ആറ് ആഴ്ച കൊണ്ട് ജപ്പാൻ സൈന്യം കൊന്നു തള്ളിയത് മൂന്നലക്ഷത്തിലധികം മനുഷ്യരെ, പിച്ചിച്ചീന്തിയത് 80,000 സ്ത്രീകളെ; നാൻജിങ് കൂട്ടക്കൊലയുടെ ഭീതികരമായ ചരിത്രം | Nanjing Massacre

ചൈനീസ് ചരിത്രത്തിലെ കറുത്ത അധ്യായം, രണ്ടാം ചൈന-ജപ്പാൻ യുദ്ധകാലത്തെ നടുക്കുന്ന വംശഹത്യയുടെ ചരിത്രം
 Nanjing Massacre
Updated on

മനുഷ്യത്വം മരവിച്ച, നിലവിളികൾ മൗനമായി മാറിയ, ക്രൂരതയുടെ പര്യായമായി മാറിയ ഒരു നഗരം, അതായിരുന്നു 1937-ലെ നാൻജിങ്. ആധുനിക ചരിത്രത്തിലെ ഏറ്റവും ഭയാനകമായ യുദ്ധക്കുറ്റങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്ന നാൻജിങ്. രണ്ടാം ലോകമഹായുദ്ധത്തിന് മുൻപായി, ഏഷ്യൻ വൻകരയിൽ സാമ്രാജ്യത്വ ശക്തിയായ ജപ്പാനും ചൈനയും തമ്മിൽ നടന്ന അതിഭീകരമായ പോരാട്ടത്തിന്റെ ബാക്കിപത്രമാണ് നാൻജിങ്ങിലെ കൂട്ടക്കൊല (Nanjing Massacre). കിഴക്കൻ ഏഷ്യയുടെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിവരച്ച രണ്ടാം ചൈന-ജപ്പാൻ യുദ്ധത്തിന്റെ ഭാഗമായി, 1937 ഡിസംബർ മുതൽ 1938 ജനുവരി വരെയുള്ള കാലയളവിൽ മാനവചരിത്രത്തിലെ അതിക്രൂരമായ വംശഹത്യ അരങ്ങേറിയത്.

ജപ്പാൻ എന്ന രാജ്യത്തെ പറ്റി കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഹിരോഷിമയും നാഗസാക്കിയുമാക്കും. രണ്ടാം ലോക മഹായുദ്ധത്തിന് വിരാമം കുറിക്കാനും ജപ്പാനെ അടക്കിനിർത്താനും വേണ്ടി അമേരിക്ക നടത്തിയ ആണവ പ്രഹാരം. 'ആഗസ്റ്റ് 6 ഉം 9 ഉം'- ഈ തീയതികൾ ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഉണർത്തുന്നത് വല്ലാത്തൊരു വേദനയാണ്. എന്നാൽ ജപ്പാൻ ചൈനയിൽ നടത്തിയ നരവേട്ടയുടെ ചരിത്രം നാം പലപ്പോഴും മറന്നു പോകുന്നു. ചൈനയിലെ മനോഹരമായ നാൻജിങ്ങിനെ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് ജപ്പാൻ ഒരു ശ്മാശാനമാക്കി മാറ്റിയത്. ലക്ഷക്കണക്കിന് നിരായുധരായ ജനങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ, വൃദ്ധയെന്നോ കൈകുഞ്ഞെന്നോ ഇല്ലാതെ ജപ്പാന്റെ സൈന്യം പിച്ചിച്ചീന്തിയത് എൺപതിനായിരത്തോളം സ്ത്രീകളെ. ഇതാണ് ചൈനീസ് ചരിത്രത്തിലെ കറുത്ത അധ്യായമായ നാൻജിങ് കൂട്ടക്കൊല.

ചോരയിൽ മുങ്ങിയ നാൻജിങ്

1937-ൽ, നാൻജിംഗ് റിപ്പബ്ലിക് ഓഫ് ചൈനയുടെ തലസ്ഥാന നഗരമായിരുന്നു. അക്കാലത്ത് രാജ്യത്തെ ഏറ്റവും സമ്പന്നവും, ആധുനികവും, തന്ത്രപരമായി പ്രാധാന്യമുള്ളതുമായ മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടം. എന്നാൽ ഡിസംബർ 13 ന് അന്നത്തെ ചൈനീസ് തലസ്ഥാനമായിരുന്ന നാൻജിങ് പിടിച്ചെടുത്ത ഇംപീരിയൽ ജാപ്പനീസ് ആർമി, പിന്നീടുള്ള ആറ് ആഴ്ചകൾ അവിടെ അഴിച്ചുവിട്ടത് നരനായാട്ടായിരുന്നു. ചൈനയും ചൈനയിലെ മനുഷ്യരും തങ്ങളുടെ അടിമകളാണ് എന്ന ചിന്ത ഉള്ളിൽവേരുറച്ചുപോയ ജപ്പാൻ സൈന്യം നാൻജിങ് എന്ന നഗരത്തിൽ അഴിച്ചുവിട്ടത് സമാനതകളില്ലാത്ത അക്രമങ്ങളായിരുന്നു. തലസ്ഥാനമായ നാൻജിങ്ങിനെ പൂർണ്ണമായി തങ്ങളുടെ വരുതിയിൽ നിർത്തിയാൽ പിന്നെ ചൈന എന്ന മഹാരാജ്യത്തെ മുട്ടുകുത്തിക്കുക എന്നത് നിസാരം ആയിരിക്കും എന്ന് ജപ്പാൻ പടയ്ക്ക് ബോധ്യമുണ്ടായിരുന്നു.

ജപ്പാന്റെ ഇംപീരിയൽ ആർമിയോട് തങ്ങളാൽ കഴിയുന്നത് പോലെ പൊരുതി ജയിക്കാൻ നാൻജിങ്ങിലെ ജനത ശ്രമിച്ചു. എന്നാൽ, ജപ്പാന്റെ സൈനികശക്തിക്ക് മുന്നിൽ നാൻജിങിന് മുട്ടുകുത്തേണ്ടി വന്നു. നാൻജിങ്ങിൽ പ്രവേശിച്ച ജപ്പാന്റെ ഇംപീരിയൽ ആർമിക്ക് മുന്നിൽ പിടിച്ചുനിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ പലരും കിഴടങ്ങി. എന്നാൽ, കീഴടങ്ങിയ സൈനികരെയും നിരായുധരായ സാധാരണക്കാരെയും ഒരുപോലെ അവർ വേട്ടയാടി. ആയിരക്കണക്കിന് മനുഷ്യരെ നഗരമതിലിന് വെളിയിൽ നിർത്തി വെടിവെച്ചും ജീവനോടെ കുഴിച്ചുമൂടിയും ജാപ്പനീസ് സൈന്യം രസം കണ്ടെത്തി. നാൻജിങ്ങിലെ മനുഷ്യരുടെ കരച്ചിൽ ജാപ്പനീസ് സൈന്യത്തിന് വല്ലാത്തൊരു ആനന്ദം നൽകി. ജീവന് വേണ്ടി മനുഷ്യർ പിടയുന്നത് വല്ലാത്തൊരു സന്തോഷത്തിൽ അവർ നോക്കി നിന്നു.

റേപ്പ് ഓഫ് നാൻകിങ്

ഈ കൂട്ടക്കൊലയുടെ ഏറ്റവും ദാരുണമായ വശം അവിടെ നടന്ന ലൈംഗിക അതിക്രമങ്ങളായിരുന്നു. ഇരുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയിൽ സ്ത്രീകൾ ഈ കാലയളവിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ചരിത്രരേഖകൾ പറയുന്നു. പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ നടന്ന ഈ അതിക്രമങ്ങൾ 'റേപ്പ് ഓഫ് നാൻകിങ്' (Rape of Nanking) എന്ന പേരിൽ ലോകത്തെ ഞെട്ടിച്ചു.

വീടുകൾക്കകത്തും തെരുവുകളിലും വെച്ച് പരസ്യമായാണ് പലപ്പോഴും ഈ അതിക്രമങ്ങൾ നടന്നത്. സായുധരായ സൈനികർ സംഘം ചേർന്ന് വീടുകളിൽ അതിക്രമിച്ചു കയറുകയും കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് തന്നെ സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച പുരുഷന്മാരെ ഉടനടി വധിച്ചു. ഗർഭിണികളായ സ്ത്രീകൾ പോലും ഈ നരനായാട്ടിൽ നിന്ന് ഒഴിവായിരുന്നില്ല. പലപ്പോഴും അവരുടെ വയർ ബയണറ്റുകൾ കൊണ്ട് കീറി ഭ്രൂണത്തെ പുറത്തെടുക്കുന്നതുപോലുള്ള പൈശാചികമായ പ്രവർത്തികൾ സൈനികർ ചെയ്തതായി ദൃക്‌സാക്ഷികൾ വിവരിച്ചിട്ടുണ്ട്. നാൻജിങ്ങിലെ ഈ അനിയന്ത്രിതമായ അതിക്രമങ്ങൾക്ക് ശേഷം, സൈനികർക്കായി പ്രത്യേക 'ലൈംഗിക അടിമകളെ' പാർപ്പിക്കുന്ന കേന്ദ്രങ്ങൾ ജാപ്പനീസ് സൈന്യം ഔദ്യോഗികമായി തന്നെ ആരംഭിച്ചു. ചൈനയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും തട്ടിക്കൊണ്ടുവന്ന സ്ത്രീകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

മിക്കവാറും സന്ദർഭങ്ങളിൽ, പീഡനത്തിന് ശേഷം സ്ത്രീകളെ ബയണറ്റുകൾ കൊണ്ട് കുത്തിക്കൊല്ലുകയോ ശരീരഭാഗങ്ങൾ വികലമാക്കുകയോ ചെയ്യുന്നത് ഒരു പതിവായിരുന്നു. ഇരകളെ ജീവനോടെ അവശേഷിപ്പിക്കാൻ ജാപ്പനീസ് സൈന്യം തയ്യാറായിരുന്നില്ല. നാളെയൊരു കാലത്ത് ഇരകൾ തങ്ങൾക്കെതിരെ എന്തെങ്കിലും പറയുമോ എന്ന ഭയമായിരുന്നു കൂട്ടക്കൊലയിലേക്ക് നയിച്ചത്.

നാൻജിംഗ്സേഫ്റ്റി സോൺ

മരണത്തിന്റെ നിഴലിലായിരുന്ന നഗരത്തിൽ ഏക ആശ്വാസമായത് വിദേശികൾ ചേർന്ന് രൂപീകരിച്ച 'നാൻജിങ് സേഫ്റ്റി സോൺ' ആയിരുന്നു. ജർമ്മൻ ബിസിനസുകാരനായ ജോൺ റാബെയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ഈ സംഘം ഏതാണ്ട് 2.5 ലക്ഷം ചൈനീസ് അഭയാർത്ഥികൾക്ക് സംരക്ഷണം നൽകി. തന്റെ നാസി ബന്ധം ഉപയോഗിച്ച് ജാപ്പനീസ് സൈന്യത്തെ പ്രതിരോധിക്കാൻ റാബെക്ക് സാധിച്ചു എന്നത് വൈരുദ്ധ്യമെങ്കിലും ഒരു ചരിത്രസത്യമാണ്. അങ്ങനെ ലൈംഗിക ചൂഷണത്തിന് ഇരയായ ഒട്ടനവധി സ്ത്രീകൾക്ക് നാൻജിങ് സേഫ്റ്റി സോൺ സംരക്ഷണം നൽകി. പരിക്കേറ്റ സൈനികർക്ക് വൈദ്യസഹായം നൽകി.

നാൻജിങ്ങും തർക്കവും

കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി ഇന്നും ചൈനയും ജപ്പാനും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. മരിച്ചവരുടെ എണ്ണം 3,00,000-ത്തിന് മുകളിലാണ് എന്നാണ് ചൈനയുടെ കണക്ക്. ജപ്പാനിലെ പല യാഥാസ്ഥിതിക രാഷ്ട്രീയക്കാരും ചരിത്രകാരന്മാരും ഈ കണക്കുകളെ നിഷേധിക്കുകയോ അല്ലെങ്കിൽ ഇതൊരു സാധാരണ യുദ്ധം മാത്രമായിരുന്നു എന്ന് വാദിക്കുകയോ ചെയ്യുന്നു. ഇത് ഇന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന പ്രധാന വിഷയമാണ്.

ഇന്ന് നാൻജിങ്ങിലെ മെമ്മോറിയൽ ഹാൾ സന്ദർശിക്കുന്നവർക്ക് ആ ക്രൂരതയുടെ ഭീതിദമായ ചിത്രങ്ങൾ കാണാം. ആയുധങ്ങൾ കൊണ്ടുള്ള മുറിവുകളേക്കാൾ ആഴത്തിൽ പതിഞ്ഞത് ആ നഗരത്തിലെ ജനങ്ങളുടെ ആത്മവിശ്വാസത്തിൽ ഏറ്റ മുറിവുകളായിരുന്നു. വരുംതലമുറകൾക്ക് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചുള്ള ഒരു പാഠമായി നാൻജിങ് ഇന്നും നിലനിൽക്കുന്നു.

Summary

The Nanjing Massacre was a six-week period of mass killings and systemic sexual violence committed by the Imperial Japanese Army following the capture of China's capital in 1937. An estimated 300,000 people were murdered, and tens of thousands of women were subjected to horrific atrocities, earning the event the name "The Rape of Nanking." Despite the efforts of international observers to create a safety zone, the event remains one of the darkest chapters in history and continues to strain diplomatic relations between China and Japan today.

Related Stories

No stories found.
Times Kerala
timeskerala.com