
നമ്മുടെ ലോകം വിവിധ തരത്തിലുള്ള പകർച്ചവ്യാധികളാൽ പലപ്പോഴും വലഞ്ഞിട്ടുണ്ട്. കോവിഡ്-19 മുതൽ എബോളയും, പ്ലേഗും എന്നിങ്ങനെ മനുഷ്യ ജീവിതത്തെ തന്നെ ദുസ്സഹമാക്കി തീർത്ത രോഗങ്ങൾ ഏറെയാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ പലപ്പോഴും ഭീഷണിയായി തീർന്ന ഈ മഹാമാരികൾ മരണത്തിന്റെ ഓർമ്മകളാണ് സമ്മാനിക്കുന്നത്. രോഗങ്ങൾ ചിലപ്പോഴൊക്കെ ശരീരത്തെ അല്ല, മനസ്സിനെയാണ് പിടികൂടുന്നത്. എന്നാൽ ചിരി ഒരു പകർച്ചവ്യാധിയായി മാറിയ കഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ചിരി ഒരു പകർച്ചവ്യാധിയാണോ എന്ന ചോദ്യം ഉയർന്നേക്കാം. അവിശ്വസനീയമായി തോന്നാമെങ്കിലും, ടാൻസാനിയയിൽ (അന്നത്തെ ടാൻഗനിക്ക) 1962-ൽ ഒരു ജനതയെത്തന്നെ മാസങ്ങളോളം വല്ലാതെ വലച്ചൊരു പകർച്ചവ്യാധിയായിരുന്നു ചിരി. ടാൻഗനിക്ക ലാഫ്റ്റർ എപ്പിഡെമിക്, ചിരി തന്നെ ഒരു പകർച്ചവ്യാധിയായി മാറിയ ചരിത്രം. (Tanganyika laughter epidemic)
1962 ജനുവരി 30 ന് ആഫ്രിക്കയിലെ ടാൻസാനിയയിലെ (അന്ന് ടാൻഗനിക്ക) കഷാഷ ഗ്രാമത്തിലെ പെൺകുട്ടികളുടെ ഒരു ബോർഡിംഗ് സ്കൂളിലാണ് ഈ വിചിത്രമായ പകർച്ചവ്യാധി ആദ്യമായി പൊട്ടിപുറപ്പെടുന്നത്. അന്ന്, പതിവ് പോലെ സ്കൂളിലെത്തിയ മൂന്ന് വിദ്യാർത്ഥികൾ ചിരിച്ചു തുടങ്ങി. കണ്ടു നിന്നവർ കരുതിയത് എന്തെങ്കിലും തമാശ പറഞ്ഞത് കൊണ്ടാകും പെൺകുട്ടികൾ ചിരിക്കുന്നത് എന്നാണ്. പെൺകുട്ടികൾ ചിരി തുടങ്ങി മിനിറ്റുകൾ കഴിഞ്ഞിട്ടും ചിരിക്ക് അവസാനമുണ്ടായില്ല. ഭ്രാന്ത് പിടിച്ചത് പോലെ അവർ ഉറക്കെ ചിരിച്ചുകൊണ്ടേയിരുന്നു. എന്നാൽ, അധികം വൈകിയില്ല സ്കൂളിലെ മറ്റു കുട്ടികളും ചിരിച്ചു തുടങ്ങി. അല്പസമയത്തിനുള്ളിൽ, ഒരു പകർച്ചവ്യാധി എന്ന പോലെ ആ ചിരി മുഴുവൻ സ്കൂളിനെയും വിഴുങ്ങി. സ്കൂളിലെ 159 പേരിൽ 95 പേരെയും ഈ ചിരി ബാധിച്ചു. ക്ലാസ്സുകൾ തുടങ്ങിയിട്ടും കുട്ടികൾ ചിരി നിർത്തിയില്ല, ഒടുവിൽ കുട്ടികളെ സ്കൂളിൽ നിന്നും അവരുടെ വീടുകളിലേക്ക് പറഞ്ഞു വിടുന്നു. വീടുകളിൽ എത്തിയ ശേഷവും കുട്ടികൾ ചിരി തുടർന്നു.
കുട്ടികൾ വീടുകളിലേക്ക് മടങ്ങിയപ്പോൾ ചിരി ഗ്രാമങ്ങളിലേക്കും ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും അതിവേഗം പടർന്നു പിടിച്ചു. അതോടെ ഒരു നാടാകെ ചിരിച്ചു തുടങ്ങി. നിലത്ത് ഇരുന്നും, കിടന്നും, നിന്നുമെല്ലാം മനുഷ്യർ ചിരിച്ചു കൊണ്ടേയിരുന്നു. തീർത്തും സമനില തെറ്റിയത് പോലെയായിരുന്നു മനുഷ്യരുടെ ജീവിതം. ചില മനുഷ്യരുടെ ചിരി മണിക്കൂറുകളും താണ്ടി ദിവസങ്ങളും ആഴ്ചകളും വരെ നീണ്ടു നിന്നു. കഷാഷയ്ക്ക് ചുറ്റുമുള്ള എൻഷാമ്പെ, റുകോക്ക ഗ്രാമങ്ങളിലെ ജനങ്ങളെയും ഇത് ബാധിച്ചു. ആയിരക്കണക്കിന് മനുഷ്യരിലേക്ക് ഈ രോഗം പിടിപ്പെടുന്നു, ഇവയിൽ അധികം കൗമാരക്കാരായിരുന്നു. അതിനാൽ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
ചിരിയോടൊപ്പം ഭയം, കരച്ചിൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശരീരത്തിൽ തിണർപ്പുകൾ എന്നിവയും അനുഭവപ്പെട്ടു തുടങ്ങി. ടാൻഗനിക്കയിൽ പൊട്ടിപ്പുറപ്പെട്ട ചിരി പകർച്ചവ്യാധി ഏകദേശം ആയിരം പേരെ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 18 മാസത്തോളം ഈ അവസ്ഥ നീണ്ടുനിന്നു, ഈ കാലയളവിൽ 14 സ്കൂളുകളാണ് താൽക്കാലികമായി അടച്ചുപൂട്ടിയത്. എന്തെങ്കിലും വൈറസ് ബാധയാണോ എന്ന് അറിയാൻ രോഗം പിടിപ്പെട്ടവരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി യൂറോപ്പിലേക്ക് അയക്കുന്നു. കുറച്ചു നാളുകൾക്ക് ശേഷം പുറത്തു വന്ന പരിശോധനാഫലത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ടാൻഗനിക്കയുടെ സ്വാതന്ത്ര്യാനന്തരം വിദ്യാർത്ഥിനികളിലുണ്ടായ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും സാമൂഹികപരമായ പ്രകമ്പനവുമാണ് ചിരിയുടെ ഈ അനിയന്ത്രിത അവസ്ഥയ്ക്ക് കാരണമെന്ന് പിന്നീട് മനശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. സമൂഹമാനസിക പകർച്ചവ്യാധി (Mass Psychogenic Illness) എന്ന പേരിലാണ് ശാസ്ത്രജ്ഞർ ഈ സംഭവത്തെ വിശദികരിച്ചത്. മാനസിക സമ്മർദ്ദം, സ്കൂളിലെ കർശനമായ നിയന്ത്രണങ്ങൾ, സാമൂഹിക അസ്ഥിരത എന്നിവയുടെ സംയോജനമാണ് അസാധാരണമായ ഈ ചിരിക്ക് കാരണമെന്ന് വിദഗ്ദ്ധർ കണ്ടെത്തി.
ടാൻഗനിക്ക ലാഫ്റ്റർ എപ്പിഡെമിക് മനുഷ്യ മനസ്സിന്റെ സങ്കീർണതയെ തുറന്നുകാട്ടിയ ഒരു ഉദാഹരരണം മാത്രമാണ്. ചിരി സന്തോഷത്തിന്റെ ലക്ഷണമാകാം, പക്ഷേ അന്ന് അത് മനസ്സിന്റെ അതിരുകൾ ലംഘിക്കുന്ന ഒരു രോഗമായി മാറി. മനുഷ്യ മനസ്സിന്റെ ശക്തിയും സാമൂഹിക സ്വാധീനവും എത്ര വലുതാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
Summary: In 1962, a strange outbreak of uncontrollable laughter began at a girls’ school in Kashasha, Tanganyika (now Tanzania), eventually spreading to nearby villages. The so-called Tanganyika Laughter Epidemic affected hundreds, shutting down schools and disrupting daily life for months. Scientists later identified it as a case of mass psychogenic illness, triggered by extreme stress and social pressure.