നും ഒരു നിഴലായി നിലനിൽക്കുന്നു.
The Flannan Isle Lighthouse Keepers' disappearance remains one of the world's most enduring maritime mysteries. On December 26, 1900, a relief crew arrived at the remote lighthouse on Eilean Mòr, Scotland, to find the three keepers—James Ducat, Thomas Marshall, and Donald McArthur—had vanished.