
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ദുരന്തങ്ങൾ അസാധാരണമാംവിധം വിചിത്രമാണ്. അത്തരത്തിൽ, കൃത്യം 211 വർഷങ്ങ്ൾക്ക് മുൻപ് ലണ്ടൻ നഗരം അസാധാരണമായ ഒരു ദുരന്തത്തിന്റെ ഇരയാകുന്നു. തീപിടിത്തമോ, വെള്ളപ്പൊക്കമോ, ഭൂകമ്പമോ അല്ല, മറിച്ച് ലക്ഷക്കണക്കിന് ലിറ്റർ ബിയർ നഗരത്തെ വിഴുങ്ങുന്നു. ഭീമൻ സുനാമി തിരമാല പോലെ ബിയർ നഗരത്തിലുടനീളം ഒഴുകി നീങ്ങി. മദ്യ പാനീയമായ ബിയർ ദുരിതം വിതച്ച കഥയാണ് ഇത്. ( The Day the London Beer Flood Hit)
മെക്സ് & കോയുടെ (Meux & Co's) ഉടമസ്ഥതയിലുള്ള ഹോഴ്സ് ഷൂ ബ്രൂവറി അക്കാലത്തെ ഏറ്റവും വലിയ മദ്യ നിർമ്മാണശാലകളിൽ ഒന്നായിരുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ ടോട്ടൻകോർട്ട് റോഡിനരികിലായിരുന്നു ഹോഴ്സ് ഷൂ ബ്രൂവറിയുടെ സ്ഥാനം. ഇവിടെ, പോർട്ടർ എന്നൊരു തരം വീര്യമുള്ള ബിയർ പുളിക്കാനായി വലിയ വീപ്പകളിൽ സൂക്ഷിച്ചിരുന്നത്. ഇതിലെ ഏറ്റവും വലിയ ബിയർ വീപ്പക്ക് ഏകദേശം 22 അടി (6.7 മീറ്റർ) ഉയരമുണ്ടായിരുന്ന. ഈ വീപ്പയിൽ 5,80,000 മുതൽ 14,70,000 ലിറ്റർ ബിയർ വരെ സംഭരിച്ചിരുന്നു. കട്ടിയേറിയ ഇരുമ്പ് വളയങ്ങൾ കൊണ്ടാണ് വീപ്പകളെ താങ്ങി നിർത്തിയിരുന്നത്.
1814 ഒക്ടോബർ 17, അതൊരു തിങ്കളാഴ്ചയായിരുന്നു. സമയം വൈകുന്നേരം നാലു മണി കഴിഞ്ഞു കാണും. ബ്രൂവറിയിൽ സൂക്ഷിച്ചിരുന്ന ഒരു ബിയർ വീപ്പയുടെ ചുറ്റുമുള്ള 320 കിലോഗ്രാമോളം ഭാരമുള്ള ഇരുമ്പ് വളയം അഴിഞ്ഞ് താഴെ താഴേക്ക് വീഴുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ജീവനക്കാരൻ വിവരം സൂപ്പർവൈസറെ അറിയിക്കുന്നു. മദ്യ നിർമ്മാണശാലയായത് കൊണ്ട് തന്നെ ഇത് നിത്യകഥയായിരുന്നു, അതുകൊണ്ടു സൂപ്പർവൈസർ ഇത് അത്രവലിയ കാര്യമാക്കിയില്ല. പിന്നീട് ശരിയാക്കാമെന്ന് പറഞ്ഞ് അവഗണിച്ചു. കൃത്യം ഒരു മണിക്കൂർ പിന്നിട്ട് കാണും, ബിയറിന്റെ സമ്മർദ്ദം താങ്ങാനാവാതെ ആ ഭീമൻ വീപ്പപൊട്ടിത്തെറിച്ചു. ആ പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന മറ്റു വീപ്പകളും പൊട്ടിത്തെറിച്ചു. അതോടെ, പുളിപ്പിച്ച ബിയർ ഒരു വലിയ തിരമാലയായി ബ്രൂവറിലെ ചുമരുകൾ തകർത്തു കൊണ്ട് പുറത്തേക്ക് കുത്തിയൊലിച്ച് ഒഴുകി.
ബ്രൂവറിന്റെ പിന്നിലെ തിരക്കേറിയ ചേരിപ്രദേശമായ സെന്റ് ഗൈൽസ് റൂക്കറിയിലേക്ക് (St Giles Rookery) ബിയർ പാഞ്ഞൊഴുകിയത്. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ധാരാളം കുടുംബങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഇടുങ്ങിയ ചേരിയായിരുന്നു അത്. ചേരിയിലെ പലരും താമസിച്ചിരുന്നത് കുടിലുകളിലും, ഭൂമിക്ക് അടിയിലെ സെല്ലാറിലുമായിരുന്നു. 15 അടി ഉയരത്തിൽ ബിയർ തിരമാലകൾ വീടുകൾ, കടകൾ, തെരുവുകൾ എല്ലാം തന്നെ തകർത്തു. ജീവൻ രക്ഷിക്കാനായി പലരും നെട്ടോട്ടമോടി, രക്ഷാപ്രവർത്തനത്തിന് എത്തിയവരും ബിയറിൽ മുങ്ങി. 8 പേർക്ക് ഈ അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു.
ഏതാനം മണിക്കൂർ പിന്നിട്ടതും ബിയറിന്റെ ഒഴുക്കിന് ശമനം ഉണ്ടാകുന്നു. എന്നിരുന്നാലും നഗരമെങ്ങും ബിയറിന്റെ ദുർഗന്ധമായിരുന്നു. നഗരത്തിലെ കിണറുകളിലും ബിയർ. ദുരന്തത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ, മദ്യശാലക്ക് എതിരെ നേരിട്ട് കുറ്റം ചുമത്താനായില്ല. വിചാരണാവേളയിൽ ദൈവത്തിൻ്റെ പ്രവൃത്തിയാണ് ബിയർ ദുരന്തം എന്നായിരുന്നു കോടതി വിധിച്ചത്. അങ്ങനെ ബ്രൂവറിക്ക് നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയാൻ സാധിച്ചു, അതോടെ നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും അവർ ഒഴിവായി.എന്നാൽ, ദുരന്തത്തിൽ വീടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നോ കമ്പനിയിൽ നിന്നോ നഷ്ടപരിഹാരം ഒന്നും തന്നെ ലഭിച്ചില്ല എന്നത് മറ്റൊരു ദുരന്തമായി മാറി.
വിചിത്രവും എന്നാൽ വേദനാജനകവുമായ ലണ്ടനിലെ ഈ ദുരന്തം, വലിയ അളവിൽ മദ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന തടി വീപ്പകളുടെ സുരക്ഷയെക്കുറിച്ച് പുനർവിചിന്തനം ഈ നടത്താൻ കാരണമായി. അങ്ങനെ, മരത്തിന് പകരം സിമന്റ് ടാങ്കുകൾ ഉപയോഗിക്കുന്നതിലേക്ക് വ്യവസായം പതുക്കെ മാറാൻ തുടങ്ങി.
Summary: On October 17, 1814, a catastrophic accident turned a London street into a river of beer. A massive vat at the Meux & Co Brewery burst, releasing over 1.4 million liters of porter that flooded nearby homes, killing at least eight people. What began as a normal afternoon quickly descended into chaos as the “London Beer Flood” became one of the strangest industrial disasters in history.