ബാങ്കോക്ക്: തായ്‌ലൻഡിൽ വിഷ്ണു പ്രതിമ തകർത്തതിനെത്തുടർന്ന് ഉടലെടുത്ത വിവാദങ്ങളിൽ വിശദീകരണവുമായി സർക്കാർ രംഗത്ത്. പ്രതിമ നിലനിന്നിരുന്ന പ്രദേശം ഒരു മതകേന്ദ്രമല്ലെന്നും, സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും അധികൃതർ വ്യക്തമാക്കി.(The action was taken for security reasons, Thailand explains the incident of the destruction of the Vishnu idol)
ഏതെങ്കിലും മതവിശ്വാസത്തെയോ പവിത്രമായ സ്ഥാപനങ്ങളെയോ അനാദരിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും, രാജ്യത്തിന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പ്രതിമ നീക്കം ചെയ്തത് എന്നും, വിഗ്രഹം സ്ഥാപിച്ചിരുന്ന സ്ഥലം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു ആരാധനാലയമായിരുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
തായ് സൈന്യം ബാക്ക്‌ഹോ ലോഡർ ഉപയോഗിച്ച് വിഷ്ണു വിഗ്രഹം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ സംഭവം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് പ്രതിഷേധം ഉയരുകയും ചെയ്തു.