
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്- 19. കൊറോണ അല്ലെങ്കിൽ കോവിഡിനെ കുറിച്ച് കൂടുതൽ വിശദീകരണങ്ങളുടെ ആവശ്യമില്ല. കൊറോണയെ പോലെ തന്നെ മനുഷ്യ ജീവിതത്തെ അകെ ദുസ്സഹമാക്കി തീർത്ത മഹാമാരികൾ നിരവധിയാണ്. എബോളയും, പ്ലേഗും, വസൂരിയും, ബ്ലാക്ക് ഡെത്തും ഇങ്ങനെ നീളുന്നു മനുഷ്യരാശിയെ തന്നെ തച്ചുടച്ച മഹാരികളുടെ പട്ടിക. എന്നാൽ ഇവയിൽ നിന്നും ഏറെ വ്യത്യസ്തമായ, മനുഷ്യചരിത്രത്തിലെ ഏറ്റവും വിചിത്രവും നിഗൂഢവുമായ ഒരു മഹാമാരിയുടെ വ്യാപനത്തെ കുറിച്ച് ചരിത്രത്തിൽ പറയുന്നുണ്ട്.
സാധാരണയായി ഒരു രോഗം പിടിപെട്ടാൽ രോഗിയിൽ പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്, പനിയും, ചുമയും, ശരീരവേദനയുമാകും പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ, പണ്ടുകാലത്ത് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട വിചിത്രമായ മഹാമാരിക്ക് ഇത്തരം രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രോഗവും രോഗ ലക്ഷണവും ഒന്ന് തന്നെയായിരുന്നു, നിയന്ത്രിക്കാനാവാത്ത തരത്തിലുള്ള നൃത്തം. നൃത്തമോ? നൃത്തം ചെയുന്നത് എങ്ങനെ ഒരു മഹാമാരിയാക്കും എന്ന ചോദ്യം പലർക്കും തോന്നിയേക്കാം. എന്നാൽ കേട്ടത് ശെരിയാണ്. ഒരു കാലത്ത് ഫ്രാൻസിൽ പിടിപെട്ട മഹാമാരിയായിരുന്നു ഡാൻസിങ് പ്ലേഗ് (Dancing plague of 1518).
കൃത്യം അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് റോമൻ സാമ്രാജ്യത്തിൽപെട്ട സ്ട്രാസ്ബർഗ് (Strasbourg) നഗരത്തിൽ പൊട്ടിപുറപ്പെട്ട വിചിത്രമായ രോഗമമായിരുന്നു ഡാൻസിങ് പ്ലേഗ്. 1518 ജൂലൈ മാസം രാവിലെ, സ്ട്രാസ്ബർഗിന്റെ നഗരമധ്യത്തിൽ ഒരു സ്ത്രീ നൃത്തം ചെയ്യാൻ തുടങ്ങി. പാട്ടിന്റെ ഒന്നും താളം ഇല്ലാതെ ആ സ്ത്രീ നൃത്തം ചെയുന്നത് ആദ്യം കൗതുകത്തോടെയാണ് നാട്ടുകർ കണ്ടത്. സന്തോഷം കൊണ്ടാകും അവർ ഇങ്ങനെ നൃത്തം ചെന്നത് എന്നായിരുന്നു കണ്ടുനിന്നവർ ആദ്യം കരുതിയത്. പലരും അവരെ കളിയാക്കി ചിരിച്ചു, മറ്റുചിലർ ആ സ്ത്രീയുടെ നൃത്തം അനുകരിച്ചു. മിനിറ്റുകൾ മണിക്കൂറുകളായി, ആ സ്ത്രീ നൃത്തം തുടർന്നു. അവരുടെ കാലുകൾ പൊട്ടി രക്തം ഒഴുക്കാൻ തുടങ്ങിയിരുന്നു എന്നിട്ടും അവർ നൃത്തം ചെയുന്നത് അവസാനിപ്പിച്ചില്ല. ഒടുവിൽ, കുഴഞ്ഞുവീഴുന്നതുവരെ അവർ നൃത്തം തുടർന്നു. തൊട്ടടുത്ത ദിവസവും ആ സ്ത്രീ നൃത്തം ചെയ്യാൻ എത്തുന്നു.
അധികം വൈകാതെ അവരോടൊപ്പം മറ്റുചിലർ കൂടെ നഗരമധ്യത്തിൽ നൃത്തം ചെയ്യാൻതുടങ്ങി. ഓരോ ദിവസം കഴിയും തോറും ഇങ്ങനെ നൃത്തം ചെയുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ഒരു മാസം പിന്നീട്ടപ്പോഴേക്കും ഏകദേശം 400 പേരാണ് ഇങ്ങനെ നൃത്തത്തിൽ ഏർപ്പെട്ടത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇങ്ങനെ മനുഷ്യർ കൂട്ടമായി നൃത്തം ചെയ്‌തു കൊണ്ടേയിരുന്നു. ഇങ്ങനെ നിർത്താതെ നൃത്തം ചെയ്ത പലരും സ്‌ട്രോക്കും ഹൃദയാഘാതവുമൊക്കെ കാരണം മരിച്ചുവീഴുകയും ചെയ്തു. ആദ്യമൊക്കെ ഇതൊന്നും അധികാരികൾ അത്രവലിയ കാര്യമാക്കിയില്ല. എന്നാൽ ദിവസങ്ങൾ പിന്നിടും തോറും സംഗതി വഷളായി. പതിയെ പതിയെ മരിച്ചവരുടെയും നൃത്തം ചെയ്യുന്നവരുടെയും എണ്ണം കൂടാൻ തുടങ്ങി. അതോടെ ഇതിന് എന്തെങ്കിലും ഒരു പോംവഴി കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി അധികാരികൾ. വിചിത്രമായി ജനക്കൂട്ടം നൃത്തം ചെയുന്നത് 'ഡാൻസിങ് പ്ലേഗ്' എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. ഡാൻസിങ് പ്ലേഗ് ഒരു മഹാമാരിയായി കണക്കിലാക്കി.
രോഗത്തെ പിടിച്ചുകെട്ടാൻ അധികാരികൾ പല മാർഗ്ഗങ്ങളും കണ്ടെത്തി, അവയെല്ലാം വിഡ്ഢിത്തം മാത്രമായിരുന്നു. നിർത്താതെ നൃത്തം ചെയ്താൽ ഒരു പക്ഷെ രോഗത്തിൽ നിന്നും മോചനം ഉണ്ടാകും എന്ന് കരുതി നഗരത്തിലെ അധികാരികൾ നൃത്തം ചെയുന്നവർക്കായി പ്രത്യേക മൈതാനങ്ങൾ ഒരുക്കി. എന്നാൽ ഇത് രോഗത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. അങ്ങനെ കൂടുതൽ മനുഷ്യർ മരിച്ചു വീണു. കാര്യങ്ങൾ കൈവിട്ടു പോയി എന്ന അവസ്ഥയിലായി. എന്നാൽ സെപ്റ്റംബർ മാസത്തോടെ നൃത്തം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. പതിയെ പതിയെ രോഗവ്യാപനം അവസാനിച്ചു. ആരും തെരുവിൽ നൃത്തം ചെയ്യാതെയായി.
രോഗവ്യാപനം ഇല്ലാതെയായി എങ്കിലും, ഡാൻസിങ് പ്ലേഗിന് പിന്നിലെ രഹസ്യം കണ്ടെത്താൻ ശാസ്ത്രജ്ഞരും ചരിത്രകാരൻമാരുമൊക്കെ ശ്രമം നടത്തിയിലെങ്കിലും ആർക്കും ഉത്തരം കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. പൈശാചിക ബാധയാണ് ഡാൻസിങ് പ്ലേഗിന് കാരണം എന്ന് ആയിരുന്നു ആദ്യകാല വിശദീകരണം. അസമത്വവും ദാരിദ്ര്യവും സംഘർഷങ്ങങ്ങളും നിറഞ്ഞ ഒരു നഗരമായിരുന്നു സ്ട്രാസ്ബർഗ്. അങ്ങേയറ്റം സമ്മർദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മാനസികവൃഥകളാകാം അനിയന്ത്രിതമായി ജനങ്ങൾ നൃത്തം ചെയ്യാൻ ഇടയ്‌ക്കിയത് എന്നാണ് കരുതപ്പെടുന്നത്. ഇന്നും ഡാൻസിങ് പ്ലേഗിന് പിന്നിലെ ശെരിക്കുമുള്ള കാരണം കണ്ടെത്തുവാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല.