

പണത്തോടുള്ള അമിതമായ ആസക്തി, മറ്റുള്ളവരുടെ ജീവിതം നിയന്ത്രിക്കാനുള്ള അടങ്ങാത്ത മോഹം, സിനിമകളിലെപ്പോലെയുള്ള ജീവിത പങ്കാളി, ഈ ആഗ്രഹങ്ങൾ ഒരു മനുഷ്യനെ ഒരു സീരിയൽ കില്ലറാക്കി മാറ്റി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പണത്തിനും പ്രതാപത്തിനും വേണ്ടി ആരും ആരെയും കൊലപ്പെടുത്താം. എന്നാൽ തന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഒരു സ്ത്രീ സീരിയൽ കില്ലറായി മാറുന്നു. അവർ കൊന്നോടിക്കായതോ സ്വന്തം മക്കളെ, പേരക്കുട്ടിളെ, ഭർത്താക്കന്മാരെ, സഹോദരിയെ, സ്വന്തം അമ്മയെ. ഇത് നാനി ഡോസ് (Nannie Doss) എന്ന കുപ്രസിദ്ധ സീരിയൽ കില്ലറുടെ കഥയാണ്. സ്വന്തം സുഖത്തിനായി സ്വന്തം കുടുംബത്തെ ഇല്ലാതെയാക്കാൻ ശ്രമിച്ച ഒട്ടനവധി സ്ത്രീകൾ ഉള്ള നമ്മുടെ സമൂഹത്തിൽ നാനി ഡോസ് എന്ന കൊലയാളിയുടെ ജീവിതത്തിന് പ്രസക്തിയേറെയാണ്.
ദുരന്തം നിറഞ്ഞ ബാല്യം
1905 നവംബർ 4 അലബാമയിലാണ് നാനി ജനിക്കുന്നത്. നാനിയുടെ യഥാർത്ഥ പേര് നാൻസി ആഗ്നസ് ഹേസൽ എന്നായിരുന്നു. കടുത്ത ദാരിദ്ര്യവും നിയന്ത്രണങ്ങളുമുള്ള ഒരു കുട്ടിക്കാലമായിരുന്നു നാനിയുടേത്.തികഞ്ഞ മദ്യപാനിയായിരുന്ന നാനിയുടെ പിതാവ് മറ്റു പെൺകുട്ടികളെ പോലെ അവളെ ജീവിക്കാൻ അനുവദിച്ചിരുന്നില്ല, നല്ല വസ്ത്രങ്ങൾ ധരിക്കാനോ, സ്കൂളിലേക്ക് പോകാനോ അവൾക്ക് അനുമതിയുണ്ടായിരുന്നു. കുട്ടികാലത്തെ നാനിയുടെ ഏക കൂട്ട് അവളുടെ അമ്മ വായിച്ചിരുന്ന റൊമാന്റിക് നോവലുകളായിരുന്നു. താൻ വായിച്ച പുസ്തകങ്ങളിലെ പോലെ എല്ലാം തികഞ്ഞൊരു ഭർത്താവ് തനിക്കും വേണം എന്ന് നാനി ആഗ്രഹിച്ചിരുന്നു. നല്ല പൊക്കമുള്ള, തിളങ്ങുന്ന ചർമ്മമുള്ള, ആര് കണ്ടാലും നോക്കി പോകുന്ന, സർവ ഗുണ സമ്പന്നനായ ഭർത്താവ്.
എന്നാൽ നാനിയുടെ ആഗ്രഹങ്ങൾ പോലെ ആയിരുന്നില്ല അവളെ കാത്തിരുന്ന യാഥാർഥ്യം. പിടിവാശിക്കാരനായ അച്ഛൻ മകൾക്ക് കല്യാണം ഉറപ്പിക്കുന്നു. അതും അവളുടെ ഇഷ്ടത്തിന് എതിരായി. അങ്ങനെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി 16-ാം വയസ്സിൽ അവർ ചാർലി ബ്രാഗ്സ് എന്നയാളെ വിവാഹം കഴിച്ചു. ഈ ദാമ്പത്യം സന്തോഷകരമായിരുന്നില്ല. ഈ വിവാഹത്തിൽ നാനിക്ക് നാലു കുഞ്ഞുങ്ങൾ ജനിക്കുന്നു. എന്നാൽ 1927-ൽ ഇവരുടെ രണ്ട് പിഞ്ചുമക്കൾ ഭക്ഷ്യവിഷബാധ കാരണം മരണപ്പെടുന്നു. ഇത് നാനി ആദ്യമായി ചെയ്ത കൊലപാതകങ്ങളായിരിക്കാമെന്ന് പിന്നീട് സംശയിക്കപ്പെട്ടു. എന്നാൽ മക്കളെ കൊന്നത് നാനിയാണ് എന്ന് മനസിലാക്കിയ ചാർളി ബ്രാഗ്സ് നാനിയെ ഉപേക്ഷിച്ചുപോയി.
തുടർ കൊലപാതകങ്ങൾ
സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ, റൊമാന്റിക് നോവലുകളിലെ പോലെ എല്ലാം 'തികഞ്ഞ പ്രണയം' തേടിയാണ് നാനി ജീവിച്ചത്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ അവർ രണ്ടും മൂന്നും നാലും അഞ്ചും തവണ അവർ വിവാഹം കഴിച്ചു. എന്നാൽ, എല്ലാ ഭർത്താക്കമാരും അവരെ നിരാശപ്പെടുത്തിയപ്പോൾ, അവരെ ഒഴിവാക്കാൻ എലിവിഷം എന്ന എളുപ്പവഴി നാനി കണ്ടെത്തി. തന്റെ സങ്കൽപ്പനങ്ങളുമായി പൊരുത്തപ്പെടാത്ത ഭർത്താക്കമാരെ കൊലപ്പെടുത്തി, ശേഷം അവരുടെ ഇൻഷുറൻസ് തുക തട്ടിയെടുത്തു. അങ്ങനെ അകെ മൊത്തം അഞ്ചു തവണ കല്യാണം കഴിക്കുന്നു, അതിൽ നാലു ഭർത്താക്കന്മാരേയും അവർ ഒഴുവാക്കി.
ഭർത്താക്കന്മാർ മാത്രമായിരുന്നില്ല അവരുടെ ഇര, മാസങ്ങൾ മാത്രം പ്രായമുള്ള കൊച്ചുമകളെ കൊലപ്പെടുത്തുന്നു. സ്ത്രീകളുടെ തലയിൽ അലങ്കരത്തിന് ഉപയോഗിക്കുന്ന മൊട്ടുസൂചി കൊണ്ട് തലയിൽ കുത്തിയാണ് ആ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം രണ്ടു വയസ്സുള്ള കൊച്ചുമകനെ കൂടി കൊലപ്പെടുത്തുന്നു. 1953-ൽ, നാനിക്ക് തന്റെ അമ്മയെയും സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സഹോദരിയെയും വിഷം നൽകി കൊലപ്പെടുത്തി. അമ്മായിയമ്മയെയും അവർ കൊലപ്പെടുത്തി. ഈ മരണങ്ങളെല്ലാം സ്വാഭാവിക മരണങ്ങളായി കണക്കാക്കി അധികൃതർ എഴുതിത്തള്ളുകയായിരുന്നു.
നാനിയുടെ അഞ്ചാമത്തെയും അവസാനത്തെയും ഭർത്താവായിരുന്നു സാമുവൽ ഡോസ്. 1954-ൽ വിവാഹിതരായ ഇവർ താമസിച്ചിരുന്നത് ഒക്‌ലഹോമയിലായിരുന്നു. സാമുവൽ കർശന സ്വഭാവമുള്ളയാളും, ദുശീലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വ്യക്തിയായിരുന്നു. സിനിമ കാണാൻ പോലും നാനിയെ അയാൾ അനുവദിച്ചിരുന്നില്ല. സാമുവലും തന്റെ സ്വപ്ന പുരുഷൻ അല്ലെന്ന് ബോധ്യമായതോടെ നാനി സാമുവലിനെ ഒഴിവാക്കാൻ തീരുമാനിച്ചു.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം നാനി എലിവിഷം നൽകി അയാളെ കൊലപ്പെടുത്തുന്നു. സാമുവലിന്റെ പെട്ടെന്നുള്ള രോഗാവസ്ഥയും മരണവും ഒരു ഡോക്ടർ ശ്രദ്ധിക്കാൻ ഇടയായി. നാനിയുടെ കുടുംബത്തിലെ തുടർച്ചയായ ദുരൂഹമരണങ്ങൾ അറിയാവുന്ന ഡോക്ടർക്ക് സംശയം തോന്നുകയും അദ്ദേഹം നിർബന്ധിച്ച് സാമുവലിന്റെ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സാമുവലിന്റെ ശരീരത്തിൽ മാരകമായ അളവിൽ എലിവിഷം ഉണ്ടെന്ന് തെളിഞ്ഞു. അതോടെ എല്ലാ വിരലുകളൂം നാനിക്ക് നേരെ തിരിഞ്ഞു. അങ്ങനെ 1954 ഒക്ടോബറിൽ നാനി ഡോസ് അറസ്റ്റിലായി.
അറസ്റ്റിന് ശേഷം നടന്ന ചോദ്യം ചെയ്യലിൽ നാനി ഡോസ്, ചിരിച്ചുകൊണ്ട്, താൻ ചെയ്ത കൊലപാതകങ്ങളെല്ലാം സമ്മതിച്ചു. ഭർത്താക്കന്മാരെയും ബന്ധുക്കളെയും കൊന്നത് ഒരു റോമാന്റിക് ജീവിതം കിട്ടാൻ വേണ്ടിയാണെന്ന് അവർ പറഞ്ഞു. നാലു ഭർത്താക്കന്മാരെ ഉൾപ്പെടെ പതിനൊന്ന് പേരെ കൊലപ്പെടുത്തിയതായി നാനി സമ്മതിച്ചു. എന്നാൽ ഒടുവിലായി കൊല്ലപ്പെട്ട സാമുവലിന്റെ മരണത്തിൽ മാത്രമാണ് നാനിയെ ശിക്ഷിച്ചത്.
സ്ത്രീയായത് കൊണ്ട് ഒക്‌ലഹോമ സ്റ്റേറ്റ് വധശിക്ഷ നൽകിയില്ല പകരം അവർക്ക് ജീവപര്യന്തം തടവ് ലഭിച്ചു. 1965-ൽ, രക്താർബുദം ബാധിച്ച് അവർ മരണപ്പെട്ടു. സ്വന്തം ആഗ്രഹങ്ങൾക്കും അത്യാഗ്രഹങ്ങൾക്കും വേണ്ടി സ്വന്തം കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയ നാനി ഡോസിന്റെ കഥ, ലോകമെമ്പാടുമുള്ള സീരിയൽ കില്ലർമാരുടെ പട്ടികയിലെ ഏറ്റവും ക്രൂരമായ ഒരു അധ്യായമാണ്. വിചാരണ വേളയിൽ താൻ ചെയ്ത ഓരോ കൊലപതകവും തുറന്നു പറയുന്ന വേളയിൽ സ്വയം പൊട്ടിചിരിച്ച നാനിക്ക് ലോകം നൽകിയ പേര് 'ചിരിക്കുന്ന മുത്തശ്ശി' എന്നായിരുന്നു.
Nannie Doss, infamously known as the “Giggling Granny,” was one of America’s most notorious female serial killers. Driven by greed, a desire for control, and a delusional search for the perfect husband, she murdered at least 11 of her own family members over decades. Her victims included four husbands, her daughters, a grandson, her mother, and relatives who stood in the way of her fantasy-filled life.