തായ്‌ലൻഡിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പര; ഇരകളുടെ ഹൃദയവും കരളും പാകം ചെയ്തു ഭക്ഷിച്ചിരുന്ന, 60 വർഷത്തോളം ശവശരീരം മ്യൂസിയത്തിൽ ഒരു പ്രദർശന വസ്തുവായി സൂക്ഷിച്ച സി ഉയി സെയ്-ഉങ്ങ് എന്ന കൊലയാളിയുടെ കഥ | Si Ouey Sae-ung

ചുക്കിച്ചുളുങ്ങിയ ശരീരം വധശിക്ഷയ്ക്ക് ശേഷം 60 വർഷത്തോളം ബാങ്കോക്കിലെ ഒരു മെഡിക്കൽ മ്യൂസിയത്തിൽ ഒരു പ്രദർശന വസ്തുവായി സൂക്ഷിച്ചിരുന്നു
 Si Ouey Sae-ung
Published on

ലോക ചരിത്രത്തിൽ ഒട്ടനവധി കുപ്രസിദ്ധരായ കൊടുംകുറ്റവാളികളുടെ ജീവിതവും മരണവും കാണുവാൻ സാധിക്കുന്നതാണ്. ചിലരെ കാലം മറക്കുമ്പോൾ, മറ്റുചിലർ അവരുടെ മരണശേഷവും ദുഃസ്വപ്നം പോലെ കാലത്തെ പിന്തുടരുന്നു. അത്തരത്തിൽ തായ്‌ലൻഡിലും ഒരു കൊലയാളി ഉണ്ടായിരുന്നു, ഭക്ഷണം കഴിക്കാതെ, വാശിപിടിച്ച് പിണങ്ങി കരയുന്ന കുട്ടികളെ പേടിപ്പെടുത്താൻ ഒരു രാജ്യം ഇന്നും ഈ കൊലയാളിയുടെ പേര് പറയുന്നു. തായ്‌ലൻഡിന്റെ പൊതുബോധത്തെയും ശിശുഭാവനകളെയും ആറ് പതിറ്റാണ്ടിലേറെക്കാലം വേട്ടയാടിയ ഒരു കൊലപാതകിയാണ് സി ഉയി സെയ്-ഉങ്ങ് (Si Ouey Sae-ung). സി ഉയി സെയ്-ഉങ്ങ് എന്ന കൊലയാളി കൂടുതൽ ഭീകരനാക്കി തീർത്തത് അയാളുടെ ശവശരീരമായിരുന്നു. തായ്‌ലൻഡിലെ കുട്ടികളെ ഭയപ്പെടുത്തുന്ന പ്രേതം എന്നറിയപ്പെടുന്ന സി ഉയിയുടെ കറുത്ത, ചുക്കിച്ചുളുങ്ങിയ ശരീരം വധശിക്ഷയ്ക്ക് ശേഷം 60 വർഷത്തോളം ബാങ്കോക്കിലെ ഒരു മെഡിക്കൽ മ്യൂസിയത്തിൽ ഒരു പ്രദർശന വസ്തുവായി സൂക്ഷിച്ചിരുന്നു. സി ഉയിയുടെ വധശിക്ഷ നടപ്പിലാക്കി ഒട്ടേറെ വർഷങ്ങൾക്ക് ഇപ്പുറം ആ മനുഷ്യൻ നിരപരാധിയാണ് എന്ന് വാദിക്കുന്നവരും ഏറെയാണ്.

1950-കളിൽ തായ്‌ലൻഡിലെ വിവിധ പ്രവിശ്യകളെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയുടെ പേരിലാണ് സി ഉയി അറിയപ്പെട്ടിരുന്നത്. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള ഏഴോളം കുട്ടികളെ സി ഉയി കൊലപ്പെടുത്തുന്നു. ഗ്രാമപ്രദേശങ്ങളിലോ പട്ടണങ്ങളുടെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും കുട്ടികളെ വലിച്ചുകൊണ്ടുപോയി, ക്രൂരമായി കൊലപ്പെടുത്തി, ഇരകളുടെ ഹൃദയവും കരളും പാകം ചെയ്തു ഭക്ഷിക്കുന്നു. സി ഉയിയുടെ ഇരകൾ കൊച്ചുകുഞ്ഞുങ്ങളായിരുന്നു, അതിനാൽ തന്നെ തായ്‌ലൻഡിലെ കുട്ടികളെ പേടിപ്പെടുത്താനുള്ള ഒരു ഭൂതമായി (Bogeyman) അയാൾ മാറി.

1927-ൽ ദക്ഷിണ ചൈനയിലെ തുറമുഖ നഗരമായ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷാന്റോവിലാണ് സി ഉയിയുടെ ജനനം. ഹുവാങ് ലിഹുയി എന്നായിരുന്നു അയാളുടെ യഥാർത്ഥ പേര്. ദാരിദ്ര്യവും യുദ്ധകാല അസ്ഥിരതകളും നിറഞ്ഞതായിരുന്നു ആ മനുഷ്യന്റെ ബാല്യം. രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനീസ് സൈനികനായിരുന്ന ഇയാൾ 1940-കളുടെ അവസാനം ഒരു കുടിയേറ്റക്കാരനായി തായ്‌ലൻഡിലെത്തുകയായിരുന്നു. ജീവിതം തള്ളിനീക്കാൻ വേണ്ടി പറ്റുന്ന ജോലിയൊക്കെയും അയാൾ ചെയ്യുന്നു. നല്ലൊരു ജീവിതത്തിന് വേണ്ടിയായിരുന്നു അയാൾ തായ്‌ലൻഡിലേക്ക് കുടിയേറുന്നത്. എന്നാൽ, എന്തൊക്ക് ചെയ്തിട്ടും ജീവിതം പച്ചപ്പിടിപ്പിക്കാൻ കഴിയാത്തത് അയാളെ മാനസികമായി അകെ തളർത്തിയിരുന്നു. മാനസിക സംഘർഷങ്ങൾ ഒടുവിൽ അയാളെ ഒരു കൊലപാതകിയാക്കി മാറ്റി. ദുർബലരായ കുട്ടികളെ ഇയാൾ ലക്ഷ്യമിട്ടു. 1954 മുതൽ 1958 വരെയുള്ള കാലയളവിൽ, ബാങ്കോക്ക്, നഖോൺ പാത്തോം, റയോങ് എന്നിവിടങ്ങളിൽ ഏഴോളം കുഞ്ഞുങ്ങളെയാണ് അയാൾ കൊലപ്പെടുത്തിയത്.

തനിച്ച് നിൽക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടു വന്ന ശേഷം, കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുന്നു. തുടർന്ന് ഇരകളുടെ ശവശരീരം കിറിമുറിച്ച് ഹൃദ്യവും കരളും ഭക്ഷിക്കുന്നു. ഒടുവിൽ, ശവശരീരം അഗ്നിക്കിരയാക്കുന്നു. എന്നാൽ ഇതൊക്കെ വെറും ആരോപണങ്ങൾ എന്നതിൽ ഉപരി, ഇത് സാധൂകരിക്കാൻ തക്ക തെളിവുകൾ പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. 1958 ൽ, റയോങ് പ്രവിശ്യയിലെ ഒരു വനത്തിൽ വെച്ച് എട്ടുവയസ്സുകാരന്റെ മൃതദേഹം കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സി ഉയി പിടിക്കപ്പെടുന്നത്. കാണാതെ പോയ മകനെ തേടി നടന്ന പിതാവാണ് സി ഉയിയെ കണ്ടെത്തുന്നത്. തുടർന്ന് പോലീസ് അയാളെ അറസ്റ്റ് ചെയുന്നു. സി ഉയിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞുങ്ങളുടെ ശവശരീര അവശിഷ്ട്ടങ്ങൾ കണ്ടുകിട്ടിയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. അറസ്റ്റിന് ശേഷം, ഇയാൾ മറ്റ് ആറു കുട്ടികളെയും കൊലപ്പെടുത്തിയതായി സമ്മതിക്കുന്നു. എന്നാൽ, തായ് ഭാഷ വശമില്ലാതിരുന്ന സി ഉയിയുടെ കുറ്റസമ്മതം ഒരു പരിഭാഷകന്റെ സഹായത്തോടെയായിരുന്നു. സി ഉയി കുറ്റസമ്മതം നടത്തിയതോടെ അയാളെ വെടിവെച്ച് കൊല്ലാൻ കോടതി വിധിക്കുന്നു. 1959 സെപ്റ്റംബർ 16 വിധി നടപ്പിലാക്കുന്നു.

സി ഉയിയുടെ കഥ ഇതോടെ അവസാനിക്കുന്നില്ല. സിരിരാജ് ആശുപത്രിയിലെ മെഡിക്കൽ മ്യൂസിയം ഗവേഷണ ആവശ്യങ്ങൾക്കായി അദ്ദേഹത്തിന്റെ ശരീരം മമ്മിഫൈ ചെയ്ത് പ്രദർശിപ്പിക്കുന്നു. വർഷങ്ങളോളം സി ഉയിയുടെ ശവശരീരം കാണുവാൻ മാത്രം ഒട്ടനവധി പേര് എത്തിത്തുടങ്ങി. നീണ്ട 60 വർഷക്കാലം ഈ ദുരവസ്ഥയിൽ തുടർന്ന സി ഉയിക്ക് വേണ്ടി ഒടുവിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തായ്‌ലൻഡിൽ ആരംഭിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകർ സി ഉയി നിരപരാധിയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് പ്രതിഷേധിക്കുന്നു. മാന്യമായ ഒരു അന്ത്യകർമം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സർക്കാരിന് ഒരുകൂട്ടം മനുഷ്യർ നിവേദനം നൽകി. ഒടുവിൽ, 2020 ജൂലൈ മാസത്തിൽ, സി ഉയിയുടെ മൃതദേഹം ഔദ്യോഗികമായി സംസ്‌കരിച്ചു. എന്നാൽ, സി ഉയി കുറ്റവാളി എന്ന് തെളിയിക്കാൻ തക്കവണ്ണമുള്ള തെളിവുകൾ നാളിതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ചൈനീസ് വിദ്വേഷത്തിന്റെ പേരിൽ നാളിതുവരെ തെളിയിക്കാൻ കഴിയാത്ത കുറ്റകൃത്യങ്ങൾ ഒരു സാധുമനുഷ്യന്റെ മേൽ ചാർത്തുകയായിരുന്നു എന്ന് പറയുന്ന ഒരു വിഭാഗം തന്നെയുണ്ട്. തെളിവുകളുടെ അഭാവവും, വിചാരണയിലെ പിഴവുകളും കാരണം സി ഉയിയുടെ കേസ് തായ്‌ലൻഡിലെ നീതിന്യായ വ്യവസ്ഥയിലെ ഒരു വിവാദമായി ഇന്നും നിലനിൽക്കുന്നു.

Summary: Si Quey Sae-Ung was a notorious Thai serial killer accused of murdering and cannibalizing children in the 1950s. After his execution in 1958, his body was mummified and displayed for over 60 years in Bangkok’s Siriraj Medical Museum, earning him the title “the man who ate children.” In 2019, following public outcry and human rights appeals, his body was finally cremated, ending one of Thailand’s most disturbing true crime chapters.

Related Stories

No stories found.
Times Kerala
timeskerala.com