ഒരു നാടിന്റെ മേയർ പൂച്ചയോ? 20 വർഷം മേയറായി ഒരു നഗരത്തെ ഭരിച്ച പൂച്ച; സ്റ്റബ്സ് എന്ന പൂച്ച മേയറുടെ വിചിത്ര കഥ | The Cat Who Became a Mayor

The Cat Who Became a Mayor
Published on

ആരും ഒന്ന് എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു പദവിയാണ് മേയർ സ്ഥാനം. എന്നാൽ, ഒരു പൂച്ച 20 വർഷം തുടർച്ചയായി മേയർ കസേരയിലിരുന്നു ഒരു നഗരം ഭരിച്ച രസകരമായ കഥ കേട്ടിട്ടുണ്ടോ? അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തിലെ ടാൽകീറ്റ്ന (Talkeetna) എന്ന നഗരമാണ് ഒരു പൂച്ചയുടെ ഭരണത്തിന് കീഴിലായിരുന്നത്. (The Cat Who Became a Mayor)

1997ൽ നഗരത്തിലെ ഒരു ജനറൽ സ്റ്റോർ ഉടമക്ക് അയാളുടെ കടയുടെ അടുത്ത് നിന്നും ഒരു വലിയ പെട്ടികിട്ടുന്നു. പെട്ടിക്കുള്ളിൽ നിറയെ പൂച്ച കുട്ടികൾ. കടയുടമ പെട്ടിയിലുണ്ടായിരുന്ന പൂച്ചകുട്ടികളെ ആവശ്യക്കാർക്ക് നൽകി. എന്നാൽ, ഒരു പൂച്ച കുഞ്ഞിനെ മാത്രം കടയുടമ മറ്റാർക്കും നൽകാതെ സ്വന്തം നിലക്ക് തന്നെ വളർത്താൻ തിരുമാനിക്കുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ആ പൂച്ചക്കുട്ടിക്ക് മറ്റുള്ളവയെ പോലെ വാൽ ഇല്ലായിരുന്നു എന്നതാണ്. അങ്ങനെ ആ പൂച്ചകുഞ്ഞിന് സ്റ്റബ്സ് (Stubbs ) എന്ന പേരും ഉടമ നൽകുന്നു.

‘മേയർ’ സ്ഥാനാർഥിയായി സ്റ്റബ്സ്

ഔപചാരിക ഭരണസമിതി മാത്രമുള്ള പ്രദേശമാണ് ടാൽകീറ്റ്ന. ആയിരത്തിൽ താഴെമാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഔദ്യോഗികമായി സംയോജിപ്പിച്ച നഗരമല്ല ടാൽകീറ്റ്ന, മാത്രമാവുമല്ല ഔപചാരിക മേയർ തിരഞ്ഞെടുപ്പും ഇവിടെ നടക്കാറില്ല. ഒരു കമ്മ്യൂണിറ്റി കൌൺസിലാണ് നഗരത്തിന്റെ ഭരണം കൈകാര്യം ചെയുന്നത്. അങ്ങനെയിരിക്കെ, 1997 ലെ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കവേ, മത്സരിച്ച മനുഷ്യ സ്ഥാനാർത്ഥികളെ ആർക്കും അത്ര ഇഷ്ടപ്പെട്ടില്ല. തങ്ങളുടെ നിരാശ പ്രകടിപ്പിക്കാനായി പൊതുജനം ഒരു വഴി കണ്ടെത്തി. നഗരത്തിലെ ജനറൽ സ്റ്റോറിലെ വാലില്ലാത്ത സ്റ്റബ്സ് എന്ന പൂച്ചയുടെ പേര് വോട്ടിംഗ് ബാലറ്റിൽ എഴുതിയിടുന്നു.

വെറുമൊരു തമാശയായിരുന്നു ഇതെങ്കിലും പട്ടണവാസികൾ ആ തമാശയോട് ചേർന്ന് തന്നെ സ്റ്റബ്സിന് വോട്ട് ചെയ്തു. ഒടുവിൽ, മനുഷ്യ സ്ഥാനാർത്ഥികളെയെല്ലാം മറികടന്ന് കൊണ്ട്, വോട്ടെണ്ണലിന്റെ അവസാനം മേയറുടെ കസേരയിൽ ഇരുന്നത് സ്റ്റബ്സായിരുന്നു. അങ്ങനെ, വാലില്ലാത്ത, ഒരു ചെറിയ ഓറഞ്ച് പൂച്ചക്കുട്ടിക്ക് ടാൽകീറ്റ്നയുടെ 'ഓണററി മേയർ' (Honorary Mayor) സ്ഥാനം സ്വന്തമായി. എല്ലാം ഒരു തമാശയായിരുന്നു എങ്കിലും, അടുത്ത 20 വർഷത്തേക്ക് സ്റ്റബ്സ് ആ സ്ഥാനം നിലനിർത്തി.

പൂച്ചയുടെ ഭരണം

മനുഷ്യനെ പോലെ ഭരണത്തോട് ആർത്തി, അധികാരത്തിന്റെ ഹുങ്ക്, പണത്തോടുള്ള ആസക്തി ഇതൊന്നും മേയറായി സ്റ്റബ്സിന് ഉണ്ടായിരുന്നില്ല. എന്നാൽ, ഒരു സാധാരണ രാഷ്ട്രീയക്കാരൻ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും സ്റ്റബ്സ് ചെയ്തിരുന്നില്ല. എന്നിരുന്നാലും സ്റ്റബ്സിനോട് ജനങ്ങൾക്ക് ഏറെ പ്രിയമായിരുന്നു. ആ ജനറൽ സ്റ്റോർ തന്നെയായിരുന്നു സ്റ്റബ്സിന്റെ ഔദ്യോഗിക വസതിയും, ഓഫീസും. ദിവസം മുഴുവൻ സ്റ്റോറിന്റെ കൗണ്ടറിൽ ചുരുണ്ടുകൂടി കിടക്കുക, തന്നെ കാണുവാൻ വരുന്ന സന്ദർശകർക്ക് തലോടാൻ നിന്ന് കൊടുക്കുക എന്നിവയായിരുന്നു മേയറിന്റെ പ്രധാന ചുമതലകൾ. സാധാരണ മേയർമാർ ചായയോ കാപ്പിയോ കുടിക്കുമ്പോൾ, സ്റ്റബ്സിന്റെ പ്രിയപ്പെട്ട പാനീയം വളരെ വ്യത്യസ്തമായിരുന്നു. 'ക്യാറ്റ്നിപ് കലർത്തിയ വെള്ളം' (Catnip-infused water), അതൊരു വൈൻ ഗ്ലാസിൽ നിന്നുമാണ് സ്റ്റബ്സ് കുടിച്ചിരുന്നത്.

പൂച്ച മേയറുടെ കഥ ലോകമെമ്പാടും പരന്നു. സ്റ്റബ്സിനെ ഒരു നോക്ക് കാണാനും തലോടാനും വേണ്ടി മാത്രം വിനോദസഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ടാൽകീറ്റ്നയിലേക്ക് എത്തി. അങ്ങനെ നഗരത്തിന്റെ ടൂറിസം വരുമാനത്തിന്റെ പ്രധാന പങ്ക് വഹിക്കുന്നത് സ്റ്റബ്സായി മാറി. മറ്റേതൊരു രാഷ്ട്രീയക്കാരന്റെ ജീവിതത്തെ പോലെയും സ്റ്റബ്സിന്റെ ജീവിതവും പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. ഒരിക്കൽ ഒരു നായയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് സ്റ്റബ്സ് രക്ഷപ്പെട്ടത്. ഈ സംഭവം നഗരത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരു ഡെലിവറി ട്രക്കുമായി കൂട്ടിയിടിച്ചതിൽ നിന്നും, ഒരു റെസ്റ്റോറന്റിന്റെ എണ്ണ ചട്ടിയിൽ നിന്നുമൊക്കെ തലനാഴിഴക്കാണ് മേയർ രക്ഷപ്പെട്ടത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, സ്വന്തം വീട്ടിലെ ഒരു അംഘത്തെ പോലെയാണ് ടാൽകീറ്റ്നയിലെ ജനങ്ങൾ തങ്ങളുടെ മേയറായ സ്റ്റബ്സിനെ കണ്ടിരുന്നത്.

പൂച്ച മേയറുടെ മരണം

2017-ൽ 20-ാം വയസ്സിൽ സ്റ്റബ്സ് അന്തരിക്കുന്നു. രണ്ടര പതിറ്റാണ്ടോളം സ്നേഹവും ലാളിത്യവും കൊണ്ട് ഒരു നഗരം ഭരിച്ച ഒരു നേതാവിന്റെ വിയോഗമായിരുന്നു അത്. മനുഷ്യ നേതാക്കൾ പലപ്പോഴും അധികാരത്തിനായി പോരാടുമ്പോൾ സമാധാനപരമായി ഉറങ്ങുകയും ആളുകളെ അവരുടെ സമയം ചെലവഴിക്കാൻ അനുവദിക്കുകയും ചെയ്തതിന് ലോകത്തിലെ ഏറ്റവും മികച്ച മേയർമാരിൽ ഒരാളായി സ്റ്റബ്സ് എന്നും ഓർമ്മിക്കപ്പെടുന്നു. ഒരു പൂച്ചയ്ക്ക് പോലും ഒരു നഗരത്തിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ കൗതുകകരമായ ചരിത്രമാണ് സ്റ്റബ്സിന്റെ ജീവിതം.

Summary: In the small town of Talkeetna, Alaska, a cat named Stubbs was elected as honorary mayor in 1997 and served for 20 years. Locals adored him for his calm demeanor and quirky charm — he even “drank” catnip water from a wine glass. When Stubbs died in 2017, the entire town mourned their beloved feline leader.

Related Stories

No stories found.
Times Kerala
timeskerala.com