
1945 ഓഗസ്റ്റ് 9, ഹിരോഷിമയിലെ തീനാളങ്ങൾ ഒടുങ്ങും മുന്നേ വീണ്ടും ജപ്പാനിലെ മറ്റൊരു നഗരം കൂടി കത്തിയെരിഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെ മുട്ടുകുത്തിക്കാൻ അമേരിക്ക വീണ്ടും അണുബോംബ് വർഷിക്കുന്നു. ചരിത്രത്തിന്റെ ഏടുകളില്‍ കറുത്ത ദിനമായ നാഗസാക്കി ദിനത്തിന് ഇന്ന് 80 വയസ്സ് തികയുന്നു. ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് നാഗസാക്കിയിലും അണുബോംബ് ആക്രമണം നടത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് നാഗസാക്കിയും വെന്തെരിഞ്ഞത്. 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള 'ഫാറ്റ് മാന്‍' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്നിക്ക് ഇരയാക്കിയത്. (Nagasaki Day)
തെക്കൻ ജപ്പാനിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നു നാഗസാക്കി നഗരം, ആയുധങ്ങൾ, കപ്പലുകൾ, സൈനിക ഉപകരണങ്ങൾ, മറ്റ് യുദ്ധസാമഗ്രികൾ എന്നിവയുടെ ഉത്പാദനം ഉൾപ്പെടെയുള്ള വിപുലമായ വ്യാവസായിക പ്രവർത്തനങ്ങൾ കാരണം യുദ്ധകാല പ്രാധാന്യം ഏറെയായിരുന്നു നാഗസാക്കിക്ക്. നഗരത്തിലെ ഏറ്റവും വലിയ നാല് കമ്പനികൾ മിത്സുബിഷി ഷിപ്പ്‌യാർഡ്‌സ്, ഇലക്ട്രിക്കൽ ഷിപ്പ്‌യാർഡ്‌സ്, ആംസ് പ്ലാന്റ്, സ്റ്റീൽ ആൻഡ് ആംസ് വർക്ക്‌സ് എന്നിവയായിരുന്നു, ഇവ നഗരത്തിലെ തൊഴിലാളികളിൽ ഏകദേശം 90 ശതമാനം പേർക്കും തൊഴിൽ നൽകുകയും നഗര വ്യവസായത്തിന്റെ 90 ശതമാനം വരിക്കുകയും ചെയ്തു. മൂന്നര ലക്ഷത്തോളം മനുഷ്യർ തിങ്ങിപ്പാർത്ത നഗരമായിരുന്നു നാഗസാക്കി.
1939 മുതൽ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോക മഹായുദ്ധത്തിൽ ഒട്ടുമിക്ക രാഷ്ട്രങ്ങളും രണ്ട് ചേരിയായി പിളർന്നിരുന്നു. പത്തുകോടി മനുഷ്യരാണ് മുപ്പതോളം രാജ്യങ്ങളിൽ നിന്നും യുദ്ധത്തിൽ നേരിട്ട് പെങ്കെടുത്തത്. 1945 മെയ് 8 ന് ജർമ്മനി കിഴടങ്ങുന്നു. അഡോൾഫ് ഹിറ്റ്ലറുടെ മരണത്തിന് തൊട്ടു പിന്നാലെയാണ് ജർമ്മനി കിഴടങ്ങിയത്, അതോടെ യൂറോപ്പിൽ യുദ്ധം ഒടുവിൽ അവസാനിക്കുന്നു. എന്നാൽ അപ്പോഴും ജപ്പാൻ യുദ്ധത്തിൽ നിന്നും പിന്മാറിയിട്ടുണ്ടായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. ഇതിനായി, 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. ഇതിൽ ആദ്യം ഹിരോഷിമയായിരുന്നു.
ഹിരോഷിമക്ക് പിന്നാലെ അണുബോംബ് വർഷിക്കുവാൻ തീരുമാനിച്ചത് കോക്കുറ നഗരത്തിലായിരുന്നു. ജപ്പാനിലെ ഏറ്റവും വലിയ യുദ്ധോപകരണ നിർമ്മാണശാലകളിൽ ഒന്ന്, ആയുധങ്ങളും യുദ്ധസാമഗ്രികളും നിർമ്മിക്കുന്ന ഫാക്ടറികളാൽ സമ്പന്നമായിരുന്നു കോക്കുറ. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം. 1945 ഓഗസ്റ്റ് 9 ന്, യുഎസ് ബി-29 ബോംബർ വിമാനമായ ബോക്‌സ്‌കാർ ടിനിയൻ ദ്വീപിൽ നിന്ന് പ്ലൂട്ടോണിയം ബോംബായ "ഫാറ്റ് മാൻ" (Fat Man) വഹിച്ചുകൊണ്ട് പറന്നുയർന്നു. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. വ്യവസായശാല കൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു. രാവിലെ 10:30 ഓടെ വിമാനം കോക്കുരയിലെത്തി. എന്നാൽ നഗരം കനത്ത മേഘങ്ങളാലും കഴിഞ്ഞ ദിവസം സമീപത്തുള്ള യഹതയിൽ ഉണ്ടായ തീപിടുത്തത്തിലെ പുകയും നഗരത്തിൽ നിറഞ്ഞിരുന്നു. ബോംബ് വിക്ഷേപിക്കുന്നതിനു മുമ്പ് നഗരത്തിന്റെ വ്യക്തമായ ദൃശ്യം ലഭിക്കാനായി മൂന്ന് തവണയാണ് വിമാനം നഗരത്തെ ചുറ്റി പറയുന്നത്. എന്നാൽ വിമാനത്തിന്റെ ഇന്ധനം തീരുമെന്ന് ആയപ്പോൾ ലക്ഷ്യസ്ഥാനം മാറ്റുന്നു. അതോടെ നാഗസാക്കിയെ ലക്ഷ്യമാക്കി വിമാനം പറന്നു.
ഹിരോഷിമക്ക് സമാനമായിരുന്നു നാഗസാക്കിയും. ഹിരോഷിമയിലെ അണുബോംബിന്റെ ആക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ നാഗസാക്കിയും ഇല്ലാതെയാകുന്നു. എൺപതിനായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം മനുഷ്യർക്കാണ് നാഗസാക്കിയിൽ ജീവൻ നഷ്ട്ടമായത്. 1945 ഓഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ലിറ്റിൽ ബോയി (Little Boy) എന്ന അണുബോംബ് വർഷിക്കുന്നത്. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാൻ സെപ്റ്റംബര്‍ രണ്ടാം തീയതി കീഴടങ്ങി. അതോടെ രണ്ടാം ലോക മഹായുദ്ധത്തിന് തിരശീല വീഴുന്നു.