

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ആ പന്നിഫാമിന് ചുറ്റും എപ്പോഴും അസഹനീയമായ ദുർഗന്ധം തങ്ങിനിന്നിരുന്നു. ചീഞ്ഞഴുകിയ മാംസത്തിന്റെയും മൃഗാവശിഷ്ടങ്ങളുടെയും ആ ഗന്ധം പാവപ്പെട്ട കർഷകരുടെ അധ്വാനത്തിന്റേതാണെന്ന് നാട്ടുകാർ കരുതി. എന്നാൽ, ആ കൃഷിയിടത്തിലെ ചെളിയിൽ കുഴിച്ചുമൂടിയത് പന്നികളുടെ അവശിഷ്ടങ്ങൾ മാത്രമായിരുന്നില്ല. മൃഗങ്ങളുടെ നിലവിളികൾക്കിടയിൽ അടിച്ചമർത്തപ്പെട്ടത് അനേകം മനുഷ്യജീവനുകളുടെ അവസാന ശ്വാസമായിരുന്നു. കർഷകന്റെ വേഷമണിഞ്ഞ്, തന്റെ തൊഴുത്തുകളിൽ പന്നികൾക്കൊപ്പം മനുഷ്യരെയും കശാപ്പ് ചെയ്തുകൊണ്ടിരുന്ന ഒരാൾ ആ ഫാമിന്റെ മതിലുകൾക്കുള്ളിൽ പതുങ്ങിയിരിപ്പുണ്ടായിരുന്നു. ലോകത്തെ ഞെട്ടിച്ച ആ ക്രൂരതയുടെ സത്യങ്ങൾ പുറത്തുവരുമ്പോൾ, ആ ഫാമിലെ പന്നികൾ ഭക്ഷിച്ചിരുന്നത് വെറും തീറ്റയല്ല, മറിച്ച് മൂടപ്പെട്ട കൊലപാതകങ്ങളുടെ ചോരപുരണ്ട തെളിവുകളാണെന്ന് തിരിച്ചറിയാൻ ലോകത്തിന് വർഷങ്ങൾ വേണ്ടി വന്നു.
1990-കളുടെ തുടക്കം മുതൽ 2002 വരെ നീണ്ടുനിന്ന പന്ത്രണ്ട് വർഷങ്ങൾ, റോബർട്ട് പിക്ടൺ (Robert Pickton) എന്ന ക്രൂരനായ കൊലയാളി 49-ഓളം സ്ത്രീകളെയാണ് ആ ഫാമിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്. തെരുവുകളിൽ നിന്നും ഒറ്റപ്പെട്ട സ്ത്രീകളെ തിരഞ്ഞുപിടിച്ച് അവരെ തന്റെ ഫാമിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു പിക്ടന്റെ രീതി. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വെട്ടിമുറിച്ചു വികൃതമാക്കും, ആ മാംസം തന്റെ ഫാമിലെ പന്നികൾക്ക് ഭക്ഷണമായി നൽകും. ക്രൂരതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച ഇയാൾ, തെളിവുകൾ നശിപ്പിക്കാൻ മൃഗങ്ങളെ ഉപയോഗിക്കുക എന്ന വികൃതമായ ബുദ്ധിയാണ് പ്രയോഗിച്ചത്.
ഒരു മനുഷ്യൻ ഇത്രയും ക്രൂരമായ കൊലയാളി ആയി മാറുന്നതിന് പിന്നിൽ അയാളുടെ വളർച്ചാ സാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ട്. റോബർട്ടിന്റെ കുട്ടിക്കാലം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു. ക്രൂരനായ പിതാവും അതിശക്തമായി ജീവിതം നിയന്ത്രിക്കുന്ന മാതാവുമായിരുന്നു റോബർട്ടിന് ഉണ്ടായിരുന്നത്. തന്റെ മക്കളേക്കാൾ കൂടുതൽ പന്നികളെയും കൃഷിയിടത്തെയുമാണ് ആ അമ്മ സ്നേഹിച്ചിരുന്നത്. പന്നിഫാമിലെ വിസർജ്യങ്ങളുടെയും മറ്റും ദുർഗന്ധം വമിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാണ് റോബർട്ടിനെ അവർ സ്കൂളിലേക്ക് വിട്ടിരുന്നത്. കൈകൾ കഴുകാൻ പോലും അനുവദിക്കാതെ, ചളിയിൽ കുളിച്ചു നിൽക്കുന്ന തന്റെ മക്കളെക്കുറിച്ച് ആ അമ്മയ്ക്ക് യാതൊരു പരിഗണനയും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടും പരിഹസിക്കപ്പെട്ടും വളർന്ന കുട്ടിക്കാലം റോബർട്ടിന്റെ ഉള്ളിൽ ഒരു മൃഗത്തെ വളർത്തുകയായിരുന്നു.
മാതാപിതാക്കളുടെ മരണശേഷം സഹോദരനൊപ്പം ഫാം ഏറ്റെടുത്ത റോബർട്ട്, തന്റെ പൈശാചികമായ വിനോദങ്ങൾ അവിടെ ആരംഭിച്ചു. വഞ്ചുവാറിലെ ലോവർ ഈസ്റ്റ് സൈഡിലുള്ള ലൈംഗികത്തൊഴിലാളികളെയും മയക്കുമരുന്നിന് അടിമകളായവരെയുമാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നത്. പണം നൽകാമെന്നും മയക്കുമരുന്ന് നൽകാമെന്നും വാഗ്ദാനം ചെയ്ത് അവരെ തന്റെ ഫാമിലെ 'പിഗ്ഗി പാലസ്' എന്ന് വിളിക്കുന്ന പാർട്ടി ഹാളിലേക്ക് എത്തിക്കും. അവിടെ വെച്ച് അവരെ അതിക്രൂരമായി കൊലപ്പെടുത്തും. 49 സ്ത്രീകൾ ഇത്തരത്തിൽ ആ ഫാമിൽ അപ്രത്യക്ഷമായതായി വിശ്വസിക്കപ്പെടുന്നു.
2002-ൽ അനധികൃത ആയുധങ്ങൾ കൈവശം വെച്ചതിനാണ് പോലീസ് പിക്ടന്റെ ഫാമിൽ പരിശോധന നടത്തുന്നത്. എന്നാൽ ആ ഫാം മുഴുവൻ ഒരു ശ്മശാനമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇരകളുടെ അസ്ഥികളും പല്ലുകളും ഡിഎൻഎയും ഫാമിലെ പലയിടങ്ങളിൽ നിന്നും കണ്ടെടുത്തു. ഒരു അണ്ടർകവർ ഏജന്റിനോട് ജയിലിൽ വെച്ച് പിക്ടൺ പറഞ്ഞ വാക്കുകൾ ലോകത്തെ ഞെട്ടിച്ചു- "ഞാൻ 49 പേരെ കൊന്നു, അത് 50 ആക്കണമെന്നുണ്ടായിരുന്നു. ആ ഒരെണ്ണം കൂടി തികയ്ക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശയുണ്ട്." 2007-ൽ ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2024 മെയ് മാസത്തിൽ ജയിലിനുള്ളിൽ വെച്ച് മറ്റൊരു തടവുകാരന്റെ ആക്രമണത്തിൽ റോബർട്ട് പിക്ടൺ കൊല്ലപ്പെട്ടു.
ഈ കൊലപാതക പരമ്പര ഇത്രയും കാലം നീണ്ടുനിൽക്കാൻ കാരണം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ്. പാവപ്പെട്ടവരും മയക്കുമരുന്നിന് അടിമകളുമായ സ്ത്രീകൾ അപ്രത്യക്ഷമാകുമ്പോൾ അവരെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. വർഷങ്ങളോളം ഒരേ പ്രദേശത്ത് നിന്നും സ്ത്രീകൾ കാണാതാകുമ്പോഴും അതൊരു സീരിയൽ കില്ലറുടെ പ്രവൃത്തിയാണെന്ന് തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. പോലീസിന്റെ അനാസ്ഥയാണ് റോബർട്ട് പിക്ടൺ എന്ന കൊലയാളിക്ക് തന്റെ 50-ാം ഇരയെ വരെ ലക്ഷ്യം വെക്കാൻ വളമായത് എന്ന് നിസ്സംശയം പറയാം.