

വിശ്വാസത്തിന്റെ പേരിൽ 909 മനുഷ്യജീവനുകൾ ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതായ ആ കറുത്ത ദിനം ലോകം ഒരിക്കലും മറക്കില്ല. ലക്ഷക്കണക്കിന് അനുയായികളുടെ ആരാധനാപാത്രമായിരുന്ന ഒരു ആൾദൈവം, ഒടുവിൽ അവരെയെല്ലാം വിഷം നൽകി കൊന്നൊടുക്കിയ ക്രൂരനായ വേട്ടക്കാരനായി മാറി. ഗയാനയിലെ കാടുകളിൽ 'പീപ്പിൾസ് ടെംപിൾ' എന്ന പേരിൽ ഒരു നരകം പടുത്തുയർത്തിയ ജിം ജോൺസ് ( Jim Jones), ഭക്തിയുടെ മുഖംമൂടി അണിഞ്ഞ സാക്ഷാൽ പിശാചായിരുന്നു. ആത്മീയതയുടെ മറവിൽ ആയുധങ്ങളും മയക്കുമരുന്നും ഒളിപ്പിച്ചുവെച്ച് അയാൾ നടത്തിയ ആ ചതിയുടെ കഥ ഏതൊരു മനുഷ്യനെയും നടുക്കുന്നതാണ്.
ജിം ജോൺസിൻ്റെ ജീവിത വഴി
1931ൽ മെയ് 13 ന് ഇന്ത്യാനയിലെ ക്രീറ്റിലാണ് ജിം ജോൺസൻ്റെ ജനനം. ഒന്നാം ലോക മഹായുദ്ധത്തിലെ സേനാനിയായിരുന്നു ജിമിൻ്റെ മാതാപിതാക്കൾ. യുദ്ധഭൂമിയിൽ നിന്ന് രാസായുധത്താൽ പരിക്കേറ്റ ജിമിൻ്റെ പിതാവിന് കുടുംബം നോക്കിനടത്താനുള്ള വരുമാനം ഇല്ലാതെ വരുന്നു. സാമ്പത്തിക ബാധ്യതയും വരുമാനമില്ലായ്മയും കടുത്തതോടെ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ നിന്ന് ജിമിൻ്റെ കുടുംബത്തിന് ഒഴിയേണ്ടി വന്നു. ലിൻ പട്ടണത്തിലേക്ക് പറിച്ചു നടപ്പെട്ട കുടുംബത്തെ പിന്നെയും ദുരന്തങ്ങൾ വേട്ടയാടി. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കാരണം മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞുങ്ങളുടെ കാര്യങ്ങൾ പോലും ശരിയായി നോക്കി നടത്തുവാൻ കഴിയാതായി. തികച്ചും ഒറ്റപ്പെട്ടായിരുന്നു ജിം ജോൺസ് തൻ്റെ ബാല്യകാലം ചിലവഴിച്ചത്. സ്കൂളിൽ പോകാത്ത അവസരങ്ങളിൽ ജിം തെരുവുകളിൽ ചിലവഴിച്ചു.
തികഞ്ഞ മത വിശ്വാസികളായിരുന്നു ജിമിൻ്റെ മാതാപിതാക്കൾ. ഞായറാഴ്ച് തോറുമുള്ള കുറുബാനകൾ അവർ മുടക്കിയിരുന്നില്ല. ഒരിക്കൽ ഒരു പാസ്റ്ററുടെ ഭാര്യ ജിമിന് ഒരു ബൈബിൾ സമ്മാനിക്കുന്നു. ആത്മീയ കാര്യങ്ങൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് ജിമിൻ്റെ ജീവിതത്തെ നല്ലരീതിയിൽ സ്വാധീനിച്ചു. ജിം തുടർച്ചയായി പള്ളിയിൽ പോകുവാൻ തുടങ്ങി. സ്‌കൂളിൽ പോലും ജിം ജോൺസ് പള്ളിയിൽ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ടാണ് പോയിരുന്നത്. ലിൻ പട്ടണത്തിലെ ഒട്ടുമിക്ക പള്ളികളിലെ ആരാധനയിലും ജിം പങ്കെടുത്തിരുന്നു. നന്നായി പ്രസംഗിക്കാനുള്ള കഴിവ് സ്വായത്തമാക്കിയ ജിം പാസ്റ്റർമാരെ അനുകരിക്കാൻ തുടങ്ങി.
ഒരു സഭയെ നയിക്കുവാനുള്ള നേതൃത്വപാടവം നേടിയെടുത്ത ജിമിനെ തേടി നിരവധി പേര് എത്തുവാൻ തുടങ്ങി. വളർത്തു മൃഗങ്ങൾക്ക് വേണ്ടിയുള്ള ശവ സംസ്കാര ചടങ്ങുകൾ പോലും ജിം ആത്മീയതയുടെ ഭാഗമായി ചെയ്യുവാൻ തുടങ്ങി. എന്നാൽ ജിമിൻ്റെ ഇത്തരം പ്രവണതകൾ പലരിലും അതൃപ്തിയുണ്ടാക്കി. മതപരമായ ഒരു ചടങ്ങു നടത്തുന്നതിനായി ജിം അയാളുടെ സ്വന്തം പൂച്ചയെ കൊന്നു എന്നും പറയപ്പെടുന്നു. ആത്മീയതയ്ക്ക് അപ്പുറം സാമൂഹിക സാംസ്‌കാരിക തത്വചിന്തകളും ജിമിന് അറിവുണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, കാൾ മാർക്‌സ്, മഹാത്മാഗാന്ധി എന്നീ ലോകനേതാക്കളെ വായനയിലൂടെ മനസ്സിലാക്കിയതോടെ ജിം പുസ്തകങ്ങളുടെ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്നു. എന്നിരുന്നാലും ജിമിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരുന്നില്ല. പക്ഷെ രണ്ടാം ലോക മഹായുദ്ധത്തോടെ ഹിറ്റ്ലറുടെ നിലപാടുകളോട് കടുത്ത ആരാധന ജിമിന് തോന്നിത്തുടങ്ങി. ഹിറ്റ്ലറിനെ പുകഴ്ത്താനും സ്വേച്ഛാധിപതിയെപ്പോലെ പലപ്പോഴും അയാൾ പെരുമാറാനും തുടങ്ങി. ജിമിൻ്റെ പെരുമാറ്റങ്ങളിൽ ഒട്ടും യോജിക്കുവാൻ ആകാതെ അയാളിൽ നിന്നും പലരും അകന്നുപോയി.
ജിമിൻ്റെ പതിനേഴാം വയസ്സിൽ ഒരു ആശുപത്രിയിൽ സഹായിയായി ജോലിക്ക് പ്രവേശിക്കുന്നു. വളരെ പെട്ടെന്നാണ് ജിം ആശുപത്രിയിലെ ഓരോരുത്തരുടെയും പ്രിയങ്കരനായി മാറിയത്. പക്ഷെ പതിയെ പതിയെ ആശുപത്രി ജീവനകാർക്ക് ജിമിൻ്റെ പെരുമാറ്റം വിചിത്രമായി തോന്നി തുടങ്ങി. ഈ കാലത്ത് തന്നെയാണ് നഴ്സിംഗ് ട്രെയ്നിയായിരുന്ന മാർസെലിൻ മേ ബാൾഡ്വിന്നുമായി പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് മെഡിക്കൽ പഠനത്തിനായി ജിം ഇന്ത്യാനയിലെ ബ്ലൂമിംഗ്ടണിലേക്ക് താമസം മാറിയിരുന്നു. 1949 ൽ ഇരുവരും വിവാഹിതരായി. തുടക്കത്തിൽ ഇരുവരും ഏറെ സന്തുഷ്ടരായിരുന്നു എങ്കിലും പതിയെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടായി. മെത്തഡിസ്റ്റ് സഭാ വിശ്വാസിയായിരുന്നു ബാൾഡ്വിൻ. പലപ്പോഴായി മെത്തഡിസ്റ്റ് സഭ ഉപേക്ഷിക്കുവാൻ ജിം ബാൾഡ്വിനെ നിർബന്ധിച്ചിരുന്നു.
കമ്മ്യൂണിസവും മതവും
കമ്മ്യൂണിസത്തിൽ ആകൃഷ്ടനായ ജിം മെഡിക്കൽ പഠനം ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എയുടെ യോഗങ്ങളിൽ മുടങ്ങാതെ പങ്കെടുക്കുവാൻ തുടങ്ങി. ഇതിൻ്റെ പേരിൽ അമേരിക്കൻ സർക്കാരിൽ നിന്നും ജിമിനും കുടുംബത്തിനും നിരവധി പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. കമ്മ്യൂണിസവും മതവിശ്വാസവും രണ്ടു തലത്തിലായത് കൊണ്ട് തന്നെ ജിമിൻ്റെ വാക്കുകളും പ്രവർത്തികളും പരസ്‌പര വിരുദ്ധമായിരുന്നു. അധികം വൈകാതെ ജിം മത പുരോഹിതൻ എന്ന പട്ടം സ്വയം ചാർത്തുന്നു. 1950 കളുടെ തുടക്കത്തിൽ താനും കുടുംബവും ഒരു മെത്തഡിസ്റ്റ് ശുശ്രൂഷകനാകുമെന്ന് ജിം പ്രഖ്യാപിക്കുന്നു. 1956 ൽ 'പീപ്പിൾസ് ടെംപിൾ ചർച്ച' എന്ന പേരിൽ ഒരു സ്ഥാപനം രൂപികരിച്ചു. കമ്മ്യൂണിസവും സോഷ്യലിസവും ക്രിസ്തുമതവും ഉൾപ്പെടുത്തി കൊണ്ടാണ് ചർച്ച രൂപീകരിക്കപ്പെട്ടത്.
രോഗശാന്തി സുവിശേഷകനും ആഗോള രോഗശാന്തി നവോത്ഥാനത്തിലെ പെന്തക്കോസ്ത് നേതാവുമായ വില്യം ബ്രാൻഹാമുമായി ജോൺസ് സഹകരിച്ച് പ്രവർത്തിക്കുവാൻ ആരംഭിച്ചു. ഇതിലൂടെ വില്യം ബ്രാൻഹാമിന് ജനങ്ങളിൽ ഉണ്ടായ സ്വാധീനം ജിമിനും ഉണ്ടാകുവാൻ തുടങ്ങി. ജിം വില്യം ബ്രാൻഹാമുമായി ചേർന്ന് നടത്തിയ ആരാധനകളിൽ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തിരുന്നത്. 1970 കൾ ആയതോടെ പീപ്പിൾസ് ടെംപിൾസ് അമേരിക്കയിലെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. അവിടെയെല്ലാം വൃദ്ധ സദനങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ച് കൂടുതൽ ജനശ്രദ്ധനേടാൻ ജിമിന് കഴിഞ്ഞു. സമൂഹത്തിൻ്റെ പല തട്ടിലുള്ള മനുഷ്യർ ആശ്വാസം തേടി പീപ്പിൾസ് ടെംപിളിലേക്ക് എത്തുവാൻ ആരംഭിച്ചു.
മയക്കുമരുന്ന് മുതൽ ആയുധങ്ങൾ വരെ; വിശ്വാസത്തിൻ്റെ വിചിത്രമായ ചട്ടക്കൂട്
വളരെ പെട്ടെന്ന് തന്നെ പണത്താലും പ്രശസ്തിയാലും ജിം വളർന്നു. എന്നാൽ ജിമിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു കൊണ്ട് മറ്റുള്ള ക്രിസ്തീയ സഭകൾ മുന്നോട്ടു വരുന്നു. സാഹചര്യങ്ങൾ എല്ലാം ജിമിന് എതിരായിരുന്നു, പ്രസ്ഥാനം തകരാതെ മുന്നോട്ട് കൊണ്ട് പോകുവാൻ അയാൾ ഏറെ പാടുപെട്ടു. മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കൾ കൊണ്ട് യുവാക്കളെ ജിം വലയിലാക്കി. സംഘടനയുടെ നിയമങ്ങൾ കർശനമാക്കി. സംഘടനയുടെ സംരക്ഷണത്തിനായി ആയുധങ്ങൾ വാങ്ങുകയും, അവ ഉപയോഗിക്കുവാൻ കഴിവുള്ളവരെ നിയമിക്കുകയും ചെയ്തു. ജിം എന്ന സ്വയം പ്രഖ്യാപിത പുരോഹിതൻ അയാളുടെ കീഴിൽ സ്വന്തമായി ഒരു സായുധ സേനയെ തന്നെ രൂപികരിച്ചു.
പലായനവും ഉദയവും
ജിമിൻ്റെ സംഘടനയിൽ നിന്നും രക്ഷപ്പെട്ട് പുറത്തു വന്ന ചില അനിയായികൾ മാധ്യമങ്ങളിൽ അവർ അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ കഥ പറയുവാൻ തുടങ്ങി. അന്ന് ഈ വിവാദങ്ങൾ വലിയ ചലനം തന്നെയാണ് സൃഷ്ടിച്ചത്. അങ്ങനെ അന്വേഷണ ഏജൻസികളുടെ വലയത്തിൽ പീപ്പിൾസ് ടെംപിൾസ് ചർച്ച ഇടംപിടിച്ച് കഴിഞ്ഞിരുന്നു. ഭയത്തിൽ അനുയായികളെയും കൂട്ടി ഗയാനയിലേക്ക് ജിം പലായനം ചെയ്യുന്നു. ഗയാന സർക്കാരിൻ്റെ സഹായത്തോടെ ഏകദേശം 3000 ഏക്കറോളം ഭൂമി ജിം സ്വന്തമാക്കുന്നു. അവിടെ ഒരു കൊച്ചു രാജ്യം തന്നെ അയാൾ കെട്ടിപ്പടുക്കുന്നു. പീപ്പിൾസ് ടെംപിൾ അഗ്രികള്‍ച്ചറല്‍ പ്രൊജ്ക്ട് എന്ന പേരിൽ ഒരു പുതിയ സംഘടന അയാൾ രൂപീകരിക്കുന്നു. ജോൺസ് ടൗൺ എന്ന പട്ടണം കെട്ടിപ്പടുക്കുന്നു. സ്‌കൂൾ, വീടുകൾ, കടകൾ തുടങ്ങി ഒരു ടൗൺഷിപ്പ് തന്നെ കെട്ടിപ്പടുക്കുന്നു. ഇതോടെ ജോൺസ് ടൗണിൽ താമസിക്കുവാനായി നിരവധി മനുഷ്യർ അവിടേക്ക് എത്തി. ഇതിനോടൊപ്പം പണവും മയക്കുമരുന്നും അവിടേക്ക് ഒഴുകിയെത്തി.
കൃഷിനാശത്തെ തുടർന്ന് പട്ടണത്തെ തേടി ക്ഷാമം എത്തി. ഒരു കുപ്പി വെള്ളവും ഒരു പാക്കറ്റ് ബ്രെഡുമായിരുന്നു ഒരു കുടുംബത്തിൻ്റെ ഒരു ദിവസത്തെ ആഹാരം. പലരും കഷ്ടിച്ച് ജീവിച്ചു. പലരെയും പല രോഗങ്ങൾ പിടിപ്പെട്ടു. ആളുകൾ മരണപ്പെടാൻ തുടങ്ങി. പട്ടണത്തിൻ്റെ അവസ്ഥ വളരെ ശോചനീയമായിട്ട് പോലും ജിം പുറത്തുനിന്നും ആരുടെയും സഹായം തേടിയില്ല. പട്ടണത്തിലെ പലരും ജിമിനു നേരെ തിരിഞ്ഞു. ജിമിന് നേരെ ഉയർന്നു വന്ന പ്രതിഷേധങ്ങളെ ചെറുക്കുവാൻ അയാൾ വളരെ ക്രൂരമായ തന്ത്രം അനുയായികൾക്ക് നേരെ ഉപയോഗിച്ചു. ജോൺസ് ടൗണിൻ്റെ നിയമം ജിം പറഞ്ഞാൽ എന്തും ചെയ്യണമെന്നായിരുന്നു. മരിക്കാൻ പറഞ്ഞാൽ മരിക്കണം കൊല്ലാൻ പറഞ്ഞാൽ കൊല്ലണം.
ടൗണിൽ പ്രശ്നങ്ങൾ രൂക്ഷമായി, ഒടുവിൽ ജിമിൻ്റെ അനുയായികളിൽ ഒരാൾ അമേരിക്കൻ എംബസിയിൽ അഭയം പ്രാപിച്ചു, ടൗണിൽ അവർ നേരിട്ട് പ്രശ്നങ്ങൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിക്കുവാൻ തുടങ്ങി. എന്നാൽ വിഷയം മതം ആയതുകൊണ്ട് തന്നെ അവർ ആദ്യമൊന്ന് മടിച്ചു പിന്നെ ശക്തമായ സർക്കാർ ഇടപെടലുകൾ കാരണം അന്വേഷണം ആരംഭിച്ചു. ഒടുവിൽ ടൗണിൽ ഉദ്യോഗസ്ഥർ എത്തി. എന്നാൽ അവർക്ക് തിരികെ പോകുവാൻ സാധിച്ചില്ല. ടൗണിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഉദ്യോഗസ്ഥർ മരണപ്പെട്ടു.
അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥർ മരണപ്പെട്ടതോടെ ജിമിന് ഉറപ്പായി അയാളെ അറസ്റ്റ് ചെയ്യുവാൻ അമേരിക്കൻ പോലീസ് എത്തുമെന്ന്. എന്ത് ചെയ്യണമെന്ന് അറിയാതെ വലഞ്ഞ അയാളുടെ മുന്നിൽ തെളിഞ്ഞത് ആത്മഹത്യ എന്ന വഴി മാത്രമായിരുന്നു. എന്നാൽ തനിച്ച് മരിക്കുവാൻ അയാൾ തയ്യാറായിരുന്നില്ല. ആ പട്ടണത്തിലെ അയാളുടെ എല്ലാ അനുയായികളെയും മരണത്തിലേക്ക് കൂട്ടികൊണ്ട് പോവുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഒടുവിൽ അത് ഫലം കണ്ടു.
1978 നവംബർ 18-ന് ജോൺസ് ടൗണിലെ സെൻട്രൽ പവലിയനിൽ ഒത്തുകൂടാൻ ജോൺസ് തൻ്റെ അനുയായികളോട് ആജ്ഞാപിച്ചു. പട്ടണത്തെ നശിപ്പിക്കാൻ അമേരിക്കൻ ഗവൺമെൻ്റ് പദ്ധതിയിടുകയാണെന്നും കൂൾ-എയ്ഡും സയനൈഡും അടങ്ങിയ വിഷം കലർത്തിയ മിശ്രിതം കുടിക്കുക മാത്രമാണ് പിടിക്കപ്പെടലും പീഡനവും ഒഴിവാക്കാനുള്ള ഏക മാർഗ്ഗമെന്നും അദ്ദേഹം അവരോട് പറഞ്ഞു. എന്നാൽ ഇതിന് ആദ്യമൊന്നും ആരും തയ്യാറായില്ല. ആദ്യം അവരുടെ കൂട്ടത്തിലെ കുഞ്ഞുങ്ങളെ കൊല്ലുവാനായിരുന്നു ജിമിൻ്റെ ഉത്തരവ്. എന്നാൽ ഈ ഹീനകൃത്യത്തിന് പല മാതാപിതാക്കളും തയ്യാറായില്ല. ഒടുവിൽ കുഞ്ഞുങ്ങൾക്ക് വിഷം നിൽകി കൊന്നു. ഇത് സഹിക്കുവാൻ കഴിയാതെ മാതാപിതാക്കൾ സ്വയം വിഷം കുടിച്ചു. ചെറുത്തു നിന്നവർക്ക് മേൽ വിഷം കുത്തിവച്ചു. മറ്റുചിലർ സന്തോഷത്തോടെ വിഷം കുടിച്ചു. അവസാനം സ്വന്തം തോക്ക് ഉപയോഗിച്ച് ജിമും ആത്മത്യ ചെയ്തു.
ആ നവംബർ 18-ന് ജോൺസ് ടൗണിലെ സെൻട്രൽ പവലിയനിൽ മരണപ്പെട്ടത് 909 മനുഷ്യരായിരുന്നു. മരണപ്പെട്ടവരിൽ 276 കുഞ്ഞങ്ങളായിരുന്നു. അന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് ശവങ്ങളുടെ കൂമ്പാരമായിരുന്നു. ജോൺസ് ടൗണിൽ നടന്നത് ശരിക്കും ആത്മഹത്യ ആണോ എന്ന് ചോദിച്ചാൽ അല്ല. മതത്തിൻ്റെയും അന്ധവിശ്വാസത്തിൻ്റെയും പേരിൽ ഒരു മനുഷ്യൻ നടത്തിയ വേട്ടയായിരുന്നു അത്. തങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവനും ജീവിതവും നിയന്ത്രിച്ചു കൊണ്ട് ഇപ്പോഴും ഒരായിരം ജിം ജോൺസ് നമ്മുക്ക് ചുറ്റുമുണ്ട്.
Jim Jones was the charismatic yet paranoid leader of the "Peoples Temple," a cult that blended elements of Christianity and socialism. To escape mounting scrutiny in the United States, he moved his followers to a remote settlement in Guyana called "Jonestown," which eventually turned into an oppressive labor camp. On November 18, 1978, following an attack on a visiting U.S. delegation, Jones orchestrated a mass murder-suicide where 909 people—including 276 children—died after being forced to drink cyanide-laced punch.