'തീയും മഞ്ഞും ചേർന്ന അത്ഭുത ഭൂമി' യൂറോപ്പിലെ രണ്ടാമത്തെ വലിയ ഹിമാനി; വാട്നാജോക്കുൾ | Vatnajökull

Vatnajökull
Published on

വിരുദ്ധമായ ശക്തികളാണ് അഗ്നിയും മഞ്ഞും, ഒന്ന് കത്തിജ്വലിക്കുമ്പോൾ മറ്റൊന്ന് നിശ്ചലതയുടെ മൂടുപടം അണിയിക്കുന്നു. ഈ രണ്ട് വൈരുദ്ധ്യ ശക്തികളും ഒരുമിച്ച് നിലനിൽക്കുന്നൊരിടമുണ്ട്, അതാണ് ഐസ്‌ലാൻഡ് (Iceland). തീയും മഞ്ഞും ചേർന്ന അത്ഭുത ഭൂമിയാണ് ഐസ്‌ലാൻഡ്. അഗ്നിപർവ്വതങ്ങളുടെ ചൂടിൽ ജനിച്ചുവീണ, മഞ്ഞുമൂടിയ ഈ ഭൂമി, നമ്മുടെ ഭൂമിയുടെ നിഗൂഢ ഹൃദയം പോലെയാണ്. അത്തരത്തിൽ, തീയും മഞ്ഞും ഒത്തുചേർന്ന് കൊണ്ട് മനോഹരമായ ഒരു പ്രകൃതിവിസ്മയം സൃഷ്ടിക്കുന്നൊരിടമുണ്ട് ഇവിടെ, വാട്നാജോക്കുൾ (Vatnajökull ).

ഹിമരാജ്യത്തിലെ രാജാവ് എന്ന് തന്നെ വാട്നാജോക്കുലിനെ വിശേഷിപ്പിക്കുവാൻ സാധിക്കുന്നതാണ്. അഗ്നിപർവ്വതത്തിൻ്റെ ചൂടിൽ മഞ്ഞ് ഉറച്ചുപോയ ഒരു മാന്ത്രിക ലോകമാണ് ഇത്. വാട്നാജോക്കുൾ ഐസ്‌ലാൻഡിലെ ഏറ്റവും വലിയ ഹിമാനിയാണ്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമാനി എന്ന സവിശേഷതയും വാട്നാജോക്കുലിന് സ്വന്തമാണ്. ഏകദേശം 8,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഹിമാനി ഐസ്‌ലാൻഡിന്റെ 8 ശതമാനത്തോളം ഭൂമിയെ മൂടിയിരിക്കുന്നു. വാട്നാജോക്കുൾ തീർത്തും ഭീമമായ ഒരു ഹിമാനിയാണ്, ആകാശ ചിത്രത്തിലൂടെ മാത്രമേ ഈ ഹിമാനിയുടെ നേർചിത്രം കാണുവാൻ സാധിക്കു.

ലോകത്ത് സമാനതകളില്ലാത്ത ഒരു ഭൂമിശാസ്ത്ര പ്രതിഭാസമാണ് വാട്നാജോക്കുൾ. ഈ ഭീമൻ ഹിമപാളിയുടെ അടിയിൽ സജീവമായ അഗ്നിപർവ്വതങ്ങളുടെ ഒരു ശൃംഖല മറഞ്ഞിരിക്കുന്നു. ഗ്രിംസ്‌വോട്ട്ൻ (Grímsvötn), ബാദാർബുംഗ (Bárðarbunga) എന്നിവയാണ് ഈ ഹിമാനിയിൽ മറഞ്ഞിരിക്കുന്ന പ്രധാന അഗ്നിപർവ്വതങ്ങൾ. ഗ്രിംസ്‌വോട്ട്നാണ് ഐസ്‌ലാൻഡിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം. 2011 മെയ് മാസത്തിലായിരുന്നു ഗ്രിംസ്‌വോട്ട്നിൽ അവസാനമായി അഗ്നിപർവ്വത സ്ഫോടനം ഉണ്ടായത്. ഹിമാനിയുടെ മുകൾഭാഗത്തെ കട്ടിയുള്ള മഞ്ഞാണ് താഴെ തിളച്ചുമറിയുന്ന മാഗ്മയെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നത്. ഈ പ്രതിപ്രവർത്തനം കാരണം മഞ്ഞിനടിയിൽ ശക്തമായ ഭൂതാപം രൂപപ്പെടുന്നു. ഐസ്‌ലാൻഡിൻ്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം മൂലമാണ് ഇങ്ങനെ അഗ്നിപർവ്വതവും മഞ്ഞും ഒത്തുചേർന്നു പോകുന്നത്.

ഐസ്‌ലാൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഹ്വാനദാൽഷ്‌ഞ്ചുക്കൂർ സ്ഥിതിചെയ്യുന്നത് വാട്നാജോക്കുൾ ഹിമാനിയിലാണ്. സമുദ്രനിരപ്പിൽ നിന്ന് 2,110 മീറ്റർ ഉയരമുള്ള ഈ പർവ്വതം സാഹസിക യാത്രികരുടെ ഒരു പറുദീസയാണ്. വാട്നാജോക്കുലിന്റെ ഹിമക്കൂട്ടങ്ങൾ, ജോകുൽസാർലോൺ (Jökulsárlón) ഉൾപ്പെടെ നിരവധി ഹിമാനി തടാകങ്ങളെ പോഷിപ്പിക്കുന്നു. ഈ വലിയ മനോഹരമായ തടാകം ഹിമാനികളിൽ നിന്ന് വേർപെട്ട് നീല വെള്ളത്തിൽ ശാന്തമായി പൊങ്ങിക്കിടക്കുന്ന കൂറ്റൻ മഞ്ഞുമലകളാൽ നിറഞ്ഞിരിക്കുന്നു. 2019-ൽ വാട്നജോക്കുൾ നാഷണൽ പാർക്ക് (Vatnajökull National Park) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരുന്നു. ഹിമാനികൾ, അഗ്നിപർവ്വതങ്ങൾ, ജിയോതെർമൽ മേഖലകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഈ പാർക്ക് ഫോട്ടോഗ്രാഫർമാർക്കും പ്രകൃതിപ്രേമികൾക്കും സ്വർഗ്ഗമാണ്.

വാട്നാജോക്കുൾ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്ന ഏറ്റവും അത്ഭുതകരമായ അനുഭവങ്ങളിൽ ഒന്നാണ് ഇവിടുത്തെ ഐസ് ഗുഹകൾ. ശൈത്യകാലത്ത് ഹിമനദികൾ പതിയെ പതിയെ ഉരുകാൻ തുടങ്ങുന്നു, ഇങ്ങനെ ഉറക്കുന്ന ഭാഗങ്ങൾ ഒരു ഗുഹപോലെ രൂപം കൊള്ളുന്നു. നീല നിറത്തിലെ ഗുഹ പാളികളിലൂടെ സൂര്യപ്രകാശം അകത്തേക്ക് കയറിയെത്തുമ്പോൾ ഒരു സ്പടികം പോലെ ഈ ഗുഹകൾ തിളങ്ങുന്നു. വാട്നാജോക്കുൾ ഒരു ഹിമാനി മാത്രമല്ല, ഐസ്‌ലാൻഡിന്റെ ജലവ്യവസ്ഥയുടെ അടിത്തറ കൂടിയാണ്. ജോകുൽസ അ ഫ്ജുള്ളം ഉൾപ്പെടെയുള്ള പ്രധാന നദികളുടെ ഉറവിടമാണ് ഈ ഹിമാനി. ഈ ഹിമനദികൾ രാജ്യത്തിന്റെ ഹൈഡ്രോ ഇലക്ട്രിക് പവർ ഉൽപാദനത്തിനും ജലസേചനത്തിനും അത്യന്താപേക്ഷിതമാണ്.

Summary: Vatnajökull Glacier in Iceland is Europe’s largest ice cap, covering about 8% of the country and concealing active volcanoes beneath its vast icy surface. It is home to Iceland’s highest peak, stunning ice caves, and serene glacial lagoons like Jökulsárlón and Fjallsárlón, offering visitors an awe-inspiring blend of fire, ice, and adventure.

Related Stories

No stories found.
Times Kerala
timeskerala.com