
പോർച്ചുഗൽ ഫുട്ബോളർ ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും സംസ്കാരം ഇന്നു ജന്മനാടായ പോർച്ചുഗലിലെ ഗോണ്ടോമോറിൽ. ഗോണ്ടോമോറിലെ കപ്പേള ഡ റെസ്സൂരിയോ സോ കോസ്മെയിലാണ് സംസ്കാരശുശ്രൂഷകൾ നടക്കുക.
ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഇന്നലെ പോർച്ചുഗലിൽ എത്തിച്ചു. ജോട്ട ബാല്യകാലത്തു ഫുട്ബോൾ കളിച്ചു തുടങ്ങിയ നാടാണ് പോർട്ടോയുടെ സമീപ പട്ടണമായ ഗോണ്ടോമോർ. ജോട്ടയുടെ മാതാപിതാക്കൾക്കും ജോട്ടയ്ക്കും ഇവിടെ വീടുകളുണ്ട്. നാട്ടിലെ സുഹൃത്തുക്കളെ ഇടയ്ക്കൊക്കെ ലിവർപൂളിന്റെ കളി കാണാൻ ഇംഗ്ലണ്ടിലേക്കു ജോട്ട ക്ഷണിക്കുമായിരുന്നു.
പോർച്ചുഗലിലെ സമോറയിലെ ഹൈവേയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിലാണു ജോട്ടയും (28) സഹോദരൻ സിൽവയും (25) മരിച്ചത്. മറ്റു വാഹനങ്ങളൊന്നും അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും സ്പെയിനിലെ പൊലീസ് അറിയിച്ചു.
അതിനിടെ, തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ലിവർപൂൾ ആരാധകർ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലേക്ക് ഒഴുകുകയാണ്. സ്റ്റേഡിയത്തിനു പുറത്ത് ജോട്ടയ്ക്ക് ആദരാഞ്ജലിയർപ്പിച്ചുള്ള പൂച്ചെണ്ടുകളും ജഴ്സികളും നിറഞ്ഞു.