സിഡ്‌നി ബോണ്ടി ബീച്ചിൽ ഭീകരാക്രമണം: വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു; 29 പേർക്ക് പരിക്ക്; പ്രധാനമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി

സിഡ്‌നി ബോണ്ടി ബീച്ചിൽ ഭീകരാക്രമണം: വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു; 29 പേർക്ക് പരിക്ക്; പ്രധാനമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി
Updated on

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17 ഓടെയാണ് സംഭവം. ഇത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയൻ സമയം വൈകുന്നേരം 6.30 ഓടെയാണ് വെടിവയ്പ്പുണ്ടായത്.സിഡ്‌നിയിലെ പ്രധാന വിനോദ കേന്ദ്രമായ ബോണ്ടി ബീച്ചിലാണ് സംഭവം.ജൂത ആഘോഷമായ 'ഹനൂക്ക' ആരംഭിച്ച ആദ്യ ദിനമായിരുന്നു ഇത്. ആഘോഷത്തിൻ്റെ ഭാഗമായി നൂറുകണക്കിനാളുകൾ ഒത്തുകൂടിയിരുന്നതിനിടയിലേക്കാണ് അക്രമികൾ വെടിയുതിർത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്‌സാക്ഷികൾ ഓസ്‌ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമികളിൽ ഒരാളെ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ വധിച്ചു.രണ്ടാമത്തെയാൾക്ക് സാരമായി പരുക്കേൽക്കുകയും പോലീസിൻ്റെ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു.

"ഓസ്‌ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്‌ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണ്," അദ്ദേഹം വ്യക്തമാക്കി.

പോലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാൻ ഉടൻ ഇടപെട്ടു. അക്രമികളുടെ ഇരയായവരെ കുറിച്ചാണ് തൻ്റെ ചിന്തകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ പോലീസുമായും ന്യൂ സൗത്ത് വെയിൽസ് അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com