പെട്ടിക്കുള്ളിൽ ബാലന്റെ ശവശരീരം നഗ്നമായ നിലയിൽ, മരണകാരണം തലയ്ക്ക് ഏറ്റ മാരകമായ പരിക്ക്; അറുപത്തിയഞ്ച് വർഷങ്ങൾക്ക് ഇപ്പുറം ഇരയെ തിരിച്ചറിഞ്ഞ, ഇന്നും കൊലയാളിയെ കണ്ടെത്തുവാൻ സാധിക്കാത്ത കൊലപാതകം | Boy in the Box

 Boy in the Box
Published on

1957 ഫെബ്രുവരി 25, അമേരിക്കയിലെ ഫിലഡെൽഫിയ നഗരത്തിലെ ഫോക്സ് ചേസിന് സമീപത്തുള്ള വനമേഖലയിലൂടെ തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്നു ആ യുവാവ്. പെട്ടന്നായിരുന്നു അവന്റെ ശ്രദ്ധ റോഡരികിൽ നിന്നും വനത്തിലേക്ക് ഓടി പോകുന്ന കുഞ്ഞൻ മുയലിന്റെ മേൽ പതിയുന്നത്. ദിവസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് ആ യുവാവ് മുയലുകൾക്കായി കെണിയൊരുക്കിയിരുന്നു. ഇനി താൻ സ്ഥാപിച്ച മുയൽക്കെണികൾ മുയൽ കുടുങ്ങിയോ എന്ന അറിയാനായി, കാർ റോഡരികിൽ നിർത്തിയിട്ട ശേഷം യുവാവ് മുയലിനെ പിന്തുടർന്ന് ചെല്ലുന്നു. എന്നാൽ, പാതിവഴി എത്തിയതും കാടിന്റെ ഒരത്തായി ഒരു കാർബോർഡ് പെട്ടി. കൗതുകത്തോടെ അടുത്തുചെന്ന യുവാവ് പെട്ടി തുറന്നപ്പോൾ കണ്ടത്, നഗ്നമായ ഒരു ബാലന്റെ മൃതദേഹമായിരുന്നു. ആ കുഞ്ഞ് ശരീത്തിൽ നിറയെ പാടുകൾ. ഭീതിയോടെ യുവാവ് വിവരം പോലീസിനെ അറിയിച്ചു.

സംഭവ സ്ഥലത്ത് എത്തിയ പോലീസിന് ലഭിച്ച തെളിവുകൾ ആ കുഞ്ഞിനെ കിടത്തിയിരുന്ന പെട്ടിയും കമ്പിളി പുതപ്പും മാത്രമായിരുന്നു. പ്രഥാമിക നിഗമനത്തിൽ മരിച്ച കുട്ടിയുടെ പ്രായം ഏകദേശം നാല് മുതൽ ആറു വയസ്സ് വരെയാണ്. ആ കുഞ്ഞ് ശരീരത്തിൽ ക്രൂരമായ മർദനത്തെ സൂചിപ്പിക്കുന്ന മുറിവുകളും അടിയേറ്റ പാടുകളും കൊണ്ട് നിറഞ്ഞിരുന്നു. ആരാണ് ആ കുഞ്ഞ്? ആരായിരുന്നു ആ കുഞ്ഞിനോട് ഈ ക്രൂരത ചെയ്തത്? പോലീസ് കണ്ടത്തേണ്ട ഉത്തരങ്ങൾ ഏറെയായിരുന്നു. ആ കുഞ്ഞിന്റെ ശവശരീരം കണ്ടുകിട്ടി 65 വർഷങ്ങൾക്ക് ഇപ്പുറമാണ് ആ ബാലൻ ആരാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. എന്നിരുന്നാലും, ഇന്നും ആരാണ്, എന്തിനു വേണ്ടിയാണ് ആ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഈ ദുരൂഹമായ കൊലപാതകത്തിന് ലോകം നൽകിയ പേരായിരുന്നു ബോയ് ഇൻ ദി ബോക്സ് (The Boy in the Box).

പോലീസിന്റെ ആദ്യ അന്വേഷണവും പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകളും

കൊലപാതകി ആര് എന്നതിൽ ഉപരി പോലീസിനെ വലച്ചത് കൊല്ലപ്പെട്ട ആ കുഞ്ഞ് ആര് എന്നതായിരുന്നു. ആ കുഞ്ഞിനെ തിരിച്ചറിയാൻ ഫിലാഡൽഫിയ പോലീസ് വിപുലമായ അന്വേഷണം ആരംഭിക്കുന്നു. കേസിന്റെ ഗൗരവം പുറത്തു വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മരണത്തിന് മുമ്പ് കുട്ടിക്ക് കഠിനമായ ശാരീരിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിക്ക് ശരീരത്തിലുടനീളം നിരവധി മുറിവുകൾ ഉണ്ടെന്നും, മരണകാരണം തലയ്ക്ക് ഏറ്റ മാരകമായ പരിക്കാണെന്ന് കണ്ടെത്തി, ഭക്ഷണക്കുറവിന്റെ ലക്ഷണങ്ങളും ശരീരത്തിൽ വ്യക്തമായിരുന്നു. ഇത് കൂടാതെ പഴയതും പുതിയതുമായ ഒട്ടനവധി മുറിവുകൾ ആ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു. മാത്രവുമല്ല, കുട്ടിയുടെ കൈയിലെ ശസ്ത്രക്രിയ നടത്തിയതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു. എന്നാൽ, അന്നത്തെ സാങ്കേതിക പരിമിതികൾ കാരണം കൂടുതൽ തെളിവുകൾ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. കേസ് ചുറ്റും അനിശ്ചിതത്വം മാത്രം.

അജ്ഞാത ബാലൻ

നാളുകൾ നീണ്ട അന്വേഷണത്തിന് ഒടുവിലും ആ കുഞ്ഞ് ആരാണ് എന്ന് കണ്ടെത്തുവാൻ പോലീസിന് സാധിച്ചില്ല. അതെ കാലയളവിൽ കാണാതെ പോയ കുഞ്ഞുങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. അനാഥാലയങ്ങളിലും വീടുകളിലും സ്കൂളുകളിലും തിരച്ചിൽ നടത്തി, ആയിരക്കണക്കിന് പോസ്റ്ററുകൾ വിതരണം ചെയ്തു, പക്ഷേ ആരും കുട്ടിയെ തിരിച്ചറിഞ്ഞില്ല. അക്കാലത്തെ പരിമിതമായ സാങ്കേതിക വിദ്യകൾ കാരണം വിരലടയാളങ്ങളും ചിത്രങ്ങളും ഉപയോഗിച്ചുള്ള അന്വേഷണം ഫലവത്തായില്ല. തങ്ങളെ കൊണ്ട് പറ്റുന്ന വഴിക്കൊക്കെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയെങ്കിലും ഒന്നും തന്നെ ഗുണം ചെയ്തില്ല. തുടർന്നുള്ള അന്വേഷണങ്ങൾക്കായി 1998 ലും 2019 ലും ആ അജ്ഞാത ബാലന്റെ ശവശരീരം അടക്കം ചെയ്തതിന് ശേഷവും ഡിഎൻഎ പരിശോധനക്കായി പുറത്തെടുത്തിരുന്നു.

ജോസഫ് അഗസ്റ്റസ് സാരെല്ലി

പതിറ്റാണ്ടുകൾ നീണ്ട ദുരൂഹതയ്ക്ക് വിരാമമിട്ട്, 2022-ൽ ജനിതക പരിശോധനയിലൂടെ ആ കുഞ്ഞിനെ തിരിച്ചറിഞ്ഞതായി ഫിലാഡൽഫിയ പോലീസ് അറിയിക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് ജനിറ്റിക് ജീനിയോളജി (Investigative Genetic Genealogy) എന്ന നൂതന ഡി.എൻ.എ. സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊല്ലപ്പെട്ടത് ജോസഫ് അഗസ്റ്റസ് സാരെല്ലി (Joseph Augustus Zarelli) എന്ന ബാലനാണ് എന്ന് തിരിച്ചറിയുന്നു. ഫിലാഡൽഫിയയിൽ നിന്നുള്ള ഒരു കുടുംബവുമായി ജോസഫിന് ബന്ധമുണ്ടെന്ന് ഡി.എൻ.എ. വിശകലനത്തിലൂടെ കണ്ടെത്തിയതോടെ, 65 വർഷങ്ങൾക്ക് ശേഷം ആ അജ്ഞാത ബാലന് ഒരു പേര് ലഭിച്ചു.

തുടരന്വേഷണവും കൊലയാളിയെക്കുറിച്ചുള്ള തിരച്ചിലും

ജോസഫിനെ തിരിച്ചറിഞ്ഞതോടെ, അന്വേഷണം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ആ കുഞ്ഞുമായി അടുത്ത ബന്ധമുള്ളവരിലേക്കായിരുന്നു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, താമസസ്ഥലങ്ങൾ, കുടുംബാംഗങ്ങൾ എന്നിവയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു. ജോസഫിന്റെ മാതാപിതാക്കൾ, ബന്ധുക്കൾ, കൂടാതെ അവൻ താമസിച്ചിരുന്ന സമീപപ്രദേശങ്ങളിലെ ആളുകൾ എന്നിവരിലേക്ക് അന്വേഷണം നീണ്ടു. പക്ഷേ ആറര പതിറ്റാണ്ടിനുശേഷം തെളിവുകൾ ശേഖരിക്കുക എന്നത് ഒരു വെല്ലുവിളിയായി. പല പ്രധാന സാക്ഷികളും ഇതിനോടകം മരണപ്പെട്ടിരുന്നു. എന്നിരുന്നാലും, കൊലയാളിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അന്വേഷണം തുടർന്നു. എന്നാൽ കൊലപതകിയെ കണ്ടെത്തുവാൻ സാധിച്ചില്ല. ജോസഫിന്റെ കൊലയാളിയും ഇതിനോടകം മരണപ്പെട്ടു കാണും എന്ന നിഗമനത്തിൽ പോലീസും ഒടുവിൽ എത്തിച്ചേരുന്നു.

Summary: In 1957, the lifeless body of a young boy was discovered inside a cardboard box in a wooded area near Philadelphia, shocking the entire nation. Despite decades of investigation, the boy’s identity remained unknown until DNA testing in 2022 revealed him as Joseph Augustus Zarelli. Yet, the mystery of who killed him and why continues to haunt investigators even today.

Related Stories

No stories found.
Times Kerala
timeskerala.com