
സമ്പന്നമായ ചരിത്രവും കാലം മായ്ക്കാത്ത പൂർവ്വപ്രതാപവും ഒത്തിണങ്ങിയ ഭൂപ്രദേശം, ജോർദാൻ (Jordan). ഏഷ്യൻ വൻകരയുടെ പടിഞ്ഞാറേ അറ്റത്തായി സ്ഥിതി ചെയ്യുന്ന അറബ് രാജ്യമാണ് ജോർദാൻ. ഔദ്യോധികമായി അറിയപ്പെടുന്നത് "ഹഷെമൈറ്റ് കിങ്ഡം ഓഫ് അറേബ്യ" എന്നാണ്. അതിഗംഭീരമായ കാഴ്ചകളാൽ നിറഞ്ഞ ജോർദാന്റെ ഒരു പ്രധാന സവിഷേതയാണ് ശിലകൾ. ശിലാസംസ്കാരത്തിന്റെ കേന്ദ്രം എന്ന് തന്നെ നമ്മുക്ക് ജോർദാനെ വിശേഷിപ്പിക്കുവാൻ കഴിയും. ശിലാഘടന മാത്രമല്ല, പ്രകൃതിയുടെ ദൃശ്യമനോഹാരിതയാണ് ജോർദാൻ. അതിനാൽ തന്നെ ജോർദാനെ തേടിയെത്തുന്ന വിനോദ സഞ്ചാരികൾ ഏറെയാണ്. അവയിൽ ഏറെ പ്രശസ്തമാണ് ജോർദാനിലെ പെട്ര നഗരം (Petra).
ചുവന്ന മണൽ കല്ലിൽ കൊത്തിയെടുതും ധാരാളം ഗുഹ സമുച്ചയങ്ങൾ ഒത്തിണങ്ങിയ ജോർദാനിലെ ഒരു പുരാതന നഗരമാണ് പെട്ര. ചാവു കടലിനും ചെങ്കടലിനും ഇടയിൽ പാറക്കെട്ടുകളുള്ള ഈ നഗരം റോമൻ അറേബ്യൻ ധൂപവർഗ്ഗങ്ങൾ, ചൈനീസ് പട്ടുകൾ, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ പ്രധാന കേന്ദ്രങ്ങളായി നിലകൊണ്ടിരുന്നു.
ഒരു കാലത്ത് സമ്പത്ത് ഘടനയുടെ കാര്യത്തിൽ വളരെ മുൻപന്തിയിലായിരുന്നു പെട്ര. ആധുനിക ലോകത്തിൽ അവശേഷിക്കുന്ന ഏറ്റവും പുരാതന നഗരം കൂടിയാണ് ഇത്. വാദി മൂസ ഗർബയുടെ അടുത്തുള്ള മലനിരകളോട് ചേർന്നാണ് പെട്രയുടെ ഭൂരിഭാഗവും ഉത്ഭവിച്ചിരിക്കുന്നത്. പെട്രയിലേക്കുള്ള പ്രാഥമിക പ്രവേശനം ദി സിക് എന്നറിയപ്പെടുന്ന ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ ഒരു മലയിടുക്കിലൂടെയാണ്.
വളരെ കട്ടിയുള്ള പാറകളെയാണ് ഇന്ന് കാണുന്ന രീതിലേക്ക് കെട്ടിടങ്ങളായി കൊത്തിയെടുത്തത്. പാറകളിൽ തീർത്ത നിർമ്മിതികൾ ആയതുകൊണ്ട് തന്നെ ഈ ഘടനകൾക്ക് ആയുസ്സ് ഏറെയാണ്. ഒരുകാലത്ത് പൂർണ്ണമായും തകർന്നിരുന്ന പെട്രയെ റോമൻ സാമ്രാജ്യത്തിനോട് കൂട്ടിച്ചേർക്കുകയും പിന്നീട് അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. എ.ഡി. 363-ൽ ഉണ്ടായ ഒരു വലിയ ഭൂകമ്പത്തിൽ പെട്രയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഈ ഭൂകമ്പം പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്, ഇത് 363-ലെ ഗലീലി ഭൂകമ്പം എന്നറിയപ്പെടുന്നു. ഗലീലി ഭൂകമ്പത്തോടെ പെട്രയിലെ പല ഘടനകളും നശിച്ചിരുന്നു.
പെട്രയിലെ പ്രതീകാത്മകമായ ഘടനയാണ് അൽ-ഖസ്നെ അഥവാ ദി ട്രഷറി. മണൽക്കല്ലിൽ കൊത്തിയെടുത്ത 40 മീറ്റർ ഉയരമുള്ള ഈ ഘടന രാജകീയ ശവകുടീരമാകാം എന്ന് കരുതപ്പെടുന്നു. മറ്റൊരു പ്രധാന ആകർഷണം ട്രഷറിയോട് സമാനമായ രൂപകൽപ്പനയുള്ളതും എന്നാൽ അതിലും വലുതുമായ ദി മൊണാസ്ട്രിയാണ് (അദ്-ഡെയർ). കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന മൊണാസ്ട്രിയിലെത്തുവാൻ
800-ലധികം പടികൾ കയറേണ്ടതുണ്ട്. ഉർൺ ടോംബ്, സിൽക്ക് ടോംബ്, പാലസ് ടോംബ് എന്നിവയുൾപ്പെടെയുള്ള രാജകീയ ശവകുടീരങ്ങൾ നബറ്റിയൻ, ഹെല്ലനിസ്റ്റിക് ശൈലികളുടെ മിശ്രിതത്തെ പ്രതിഫലിപ്പിക്കുന്നു. ആയിരക്കണക്കിന് പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു റോമൻ ശൈലിയിലുള്ള ഒരു വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും പെട്രയിലുണ്ട്. ചുരുക്കം ചില സ്വതന്ത്ര ഘടനകളിൽ ഒന്നായ ഖസർ അൽ-ബിന്റ്, നബറ്റിയൻ ദേവനായ ദുഷാരയുടെ ക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഒരുപക്ഷേ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ഘടനയാണ് ഇവിടുത്തെ ജലസംഭരണികൾ.
കല്ലിൽ കൊത്തിയെടുത്ത പെട്രയിലെ വിസ്മയം കാണാൻ ഒട്ടനവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇവിടത്തെ നിർമിതികൾ ആളുകളിൽ വലിയരീതിയിൽ തന്നെ അത്ഭുതം ജനിപ്പിക്കുന്നു. ആധുനിക യന്ത്രങ്ങളുടെ യാതൊരു സഹായം കൂടാതെ നിർമ്മിച്ചിരിക്കുന്ന പെട്ര നഗരം മാനവ വംശത്തിന്റെ മികവിനെ ചിത്രീകരിക്കുന്നു.