

ബാങ്കോക്ക്: തായ്‌ലൻഡിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ പദ്ധതിയുടെ ക്രെയിൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ തകർന്നു വീണ് വൻ ദുരന്തം. അപകടത്തിൽ 28 പേർ മരിക്കുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാങ്കോക്കിൽ നിന്ന് വടക്ക്-കിഴക്കൻ പ്രവിശ്യയായ ഉബോൺ റാചാതാനിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
ദുരന്തം ആകാശ റെയിൽ നിർമ്മാണത്തിനിടെ
ചൈനയുടെ സാങ്കേതിക സഹായത്തോടെ നിർമ്മിക്കുന്ന ആകാശ റെയിലിന്റെ (Sky Rail) ജോലികൾക്കായി ഉപയോഗിച്ചിരുന്ന കൂറ്റൻ ക്രെയിനാണ് തകർന്നു വീണത്. ട്രെയിനിന് മുകളിലേക്ക് ക്രെയിൻ പതിച്ചതിന് പിന്നാലെ ചില ബോഗികളിൽ തീപിടുത്തമുണ്ടായത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. അപകടസമയത്ത് 195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്.
രക്ഷാപ്രവർത്തകർ ഉടനടി സ്ഥലത്തെത്തി ട്രെയിനിൽ കുടുങ്ങിക്കിടന്ന മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചു. പരിക്കേറ്റവരെ ബാങ്കോക്കിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ തായ്‌ലൻഡ് സർക്കാർ, അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടു. നിർമ്മാണ പ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചയാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്.